തയ്‍വാന്റെ സുരക്ഷയ്ക്ക് വേണ്ടതു ചെയ്യും: യുഎസ്

Facebook
Twitter
WhatsApp
Email

വാഷിങ്ടൻ ∙ തയ്‍വാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ സമാധാനത്തിനും മേഖലയുടെ സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യുഎസ് കുറ്റപ്പെടുത്തി. സ്വയംഭരണ ദ്വീപായ തയ്‍വാന്റെ സുരക്ഷയ്ക്ക് പിന്തുണ നൽകുമെന്നും വ്യക്തമാക്കി.

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് ചൈന തയ്‍വാൻ കടലിടുക്കിൽ ഈ മാസം 4 മുതൽ 7 വരെ സൈനികാഭ്യാസം നടത്തുകയും സ്ഥിരം സൈനിക പട്രോൾ മുന്നറിയിപ്പു നൽകുകയും ചെയ്തതാണ് ആശങ്കയ്ക്കിടയാക്കിയത്. വിമത പ്രവിശ്യയായാണ് തയ്‍വാനെ ചൈന കാണുന്നത്.

തയ്‍വാൻ റിലേഷൻസ് ആക്ട് അനുസരിച്ച് തയ്‍വാന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആവശ്യമായ എല്ലാ സഹായവും യുഎസ് നൽകുമെന്ന് ഇന്തോ– പസിഫിക് കാര്യങ്ങളുടെ അധ്യക്ഷൻ ഡപ്യൂട്ടി അസിസ്റ്റന്റ് കുർട് കാംപ്ബെൽ പറഞ്ഞു.

ഏകപക്ഷീയമായി തയ്‍വാനിലെ തൽസ്ഥിതിയിൽ മാറ്റം വരുത്താൻ ചൈന ശ്രമിക്കുന്നത് മേഖലയിൽ സംഘർഷത്തിനിടയാക്കുമെന്നും സംയമനം പാലിക്കണമെന്നും ഇന്ത്യ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

തയ്‍വാനിലെ കാവോസിയൂങ് നഗരത്തിൽ നടത്താനിരുന്ന വേൾഡ്പ്രൈഡ് 2025 തയ്‍വാൻ ആഗോള സമ്മേളനം ചൈനയുടെ സമ്മർദത്തെ തുടർന്ന് മാറ്റിവച്ചു. തയ്‍വാനെ പ്രത്യേക രാജ്യമായി കണക്കാക്കുന്നതിനെ ചൈന എതിർത്തതാണ് സമ്മേളനം മാറ്റാനിടയാക്കിയത്.

ഇതേസമയം, തായ്‍ലൻഡ് സേനയുമൊത്ത് ഇന്നു നടക്കുന്ന സംയുക്ത സൈനികാഭ്യാസത്തിന് ചൈന വ്യോമസേനാ യുദ്ധവിമാനങ്ങൾ അയയ്ക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ് സേനയ്ക്ക് പരിശീലനം നൽകുന്നതിനാണ് ഇതെന്നും പ്രസ്താവനയിൽ പറയുന്നു. ലിത്വാനിയയിലെ ഡപ്യൂട്ടി മന്ത്രി ആഗ്നെ വൈഷ്യുകെവിഷ്യൂട് തയ്‍വാൻ സന്ദർശിച്ചതിൽ ചൈന പ്രതിഷേധിച്ചു.

English Summary: US says will ensure security of Taiwan

About The Author

Leave a Reply

Your email address will not be published. Required fields are marked *