വായിക്കുവാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകത്തിന് 10 വയസ്സ്

എരുമപ്പെട്ടി : ഒരു സെന്റീമീറ്റർ മാത്രം നീളവും വീതിയും 300 മില്ലി ഗ്രാം മാത്രം തൂക്കവുമുള്ള നഗ്നനേത്രങ്ങൾകൊണ്ട് വായിക്കുവാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകമായ, വ്യത്യസ്തമായ 66 ഭാഷാ കവിതകൾ ഉൾക്കൊള്ളിച്ച് ഗിന്നസ് സത്താർ ആദൂർ രചിച്ച ‘ വൺ ‘എന്ന കാവ്യ സമാഹാരത്തിന് 10 വയസ്സ് പൂർത്തിയായി.
ബ്രിട്ടീഷ് ഫ്രീലാൻസ് റൈറ്റർ ബ്രെയിൻ സ്കോട്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ 101 കവികളുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയപ്പോൾ വില്യം ഷേക്സ്പിയർ ഒന്നാമതായും വ്യാസമഹർഷി നാലാമതായും ഇടംപിടിച്ച ലിസ്റ്റിൽ എട്ടാം സ്ഥാനത്ത് സത്താർ ആദൂരിനെ എത്തിച്ച വൺ എന്ന ഈ കുഞ്ഞു പുസ്തകം 2012 ജൂൺ 19 ന് വായനാദിനത്തിലാണ് പ്രസിദ്ധീകരിച്ചത്.
68 പേജുകളുള്ള ഈ പുസ്തകത്തിൽ 66 വ്യത്യസ്തമായ ഭാഷാ കവിതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഹിന്ദി,സംസ്കൃതം, ഉറുദു, തമിഴ്, തെലുങ്ക്, കന്നഡ,ഗുജറാത്തി,ബംഗാളി, മലയാളം തുടങ്ങിയ 9 ഇന്ത്യൻ ഭാഷകളിലേക്കും , ഹിബ്രു, ചൈനീസ്, പോളിഷ്,ഇംഗ്ലീഷ്,പേർഷ്യൻ,ഇറ്റാലിയൻ, ജർമ്മൻ, ഡച്ച്,ജപ്പാനീസ്, അറബിക്, ആഫ്രിക്കൻസ്,ഫ്രഞ്ച്,
ടർക്കിഷ്,ലാറ്റിൻ, സ്പാനിഷ്,ഗ്രീക്ക്,ഫിലിപ്പിനോ, പോർച്ചുഗീസ്, റഷ്യൻ, തുടങ്ങിയ 57 വിദേശഭാഷകളിലേക്കും സ്വന്തം രചനകളെ വിവർത്തനം ചെയ്തതാണ് സത്താർ ആദൂർ ഈ മിനിയേച്ചർ ബുക്ക് തയ്യാറാക്കിയത് . ഒരു എ ഫോർ ഷീറ്റ് കൊണ്ട് 68 പേജുകളുള്ള പത്തു പുസ്തകം എന്ന തരത്തിൽ രൂപകൽപ്പന ചെയ്ത കണ്ണിന്റെ കൃഷ്ണ മണിയോളം മാത്രം വലുപ്പമുള്ള ഈ അത്ഭുത കൃതിക്ക് റെക്കോർഡ് സെറ്റർ, ലിംക്ക ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ്സ് ഇന്ത്യ, യൂണിറ്റ് വേൾഡ് റെക്കോർഡ്, മിറാക്കിൾസ് വേൾഡ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യാസ് ബെസ്റ്റ് അച്ചീവർ, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, റെക്കോർഡ് ഹോള്ഡേഴ്സ് റിപ്പബ്ലിക്,തുടങ്ങി നിരവധി റെക്കോർഡുകൾ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here