ഉത്സവ രാവിന്റെ കുളിരിൽ – ഡോ. വേണു തോന്നക്കൽ

ബഹ്റൈൻ മലയാളികളുടെ
മനസ്സിൽ മധുരിക്കുന്ന ഓർമ്മകൾ സമ്മാനിച്ച് മെയ് മാസ രാവുകളെ കുളിരണിയിച്ച ബി.കെ.എസ് ഇൻഡോ ബഹ്റൈൻ ഫെസ്റ്റിവെൽ കൊടിയിറങ്ങി.
ഒരു മലയാളിയായതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ. കേരളത്തെ ഇവിടേക്ക് പറിച്ചു നട്ടു വെന്നു തോന്നിയെങ്കിൽ അത്ഭുതപ്പെടേണ്ട . മലയാളത്തനിമ ഒട്ടും ചോരാതെ നിറഞ്ഞാടിയ അരങ്ങ്. മലയാളത്തിൻറെ ഗരിമയ്ക്ക് ഒരു കുറവും കൂടാതെ ലോകത്തിൻറെ നെറുകയിൽ അഭിമാനത്തോടെ പറിച്ചു വയ്ക്കാൻ പാകത്തിൽ തലയുയർത്തി നിൽക്കുന്ന വേദിയും സദസ്സും .
വെറും മിമിക്രിയും തരം താണ തമാശകളും കൊണ്ട് നാടെങ്ങും വേദി കീഴടക്കുമ്പോൾ ഔന്നത്യ മാർന്ന ശാസ്ത്രീയസംഗീതവും നൃത്യനൃത്തങ്ങളും കൊണ്ട് സദസ്സിനെ രസിപ്പിക്കുക മഹത്തരം തന്നെ. അത്രയേറെ നിലവാരമുള്ള ഒരു സദസ്സിനെ രൂപപ്പെടുത്താൻ കഴിഞ്ഞു എന്നത് കേരള സമാജത്തിന് മാത്രം അഭിമാനിക്കാനുള്ളത്.
ജീവിതം കരുപ്പിടിപ്പിക്കാൻ സ്വന്തം നാടും വീടും വിട്ട് ബന്ധുമിത്രാദികളേയും പിരിഞ്ഞ് മണൽക്കാട്ടിലെ തീച്ചൂടിൽ ഉരുകുന്ന വിയർപ്പുമണികളിൽ മധുരം തേടുന്ന ഒരു സമൂഹമാണ് ഉന്നത ബൗദ്ധിക തലത്തിൽ ആസ്വാദനം ആവശ്യപ്പെടുന്ന ക്ലാസിക്കൽ കലാ കാഴ്ച്ചയുടെ വിരുന്നുകാരായെത്തിയവർ.
കലാസ്വാദനം അതിൻറെ സമ്പൂർണ്ണ അർത്ഥത്തിൽ ഏറ്റെടുത്ത ഒരു സദസ്സിനെയാണ് അവിടെ കണ്ടത്. വേദിക്കൊപ്പം സദസ്സും ഉണർന്നു. കലാകാരന്മാർ ഉല്പാദിപ്പിച്ച മൂർത്തവും അമൂർത്തവുമായ ഉൽപ്പന്ന (കലാരൂപം ) ത്തിനൊപ്പം ഓരോ കാണിയുടെയും ആസ്വാദന ക്ഷമതയും ഉണർന്നു ആകാശ ദൂരത്തോളം വികസ്വരമായി.
സദസ്സ് വേദിക്കൊപ്പം ഉയരുകയും വേദി പ്രകടനത്തിന്റെ പുത്തൻ തലങ്ങൾ കീഴടക്കുകയും ചെയ്തു. അവിടെയാണ് കല സകല സീമകളും ലംഘിച്ച് ആസ്വാദക സദസ്സിന്റെ മസ്തിഷ്ക ഇടങ്ങളിൽ ഒരു പുതിയ വഴി തുറന്നു കുടിയിരുത്തപ്പെടുന്നത്.
സദസ്സ് ഒറ്റ മനസ്സായി വേദിയെ ഉൾക്കൊണ്ടു വെന്ന് സദസ്സിന്റെ നിശബ്ദതയും ഇടയ്ക്കിടെ ഓഡിറ്റോറിയം നിറഞ്ഞ് പുറത്തേക്കൊഴുകുന്ന കയ്യടികളും പറഞ്ഞു.
ബഹ്റൈൻ മലയാളികളുടെ ആത്മാവിന്റെ ആകൃതിയിൽ ഒരു പുതിയ കേരളം ഈ മണൽക്കാട്ടിൽ രൂപപ്പെടുകയായിരുന്നു.
ബഹ്റൈനിലെ അധികാര പ്രമുഖർ ഉൾപ്പെടെ അനവധി വിശിഷ്ഠ വ്യക്തികൾ മലയാളിയുടെ ബൗദ്ധികോന്നതിയിലും കലാസാംസ്കാരിക പൈതൃകത്തിലും അഭിമാനിക്കുകയും അഭിരമിക്കുകയും ചെയ്ത മുഹൂർത്തങ്ങൾക്ക് വേദി സാക്ഷിയായി. കേരളീയ സംസ്കൃതിയുമായി ബഹ്‌റൈൻ സമൂഹം കൈകോർത്തു എന്നതാണ് ശ്രദ്ധേയമായ ഒരു പ്രത്യേകത.
ബഹ്‌റൈനിലെ കേരളീയ സമൂഹം നേടിയെടുത്തത് ഒരു വലിയ നേട്ടം തന്നെയാണ്. കലയുടെ സൗരഭ്യം ആത്മാവിന്റെ ഭാഗമാക്കാൻ ഒരു മനസ്സോടെ പ്രവർത്തിച്ചവർ ഒരുപാടുപേർ. സംഘാടനത്തിന്റെ മികവ് പ്രത്യേകം പറയേണ്ടത്. അക്കാര്യത്തിൽ പി.വി.രാധാകൃഷ്ണപിള്ളയുടെയും സഹ ഭാരവാഹികളുടെയും പങ്ക് നിസീമമാണ്.
നാളെ ബഹ്‌റൈൻ ചരിത്രം കുറിക്കുമ്പോൾ കേരള സമാജത്തിൻറെ നാമവും തങ്കലിപികളിൽ രേഖപ്പെടുത്തും.
മലയാളികളുടെ മനസ്സിൽ ഉത്സവം പൂത്ത രണ്ടാഴ്ചക്കാലം . ഉത്സവ ചാർത്തിന്റെ രാപകലുകൾക്കായി ഇനിയും ഒരു കൊല്ലം കൂടി കാത്തിരിക്കാം. അതുവരെ നാം പരസ്പരം കോർത്ത സ്നേഹത്തിൻറെ പാശമഴിയാതിരിക്കട്ടെ . നമ്മുടെ ഓർമ്മകളിൽ ഒത്തൊരുമയുടെ ഗന്ധം ഉണങ്ങാതിരിക്കട്ടെ .

LEAVE A REPLY

Please enter your comment!
Please enter your name here