ചെമ്പൻ മുടിയുള്ള ഭ്രാന്തൻ (കാരൂർ സോമന്റെ ‘കാറ്റിൽ പറക്കുന്ന പന്തുകൾ’ സ്‌പെയിൻ യാത്രാ വിവരണത്തിൽ നിന്ന്) – കാരൂർ സോമൻ, ലണ്ടൻ

Facebook
Twitter
WhatsApp
Email

യാത്രകൾ ചിറകടിച്ചു് പറക്കുന്നതാണ്. അവർ പൂർവ്വാധികം ശക്തിയായി ജീവിത പ്രതിസന്ധികളെ ആ ചിറകുകളിൽ വഹിക്കുന്നു.മാഡ്രിഡിലെ തൈസെൻ-ബോർനെമിസ ദേശീയ മ്യൂസിയത്തിലെ വിശ്വപ്രസിദ്ധനായ വിൻസെന്റ് വാൻ ഗോഗ് ചിത്രങ്ങളിലേക്ക് നിർന്നിമേഷനായി നോക്കി നിന്നു. പാശ്ചാത്യ ലോകത്തുള്ള മിക്ക മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ കാലത്തിന്റെ പുനർനിർമ്മിതിയായി കാണപ്പെടുന്നു.  ഫ്രാൻസിലെ ഓവേർസ് ഗ്രാമത്തിലെ ഗോതമ്പ് പാടത്തേക്ക് നിറക്കൂട്ടുകളും കാൻവാസുകളുമായി പോയ വാൻഗോഗ് എന്തിനാണ് സ്വയം വെടിവെച്ചു് മരിച്ചത് ? ആത്മശാന്തിക്ക് വേണ്ടിയായിരുന്നോ? ആ ചോദ്യം ഇന്നും  ആരാധകരുടെ മനസ്സിൽ ഒരു കനൽപോലെ നീറിപ്പുകയുന്നു.ഡച്ച് ചിത്രകാരനായ വിൻസെന്റ് വാൻ ഗോഗ് (ജനനം- 1853-മാർച്ച് 30 സുണ്ടർട്ട്, നെതർലൻഡ്, മരണം 29-ജൂലൈ 1890, മാതാപിതാക്കൾ  പ്രൊട്ടസ്റ്റന്റ് പുരോഹിതൻ  തിയോഡോറസ് വാൻ ഗോഗ്, അന്ന കാർബെന്റസ്).മുപ്പത്തിയേഴ് വർഷങ്ങൾ ജീവിച്ചു് ശൂന്യതക്ക് നിറം ചാർത്തി സ്വയം വെടിവെച്ചു് രക്ത നിറം കണ്ട് മതിമറന്ന് മണ്ണിൽ നിന്ന് മാഞ്ഞുപോയ മഹാപ്രതിഭ. വിടരുന്ന സൂര്യകാന്തിപ്പൂക്കളെ സമ്മാനിച്ച ചിത്രകാരൻ മണ്ണിൽ കൊഴിഞ്ഞുവീണത് നെടുവീർപ്പോടെയാണ് ലോകം ശ്രദ്ധിച്ചത്.എന്റെ അടുത്ത നിന്ന ദമ്പതികൾ അതിനെപ്പറ്റി പറയുന്നത് എന്റെ ചെവിയിലുമെത്തി. എനിക്കും അതോർ ക്കുമ്പോൾ തീവ്രമായ നൊമ്പരമുണ്ട്. കലാലോകത്തു് ഇന്നും അതൊരു വിലാപകാവ്യമായി ജീവിക്കുന്നു.

