എഴുത്തച്ഛൻ പുരസ്കാരം സേതുവിന്; ‘പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍’

കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ‌ പുരസ്കാരം സേതുവിന്. സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ കോട്ടയത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്തകമാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രഫ. എം.കെ.സാനു, വൈശാഖന്‍, ഡോ. എം.വി.നാരായണന്‍, റാണി ജോര്‍ജ് ഐഎഎസ് എന്നിവർ അംഗങ്ങളുമായ പുരസ്കാര സമിതി വിലയിരുത്തി. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വചനങ്ങള്‍ക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവയ്ക്കുന്ന എഴുത്തുകാരനാണ് സേതുവെന്നും പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നുവെന്നും സമിതി പറഞ്ഞു..

1942 ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ച സേതു പാലിയം ഹൈസ്കൂളിലും ആലുവ യുലി കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിലും റെയിൽവേയിലും ജോലി ചെയ്ത ശേഷം ബാങ്ക് ഉദ്യോഗസ്ഥനായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഡയറക്ടര്‍, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജോലിയുടെ ഭാഗമായി ഇന്ത്യയാകെ സഞ്ചരിച്ചതിന്റെ അനുഭവം സേതുവിന്റെ എഴുത്തിനെ ദേശപരിമിതികൾക്കപ്പുറത്തേക്കു സഞ്ചരിക്കാൻ സഹായിച്ചിട്ടുണ്ട്.

vn-vasavan-ezhuthachan-award-announcement
എഴുത്തച്ഛൻ‌ പുരസ്കാരം സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ കോട്ടയത്ത് പ്രഖ്യാപിക്കുന്നു

കഥ, നോവൽ വിഭാഗങ്ങളിലായി മുപ്പത്തഞ്ചിലേറെ കൃതികൾ രചിച്ച സേതുവിന് ‘പാണ്ഡവപുരം’ എന്ന നോവലിനും ‘പേടിസ്വപ്നങ്ങൾ’ എന്ന കഥയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അടയാളങ്ങൾ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ചേക്കുട്ടി’ എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു.

മറുപിറവി, പാണ്ഡവപുരം, ഏഴാം പക്കം, കൈമുദ്രകൾ, നവഗ്രഹങ്ങളുടെ തടവറ (പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊത്ത്), അടയാളങ്ങൾ (നോവലുകൾ), തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങൾ, ആശ്വിനത്തിലെ പൂക്കൾ, പ്രകാശത്തിന്റെ ഉറവിടം, പാമ്പും കോണിയും, പേടിസ്വപ്നങ്ങൾ, അരുന്ധതിയുടെ വിരുന്നുകാരൻ, ദൂത്, ഗുരു (കഥ), അപ്പുവും അച്ചുവും, ചേക്കുട്ടി (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, ഓടക്കുഴൽ പുരസ്കാരം വിശ്വദീപം പുരസ്കാരം, പത്മരാജൻ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

English Summary: Ezhuthachan Puraskaram For Sethu

LEAVE A REPLY

Please enter your comment!
Please enter your name here