സൗഹൃദത്തിന്റെ ആരോഗ്യ ഗുണങ്ങൾ

Facebook
Twitter
WhatsApp
Email

നമുക്ക് ചിരിക്കാനും കരയാനും നമ്മുടെ ഏറ്റവും അടുത്ത രഹസ്യങ്ങൾ പങ്കിടാനും കഴിയുന്ന ഒരു സുഹൃത്ത് അല്ലെങ്കിൽ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നാം യഥാർത്ഥത്തിൽ ഭാഗ്യവാന്മാരാണ്. സൗഹൃദങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്, അനുഭവങ്ങൾ പങ്കുവയ്ക്കുക എന്നത് മനുഷ്യാസ്തിത്വത്തിന്റെ അവിവാഹ്യമായ ഘടകവും. സൗഹൃദം എത്രത്തോളം നല്ലതാണെന്ന് തിരിച്ചറിഞ്ഞവരായിരിക്കും നാം ഓരോരുത്തരും. നമ്മുടെ വിജയത്തിലും പരാജയത്തിലും നമ്മോടൊപ്പം നിൽക്കുന്ന സുഹൃത്തുക്കൾ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കും. ഇങ്ങനെയുള്ള സൗഹൃദങ്ങൾ നമ്മുടെ ആരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് ഒരുപക്ഷേ, നമ്മിൽ എത്ര പേർക്ക് അറിയാം?

സൗഹൃദം മാനസികാരോഗ്യം നിലനിർത്തുന്നതിൽ നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നല്ല സൗഹൃദങ്ങൾ നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്.

 

അനേകം ജീവികൾ സാമൂഹ്യ കൂട്ടായ്മയിലൂടെ സൗഹൃദജീവിതം നയിക്കുന്നവരും ഒത്തുചേർന്ന് ജീവിക്കുന്നവരുമാണ്. മനുഷ്യ സൗഹൃദത്തിന്റെ പരിണാമപരമായ ഉത്ഭവം വെളിപ്പെടുത്തുന്ന തെളിവുകളാണ് മൃഗങ്ങളിലും മറ്റിതര ജീവികളിലും കണ്ടുവരുന്ന സാമൂഹ്യ സഹവർത്തിത്വം. ചില മൃഗങ്ങൾ മനുഷ്യസൗഹൃദങ്ങൾ പോലെ തന്നെ ദീർഘകാലം സുസ്ഥിരവുമായ ബന്ധങ്ങൾ നിലനിർത്തുന്നതായി നമുക്ക് അറിവുള്ളതാണ്.

മനുഷ്യൻ പൂർണ്ണമായും ഒരു സാമൂഹ്യ ജീവിയാണ്. അതിജീവനത്തിന് മറ്റു വ്യക്തികളുമായി സഹകരിക്കേണ്ടതുണ്ട്. പരസ്പരം വിലമതിക്കുക എന്നതാണ് സൗഹൃദത്തിന്റെ അടിസ്ഥാനം – ഓരോ വ്യക്തിയും മറ്റൊരു വ്യക്തിക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. മനുഷ്യരെന്ന നിലയിൽ നാം അനേകം കാരണങ്ങളാൽ മറ്റുള്ളവരെ വിലമതിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ട് ഒത്തുചേരലിനും പങ്കുവെയ്ക്കലിനും നാം കൂടുതൽ അർഥവും മൂല്യവും കല്പിക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ, പരിണാമദശയിലെ വെല്ലുവിളികൾ തുടർച്ചയായി മനുഷ്യരെ വർദ്ധിച്ച സാമൂഹിക ഇടപെടലുകൾക്കും ബന്ധങ്ങൾക്കും നിർബന്ധിച്ചു. ഇങ്ങനെയുള്ള സാമൂഹ്യ ബന്ധങ്ങൾ കൂടുതൽ സുരക്ഷിതത്വവും പരിരക്ഷയും നമ്മുടെ പൂർവ്വികർക്ക് വാഗ്ദാനം ചെയ്തു.

