മാത്യു ഉലകംതറ സാറിനെ ഓർക്കുമ്പോൾ – സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കവിയാണ്. പ്രഫ. മാത്യു ഉലകംതറ. കോട്ടയം കവിതാ മണ്ഡലത്തിൽ കവിതാ ക്ലാസ്സ് നടത്തുന്നതിനെക്കുറിച്ച് പത്രത്തിൽ നിന്നറിഞ്ഞ ഞാൻ ആ ക്ലാസ്സിൽ എൻ്റെ മകളെ ചേർത്ത് പഠിപ്പിയ്ക്കാൻ ആഗ്രഹിച്ചാണ് ചെന്നത്. മകൾ അന്ന് അഞ്ചാം ക്ലാസ്സിലാണ് പഠിയ്ക്കുന്നത്. മലയാളത്തിലും, കവിതയിലും താല്പര്യമുള്ള കന്യാസ്ത്രീകൾക്കുവേണ്ടിയുള്ള ക്ലാസ്സാണ്. ആ ക്ലാസ്സിൽ പ്രശസ്തരും അപ്രശസ്തരുമായ പലരെയും പഠിതാക്കളായി കണ്ടിട്ടുണ്ട്.
എൻ്റെ മകൾ തീരെ ചെറിയ കുട്ടിയായതിനാൽ, “മോൾക്കു് ഞാനൊരു കൂട്ടുകാരിയെ തരാം” എന്നു പറഞ്ഞ് സാറിൻ്റെ കൊച്ചുമകളായ തെരേസയെ കൂടി കൊണ്ടുവന്ന് ക്ലാസ്സുകളിൽ സംബന്ധിപ്പിച്ചിരുന്നു.
ആദ്യദിവസം തന്നെ സാർ മഞ്ജരിവൃത്തം വളരെ ലളിതമായി പഠിപ്പിച്ചു. ലഘു, ഗുരു തിരിയ്ക്കുന്ന രീതി ല, ലാ എന്ന വിധത്തിൽ. കവിത ഈണത്തിലും താളത്തിലും പാടി വൃത്തഭംഗി കൈവരിയ്ക്കുന്ന സരളമായ രീതി. ആദ്യ ദിവസം ഞാൻ അര ലീവെടുത്ത് മോളോടൊപ്പം ക്ലാസ്സിലിരുന്നു. ശനിയാഴ്ച ക്ലാസ്സാണ്. സാർ ഗൃഹപാഠം തന്നു. ദൂരെ കിഴക്കെ ച്ചരുവിൽ സൂര്യനുദിച്ചു എന്നർത്ഥം വരുന്ന കവിത അടുത്ത ശനിയാഴ്ച മഞ്ജരിവൃത്തത്തിൽ എഴുതിക്കൊണ്ടു പോകണം. ദൈവാനുഗ്രഹത്താൽ കവിത ഓടി എൻ്റെ മനസ്സിൽ വന്നു. ഞാനതെഴുതി സാറിനെക്കാണിച്ചു.
“ദൂരെക്കിഴക്കതാ കുന്നിൻ നെറുകയിൽ
ബാലാർക്കൻ തൻ്റെ വിളക്കു വച്ചു
അപ്രഭാപൂരത്താൽ ഭൂലോകം തന്നിലെ
മാലോകരെല്ലാം വിളങ്ങി നിന്നു ” സാറിന് വലിയ സന്തോഷമായി. സാർ എന്നെ അനുഗ്രഹിച്ചു, മോളെയും. എല്ലാ ക്ലാസ്സുകളിലും പങ്കെടുത്താൽ മികച്ച കവയിത്രിയാകാനാകും എന്ന് സാർ പറഞ്ഞു.