വാൻ ഗോഗിന്റെ ജീവിതം സൂര്യനുദിക്കാത്ത പകൽപോലെയും ചന്ദ്രനസ്തമിച്ച മാനംപോലെയും ഉണങ്ങി വരണ്ട ഭൂമിപോലെയായിരുന്നെങ്കിലും ചിത്രങ്ങൾ പൂനിലാവിലെ തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെ  വിടർന്നു നിന്നു. പിതാവിന് താല്പര്യം മകനെ ഒരു പുരോഹിതനാക്കാനായിരിന്നു. എന്നാൽ ചെറുപ്പം മുതൽ പടങ്ങൾ വരക്കുന്നതിലാണ് വിൻസെന്റ് ശ്രദ്ധിച്ചത്.സ്‌കൂൾ പഠനകാലത്തു് പഠിപ്പിക്കുന്ന അധ്യാപകൻ കണ്ടത് എഴുതുന്ന ബുക്കിൽ പഠിപ്പിക്കുന്ന പാഠങ്ങളല്ല അതിൽ നിറയെ പടങ്ങളാണ് വരച്ചത്. അധ്യാപകൻ വിൻസെ ന്റിനെ പ്രോത്സാഹിപ്പിച്ചു. മറ്റ് കുട്ടികളുമായി കൂട്ടുകൂടുന്നത് ഇഷ്ടമല്ലായിരുന്നു. 1864-ൽ പതിനൊന്നാമത്തെ വയസ്സിൽ ബോർഡിങ്ങിൽ ചേർത്ത് പഠിപ്പിച്ചു. 1868-ൽ ആരോടും പറയാതെ വീട്ടിലേക്ക് മടങ്ങി. ഒന്നിനോടും പൊരുത്തപ്പെടാൻ മനസ്സില്ലാത്ത മകന് ചിത്രങ്ങൾ വരക്കുന്നതിലാണ് താല്പര്യമെന്ന് അമ്മ മനസ്സിലാക്കി മകനെ പ്രോത്സാഹിപ്പിച്ചു. സാധാരണ ചിത്രകാരന്മാർ മുറിക്കുള്ളിലിരുന്ന് കലാസൃഷ്ടികൾ നടത്തുമ്പോൾ വാൻഗോഗ് നിറക്കൂട്ടുകളും കാൻവാസുകളുമായി പോകുന്നത് ഗോതമ്പ് പാടങ്ങൾ, പൂന്തോപ്പ്, കാടുകൾ, നീല മേഘങ്ങൾ, പള്ളിമേടകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, സീൻ നദിതീരങ്ങൾ തേടിയാണ്. ആ ജീവിതം ദേശദേശാന്തരങ്ങളിലൂടെ ഒഴുകിപ്പരക്കുന്ന വിശാലമായൊരു യാത്രയായിരിന്നു. വാടക വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ശൂന്യ മനസ്സുമായി പോയ വാൻഗോഗ് കടലിൽ പോകുന്ന മുക്കുവർ വല നിറയെ മൽസ്യങ്ങളുമായി വരുന്നതുപോലെ കൈ നിറയെ നിറക്കൂട്ടുള്ള ചിത്രങ്ങളുമായിട്ടാണ് വരുന്നത്. അദ്ദേഹത്തിന്റെ കലാസൃഷ്ടിയിൽ ഏറെ മുന്നിൽ നിന്നത് ഗ്രാമാനുഭവങ്ങളുടെ ഹരിതാഭമായ നേർക്കാഴ്ചകളും ഹൃദയതാളങ്ങളുമാണ്. ആ കഷ്ടപ്പാടിനൊന്നും വേണ്ടുന്ന പ്രതിഫലം ലഭിച്ചില്ല. വരച്ചുകൂട്ടിയതൊക്കെ മുറിക്കുള്ളിൽ വിശ്രമിച്ചു.