ആരാണ് ഒരു നല്ല സുഹൃത്ത്? ഒരു നല്ല സുഹൃത്ത് എപ്പോഴും ഏതു സാഹചര്യത്തിലും നമ്മോട് സത്യസന്ധത പുലർത്തുന്ന ആളാണ്.
നമ്മൾ പറയുന്നത് ശ്രദ്ധിക്കുകയും നമ്മുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങൾ കാണാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്ന വിവേചനരഹിത മനോഭാവം പുലർത്തുന്ന ഒരാളായിരിക്കണം ഒരു നല്ല സുഹൃത്ത്. നമ്മുടെ ജീവിതം വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുമ്പോഴും ഒരു യഥാർത്ഥ സുഹൃത്ത് നമ്മെ എപ്പോഴും സ്വീകരിക്കുന്ന ആളുമായിരിക്കണം. നമ്മുടെ രഹസ്യങ്ങൾ സൂക്ഷിക്കുകയും വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഉത്തമനായ ഒരു സുഹൃത്ത്.

ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പോലെ നല്ല സൗഹൃദങ്ങൾ നിലനിർത്തുന്നത് നമ്മുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇതുപോലെ, നമ്മൾ സമയം ചെലവഴിക്കുന്ന സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും കാര്യത്തിലും തീർച്ചയായും നമ്മൾ നല്ല തിരഞ്ഞെടുപ്പുകൾ നടത്താൻ ശ്രദ്ധിക്കണം. സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കുന്നത് രസകരം മാത്രമല്ല, അത് ദീർഘകാല ശാരീരികവും വൈകാരികവുമായ ആരോഗ്യം കൈവരിക്കാൻ നമ്മെ സഹായിക്കും.

 

നമ്മുടെ സാമൂഹിക ബന്ധങ്ങളിലെ അളവും ഗുണവും – മാനസികാരോഗ്യം, ശാരീരിക ആരോഗ്യം, മരണ സാധ്യത എന്നിവയെയെല്ലാം ഇത് ബാധിക്കുന്നു. സാമൂഹ്യശാസ്ത്രജ്ഞന്മാരുടെ പഠനങ്ങൾ അനുസരിച്ച് സാമൂഹിക ബന്ധങ്ങൾ നമ്മുടെ ആരോഗ്യത്തിൽ ഹ്രസ്വവും ദീർഘകാലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഒന്നാമതായി, നല്ല സൗഹൃദങ്ങൾ നമ്മിലെ വ്യക്തിത്വബോധം പ്രോത്സാഹിപ്പിക്കും.
നമ്മുടെ ചങ്ങാതിക്കൂട്ടങ്ങളുമായി നമ്മെ ഒന്നിപ്പിക്കുന്ന ഘടകം എന്തുതന്നെയായാലും – നമ്മൾ ഏതെങ്കിലും ഒരു പ്രത്യേക ഗ്രൂപ്പിൽ പെട്ടയാളാണെന്ന തോന്നൽ നമുക്ക് മാനസികവും ശാരീരികവുമായ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. സൗഹൃദബന്ധങ്ങൾ നമ്മുടെ തന്നെ വ്യക്തിത്വബോധം വളർത്താനും വൈകാരിക ആരോഗ്യ നിലനിർത്താനും വിഷാദത്തിന്റെയും നിരാശയുടെയും വികാരങ്ങൾ കുറയ്ക്കാനും സഹായിക്കും.

ശക്തമായ സൗഹൃദങ്ങൾക്ക് ഒരാളുടെ രക്തസമ്മർദ്ദം, സന്ധിവീക്കം, ഹൃദ്രോഗം എന്നിങ്ങനെയുള്ള അനേകം രോഗങ്ങളെ പ്രതിരോധിക്കാനും അവയുടെ അളവ് കുറയ്ക്കാനും ദീർഘകാല ആരോഗ്യ അപകടങ്ങൾ കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം വൈകാരികമായി വ്യക്തികൾക്കു ലഭിക്കുന്ന പിന്തുണയാണ്. നമ്മെ ശ്രവിക്കാനും വികാരങ്ങൾ പങ്കുവെയ്ക്കാനും ഭാവാത്മകമായ വീക്ഷണം നിലനിർത്താനും സഹായിക്കുന്ന സൗഹൃദങ്ങൾ നമ്മുടെ ജീവിതത്തിലെ ഒരു സുപ്രധാന ഘടകമാണ്. ആരോഗ്യകരമായ പെരുമാറ്റങ്ങൾ സ്വീകരിക്കുന്നതിനും ക്ഷേമ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രോത്സാഹനവും പിന്തുണയും ഇത് ഉറപ്പുവരുത്തും.

