ഇന്തൊനീഷ്യയിൽ‌ ഫുട്ബോൾ മത്സരത്തെത്തുടർന്ന് കലാപം; തിക്കിലും തിരക്കിലും 125 മരണം

ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ കിഴക്കൻ ജാവയിലെ മലാങ് നഗരത്തിൽ പ്രാദേശിക ക്ലബ്ബുകൾ തമ്മി‍ലുള്ള ഫുട്ബോൾ മത്സരത്തെത്തുടർന്നുണ്ടായ കലാപത്തിൽ 125 പേർ കൊല്ലപ്പെട്ടു. മത്സരം അവസാനിച്ചയുടനെ തോറ്റ ക്ലബ്ബിന്റെ ആരാധകർ മൈതാനത്തിറങ്ങി അക്രമം ആരംഭിക്കുകയായിരുന്നു. കലാപം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെ ജനം രക്ഷപ്പെടാൻ പുറത്തേക്ക് ഓടിയപ്പോഴുണ്ടായ തിക്കും തിരക്കും കണ്ണീർവാതക പ്രയോഗം മൂലമുണ്ടായ ശ്വാസതടസ്സവുമാണു അര നൂറ്റാണ്ടിനിടയിലെ ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾമത്സര ദുരന്തത്തിലേക്കു നയിച്ചത്. 34 പേർ തൽക്ഷണം മരിച്ചു. മറ്റുള്ളവർ വിവിധ ആശുപത്രികളിലാണ് മരിച്ചത്. 174 പേർ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ എങ്കിലും യഥാർഥ മരണസംഖ്യ 125 ആണെന്നു പിന്നീടു സർക്കാർ സ്ഥിരീകരിച്ചു.

42,000 കാണികൾ; കണ്ണീർവാതക പ്രയോഗം

38,000 പേർക്കിരിക്കാവുന്ന കഞ്‍ജുരുഹാൻ സ്റ്റേഡിയത്തിൽ 42,000 പേർക്കാണു സംഘാടകർ ടിക്കറ്റ് നൽകിയത്. ശനിയാഴ്ച രാത്രി 10 മണിയോടെ (പ്രാദേശിക സമയം) മത്സരം അവസാനിച്ചപ്പോൾ ആതിഥേയരായ അരെമ മലാങ് ക്ലബ് പെർസെബയ സുറബയയോടു തോറ്റതോടെ (3–2) അരെമയുടെ ആരാധകർ അക്രമം ആരംഭിക്കുകയായിരുന്നു.

പൊലീസിന്റെ കണ്ണീർവാതകപ്രയോഗമാണു ദുരന്തത്തിലേക്കു നയിച്ചത്. ഫുട്ബോ‍ൾ സ്റ്റേഡിയങ്ങളിൽ കണ്ണീർ‌വാതകം പ്രയോഗിക്കുന്നത് ഫിഫ വിലക്കിയിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഇന്തൊനീഷ്യ പ്രസിഡന്റ് ജോക്കോ വിഡോഡോ അന്വേഷണം പൂർത്തിയാകുന്നതു വരെ ലീഗ് മത്സരങ്ങൾ നിർത്തിവയ്ക്കാനും നിർദേശം നൽകി.

English Summary: Indonesia football tragedy

LEAVE A REPLY

Please enter your comment!
Please enter your name here