വാൻഗോഗിന്റെ ജീവിതയാത്രയിൽ കണ്ടത് വേറിട്ട കാഴ്ചകളാണ്. സുഹൃത്തായ  പോൾ ഗൗഗിനുമായു ണ്ടായ വാക്ക് പോരിൽ  ദേഷ്യം കടിച്ചമർത്തി  ഇടത് ചെവി മുറിച്ചു  മാറ്റിയത് ആശ്ചര്യത്തോടെയാണ് എല്ലാവരും കണ്ടത്. വാൻഗോഗ് വിവാഹിതനല്ല. തെരുവ് വേശ്യകളുമായി നല്ല ബന്ധമായിരിന്നു. കാമോന്മാദത്തിൽ ശരീരം ദുർബലമായി മാറിയ നിമിഷങ്ങളിൽ മനോദുഃഖവുമായി കഴിഞ്ഞ രണ്ട് കുട്ടികളുടെ അമ്മയായ സിയാൻഹൂർ നിക്കുമായി പ്രണയത്തിലായി. ഹേഗിൽ വെച്ച് പരിചയപ്പെട്ട സിയാൻ വേശ്യയെങ്കിലും സുന്ദരിയാണ്. അവളുടെ പുളകം കൊള്ളുന്ന കവിളുകളും വിടർന്ന മിഴികളും മൃദുല മനോഹരമായി വാൻഗോഗിന്റെ ഹൃദയത്തെ സ്പർശിച്ചു. അവളെ ഒരു മോഡൽ ആക്കുകയായിരിന്നു ലക്ഷ്യം. കുട്ടികളുമായി സല്ലപിക്കുന്ന സമയം വാൻ ഗോഗ് വേദനയോടെ സിയാനോട് പറഞ്ഞത് കാമസുഖത്തിനായി സ്ത്രീകളെ ഇരകളാക്കി കുട്ടികളെ സമ്മാനി ച്ചുപോകുന്ന പുരുഷന്മാർ കാട്ടുമൃഗങ്ങൾ തന്നെയാണ്. മുന്നിൽ കാണുന്ന ഭോഗ്യവസ്തുക്കളുടെ, സൗന്ദര്യ ത്തിന് മുന്നിൽ അത്യാസക്തിപൂണ്ട സ്ത്രീകൾ പരിഹാസ പാത്രങ്ങളാകുന്നു. പൂവുകളുടെ നിറംപോലെ രോമാഞ്ചം പൂണ്ടു നിൽക്കുന്ന അവളുടെ വിവിധ രൂപത്തിലുള്ള ശരീര ഭംഗി ക്യാൻവാസിൽ പകർത്തി. രണ്ട് കുട്ടികളുള്ള ഒരു വേശ്യയെ, പലവട്ടം ഗർഭച്ഛിദ്രം നടത്തിയവൾ, പല പുരുഷന്മാരാൽ  ഉപേക്ഷിക്കപ്പെട്ടവളെ സ്വന്തമാക്കിയതിൽ ബന്ധുമിത്രാദികളുടെ അനാദരവ് ഏറ്റുവാങ്ങി.

പുരോഹിതനായ പിതാവിന് കയർത്തു സംസാരിക്കേണ്ടി വന്നു.  വാൻ ഗോഗ് തന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന് പറഞ്ഞത്. ‘ജീവിതത്തിൽ ധാരാളം മുറിവേറ്റ സ്ത്രീയാണ്. എനിക്കവളെ രക്ഷപ്പെടുത്തണം. ദുർദിനങ്ങളിലേക്ക് തള്ളിവിടില്ല. അവൾ ഒരു നിമിഷം പോലും ഉപേക്ഷിക്കപ്പെട്ടവളും തനിച്ചും ആയിത്തീരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവളോടുള്ള എന്റെ സ്‌നേഹം ആർദ്രമാണ് ആഴത്തിലാണ്. അവളുടെ മക്കളെ ഞാൻ സ്‌നേഹിക്കുന്നു,’ ഇത് തന്നെയാണ് ചിത്ര-ശില്പ വ്യവസായിയായ പാരീസിലുള്ള ഇളയെ സഹോദരൻ തിയോയ്ക്ക് അയച്ച കത്തിലുമെഴുതിയത്. എല്ലാവരിൽ നിന്ന് എതിർപ്പുണ്ടായപ്പോൾ സഹോദരൻ തിയോയും എതിർപ്പ് പ്രകടിപ്പിച്ചു. മറ്റുള്ളവർ രൂക്ഷമായി എതിർത്തപ്പോൾ സഹോദരന്റെ വിളറിവെളുത്ത മുഖം തിയോ കണ്ടു. ചിത്രങ്ങൾ മനസ്സിൽ പൂത്തുവിരിയുന്നതുപോലെ സഹോദരനിൽ കണ്ട മനുഷ്യത്വത്തിന്റെ മഹാമനസ്‌ക്കത ചവുട്ടിക്കുഴക്കാൻ ആഗ്രഹിച്ചില്ല. വിതുമ്പിനിന്ന മനസ്സിന് ഒരാശ്വാസമായി തിയോ ആശ്വസിപ്പിച്ചു. വീട്ടുകാരറിയാതെ അവർക്കൊപ്പം വാടകവീട്ടിൽ താമസിക്കയും ചെയ്തു.