നല്ല സാമൂഹിക ബന്ധങ്ങൾ നമ്മുടെ ആരോഗ്യത്തിന് പ്രയോജനം ചെയ്യുമെന്ന് പല തരത്തിലുള്ള ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. വ്യാവസായിക രാജ്യങ്ങളിൽ നിന്നുള്ള മരണനിരക്കിനെ അടിസ്ഥമാക്കി നടത്തിയ പഠനങ്ങളിൽ നിന്നാണ് ഏറ്റവും ശ്രദ്ധേയമായ ഈ തെളിവുകൾ ശാസ്ത്രലോകത്തിന് ലഭിച്ചത്. ഈ പഠനങ്ങൾ കാണിക്കുന്നത് സാമൂഹിക ബന്ധങ്ങൾ കുറവുള്ള വ്യക്തികൾക്ക് കൂടുതൽ സൗഹൃദമുള്ളവരേക്കാൾ ആയുസ്സ് കുറവുള്ളവരാണെന്നാണ്.

സാമൂഹിക ബന്ധങ്ങളിലെ പങ്കാളിത്തം പ്രത്യേക ആരോഗ്യ അവസ്ഥകളുമായും അതുപോലെ ഈ അവസ്ഥകളുടെ അപകടസാധ്യതയെ സൂചിപ്പിക്കുന്ന ജൈവ ചിഹ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗത്തിന്റെ വികാസവും പുരോഗതിയും, ആവർത്തിച്ചുള്ള ഹൃദയപേശി കോശനാശനം (myocardial infarction), രക്തപ്രവാഹം, സ്വപ്രവർത്ത നിഷ്ക്രിയത (autonomic dysregulation), ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, കാലതാമസം നേരിടുന്ന ക്യാൻസർ സുഖപ്പെടൽ എന്നിവയുൾപ്പെടെയുള്ള നിരവധി അവസ്ഥകളുമായി സാമൂഹിക ബന്ധങ്ങൾക്ക് പങ്കുണ്ടെന്നളള ശ്രദ്ധേയവുമായ നിരവധി തെളിവുകൾ സമീപകാലത്ത് ലഭ്യമാണ്.

സാമൂഹിക ബന്ധങ്ങളോട് വിമുഖത കാണിക്കുന്നവരിൽ കോശജ്വലന സാധ്യതയും ജൈവ ചിഹ്നങ്ങളുടെ കുറവും കുറഞ്ഞ രോഗപ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ കാണപ്പെടുന്നതായി കീകോൾട്ട് ഗ്ലാസറിൻ്റെ ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷേ, ഏറ്റവും കൂടുതൽ പഠനങ്ങൾക്ക് വിധേയമായ സാമൂഹിക ബന്ധമാണ് വിവാഹം. അസ്വസ്ഥതകൾ നിറഞ്ഞ വൈവാഹിക ജീവിതം ഹൃദ്രോഗം, വിട്ടുമാറാത്ത പലവിധ രോഗങ്ങൾ, വിഷാദരോഗ ലക്ഷണങ്ങൾ എന്നിങ്ങനെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് സമീപകാല പഠനങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.

മെച്ചപ്പെട്ട സാമൂഹിക ബന്ധങ്ങൾ നമ്മുടെ ആരോഗ്യത്തെയും പൊതുവായ ക്ഷേമത്തെയും പ്രധാനമായും മൂന്ന് തലങ്ങളിലാണ് സ്വാധീനം ചെലുത്തുന്നത്.

ഇവയിൽ ഒന്നാമത്തെത് ആരോഗ്യ സ്വഭാവങ്ങളാണ്. ആരോഗ്യം, രോഗാവസ്ഥ, മരണനിരക്ക് എന്നിവയെ സ്വാധീനിക്കുന്ന വൈവിധ്യമാർന്ന വ്യക്തിഗത സ്വഭാവങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. വ്യായാമം, പോഷകാഹാരം സമീകൃതാഹാരം കഴിക്കൽ, മെഡിക്കൽ ചിട്ടകളുടെ പാലനം – ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും അസുഖം തടയുന്നതിനും പ്രവണത ഇവയെല്ലാം ആരോഗ്യ സ്വഭാവങ്ങളിൽ ചിലതാണ്. ആരോഗ്യം തകർക്കുന്ന പെരുമാറ്റങ്ങളിൽ പുകവലി, അമിത ഭാരം, മയക്കുമരുന്ന് ദുരുപയോഗം, അമിതമായ മദ്യപാനം എന്നിവയെല്ലാം ഉൾപ്പെടുന്നു. ഔപചാരികവും അനൗപചാരികമായ സംഘടനകളിലെ അംഗത്വം, വിവാഹം, രക്ഷാകർതൃത്വം എന്നിവയെല്ലാം ആരോഗ്യപരമായ നല്ല പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സാമൂഹിക ബന്ധങ്ങളെയും ആരോഗ്യ സ്വഭാവത്തെയും സ്വാധീനിക്കുമെന്നും തെളിയിക്കുന്ന പല പഠനങ്ങളും നിലവിലുണ്ട്.

