ഖുർആനിന് അക്ഷരമാല ക്രമത്തിൽ ഇന്ടെക്സ് തയ്യാറാക്കി ബി.എസ്.സി. കുഞ്ഞുമോൻ മുസ്‌ലിയാർ

നാം പാരായണം ചെയ്യുന്ന 30 ജുസ്ഉകളിൽ 114 സൂറത്തുകളിലായുള്ള വിശുദ്ധ ഖുർആനിലെ 6236 ആയത്തുകൾ അക്ഷരമാല ക്രമത്തിൽ ‘അലിഫ് ‘ മുതൽ “യാ” വരെ ഡിക്ഷണറികൾ നിർമിക്കുന്ന മാതൃകയിൽ ക്രമീകരിച്ച് ഖുർആൻ പഠിതാക്കൾക്ക് സഹായകരമാകുന്ന രീതിയിൽ ഇന്ടെക്സ് തയ്യാറാക്കി, പരിശുദ്ധ റമളാനിലെ ഏറ്റവും ശ്രേഷ്ഠ ദിനമായി കണക്കാക്കപ്പെടുന്ന ഇരുപത്തിയേഴാം രാവിൽ ലോകത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് പ്രവാസിയും കുന്നംകുളം നിയോജക മണ്ഡലത്തിലെ ആദൂർ സ്വദേശിയും മദ്രസ മുഅല്ലിമുമായ ബി എസ് സി കുഞ്ഞുമോൻ മുസ്‌ലിയാർ.

ഖുർആനിലെ ഏതെങ്കിലുംഒരു സൂക്തം എടുത്താൽ അത് ഏത് ജുസ്ഇലാണ്, ഏത് അധ്യായത്തിലാണ്, എത്രാമത്തെ പേജിലാണ്, എത്രാമത്തെ ആയത്താണ്, എന്നൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാനും ഒരു ആയത്തു എത്ര തവണ ആവർത്തിച്ചു വരുന്നുണ്ടെന്നും ആവർത്തിച്ചു വരുന്ന ഈ 96 ആയത്തുകൾ ഏതൊക്കെ സൂറത്തുകളിലാണെന്നും കണ്ടു പിടിക്കാൻ നിഷ്പ്രയാസം സാധിക്കുന്ന തരത്തിലാണ് കുഞ്ഞുമോൻ മുസ്‌ലിയാർ ഈ ഇന്ടെക്സ് തയ്യാറാക്കിയിരിക്കുന്നത്.

ഖുർആൻ ആയത്തുകളിൽ ‘വാവ് ‘ എന്ന അക്ഷരം കൊണ്ടാണ് ഏറ്റവും കൂടുതൽ ആയത്തുകൾ ആരംഭിക്കുന്നത് (2231), ആദ്യാക്ഷരമായ ‘അലിഫ് ‘ കൊണ്ട് (1219), ഫാ (698), ഖാഫ് (538), യാ (343), ലാം (266), മീം (155), കാഫ് (119), സ (109), ഹ്വ (87), ധാൽ (65), ബാ (63), താ (63), സീൻ (55), റ (47), ഐൻ (44), ഹ (31), ഖ(31), നൂൻ (26), ജീമ് (14), ത്വാ (7), സ്വാദ് (6), ളാദ് (6), ശീൻ (4), ദാൽ (3), സായ് (3) ഗോയ്ൻ (2), ളാ എന്ന അക്ഷരം കൊണ്ട് ഒരൊറ്റ ആയത്തു മാത്രമാണ് ആരംഭിക്കുന്നത്. ഇരുപത്തിയൊന്നാമത്തെ ജുസ്ഇൽ ഇരുപത്തിയൊമ്പതാമത്തെ അധ്യായമായ സൂറത്ത് റൂം ലെ നാൽപത്തി ഒന്നാമത്തെ സൂക്തമായി നാനൂറ്റി ഏട്ടാമത്തെ പേജിലാണ് ഇത് വന്നിരിക്കുന്നത്.

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ ഫിസിക്സിൽ ബി എസ് സി ബിരുദമെടുത്ത് 23 മത്തെ വയസ്സിൽ വിദേശത്തേക്ക് പോകുന്നത് വരെ വീടുകളിൽ കുടിയോത്തിന് പോയിരുന്നത് കൊണ്ട് അന്ന് മുതൽ ഖുർആനിനോട് ബന്ധം നില നിറുത്തി പോന്നിരുന്നകുഞ്ഞുമോൻ മുസ്‌ലിയാർ 28വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ആദൂർ മദ്രസ്സയിൽ അധ്യാപകനായി ജോലി നോക്കി വരുന്നതിനിടയിലാണ് ഒന്നര വർഷത്തെ പരിശ്രമഫലമായി ഇങ്ങനെയൊരു ഇന്ടെക്സ് തയ്യാറാക്കിയത്.

പത്രത്തിലേക്ക്
27/4/2022

LEAVE A REPLY

Please enter your comment!
Please enter your name here