കോപ്പൻ രാജന്റെ എഴുപതാം പിറന്നാൾ അദ്ദേഹത്തിന്റെ വസതിയായ വലിയ വീട് തറവാട്ടിൽ ആഘോഷപൂർവ്വം നടക്കുകയാണ്.
വലിയ വീട്ടിൽ നാരങ്ങയുടെ ഗന്ധം നിറഞ്ഞു നിന്ന ഉൾമുറിയിൽ “ഫ്രഷ് ആകാൻ “ഇരുന്ന കോയിക്കൽ കുഞ്ഞുമോൻ ഓർത്തു….
.
കോപ്പൻ രാജൻ പ്രവാസി പ്രമുഖനാണ്.
വലിയ വീട്ടിൽ വി. കെ. രാജേന്ദ്രൻ എങ്ങനെ കോപ്പൻ രാജൻ ആയി.
ഹൈസ്കൂളിൽ പഠിക്കുമ്പോൾ ശ്യാമള സാറിന്റെ സയൻസ് ക്ലാസ്സിൽ ജർമൻ സസ്യശാത്രഞ്ജനായ വ്ലാദിമർ കൊപ്പനെ പറ്റിയും കാലാവസ്ഥാ വർഗീകരണത്തെപ്പറ്റിയും പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ രാജേന്ദ്രൻ ചോദിച്ചു….
” സാറെ, ഈ കോപ്പൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ”
ക്ലാസ്സിനെ ശല്യപെടുത്തത്തിൽ ശുഭിതയായ ശ്യാമള സാർ പൊട്ടി തെറിച്ചു….
“എടാ കോപ്പാ… മിണ്ടാതിരിക്കു.”
അങ്ങനെ കൂട്ടുകാർക്കും പിന്നീട് നാട്ടുകാർക്കും രാജേന്ദ്രൻ കോപ്പൻ രാജൻ ആയി.
മുപ്പതു വർഷത്തെ പ്രവാസി ജീവിതം മതിയാക്കി നാട്ടിൽ എത്തിയ രാജേന്ദ്രൻ നഗരത്തിൽ “വലിയ വീട്ടിൽ ചില്ല് കൊട്ടാരം ”
എന്ന ഗ്ലാസ് കട തുടങ്ങി മുതലാളിയായിട്ടും, പ്രവാസി അസോസിയേഷൻ, വ്യാപാരി വ്യവസായ സംഘടന, റെസിഡന്റ് അസോസിയേഷൻ, സാംസ്കാരിക സംഘടനകൾ…. തുടങ്ങി പലതിലും സാരഥ്യം വഹിക്കുമ്പോഴും രാജേന്ദ്രൻ മുതലാളിയെ കോപ്പൻ രാജൻ എന്നാണ് പരക്കെ അറിയപ്പെടുന്നത്.
കഷണ്ടി, കുടവയർ, സിൽക്ക് ജൂബ…. സംഭാഷണത്തിനിടയിൽ നാട്ടുകാരെ ” ഇമ്പ്രെസ്സ് ” ചെയ്യാൻ “നെയിം ഡ്രോപ്പിംഗ് “…. അതായത് അടുപ്പക്കാരനെന്ന വ്യാജേന ചില വി. വി. ഐ. പി കളുടെ പേര് പറയും. അതാണ് കോപ്പൻ.
തന്റെ ഗ്ലാസ് കടയിൽ ഏത്തുന്നവരോട് ഗ്ലാസിന്റെ വിഷയത്തിൽ വാചാലനാവും….
മാനവരാശിയുടെ വളർച്ചക്ക് ഗ്ലാസുകൾ വഹിച്ച പങ്ക്, അതിന്റെ പ്രായോഗിക സാധ്യത… എന്നിവ അദ്ദേഹം വിശദീകരിക്കും. മൊബൈൽ ഫോണിലെ ടച്ച്സ്ക്രീൻ, കോവിഡ് 19 വാക്സിനുകൾ സുക്ഷിക്കാൻ നിർമിച്ച ഗ്ലാസ് കണ്ടെയ്നറുകൾ, ഫൈബർ കേബിളിലെ ഗ്യാസ് നാരുകൾ…. അങ്ങനെ പലതും…കോപ്പൻ വിശദീകരിക്കും.
കഴിഞ്ഞമാസം ആണ് കോപ്പനെ നാണം കെടുത്തുന്ന ഒരു സംഭവം ഉണ്ടായത്.അമേരിക്കയിലുള്ള ഇളയ മകൻ നാട്ടിൽ വന്നപ്പോൾ ഒരു ഹണിട്രാപ്പിൽപെട്ടു.ഹോട്ടലിൽ വിളിച്ചു ഒരു സംഘം പണവും സ്വർണവും തട്ടി എടുത്തു. പണവും സ്വർണവും പോയതല്ല വർത്താമാധ്യമങ്ങളിൽ വാർത്ത വന്നത് കോപ്പനെ വല്ലാതെ അലട്ടി.