രണ്ടാമത്തെ തലം സാമൂഹിക ബന്ധങ്ങൾ എങ്ങനെ നമ്മുടെ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുന്നു എന്നുള്ള വിഷയത്തിലെ ഗവേഷണങ്ങളാണ്.
ഒരാളുടെ സാമൂഹിക ഇടപെടലുകൾ അയാളുടെ ശാരീരിക പ്രക്രിയകളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് അറിയാൻ മനഃശാസ്ത്രജ്ഞന്മാരും സാമൂഹ്യശാസ്ത്രജ്ഞന്മാരും സാംക്രമികരോഗ വിദഗ്ദന്മാരും വളരെയധികം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, മറ്റുള്ളവരെ പിന്തുണയ്ക്കുന്ന ഇടപെടലുകൾ നടത്തുന്നവർക്ക് തങ്കളുടെ രോഗപ്രതിരോധ, അന്തഃസ്രവി, ഹൃദയസംവഹനകല പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയുമെന്നു കണ്ടെത്തി. ഇതുകൂടാതെ, വിട്ടുമാറാത്ത സമ്മർദ്ദത്തിന്റെയും ജീവിത സംഭവങ്ങളുടെയും സഞ്ചിത ഭാരത്തെ ലഘുകരിക്കാനും വ്യത്യസ്ത ശാരീരിക സംവിധാനങ്ങളുടെ പ്രതിപ്രവർത്തനം കുറയ്ക്കാനും സാമൂഹ്യ ബന്ധങ്ങൾ സഹായിക്കുമെന്നും ശാസ്ത്രലോകത്തിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വൈകാരികമായി പിന്തുണ ലഭിച്ച ബാല്യകാല പരിതസ്ഥിതികൾ രോഗപ്രതിരോധം, ഉപാപചയം, സ്വയംഭരണ നാഡീവ്യൂഹങ്ങൾ എന്നിവയുടെയെല്ലാം നിയന്ത്രണ സംവിധാനങ്ങളുടെ ആരോഗ്യകരമായ വികസനത്തിനും പ്രവർത്തനത്തിനും സഹായകരമാകും. തുടർച്ചയായി വിവാഹിതരായ മുതിർന്നവർക്ക് ദാമ്പത്യ നഷ്ടം അനുഭവിച്ചവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങൾ കണ്ടെത്തി.

