കര്‍ഷകരില്‍ നിന്ന് സംഭരിച്ച പച്ചക്കറിക്ക് ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് ലക്ഷങ്ങളുടെ കുടിശിക. കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് ആറുമാസമായി ഒരു രൂപ പോലും നല്‍കിയിട്ടില്ല. വായ്പയെടുത്ത് കൃഷിചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും കടക്കെണിയിലാണ്. കോവിഡ് പ്രതിസന്ധി കാരണമുണ്ടായ നഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കര്‍ഷകരെയാണ് ഹോര്‍ട്ടികോര്‍പ്പ് വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്നത്. മണ്ണറിഞ്ഞ കര്‍ഷകനാണ് കോഴിക്കോട് കാരശേരി സ്വദേശി ബാബു. നാല്പത് വര്‍ഷത്തിലധികമായി കൃഷിയാണ് വരുമാന മാര്‍ഗം. കോവിഡും കാലാവസ്ഥയും വന്യമൃഗങ്ങളും വില്ലനായപ്പോഴും ബാബു കൃഷി ഉപേക്ഷിച്ചില്ല. മണ്ണ് ചതിക്കില്ലെന്ന് അത്ര ഉറപ്പാണ്. പക്ഷേ ഹോര്‍ട്ടികോര്‍പ്പ് ചതിച്ചു.
ബാബു ഉള്‍പ്പടെ അന്‍പതോളം കര്‍ഷകരില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിക്കുന്നത് വേങ്ങേരിയിലെ നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ നിന്നാണ്. ആറുമാസത്തെ കണക്ക് അനുസരിച്ച് ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ കുടിശികയാണ് ഇവര്‍ക്ക് ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന വാഗ്ദാനം വെറും പൊള്ളയാണെന്നാണ് ആക്ഷേപം. മൊത്തവിപണിയില്‍ നിന്നും കച്ചവടക്കാര്‍ വാങ്ങുന്ന പച്ചക്കറിയുടെ വരുമാനം മാത്രമാണ് കര്‍ഷകര്‍ക്ക് ആശ്വാസം. വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയത് ചീഞ്ഞ്പോകുന്നതുകാണാന് മനസില്ലാത്തതുകൊണ്ടുമാത്രമാണ് കര്‍ഷകര്‍ ഇന്നും ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കുന്നത്.