ഞാൻ ജോലി ചെയ്തിരുന്ന കോട്ടയം സി.ജെ. എം. കോടതി എന്നെ അപ്രതീക്ഷിതമായി ചങ്ങനാശ്ശേരി കോടതിയിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ലീൻ ഈരാറ്റുപേട്ടക്കോടതിയിലാക്കുകയും ചെയ്തതിനാൽ, മകളെ ഉച്ചയാകുമ്പോൾ കവിതാ മണ്ഡലത്തിൽ നിന്ന് കൊണ്ടുവരാൻ സാധിക്കാതെ വരുന്നതിനാൽ മകൾക്ക് ആ ക്ലാസ്സിൽ തുടരാനായില്ല. മകളുടെ നോട്ടുവച്ച് പഠിക്കാം എന്ന എൻ്റെ വ്യാമോഹവും അസ്ഥാനത്തായി.
എങ്കിലും, പിറ്റെ വർഷം ക്ലാസ്സ് തുടങ്ങിയപ്പോൾ സാർ ഒരു പോസ്റ്റ് കാർഡിലൂടെ ക്ലാസ്സിലേക്ക് ക്ഷണം നടത്തി.
ഞാൻ ജോലി ചെയ്ത കോടതിയിലെ അസ്വസ്ഥമായ സാഹചര്യം മൂലം എന്നിലെ കാവ്യകുതുകിയെ, എഴുത്തുകാരിയെ ഞാൻ തല്ക്കാലം ഫ്രീസ് ചെയ്തു വച്ചു. മകൾ സ്കൂൾ മാഗസിനിലെഴുതിയ കഥകളെക്കുറിച്ചും കവിതയെക്കുറിച്ചും സാർ നല്ല അഭിപ്രായങ്ങൾ പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. അവധിക്കാലത്ത് മകളെ സാറിൻ്റെ വീട്ടിലയച്ച് പഠിപ്പിയ്ക്കാൻ സൗമനസ്യവും പ്രകടിപ്പിച്ചു. ആ സൗകര്യവും സാറിനോടുള്ള തികഞ്ഞ ആദരവോടെ ഞങ്ങൾ ഉപേക്ഷിച്ചു. കാരണം, അതീവ ക്ലേശകരമായ സാഹചര്യങ്ങളിലൂടെയുള്ള മുന്നേറ്റമാണ് ഞാൻ നടത്തിക്കൊണ്ടിരുന്നത്. ഓഫീസും, വീടും, മക്കളുടെ വിദ്യാഭ്യാസവും അതിനിടയിലുള്ള സാഹിത്യമോഹം ഉപേക്ഷിക്കുക തന്നെ.
വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികളിൽ അദ്ദേഹത്തിൻ്റെ ക്ഷണമനുസരിച്ച് പങ്കെടുക്കാനുള്ള ഭാഗ്യവും ലഭിച്ചു. അന്ന് വിശിഷ്ടാതിഥികളായി എത്തിയിരുന്നത് മാർ ക്രിസോസ്റ്റം തിരുമേനി ഉൾപ്പടെയുള്ളവരായിരുന്നു. അവരുടെയൊക്കെ പ്രഭാഷണ ചാതുര്യം അനുഭവിച്ചറിയാനിടയായി.
മറ്റൊയ്ക്കൽ സാർ എന്നെ ഫോൺ ചെയ്ത് ക്ഷേമം ഒക്കെ അന്വേഷിച്ചിട്ട് എൻ്റെ രചനാശൈലിയെക്കുറിച്ചും ദൈവസ്നേഹത്തെക്കുറിച്ചും ഏറെ സംസാരിച്ചു. ഞാൻ കുടമാളൂർ കാവ്യാരവം വാർഷികപ്പതിപ്പിലെഴുതിയ കവിതയെഴുത്തിനെക്കുറിച്ചുള്ള ലേഖനം വളരെ നന്നായിട്ടുണ്ട് തുടർന്നും നന്നായി എഴുതണമെന്നും, ഗദ്യമെഴുത്തിന് ഞാൻ കൂടുതൽ പ്രാധാന്യം നല്കണമെന്നും നിർദ്ദേശിക്കുകയുണ്ടായി. ഒപ്പം, ആ വാർഷികപ്പതിപ്പിൽ ഞാൻ എസ് കെ പൊറ്റെക്കാടിനെക്കുറിച്ചെഴുതിയ സ്മരണാഞ്ജലി എന്ന കവിതയിലെ തെറ്റുകൾ എന്നെ ചൂണ്ടിക്കാണിച്ചു തരുകയും ചെയ്തു. സംഭാഷണാവസാനം ഞങ്ങൾ കുടുംബമായി സാറിൻ്റെ വീട്ടിലെത്താനുള്ള ക്ഷണവും തദവസരത്തിൽ ലഭിച്ചു.
സാറിൻ്റെ വീട്ടിൽ പോകാൻ കഴിയാത്തതിൽ എനിക്കു് അനല്പമായ ദു:ഖമുണ്ട്.
ക്രിസ്തുഗാഥ എഴുതിയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഓർമ്മയിലുണ്ട്. ‘നയിനിലെ വിധവ ‘ എന്ന അദ്ദേഹത്തിൻ്റെ കവിതയ്ക്ക് പുരസ്ക്കാരം ലഭിച്ചാൽ ‘ക്രിസ്തുഗാഥ’ എന്ന ഒരു മഹാകാവ്യം രചിയ്ക്കുമെന്ന് അദ്ദേഹം തീരുമാനിച്ചതായി.
ക്രിസ്തുഗാഥയുടെ പ്രതിപാദ്യ വിഷയം വിശുദ്ധ ബൈബിളിലെ നാലു സുവിശേഷങ്ങളാണ്. യേശുക്രിസ്തുവിൻ്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങൾ ലളിത കോമള പദാവലി സമ്പത്തോടെ അദ്ദേഹം ഓരോ മലയാളിക്കായും ഒരുക്കിയിരിയ്ക്കുന്നു. അദ്ദേഹത്തിൻ്റെ ഏതാനും കാവ്യങ്ങൾ വാങ്ങി സൂക്ഷിക്കാനും, ഗ്രഹിയ്ക്കാനുമായത് എൻ്റെ അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു. മരിയൻ ഗീതങ്ങളോട് അദ്ദേഹത്തിനുള്ള പ്രതിപത്തി എടുത്തു പറയേണ്ടതാണ്. കർത്തൃപ്രാർത്ഥന, നന്മ നിറഞ്ഞ മറിയമേ എന്നീ പ്രാർത്ഥനകൾ പദ്യരൂപത്തിൽ അദ്ദേഹം എഴുതി എൻ്റെ മകളുൾപ്പടെയുള്ള പഠിതാക്കളെ പഠിപ്പിച്ചിരുന്നു. ഞാൻ ആദ്യമായി പങ്കെടുത്ത കവിയരങ്ങ്, സാറിൻ്റെ കാവ്യസുധാരസം നുകരാൻ ഭാഗ്യം സിദ്ധിച്ച ഒരുപിടി കന്യാസ്ത്രീകൾ ഉൾപ്പടെയുള്ള പഠിതാക്കളുടെ അരങ്ങേറ്റദിനമായിരുന്നു. ജാതിമത വ്യത്യാസമില്ലാത്ത നല്ല ഒരു കവിസദസ്സിൻ്റെ ഭാഗമാകാൻ കുറെസമയം എനിക്കും സാധിച്ചു.

പാമര പണ്ഡിത, കുചേല കുബേര, ജാതി മത വ്യത്യാസമില്ലാത്ത സദ്ഗുരുവിന് എൻ്റെ വിനീതമായ കണ്ണീർ പ്രണാമം🌹🌹🌹🙏

About The Author

Leave a Reply

Your email address will not be published. Required fields are marked *