മൂന്നാമത്തെ മേഖല മാനസിക-സാമൂഹിക പ്രവർത്തന തത്വമാണ്. അച്ചടക്കമുള്ള സാമൂഹ്യ ബന്ധങ്ങൾ നിലവിലുള്ള ജനസംഖ്യയിൽ ഉടനീളം നടത്തിയ ഗവേഷണങ്ങൾ സാമൂഹിക ബന്ധങ്ങൾ എങ്ങനെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വിശദീകരിക്കാൻ സാധ്യമായ മാനസിക-സാമൂഹിക പ്രവർത്തന രീതികൾ നിർദ്ദേശിക്കുന്നുണ്ട്. ഇവയുടെ പരിധിയിൽ വരുന്ന പ്രധാന ഘടകങ്ങൾ സാമൂഹിക പിന്തുണ, വ്യക്തിഗത നിയന്ത്രണം, പ്രതീകാത്മക അർത്ഥങ്ങളും മാനദണ്ഡങ്ങളും, മാനസികാരോഗ്യം എന്നിവയാണ്. ഈ മേഖലയിൽ നടത്തിയ എല്ലാ പഠനങ്ങളും മാനസിക-സാമൂഹിക പ്രവർത്തന തത്വങ്ങൾ ഏതെല്ലാം വിധത്തിൽ സാമൂഹിക ബന്ധങ്ങൾ നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. സാമൂഹിക പിന്തുണ എന്നത് ബന്ധങ്ങളെ വൈകാരികമായി നിലനിറുത്തുന്ന ഗുണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഒരാൾ സ്നേഹിക്കപ്പെടുന്നു, പരിപാലിക്കപ്പെടുന്നു, ശ്രദ്ധിക്കപ്പെടുന്നു എന്നിങ്ങനെയുള്ള ചിന്തകളും വികാരങ്ങളും സാമൂഹിക പിന്തുണയുടെ ഭാഗമായി കരുതാം. സാമൂഹിക പിന്തുണയിലൂടെ ഒരാൾക്ക് അയാളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും, വീണ്ടെടുക്കാനും, നിലനിർത്താനും സമ്മർദ്ദത്തിന്റെ ആഘാതം കുറയ്ക്കാനും മാനസികവും ശാരീരികവുമായ സുസ്ഥിതി കൈവരിക്കാനും സാധിക്കുമെന്ന് നൂറുകണക്കിന് പഠനങ്ങൾ തെളിയിക്കുന്നു.

സാമൂഹികവൽക്കരണം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിന്റെ ജീവശാസ്ത്രം എന്താണ്? നമ്മുടെ അധഃതലാമികത്തിൽ (hypothalamus) ഉത്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോണാണ് ഓക്സിടോസിൻ. ശരിയായ സാഹചര്യത്തിൽ നമ്മുടെ മസ്തിഷ്കത്തിലേക്ക് എത്തിച്ചേരുന്ന ഓക്സിടോസിന് നമ്മുടെ വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും നിലനിർത്തുന്നതിലും നിഷേധിക്കാനാവാത്ത പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെ സന്തുലിതമായി നിലനിർത്തുന്ന മസ്തിഷ്കത്തിൽ ഓക്സിടോസിൻ ഉത്പാദിപ്പിക്കപ്പെടുകയും പീയൂഷഗ്രന്ഥി വഴി രക്തപ്രവാഹത്തിലേക്ക് സ്രവിക്കുകയും ചെയ്യുന്നു. അവിടെ നിന്നും ഇത് അതിന്റെ ആത്യന്തിക ഉദ്ദേശ്യത്തെ ആശ്രയിച്ച് നമ്മുടെ സുഷുമ്നാ നാഡിയിലേയ്ക്കോ തലച്ചോറിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കോ നയിക്കപ്പെടുന്നു.
അടിസ്ഥാനപരമായി ഇത് പ്രസവസമയത്തും പ്രസവശേഷം മുലയൂട്ടുന്ന സമയത്തും ഗർഭാശയ സങ്കോചത്തെ ഉത്തേജിപ്പിക്കുന്ന പ്രധാനമായ ഒരു നാഡീയപ്രേഷിതമാണ് (neurotransmitter). ഇതിനുപുറമേ, ഇത് പ്രധാനമായും മനുഷ്യന്റെ പെരുമാറ്റത്തിന്റെ വിവിധ വശങ്ങളെയും സ്ത്രീ-പുരുഷ പ്രത്യുത്പാദന സംവിധാനങ്ങളെയും നിയന്ത്രിക്കുന്നുണ്ട്. ഈ ഹോർമോൺ നമ്മുടെ മസ്തിഷ്കത്തിൽ ഒരു രാസ വാഹകനായി പ്രവർത്തിച്ചുകൊണ്ട് മനുഷ്യരിലെ പല പെരുമാറ്റങ്ങളെയും സാമൂഹിക ഇടപെടലുകളെയും – ലൈംഗിക ഉത്തേജനം, പരസ്പരമുള്ള അംഗീകാരം, തമ്മിൽ തമ്മിലുള്ള ആശ്രയം, ഉത്കണ്ഠ, വിഷാദം, വിശപ്പില്ലായ്മ, കാല്പനിക മമത, സഹാനുഭൂതി, ഔദാര്യം, വിശ്വസ്തത, പ്രത്യാശ, രക്ഷാകർതൃ-ശിശു ബന്ധം, വിശ്വാസം, സഹാനുഭൂതി, വീക്ഷണം, നല്ല ഓർമ്മകൾ, ബന്ധക സൂചകങ്ങളുടെ സംസ്കരണം, നല്ല ആശയവിനിമയം – എന്നിവയെ എല്ലാം സ്വാധീനിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇതിനുണ്ട്. നമ്മൾ ശ്രദ്ധിക്കുന്ന ആളുകളോടൊപ്പം ആയിരിക്കുമ്പോഴെല്ലാം ഒരു സന്തോഷകരമായ, ശാന്തമായ അനുഭൂതി ഇത് നമ്മിൽ സൃഷ്ടിക്കും. ഈ നല്ല പെരുമാറ്റങ്ങളിൽ നമ്മൾ എത്രയധികം ഏർപ്പെടുന്നുവോ അത്രയധികം ഓക്‌സിടോസിൻ നമുക്ക് ലഭിക്കും. ചിലപ്പോൾ നമുക്ക് ഇതിനെ ആസക്തി എന്ന് വിളിക്കാം.