മാതാപിതാക്കളെക്കാൾ വാൻഗോഗിനെ ഏറെ സ്‌നേഹിച്ചത് ചോദിക്കുമ്പോഴൊക്കെ പണം കൊടുക്കുന്നത് തിയോ ആണ്. അഗാധമായ ആത്മബന്ധമാണ് ആ സഹോദരങ്ങൾ തമ്മിലുള്ളത്. ഗർഭിണിയായ ഒരു വേശ്യയെ കുട്ടികളെ ഒപ്പം കൂട്ടുക സഹോദരന്റെ വന്യഭാവനയുടെ ഒടുങ്ങാത്ത ആഗ്രഹമായിട്ടാണ് തിയോ കണ്ടത്. അവൾ ആരുടേയോ ഒരു കുഞ്ഞിന് ജന്മം നൽകിയപ്പോൾ പിതാവിന്റെ സ്ഥാനത്തു് വാൻ ഗോഗിന്റെ പേരാണ് കൊടുത്തത്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകൾ വാൻ ഗോഗിന്റെ ജീവിതത്തിലുണ്ട്. ഒരു തെരുവ് വേശ്യയെ സ്വന്തമാക്കി അവരുടെ രക്ഷകനായി മാറിയതിൽ തെരുവ് വേശ്യകൾക്ക് മൂല്യവത്തായ ഒരു സന്ദേശമാണ് വാൻഗോഗ് നൽകിയത്. അവരുടെ ഒന്നിച്ചുള്ള ജീവിതം ഏറെ നാൾ നീണ്ടുനിന്നില്ലെങ്കിലും വാൻഗോഗുമായുള്ള ജീവിത നാളുകൾ സിയാന് വസന്ത നാളുകളായിരിന്നു. സിയാൻ ഹുർനിക്കിന്റെ ജീവിതവും ദുരിത-ദുഃഖത്തിന്റെ ശക്തമായൊരു പരീക്ഷണശാലയായിരിന്നു. സിയാൻ 1904- ൽ സ്വയം മുങ്ങിമരിച്ചു.

വാൻ ഗോഗിന്റെ  ജീവിതം  ചിത്ര രചനക്ക് വേണ്ടി മാത്രം സമർപ്പിക്കപ്പെട്ടതായിരുന്നു. തലച്ചോറിൽ കുടിയേറിപ്പാർക്കുന്ന കഠിനമായ വിഷാദരോഗത്തിൽ വ്യാകുലപ്പെട്ടു കഴിഞ്ഞ വാൻഗോഗ് പ്രതീക്ഷകൾ കൈ വെടിഞ്ഞില്ല. എല്ലാം ശാരീരിക അസ്വസ്ഥതകളോടും പൊരുതി മുന്നേറുകയായിരിന്നു. ആ ജീവിത യാത്രയിൽ  ദുഃഖം, മൂകത, പരിഭ്രമം തളംകെട്ടി നിന്നു. ചിത്രരചനയുടെ ഒടുങ്ങാത്ത മോഹങ്ങളുമായി കയ്യിൽ ക്യാൻ വാസും മഷിയുമായി അലഞ്ഞു നടന്ന വാൻ ഗോഗിനെ ഓർത്തുനിൽക്കവേ മനസ്സിലേക്ക് വന്നത് വത്തിക്കാനിലെ സിസ്റ്റയിൻ ചാപ്പലിൽ കലയുടെ മായാലോകം സൃഷ്ഠിച്ച മൈക്കലാഞ്ജലോ ആണ്. സിസ്റ്റയിൻ ചാപ്പ ലിൽ 61 അടി പൊക്കത്തിൽ ആറായിരത്തിലധികം ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്ഥലത്തു് തല മുകളിലേ ക്കുയർത്തി കഴുത്തിലെ വേദന സഹിച്ചുകൊണ്ട് ആ സീലിങ്ങിൽ പടങ്ങൾ വരക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. രാജാധിരാജനായി വാഴുന്ന പോപ്പ് ജൂലിയസിന്റെ ആജ്ഞ അനുസരിക്കൻ മാത്രമേ ചിത്രകാരന് സാധിച്ചുള്ളൂ. വാൻ ഗോഗ് പട്ടിണികിടന്നതുപോലെ മൈക്കലാഞ്ജലോയും പട്ടിണി കിടന്നിട്ടുണ്ട്. ഉണക്ക റൊട്ടിയും വെള്ളവും ഇടക്ക് ലഭിക്കുമായിരിന്നു. ആ കാലത്തു് തന്നെ ഏറ്റവും കൂടുതൽ വിമർശിക്കയും ദ്രോഹിക്കുകയും ചെയ്ത ബൈഗോമിനോസ് കർദ്ദിനാളിനെ ചിത്രകാരൻ വെറുതെ വിട്ടില്ല. കർദ്ദിനാളിനെ  ഒരു സർപ്പത്തെകൊണ്ട് വരിഞ്ഞുമുറുക്കി ജനനേന്ദ്രിയത്തിൽ കടിപ്പിക്ക മാത്രമല്ല ബുദ്ധിയില്ലാത്ത കഴുത യാക്കി കഴുതയുടെ ചെവിയും കൊടുത്തു.

