ഞാറ്റടി – രജനി സുരേഷ്

Facebook
Twitter
WhatsApp
Email
കൂത്തംകോടിനപ്പുറം മലയരു കുണ്ടിൽ പണ്ട് ധാരാളം മലയർ കുടിൽകെട്ടി പാർത്തിരുന്നത്രെ. വെള്ളക്കുറുഞ്ഞി മലയിൽ സ്ഥിരവാസമുണ്ടായിരുന്ന അപരിഷ്കൃതരായ മലയർ മലമ്പനി പിടിപെട്ട് യാതൊരു ഗതിയുമില്ലാതെ വന്നപ്പോഴാണത്രെ മലയരു കുണ്ടിൽ പറ്റമായി വന്ന് പാർപ്പുറപ്പിച്ചത്. മലയർ വന്ന് സ്ഥിരതാമസമാക്കുന്നതിനു മുൻപ് ഊരംമുറിച്ചിക്കുണ്ട് എന്ന പേരിലാണ് ഇവിടം അറിയപ്പെട്ടിരുന്നത്. മലയരുടെ കുടിലുകൾ ഉയർന്നതോടെ പിന്നീടത് മലയരുകുണ്ടായി മാറി.
 മലയരുകുണ്ടിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്നു പോലും പ്രദേശവാസികൾക്ക് അറിവുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മലയിറങ്ങി വന്ന മലയരെ ഇവിടെ നിന്ന് കുടിയൊഴിപ്പിക്കാൻ ആരും മെനക്കെട്ടതുമില്ല. നാട്ടിലെ പ്രമാണിമാർക്കിടയിൽ മാത്രം ചെറിയ മുറുമുറുപ്പ് ഉണ്ടായത്രെ. പണ്ട് നാടുനീങ്ങിയ ഒരു തിരുമേനിയുടെ വസ്തുവകകളിലുള്ളതായിരുന്നു ഈ മലയരുകുണ്ടെന്ന് കേട്ടുകേൾവിയുണ്ട്.
മലയരുകുണ്ടിന്റെ വടക്കുവശം വിസ്തൃതമായി കിടക്കുന്ന കരുവപ്പാടി പറമ്പ്. അതിനുമപ്പുറം ആഭിജാത്യ നായർ തറവാടായ വെള്ളേങ്ങാട്ടുകളത്തിലെ പൊന്നു വിളയുന്ന കൃഷിയിടങ്ങൾ . പെരിഞ്ഞാമ്പാടം  വടക്കേ കണ്ടം മുതൽ പുളിക്കിലെ കണ്ടം വരെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ . വെള്ളേങ്ങാട്ടു കളത്തിലെ പ്രമാണിമാരായ ആഢ്യ ഭ്രാതാക്കൾക്ക് പരമ്പരാഗതമായി കൈമാറി വന്ന ഭൂപ്രദേശങ്ങളാണത്രെ അവ.
വെള്ളേങ്ങാട്ടുകളത്തിലെ നെൽകൃഷിപ്പണി തകൃതിയായി മുന്നോട്ടു പോയിരുന്നത് കുഞ്ഞുമൊളയനും ചിന്നാണ്ടിയും കൊടിച്ചിയും അടങ്ങുന്ന കർഷകത്തൊഴിലാളികളുടെ നീണ്ടനിര നിരന്തരമായി പണിയെടുത്തായിരുന്നു. വള്ളുവച്ചെറുമൻ വിഭാഗത്തിൽ പെട്ട ഈ കർഷകത്തൊഴിലാളികൾ വെള്ളേങ്ങാട്ടുകാരുടെ ഭൂവിഭാഗത്തിൽ തന്നെ പുര കെട്ടി കുടികിടപ്പവകാശം വരെ ലഭിച്ചവരാണ്.
വെള്ളേങ്ങാട്ടുകളക്കാരുടെ കാളപൂട്ട്, ഞാറുനടൽ , കൊയ്ത്ത് മെതിയുമെല്ലാം തറവാട്ടിലെ പ്രധാനികൾക്കെന്നപോലെ നാട്ടുകാരുടെയും കാര്യസ്ഥൻമാരുടെയും കൃഷിപ്പണിക്കാരുടെയും ആഘോഷമോ ഉത്സവമോ ഒക്കെയായിരുന്നു.
 പെരിഞ്ഞാമ്പാടം മുതൽ പുളിക്കിലെ കണ്ടം വരെ നാട്ടുകാരും പണിക്കാരും അണിനിരക്കും. കൃഷിയിടത്തിന് ചാരുതയേകിയുള്ള ഞാറ്റു കണ്ടങ്ങൾ കണ്ണിനാകർഷണ കേന്ദ്രമായിരുന്നു.
ഇടവം ,മിഥുനമായി ഒന്നാം വിള നട്ട വിരിപ്പു കൃഷി കന്നിയിൽ കൊയ്തെടുക്കണം. വെള്ളേങ്ങാട്ടു കളത്തിലെ സേതുമാധവൻ നായരും പത്നി സതീദേവി തമ്പ്രാട്ടിയും കർഷകത്തൊഴിലാളികളുടെ കാണപ്പെട്ട ദൈവങ്ങളാണ്. ഒന്നാംവിള കൊയ്ത്ത് കഴിഞ്ഞാൽ പണിക്കാർക്കു മാത്രമല്ല, നാട്ടിലെ  ചില്ലറ കാര്യസ്ഥൻമാരെപ്പോലെ ചുറ്റിപ്പറ്റി നിൽക്കുന്നവർക്കും വെള്ളേങ്ങാട്ടു കളത്തിൽ നിന്ന് വലിയ നാക്കിലയിൽ ഇടങ്ങഴി ചോറ് തരപ്പെടും. വടക്കിനിയുടെ മുന്നിലുള്ള വിശാലമായ പുരയിലിരുന്ന് ഊൺ കഴിച്ച് അന്ന് രാത്രിയ്ക്കുള്ളത് തോർത്തിൽ കിഴി കെട്ടി കൊണ്ടുപോകുന്നവരും വിരളമല്ല.
കൃഷിയിടങ്ങളിലവിടവിടെയായുള്ള ഞാറ്റടിക്കണ്ടങ്ങളുടെ ഹൃദയഹാരിയായ പച്ചപ്പു നോക്കിക്കൊണ്ട് ‘ ഞാറുറച്ചാൽ ചോറുറച്ചു ‘ എന്ന് കുഞ്ഞുമൊളയൻ എപ്പോഴും പറയുമായിരുന്നത്രെ.
രണ്ടാമത്തെ വിള മുണ്ടകൻ കന്നി, തുലാം ആദ്യം നട്ട് മകരത്തിൽ കൊയ്യും. കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ പൂട്ടിയിട്ട് വല്ലോട്ടിയിൽ ചവറ്റില കോരിയിട്ട് ചുടും. പിന്നീട് ചില പാടങ്ങളിൽ മാത്രമായി മൂന്നാമത്തെ വിളയായ പുഞ്ചക്കൃഷി. കുംഭം മീനമായി നട്ട് ഇടവത്തിൽ കൊയ്ത്ത്. പുഞ്ച അറുപതു ദിവസം കൊണ്ട് കൊയ്തെടുക്കാമെന്നാണ് കുഞ്ഞുമൊളയൻ പറഞ്ഞു കേട്ടിട്ടുള്ളത്.
 ഞാറു നടുമ്പോൾ കുഞ്ഞുമൊളയന്റെ പെണ്ണ് കുഞ്ചിക്കാളി പാടുന്ന ഞാറ്റു പാട്ടും ഞാറ്റുമുടി കെട്ടിയിട്ടതിന്റെ ചന്തവുമൊക്കെ ആസ്വദിച്ച് നിൽക്കുന്ന വെള്ളേങ്ങാട്ട് കളത്തിലെ പ്രഭുക്കൻമാരുടെ കാർഷികവൃത്തിയിൽ നിർബാധം പൊൻ കതിർ വിളഞ്ഞു.
കുഞ്ഞുമൊളയനിഷ്ടം ഞാറ്റുകണ്ടത്തിന്റെ ഹരിത ഭംഗിയാണ്. തന്റെ പെണ്ണ് കുഞ്ചിക്കാളിയെ നോക്കിയിരിക്കുന്നതു പോലെ എത്ര നേരം  ഞാറ്റടി നോക്കിയിരുന്നാലും അയാൾക്ക് മടുപ്പില്ലത്രെ.
കാലങ്ങളോളം ഇടതടവില്ലാതെ കുഞ്ഞു മൊളയനും ചിന്നാണ്ടിയും കൊടിച്ചിയും വെള്ളേങ്ങാട്ടുകാരുടെ കൃഷിപ്പണി നടത്തി വന്നു. പണിക്ക് ആളെ തികഞ്ഞില്ലെങ്കിൽ മലയരു കുണ്ടിൽ കൂട്ടം കൂടി പാർക്കുന്ന മുണ്ടി , അക്കി, കാളൻ തുടങ്ങിയ മലയരേയും ആദ്യ കാലങ്ങളിൽ നെൽപ്പണിയ്ക്ക് കൂട്ടിയിരുന്നു. കുഞ്ഞുമൊളയൻ തന്നെയാണ് പണിക്കാരെ കൂട്ടുന്നതും ആവശ്യം കഴിഞ്ഞാൽ പറഞ്ഞു വിടുന്നതും. ഇതിനിടെ കന്യകയായ മലയി പെണ്ണ് മുണ്ടിയ്ക്ക് ഉണ്ടായ ദിവ്യ ഗർഭത്തിൽ കുഞ്ഞു മൊളയന്റെ ആളുകളും മലയരും തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ച് കുഞ്ഞുമൊളയൻ ഒളിവിലുമായി.
വെള്ളേങ്ങാട്ട് കളത്തിലെ തമ്പ്രാനും തമ്പ്രാട്ടിയും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പുകൽപിച്ചു എങ്കിലും കുഞ്ഞുമൊളയന്റെ കുറച്ചു ദിവസത്തെ തിരോധാനം കാരണം അയാളുടെ അടിയാത്തി പെണ്ണ് കുഞ്ചിക്കാളി മലയരുടെ കൂടെ പൊറുക്കാൻ തുടങ്ങിയത് കുഞ്ഞു മൊളയനെ തീരാദു:ഖത്തിലാഴ്ത്തി. കള്ളപ്പാടിക്കുണ്ട് വഴി നടന്നു പോയ കുഞ്ഞുമൊളയനെ പിന്നീടാരും കണ്ടതേയില്ലത്രെ.
ഇതിനിടെ മലയരു കുണ്ടിൽ കൂട്ടത്തോടെ  മാറാവ്യാധി പിടിപെട്ട് മലയർ ഐരമലയിലേക്ക് കുടിയേറിയത്രെ. ചിന്നാണ്ടിയും കൊടിച്ചിയും മറ്റു പണിക്കാരായ കുഞ്ചമ്മയേയും കണ്ടനേയും കൂട്ടി കുറച്ചു കാലം കൂടി വെള്ളേങ്ങാട്ടെ കൃഷിപ്പണി കൊണ്ടു നടന്നു. സേതുമാധവൻ തമ്പ്രാന്റെ മക്കൾ കൃഷ്ണൻ നായരും ശിവശങ്കരൻ നായരും സുഖലോലുപതയുടെ പര്യായമായിരുന്നു. പൊന്നു വിളഞ്ഞ ഭൂവിഭാഗം കഷ്ടി ഞാറു നട്ടെങ്കിലെന്നായി. സേതുമാധവൻ നായരുടെയും സതീദേവി തമ്പ്രാട്ടിയുടെയും കാലശേഷം വെള്ളേങ്ങാട്ടുകളത്തിലെ കൃഷിയിടങ്ങൾ വിണ്ടുകീറി കിടന്നു. ചിന്നാണ്ടിയുടെയും കൊടിച്ചിയുടെയും മക്കൾ മറു നാടുകളിൽ നിന്ന് കച്ചവട ക്കൊതിയോടെ വന്നുചേർന്ന വരുടെ  റബ്ബർ എസ്റ്റേറ്റ് പണികളിൽ വ്യാപൃതരായി. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വേതനം കിട്ടിയപ്പോൾ ചിന്നാണ്ടിയുടെയും കൊടിച്ചിയുടെയും മക്കൾക്ക് നെൽകൃഷി പഴഞ്ചനായി.
വർഷങ്ങൾക്കു ശേഷം ഗ്രാമത്തിൽ ഒരു പടുകിഴവൻ വന്നെത്തിയതായും വെള്ളേങ്ങാട്ട് കളത്തിലെ കൃഷിയിടങ്ങളിലൂടെ രാത്രി പകൽഭേദമെന്യേ നടക്കുന്നതായും ഒരു ശ്രുതി പരന്നു. ഗ്രാമവാസികൾ കാര്യമറിയുവാൻ തടിച്ചു കൂടി. കാൽ  വലിച്ചുള്ള പടുകിഴവന്റെ നടത്തം കണ്ട് കരുവാൻ അയ്യപ്പൻ ഉറക്കെ വിളിച്ചു പറഞ്ഞു. ” ഇത് … ഇത് നമ്മടെ കുഞ്ഞുമൊളയനല്ലേ …?”
പടുകിഴവൻ അതു കേട്ടില്ല. അയാൾ പെരിഞ്ഞാമ്പാടത്തിന്റെ വീണ്ടുകീറിയ മാറിൽ കമിഴ്ന്നു കിടന്നു.
“കുഞ്ഞുമൊളയാ…” അയ്യപ്പൻ തട്ടി വിളിച്ചു. ഞാറ്റു കണ്ടങ്ങളുടെ സമൃദ്ധമായ പച്ചനിറം കുഞ്ഞുമൊളയൻ ഭാവനയിൽ കണ്ടു.
ഹൃദയത്തുടിപ്പ് എരിഞ്ഞടങ്ങും വരെ … ചവറ്റില  കോരിയിട്ട്  ചുടും വരെ ….

About The Author

Leave a Reply

Your email address will not be published. Required fields are marked *