ഓക്സിടോസിൻ സെറോടോണിൻ, ഡോപാമൈൻ എന്നിവയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മൂന്ന് നാഡീയപ്രേഷിതങ്ങളും (neurotransmitters) പലപ്പോഴും ‘സന്തോഷകരമായ ഹോർമോണുകൾ’ എന്ന് വിളിക്കപ്പെടുന്നു. നമ്മൾ ആകർഷിക്കുന്നവരോ അങ്ങനെ കരുതുന്നതോ ആയ ആളുകളുടെ കൂടെ ആയിരിക്കുമ്പോഴെല്ലാം, നമ്മുടെ മസ്തിഷ്കം ഡോപാമിൻ പുറത്തുവിടുന്നു, സെറോടോണിന്റെ അളവ് വർദ്ധിക്കുന്നു, ഓക്സിടോസിൻ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഓക്‌സിടോസിൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തെ ഉത്തേജിപ്പിക്കുന്ന സുപ്രധാന ഹോർമോണാണ്. ഇത് അമ്മമാരിൽ ശക്തമായ സ്വാധീനം ചെലുത്തുന്നതായും മാതൃത്വത്തിന്റെ അടിസ്ഥാന പ്രേരകശക്തിയായും കണക്കാക്കപ്പെടുന്നു. ഉയർന്ന അളവിലുള്ള ഓക്സിടോസിൻ ഉള്ള അമ്മമാർ അവരുടെ കുട്ടികളോട് കൂടുതൽ വാത്സല്യം കാണിക്കുന്നതിലും, തലോടുന്നതിലും ലാളിക്കുന്നതിലും ഭക്ഷണം കൊടുക്കുന്നിലും പാട്ടുപാടി ഉറക്കുന്നതിലും കൂടുതൽ അവരോട് സംസാരിക്കുന്നതിലും, അവരോടൊത്ത് കളിക്കുന്നതിലും താൽപര്യം കാട്ടുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് കുട്ടികളിലെ ഓക്സിടോസിൻ്റെ അളവ് വർദ്ധിപ്പിക്കുമെന്നും അവർ ഭാവിയിൽ കൂടുതൽ സാമൂഹ്യ സമ്പർക്കം പുലർത്തുന്നതിനും കാരണമാകുമെന്നും പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദത്തെടുക്കുന്ന മാതാപിതാക്കളിലും സമാനമായ സ്വഭാവം കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഓക്‌സിടോസിൻ ദമ്പതികൾ തമ്മിലുള്ള വിശ്വസ്തതയെ നിലനിർത്താൻ സഹായികമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഓക്സിടോസിൻ്റെ സ്വാധീനം വിശ്വസനീയവും ഏകഭാര്യത്വമുള്ളതുമായ ഒരു പങ്കാളിയുമായി സാമൂഹികവും ലൈംഗികവുമായ സമ്പർക്കത്തിൽ ഏർപ്പെടുന്നതിനും നിലനിർത്തുന്നതിനും പ്രേരകമാകുന്നുവെന്ന് ഗവേഷകർ വിശ്വസിക്കുന്നു.