സർഗ്ഗധനരായ കലാസാഹിത്യ പ്രതിഭകൾ ആരെയും ഭയക്കുന്നവരെല്ലെന്ന് 1512-ൽ മൈക്കലാഞ്ജലോ ലോകത്തിന് കാട്ടിക്കൊടുത്തു. ഇന്നത്തെപ്പോലെ അഭീഷ്ടകീർത്തിക്ക് വേണ്ടി സ്തുതിപാടി നടന്നവരല്ല അന്നത്തെ സർഗ്ഗ പ്രതിഭകൾ. അവരൊക്കെ സാമൂഹ്യ അനീതികൾക്കെതിരെ എരിയുന്ന പന്തങ്ങളായിരിന്നു.  മൈക്കലാഞ്ജലോ ഉന്നതകുലരിൽ നിന്നനുഭവിച്ച ദുരാനുഭവങ്ങളൊന്നും വാൻ ഗോഗിനുണ്ടായില്ല.   എന്നാൽ സമൂഹം അദ്ദേഹത്തെ വിളിച്ചത് ചെമ്പൻമുടിക്കാരനായ ഭ്രാന്തൻ എന്നാണ്. മുഷിഞ്ഞു നാറിയ വസ്ത്രം ധരിച്ചു  പുതിയതൊന്ന് മാറിയിടാനില്ലാത്ത ദരിദ്രനെ കണ്ടാൽ കുട്ടികളുടെ മനസ്സിൽ ഒഴുകിയെത്തുന്ന വാക്കാണ് ഭ്രാന്തൻ. ഒരിക്കൽ കുട്ടികൾ ക്രോധത്തോടെ കല്ലെറിഞ്ഞു.അയൽക്കാർ അവഗണിച്ചു. അസഹ്യ മായ മനോവേദനകൾ സഹിച്ചുകൊണ്ടാണ് പൂക്കളുടെയും വീടുകളുടെയൂം മുന്നിൽ നിന്ന് യാതൊരു  ചാഞ്ചല്യമില്ലതെ മേഘങ്ങളിൽ കുതിച്ചോടുന്ന കുതിരയെപ്പോലെ അതിവേഗതയിൽ പടങ്ങൾ വരച്ചത്. അതിൽ അവാച്യമായ ആനന്ദം വാൻഗോഗ് കണ്ടിരുന്നു. വരക്കുന്ന ചിത്രങ്ങൾ പാരീസിലുള്ള ഇളയെ സഹോദരന്    അയച്ചുകൊടുക്കും. മറ്റ്  കച്ചവടക്കാരൊക്കെ വാൻ ഗോഗ് ചിത്രങ്ങൾ നിരസിക്കയാണ് പതിവ്. വാൻ ഗോഗിന്റെ  മിക്ക ചിത്രങ്ങളും അതുല്യവും അവർണ്ണനീയവുമെന്ന്  സഹോദരൻ തിയോ എഴുതുമ്പോൾ എന്തെന്നില്ലാത്ത സംതൃപ്തി തോന്നും. വിശപ്പും ദാഹവും സഹിച്ചു് ഗ്രാമങ്ങളിൽ നടക്കുക നല്ല കാഴ്ചകൾ കാണുമ്പോൾ അത് ക്യാൻവാസിൽ പകർത്തുക അതിൽ കൃതാർത്ഥനായി മാറുക വിലപിക്കുന്ന മനസ്സിന് ഒരാശ്വാസമായിരിന്നു. പാവങ്ങളുടെ ചിത്രങ്ങളാണ് കൂടുതലും വരച്ചത്. താനൊരു ദരിദ്രൻ ആയതുകൊണ്ടാണ് പിതാവിന് തന്നോട് ഇഷ്ടമില്ലത്തതെന്ന് സഹോദരനോട് പറയുമായിരിന്നു. പിതാവ് ഹൃദയാഘാദം മൂലം മരണപ്പെട്ടപ്പോൾ സഹോദരനോട് നിറകണ്ണുകളോടെ പറഞ്ഞു. ‘എനിക്ക് ഒരിക്കൽപോലും പിതാവിനെ സന്തോഷിപ്പിക്കാൻ സാധിച്ചില്ല’. എല്ലാം ദുഃഖവേളകളിലും സഹോദരൻ വാൻ ഗോഗിനെ ആശ്വസിപ്പിക്കും. ഒരു ജോലി വേണമെന്ന് പറഞ്ഞപ്പോൾ തന്റെ ആർട്ട് ഡീലർ കമ്പനിയിൽ പാരീസിലും ലണ്ടനിലും ജോലി കൊടുത്തു. ലണ്ടനിൽ വെച്ചാണ് യൂജിൻ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്. ഏതാനം മാസങ്ങൾക്കുള്ളിൽ അവൾ പിന്മാറി. ആരുമായും പൊരുത്തപ്പെടാൻ വാൻ ഗോഗിന് സാധിച്ചില്ല. ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ ദുഃഖ-ദുരിതങ്ങളുടെ പരീക്ഷണ ശാലയായിരിന്നു വാൻ ഗോഗിന്റെ ജീവിതം. വീഞ്ഞുകുടിക്കാൻ മദ്യശാലക ളിൽ പോകുമായിരുന്നെങ്കിലും ഗ്രാമത്തിൽ കിട്ടുന്ന പച്ചിലകളും പൂക്കളും ചേർത്തുള്ള നാടൻ വാറ്റുചാരായം കുടിക്കുമായിരിന്നു. അത്യന്തം സുഖകരമായി തോന്നിയെതെല്ലാം ശിരസ്സിനേറ്റ ആഘാതങ്ങളായിരിന്നു. ഇങ്ങനെ മദ്യ-മയക്ക് മരുന്ന് മരണക്കയങ്ങളിൽ തോണിയിറക്കുന്നവർ ധാരാളമുണ്ട്.

