തീ പിടിച്ച് ഇലക്ട്രിക് വാഹനങ്ങള്‍; അണയാതെ ആശങ്ക, ഉപഭോക്താക്കളില്‍ ആശങ്ക സൃഷ്ടിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ കത്തുകയാണെന്ന വാര്‍ത്തകൾ

Facebook
Twitter
WhatsApp
Email

ഉപഭോക്താക്കളില്‍ ആശങ്ക സൃഷ്ടിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ കത്തുകയാണെന്ന വാര്‍ത്തകള്‍. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തിനശിക്കുകയുണ്ടായി. കഴിഞ്ഞ ബുധനാഴ്ച മുംബൈയില്‍ ടാറ്റ നെക്‌സണ്‍ ഇ വിക്ക് തീപിടിച്ചതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പൊലീസും ഫയര്‍ഫോഴ്‌സും നെക്‌സണിലെ തീയണച്ചെങ്കിലും ഉപഭോക്താക്കളുടെ ആശങ്കകള്‍ അണഞ്ഞിട്ടില്ല. സര്‍ക്കാരും നിര്‍മ്മാതാക്കളും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം 30,000ലധികം നെക്‌സണ്‍ ഇ വി വിറ്റുപോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരിലും തീപിടുത്ത വാര്‍ത്തസംശയം ജനിപ്പിച്ചിട്ടുണ്ട്.

ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും നേരിടാനുള്ള ഹരിത മാര്‍ഗങ്ങളില്‍ ഒന്നായാണ് ഇലക്ട്രിക് വാഹനങ്ങളെ കാണുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകുമെന്ന പ്രതീക്ഷകള്‍ക്കിടെ ഇലക്ട്രിക് വാഹനങ്ങള്‍ സുരക്ഷിതമല്ലെന്ന തോന്നലുണ്ടാക്കുന്നത് ലോകവാഹന വിപണിയിലും പരിസ്ഥിതി സംരക്ഷണത്തിലും തിരിച്ചടിയുണ്ടാക്കും. ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ ഇ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുളള ശ്രമത്തിലാണ്. ഡല്‍ഹിയടക്കമുളള നഗരങ്ങളില്‍ ഇതിനോടകം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ വാഹനങ്ങളുടെ വില ഒരു വര്‍ഷത്തിനുള്ളില്‍ പെട്രോളിയം വാഹനങ്ങളുടേതിന് സമാനമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ടെസ്ലയടക്കം ഇ വാഹനഭീമന്‍മ്മാര്‍ നേരിട്ട പ്രതിസന്ധിയാണ് തീപിടുത്ത ഭീഷണി. ലിഥിയം അയേണ്‍ ബാറ്ററികള്‍ ചൂടായി പൊട്ടിത്തെറിക്കുന്നതും അപകടങ്ങളില്‍ തീപിടുത്തമുണ്ടാകുന്നതും ഇ വാഹനവിപണിയെ സംശയ നിഴലിലാക്കുന്നുണ്ട്. മികച്ച ബാറ്ററി കൂളന്റുകളും ബാറ്ററിപാക്കിങ്ങുമാണ് താല്ക്കാലിക പരിഹാരം. കൂടുതല്‍ ഗവേഷണങ്ങളും ഈ മേഖലയുടെ വളര്‍ച്ചക്ക് അനിവാര്യമാണ്. അധികം വൈകാതെ തന്നെ ശാശ്വതമായ പരിഹാരം ശാസ്ത്രലോകം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഇ വാഹനപ്രേമികള്‍.

About The Author

Leave a Reply

Your email address will not be published. Required fields are marked *