ഓക്സിടോസിൻ എപ്പോഴാണ് നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നതെന്നും ഇവ നമ്മുടെ മസ്തിഷ്കത്തിലേക്കും രക്തത്തിലേക്കും എപ്പോൾ പ്രവഹിക്കുന്നു എന്നും അറിയുന്നത് നല്ലതാണ്. ഇത് പരമ്പരാഗതമായി ലൈംഗികത, മുലയൂട്ടൽ, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട ഹോർമോണായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ വ്യക്തികൾ തമ്മിൽ സാമൂഹികവുമായി ബന്ധപ്പെടുമ്പോഴും (സംസാരിക്കുക, കണ്ണുകളുമായി സമ്പർക്കം പുലർത്തുക, ചിരിക്കുക), അല്ലെങ്കിൽ ശാരീരികമായി അടുത്ത ബന്ധം പുലർത്തുമ്പോഴും (ആലിംഗനം, ചുംബനം, ആശ്ലേഷം, ഹസ്തദാനം) മുതലായ
കാര്യങ്ങൾ ചെയ്യുമ്പോഴും ഓക്സിടോസിൻ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണ് അടുത്തകാലത്തെ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

ആരോഗ്യകരമായ സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതും നിലനിർത്തുന്നതും നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അത്യാവശ്യമാണ്. നല്ല സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താനും സമ്പന്നമാക്കാനും സഹായിക്കും. ഇവരിലൂടെ നല്ല ആരോഗ്യവും ദീർഘായുസ്സും നിലനിർത്താൻ നമുക്ക് കഴിയും.

നോർത്ത് കരോലിന സർവകലാശാലയിൽ നിന്നുള്ള ഒരു പഠനമനുസരിച്ച്, ഒരു വ്യക്തിക്ക് ചെറുപ്പത്തിൽ തന്നെ മെച്ചപ്പെട്ട സാമൂഹിക ബന്ധങ്ങൾ ഉണ്ടെങ്കിൽ, അവരുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലും അവർക്ക് അവരുടെ ആരോഗ്യം നന്നായി നിലനിർത്താൻ കഴിയും. ശക്തമായ സാമൂഹിക ബന്ധങ്ങളുള്ളവരിൽ ആത്മവിശ്വാസം, സന്തോഷം പ്രസന്നത, ശുഭാപ്തി വിശ്വാസം എന്നിവയെല്ലാം കൂടുതലായി കണ്ടുവരുന്നു.

നല്ല സുഹൃത്തുക്കൾ നമ്മുടെ തലച്ചോറിനെ മൂർച്ചയുള്ളതാക്കാൻ സഹായിക്കും. കൂടുതൽ ഏകാന്തത അനുഭവപ്പെടുന്നവരിലാണ് മറവിരോഗം വരാനുള്ള സാധ്യത കൂടുതലൊന്നും കണക്കാക്കപ്പെടുന്നു. സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ നമുക്ക് സ്വന്തമായി വികസിപ്പിക്കാൻ കഴിയാത്ത പുതിയ ഉൾക്കാഴ്ചകളും ആശയങ്ങളും അവരിൽ നിന്ന് നമുക്ക് ലഭിക്കും. ഇത് നമ്മുടെ മസ്തിഷ്കത്തെ കൂടുതൽ സജീവമാക്കാൻ സഹായിക്കും. വിവിധ വിനോദ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് മറവി രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നമ്മൾ ഒരു ഗൗരവമേറിയ സാമൂഹിക ക്രമീകരണത്തിന്റെ ഭാഗമാണെങ്കിൽ നമ്മൾ ചിന്തിക്കുകയും അനുഭവിക്കുകയും ബോധിക്കുകയും ചെയ്യുന്ന കാര്യങ്ങൾ യുക്തിസഹമായിരിക്കുമെന്നത് സ്വാഭാവികമാണല്ലോ. ഈ മാനസിക-ഉത്തേജക പ്രവർത്തനങ്ങൾ ആരോഗ്യകരമായ മസ്തിഷ്ക കോശങ്ങൾ നിർമ്മിക്കുകയും നാഢീകോശങ്ങൾക്കിടയിൽ പുതിയ നാഡികോശസന്ധിബന്ധങ്ങൾ ഉടലെടുക്കുന്നതിന് സഹായമാവുകയും ചെയ്യും.