ചിത്രരചനയിൽ ജീവിതത്തിന്റെ വിലയേറിയ സമയം മുഴുവനായി ചിലവഴിച്ച കലാകാരൻമാർ അധിക മില്ല.ഭക്ഷണം കഴിക്കാനില്ലെങ്കിലും, ചിത്തരോഗമുണ്ടെങ്കിലും രാപ്പകലുകൾ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിന്നത് ചിത്ര രചനയാണ്. കാലം നൽകുന്ന മനോവേദനകളിൽ മുഴുകാതെ രാത്രിയുടെ യാമങ്ങളിൽ ജനാലയിലൂടെ ആകാശത്തു വിടർന്നു നിൽക്കുന്ന ചന്ദ്ര-നക്ഷത്രങ്ങളെ നോക്കി സിഗരറ്റ് വലിച്ചു പുകപടലങ്ങൾ മുകളിലേക്ക് വിട്ട്  നിശ്ശബ്ദതക്ക് നടുവിൽ നിന്ന് അതിമനോഹരങ്ങളായ ചിത്രങ്ങൾ വരച്ചുതീർക്കും. താൻ തലോടി വരച്ച ചിത്രങ്ങളിലേക്ക് ആർത്തിയോടെ മിഴികളുയർത്തി കറുത്ത താടിയിൽ കൈവിരലുകൾ തടവി മുറിക്കുള്ളിൽ വരച്ചുവെച്ചിരിക്കുന്ന എണ്ണമറ്റ ചിത്രങ്ങളിലേക്ക് നോക്കി ചിരിക്കുന്നതും മിഴികളിൽ രക്തത്തുള്ളികൾ നിറയുന്നതും ഒടുവിൽ വരച്ചുകൊണ്ടിരിന്ന ചിത്രം വലിച്ചുകീറിയെറിയുന്നതും, മുറിക്കുള്ളിൽ സിഗരറ്റ് കുറ്റികൾ കൂടികിടക്കുന്നതും പാരീസിലെ ആൾസ് ഗ്രാമത്തിൽ വാൻ ഗോഗിനൊപ്പം താമസിച്ച പ്രമുഖ ചിത്രകാരനും വാൻ ഗോഗിന്റെ സുഹൃത്തുമായ പോൾ ഗൗഗിൻ രേഖപ്പെടുത്തിയിട്ടുണ്ട്. സീൻ നദീതീരത്തു വരക്കാ നിരിക്കുമ്പോൾ മുന്നിലൂടെ വർണ്ണശബളമായ അരമുറി വേഷങ്ങൾ ധരിച്ചു നടക്കുന്ന പ്രണയിനികൾ  പുളകമ ണിഞ്ഞു നടക്കുന്നത് മനസ്സിന് കുളിർമ പകരുക മാത്രമല്ല താടി തടവിക്കൊണ്ട് മിനിറ്റുകൾ കൊണ്ട് അതിമനോഹരമായി അവരുടെ ചിത്രം വരച്ചു തീർക്കും. പക്ഷികൾ സീൻ നദിയുടെ മുകളിലൂടെ ആർത്തനാദം പൊഴിച്ചു കൊണ്ട് പറക്കുന്നതും, ലജ്ജിതയായ സ്ത്രീകളുടെ നഗ്‌നചിത്രങ്ങൾ വരക്കുന്നതെല്ലാം വാൻ ഗോഗിന്റെ  മനസ്സിന് ആനന്ദം പകർന്നു.

എന്റെ അടുത്തേക്ക് യാത്രികർ വരുന്നത് കണ്ട് ഞാൻ ദൂരേക്ക് മാറിനിന്ന് വിഷാദരോഗത്തിന്റെ ബലിഷ്ടമായ കരങ്ങളിൽപ്പെട്ടുലഞ്ഞ വാൻ ഗോഗിന്റെ ചിത്രങ്ങളിൽ എന്റെ കണ്ണുകൾ തറച്ചു നിന്നു. ചിത്ര കലയിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യവും പട്ടിണിയും മനോവേദനകളും അനുഭവിച്ചവർ  തുലോം ചുരുക്കമാണ്.       അദ്ദേഹത്തിന്റെ മരണശേഷം ഓരോ ചിത്രങ്ങളും സുഗന്ധം വഹിക്കുന്ന പുക്കളെപ്പോലെ കാണപ്പെട്ടു.  വാൻ  ഗോഗ് വരച്ച ലോകപ്രശസ്ത സൂര്യകാന്തിപൂക്കൾ (1888) ഫ്രാൻസിന്റെ തെക്ക് ഭാഗത്തുള്ള ആർലെസിൽ വെച്ച് വരച്ചതാണ്.പൂവുകളുമായി സല്ലപിക്കാൻ വാൻ ഗോഗ് ഏറെ ഇഷ്ടപ്പെട്ടിരിന്നു. സൂര്യകാന്തിപ്പൂക്കൾ പോലെ ലോകപ്രശസ്തമാണ് ‘ഉരുളക്കിഴങ്ങ് കഴിക്കുന്നവർ’ (1885). കർഷകരുടെ വിയർപ്പും ഗന്ധവും മാത്രമല്ല ഗ്രാമങ്ങളിൽ കഷ്ടപ്പെടുന്നവരുടെ യഥാർത്ഥ മുഖം ഈ ചിത്രത്തിന് നൽകി. മരിക്കുന്നതിന് മുൻപ്   തെക്കൻ ഫ്രാൻസിലെ സെന്റ് റെമിയിലെ സെന്റ്-പോൾ-ഡി-മൗസോൾ അഭയകേന്ദ്രത്തിൽ വെച്ച് ധാരാളം ചിത്രങ്ങൾ വരച്ചതിൽ ഒന്നുമാത്രമാണ് ‘ദി ഐറിസ്’ (1889). വ്യത്യസ്ത നിറങ്ങളെപ്പറ്റിയുള്ള പഠനം, വർണ്ണ വൈരുദ്ധ്യം ഉദയ സൂര്യന്റെ സൂര്യകാന്തകല്ലുകൾ ജ്വലിപ്പിക്കുന്ന വിധം മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്.

വാൻ ഗോഗിനെ പഠിക്കുന്നവർക്ക് വാൻ ഗോഗിന്റെ ഇളയെ സഹോദരൻ തിയോയെ മറക്കാൻ സാധിക്കില്ല. സ്‌നേഹം എന്തെന്ന് തിയോ നമ്മെ പഠിപ്പിക്കുന്നു.  കലാ ലോകത്തു് ഇങ്ങനെ പ്രാണന് തുല്യം സ്‌നേഹിക്കുന്ന സഹോദരങ്ങളുണ്ടോയെന്ന് ഓർക്കുന്ന നിമിഷങ്ങൾ. സ്വന്തം മാതാപിതാക്കൾപോലും മക്കളെ ഇത്രമാത്രം സ്‌നേഹിക്കില്ല. വാൻ ഗോഗിന്റെ സ്വഭാവ ഗുണം നോക്കിയാൽ സൽസ്വഭാവികളെ പോലും വെറു പ്പിക്കുന്നതാണ്.സഹോദരൻ എന്നല്ല ആരും തിരിഞ്ഞുനോക്കില്ല. പിതാവ് ഒരു പുരോഹിതൻ ആയതുകൊണ്ടാകണം യേശുക്രിസ്തുവിന്റെ അകമഴിഞ്ഞ സ്‌നേഹം തിയോയിൽ  കണ്ടത്. വിൻസെന്റ് വാൻഗോഗ് തിയോയിക്ക് എഴുതിയ കത്തുകൾ വാൻഗോഗ് മ്യൂസിയത്തിൽ ലഭ്യമാണ്. ഒരു കത്തിലെ ചില വരികൾ ‘ഞാൻ വിഡ്ഢിയെന്ന് വിശ്വസിക്കുന്നവർ എനിക്ക് ചുറ്റുമുണ്ട്. അത് വിളിച്ചുപറയാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യ മുണ്ട്. നമ്മുടെ കുഞ്ഞു സഹോദരി വിൽ പെയ്തിറങ്ങുന്ന മഴയെപറ്റി എനിക്കൊരു കഥ അയച്ചു തന്നു. ‘പ്ലാന്റ്‌സ് ആൻഡ് ദി റൈൻ’ (ചെടികളും മഴയും). അവൾക്ക് വാൻഗോഗ് കൊടുത്ത മറുപടി ‘മെനി എ ഫ്‌ല വർ ഈസ് ട്രംപ്ലെഡ് ‘ (പല പുഷ്പങ്ങളും ചവുട്ടിമെതിച്ചു). അവൾ പ്രപഞ്ചത്തിലേക്ക് ഇറങ്ങി നടക്കട്ടെ. നല്ല പുസ്തകങ്ങൾ വായിച്ചു വളരട്ടെ. നല്ല ഫ്രഞ്ച് സാഹിത്യ കൃതികൾ ഞാനവൾക്ക് അയച്ചുകൊടുക്കാം’. വിക്ടർ ഹ്യൂഗോ ആണ് വാൻ ഗോഗിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ. വാൻഗോഗ് ലണ്ടനിൽ ജോലി ചെയ്ത പ്പോൾ 1875-76 കാലത്തു് പതിമൂന്നാം വയസ്സിൽ വിൽ ഇംഗ്ലീഷ് പഠിക്കാൻ വന്നു. ആ സമയം മൂത്ത സഹോ ദരി അന്ന അതെ സ്‌കൂളിലെ അധ്യാപികയായിരിന്നു. ഒപ്പം നടന്ന ചില  ചിത്രകാരന്മാർപോലും  വാൻഗോഗിന് ഭ്രാന്തുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ട്. ആ ഭ്രാന്താണ് വരകളിൽ  ഉന്മാദമാടിയത്. ഒരു ദശാബ്ദത്തിനുള്ളിൽ, ഏക ദേശം 860 എണ്ണച്ചായചിത്രങ്ങൾ ഉൾപ്പെടെ 2,100 കലാസൃഷ്ടികൾ അദ്ദേഹം ലോകത്തിന് സമ്മാനിച്ചു. വിൻസെന്റിന്റെ മരണശേഷം മാനസികമായി തളർന്ന തിയോയുടെ  ആരോഗ്യം അതിവേഗം ക്ഷയിച്ചു. രോഗം മുർജ്ജിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1891-ജനുവരി 25-ന്-വിൻസെന്റ് വാൻ ഗോഗിന്റെ മരണത്തിന് ആറുമാസത്തിനുശേഷം, സിഫിലിസ് ബാധിച്ച് തിയോ മരിച്ചു. വിൻസെന്റ് സഹോദരനോട് മരണകിടക്കയിൽ വെച്ച് പറഞ്ഞ  വാക്കാണ്   ‘ദുഃഖം എന്നേക്കും നിലനിൽക്കും’.  വിൻസെന്റിന്റെയും തിയോയുടെയും ശവകുടീരങ്ങൾ ഇടത്തും വലതുമായി ഓവർസ്-സർ-ഓയിസ് സെമിത്തേരിയിൽ സൂര്യകാന്തിപ്പൂക്കളാൽ   ലോകസഞ്ചാരികൾക്ക് കാണാം.  സഞ്ചാരികളുടെ തിരക്ക് കൂടിയപ്പോൾ മുന്നോട്ട് നടന്ന് ഫ്രാൻസിസ്‌കോ ഗോയ, പാബ്ലോ പിക്കാസോ ഗ്വെർണിക്കയുടെ ചിത്രങ്ങൾ കണ്ടു.

About The Author

One thought on “ചെമ്പൻ മുടിയുള്ള ഭ്രാന്തൻ (കാരൂർ സോമന്റെ ‘കാറ്റിൽ പറക്കുന്ന പന്തുകൾ’ സ്‌പെയിൻ യാത്രാ വിവരണത്തിൽ നിന്ന്) – കാരൂർ സോമൻ, ലണ്ടൻ”
  1. വാൻ ഗോഗിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏കാരൂർ സർ നന്നായി എഴുതി ചേർത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version