പൊതുവെ സൗമ്യനായ കോപ്പൻ പൊട്ടി തെറിച്ചു….
” എന്റെ മോന്റെ പേര് എന്ത് കൊണ്ട് വാർത്തയിൽ കൊടുത്തു?.
അവൻ ഒരു
“അതിജീവിതൻ “ആണ്.
” അതിജീവിത”മാരുടെ പേരുകൾ നിങ്ങൾ പറയില്ല.
അത് പോലെ “അതിജീവിതന്റെ “യും പേര് വെളിപ്പെടുത്തരുത്.
ഇനി ആവർത്തിച്ചാൽ എന്റെ മോനെ കൊണ്ട് ക്രിമിനൽ പ്രോസീജിയർ കോഡിന്റെ 164 പ്രകാരം മൊഴി നൽകിക്കും.
“ഭൂലോകമെമ്പാടും കേളി കൊട്ടിയ,
മാലോകരെല്ലാരും വാഴ്ത്തിപ്പാടിയ,
നമ്മുടെ നാടിന്റെ ഐശ്വര്യ ത്തിന്റെ കാരണഭൂതൻ,
പ്രവാസി രാജാവ് രാജേട്ടൻ സിന്ദാബാദ് ”
വൈതരണി ഗോപിയുടെ മുദ്രാവാക്യം കേട്ടാണ് കുഞ്ഞുമോൻ ചേട്ടൻ ഉൾമുറിയിൽ നിന്ന് പുറത്തു വന്നത്.
ആക്രി യോഹന്നാനും, നാടുവാഴി വർക്കിയും, ഉപ്പിപ്പി കുട്ടൻ പിള്ളയും, പി. പി. അബ്ദുള്ള കുട്ടിയും, ബ്രോക്കർ കിരൺ ഷാജിയും വൈതരണി ഗോപിയുടെ മുദ്രാവാക്യം ഏറ്റു വിളിച്ചു.
വൈതരണി ഗോപി ഉച്ചത്തിൽ പറഞ്ഞു…
“സാർവദേശീയവും ദേശിയവുമായ വർഗശക്തികളുടെ ബലാബലം അറിയാവുന്ന, ഉത്പാദകശക്തി, ഉൽപാദകബന്ധം എന്നിവയുടെ നിലവാരത്തിൽ നിർണയിക്കുന്ന സാമൂഹ്യ സാമ്പത്തിക അടിത്തറയെപ്പറ്റി അവഗാഹം ഉള്ള നമ്മുടെ രാജേട്ടനെ ലോകപ്രവാസി സഭയുടെ ചെയർമാനാക്കാൻ നമ്മൾ എല്ലാം ശ്രമിക്കണം.” വൈതരണിയുടെ ആശയത്തെ എല്ലാരും കയ്യടിച്ചു അംഗീകരിച്ചു.
ഉൾമുറിയിൽ നിന്ന് ഇറങ്ങി വന്ന നേതാവ് കോലാലിൽ ജയൻ പറഞ്ഞു :
” വസ്തുനിഷ്ട ഘടകത്തെ മാത്രം നോക്കി
ആത്മ നിഷ്ടഘടകത്തെ കാണാതെ ഒരു ഘട്ടത്തെ നിർണയിക്കാൻ കഴിയില്ല. ആത്മനിഷ്ടഘടകത്തിന്റെ ആഗ്രഹത്തെ മാത്രം അടിസ്ഥാനപ്പെടുത്തി വസ്തുനിഷ്ട സാഹചര്യത്തെ മൂർത്തമായി കാണാതെ ഒരു ഘട്ടത്തെ നിർണയിക്കാൻ കഴിയില്ല…. ”
ആർക്കും ഒന്നും മനസ്സിൽ ആയില്ലെങ്കിലും എല്ലാരും കൈയടിച്ചു.
കോപ്പൻ രാജൻ എല്ലാർക്കും നന്ദി രേഖപ്പെടുത്തി അകത്തേക്ക് നോക്കി നീട്ടി വിളിച്ചു….
” ചക്കരപെണ്ണേ ”
ഒരു സുന്ദരി പെൺകുട്ടി ഓടി വന്നു.
“എന്റെ സ്വപ്നസരിത
അമേരിക്കയിൽ പഠിക്കുന്ന എന്റെ കൊച്ചുമോൾ ”
കോപ്പൻ സുന്ദരിയെ പരിചയപ്പെടുത്തി.
സ്വപ്നസരിത എല്ലാവർക്കും ”ഹായ്’പറഞ്ഞു.
ഞങ്ങൾ എല്ലാവരും ബിരിയാണി കഴിക്കാൻ ഡൈനിങ്ങ് ഹാളിലേക്കു പാഞ്ഞു.