 

സുഹൃത്തുക്കൾ മാനസിക പിന്തുണ നൽകുന്നവരാണ്. ജീവിതത്തിൽ പലവിധ കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്നവരാണ എല്ലാ മനുഷ്യരും. പ്രയാസകരമായ സമയങ്ങളെ നേരിടാനും നല്ല സമയങ്ങൾ ആഘോഷിക്കാനും സുഹൃത്തുക്കൾക്ക് നമ്മളെ സഹായിക്കാനാകും. ഗുണമേന്മയുള്ള സുഹൃത്തുക്കൾ ഏകാന്തതയുടെ വികാരങ്ങൾ കുറയ്ക്കുന്നതിനും അനാരോഗ്യകരമായ ജീവിത ശീലങ്ങൾ മാറ്റുന്നതിനും അല്ലെങ്കിൽ ഒഴിവാക്കുന്നതിനും നമ്മെ സഹായിക്കും. നമ്മുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിനും ആത്യന്തികമായി നമ്മുടെ സമ്മർദ്ദം കുറയ്ക്കുന്നതിനും നല്ല സൗഹൃദങ്ങൾ സഹായിക്കും. ഏകാന്തതയുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത സമ്മർദ്ദം ആയുസ്സ് കുറയ്ക്കാൻ ഇടയാക്കും. അതിനാൽ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ബന്ധപ്പെടാൻ സമയം കണ്ടെത്തേണ്ടത് വളരെ നല്ലതാണ്. പ്രത്യേകിച്ച് സമ്മർദ്ദപൂരിതമായ നിമിഷങ്ങളിൽ സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഉത്കണ്ഠയും ഏകാന്തതയും കുറയ്ക്കാൻ സഹായിക്കും.

എന്നാൽ ഏകാന്തത നമ്മുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് അനേകം പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇത് പലർക്കും ആഴത്തിലുള്ള വേദനാജനകമായ അനുഭവവുമാണ്. മരണനിരക്കിൽ മോശമായ സാമൂഹിക ബന്ധങ്ങളുടെ അപര്യാപ്തത ഒരു ദിവസം പതിനഞ്ച് സിഗരറ്റ് വലിക്കുകയോ മദ്യം കഴിക്കുകയോ ചെയ്യുമ്പോഴുള്ള ആഘാതവുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പല വിലക്ഷണമായ ശാരീരിക പ്രവർത്തനങ്ങളുടെയും അമിതവണ്ണത്തിന്റെയും കാരണം കഠിനമായ ഏകാന്തതയായി കരുതപ്പെടുന്നു. ഏകാന്തരായ വ്യക്തികൾകളിൽ ഉയർന്ന രക്തസമ്മർദ്ദം, ഉറക്കക്കുറവ് അർബ്ബുദം തുടങ്ങിയ മറ്റിതര ശാരീരിക മാനസിക വൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ളവരിൽ വിഷാദരോഗം, വൈജ്ഞാനിക തകർച്ച, മറവിരോഗം, ആത്മഹത്യ പ്രവണത എന്നിവയ്‌ക്കും കൂടുതൽ സാധ്യതയുണ്ടെന്ന് രണ്ടായിരത്തിപന്ത്രണ്ട് ഡിസംബറിൽ പ്രസിദ്ധീകരിച്ച ഒരു ഡച്ച് പഠനത്തിൽ കണ്ടെത്തി.

സാമൂഹിക ബന്ധങ്ങൾ നല്ല ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും അവിഭാജ്യ ഘടകമാണ്. നമുക്ക് ഭക്ഷണവും വെള്ളവും ഓക്സിജനും ആവശ്യമുള്ളതുപോലെ, അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും നമുക്ക് സുഹൃത്തുക്കളെ ആവശ്യമുണ്ട്. നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും നല്ല സുഹൃത്തുക്കൾ പ്രധാനമാണ്. വ്യക്തികൾ എന്ന നിലയിൽ നമ്മൾ വളരുകയും മാറുകയും ചെയ്യുമ്പോൾ നമ്മുടെ സൗഹൃദത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ കാലക്രമേണ മാറിയേക്കാം. എങ്കിലും ശക്തമായ സൗഹൃദങ്ങൾ നമ്മളെ വർഷാവർഷം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കും. സുഹൃത്തുക്കൾ മാറിമാറി വന്നാലും സൗഹൃദത്തിന്റെ അടിസ്ഥാന തത്വങ്ങളായ വിശ്വാസം, ബഹുമാനം, ക്ഷമ, പിന്തുണ എന്നിവ എപ്പോഴും അതേപടി നിലനിൽക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *