ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം 26)

Facebook
Twitter
WhatsApp
Email

മുൻധാരണകൾ നമ്മുടെ മനസ്സിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുവാൻ ശീലിക്കുന്നവർക്ക് മാത്രമേ ആന്തരിക മൗനം എന്തെന്ന് എളുപ്പത്തിൽ അനുഭവിക്കുവാനും അതിൽ നിലനിൽക്കാനും കഴിയുകയുള്ളൂ. മുൻകാല സാഹചര്യങ്ങളെയും അനുഭവങ്ങയെയും കുറിച്ചുളള അറിവ് എല്ലായ്പ്പോഴും നമുക്ക് പ്രയോജനമുളളതു തന്നെയാണ്. ഇതു എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമായ അതിജീവന സഹജാവബോധമാണ്. എന്നാൽ, മനുഷ്യരെ സംബന്ധിച്ചിടത്തോളം ഭൂതകാല അനുഭവങ്ങൾ പലപ്പോഴും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. മിക്കപ്പോഴും, നമ്മുടെ പൂർവ്വകാല അനുഭവങ്ങളും കുട്ടിക്കാലം മുതലുള്ള നമ്മുടെ വ്യവസ്ഥാപിത വിശ്വാസങ്ങളും ആചാരങ്ങളും ധാരണകളും സാംസ്കാരിക സ്ഥിരരൂപങ്ങളും ആന്തരിക മൗനത്തിലെത്താൻ തടസ്സങ്ങൾ സൃഷ്ടിക്കും.

ആധുനിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ, ആന്തരിക മൗനം നമ്മുടെ സർഗ്ഗാത്മകതയെ പുനർജ്ജീവിപ്പിക്കുകയും നമ്മുടെ ഉള്ളിലെ അസ്തിത്വവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒരു മനുഷ്യന് പ്രാപിക്കാൻ കഴിയുന്ന പരമോന്നതമായ അസ്തിത്വത്തിന്റെ പരമപദവും ഏറ്റം അമൂല്യമായ നിധിയുമാണ് ആന്തരിക മൗനം. ജീവിതത്തിൽ ഒരിക്കലെങ്കിലും മൗനത്തിന്റെ മൂല്യം അനുഭവപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ആന്തരിക നിശബ്ദത അത്യന്തം ആശ്വാസകരവും മനസ്സിനെ പോഷിപ്പിക്കുന്നതും സുഖപ്രദവുമാണ്. അത് നമ്മുടെ ഹൃദയങ്ങളെ തുറക്കുകയും പ്രചോദിപ്പിക്കുകയും മനസ്സിനെയും ശരീരത്തെയും ഒരുപോലെ പരിപോഷിപ്പിക്കുകയും ചെയ്യും. ശബ്ദമുഖരിതമായ ലോകത്തിന്റെ ഭ്രാന്തമായ ചിന്തകൾക്കിടയിൽ നമ്മുടെ സർഗ്ഗാത്മകത തടസ്സപ്പെടുന്നു. തളർച്ച ബാധിച്ച നമ്മുടെ മസ്തിഷ്‌കത്തിനും ശരീരത്തിനും നവചൈതന്യം പകരുവാൻ നിശബ്ദതയ്ക്കു കഴിയുമെന്ന് ശാസ്ത്രം തെളിവുകൾ സഹിതം സമർത്ഥിക്കുന്നതായി ഈ ലേഖനത്തിൽ നാം കണ്ടുകഴിഞ്ഞു.

ആധുനിക ശാസ്ത്രം, പ്രത്യേകിച്ച് മനഃശാസ്ത്രവും സിരാവിജ്ഞാനീയവും നമ്മെ വ്യക്തമായി ഓർമ്മപ്പെടുത്തുന്ന ഒരു വലിയ യാഥാർത്ഥ്യമിതാണ്: ആന്തരിക മൗനം അല്ലെങ്കിൽ നിശ്ചലതയാണ് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സുസ്ഥിതിക്കും ഏറ്റവും ഫലപ്രദമായ ഔഷധമെന്ന്. ഇതാണ് മനുഷ്യ ക്ഷേമത്തിനു വേണ്ടിയുള്ള ശാസ്ത്രലോകത്തിന്റെ പഠനങ്ങളുടെ സാരസംഗ്രഹം. ആധുനിക ലോകം എപ്പോഴും തിക്കും തിരക്കുമുള്ളതും വേഗതയേറിയതുമാണ്. ഇതുകൂടാതെ, ജീവിതം വർണ്ണാഭവും ആകർഷകവും ചലനാത്മകവുമായി നമുക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ബാഹ്യമായ ശബ്ദത്തിന്റെയും ചലനത്തിന്റെയും വേഗതയ്ക്കൊപ്പം നമ്മുടെ മനസ്സും വളരെയധികം ചലനാത്മകവും ശബ്ദമുഖരിതവുമാണ്. അതുകൊണ്ടാവാം, മിക്ക ആളുകളും നിശബ്ദതയും നിശ്ചലതയും അനാവശ്യമാണെന്നുപോലും കരുതുന്നത്. ആധുനിക സമൂഹത്തിൽ, ചുരുക്കം ആളുകൾക്ക് മാത്രമേ, അവരുടെ ഉള്ളിന്റെയുള്ളിലെ സമാധാനവും സന്തോഷവും അടുത്തറിയുവാനും അനുഭവിക്കുവാനും തദ്വാരാ ആത്യന്തികമായി നിശബ്ദതയെയും നിശ്ചലതയെയും പ്രണയിക്കുവാനും കഴിയുന്നുള്ളൂ.

നിശബ്ദതയും ആന്തരിക മൗനവും ഇല്ലാതെ വരുമ്പോൾ, നമ്മുടെ സന്തുഷ്ട ജീവിതനിലവാരം വളരെ കുറയുകയും വിഷാദവും ഉത്കണ്ഠയും നമുക്ക് നിരന്തരം അനുഭവപ്പെടുകയും ചെയ്യുക സ്വാഭാവികമാണ്. നമ്മുടെ ജീവിതവുമായും പ്രിയപ്പെട്ടവരുമായും ഈ ലോകവുമായും യഥാർത്ഥത്തിൽ ഗാഢമായ ബന്ധം വളർത്തിയെടുക്കുവാൻ കഴിയാതെ ദിനന്തോറും നമ്മൾ സ്വ ഉൾപ്രേരിത ലോകത്തിൽ സ്വയം നഷ്ടപ്പെടുകയും കുടുങ്ങിപ്പോകുകയും ചെയ്യുന്നു. നമ്മുടെ ജീവിതം തികച്ചും യാന്ത്രികമായ ഒരു പ്രവർത്തനം മാത്രമായി ചുരുങ്ങുന്നു. ചില സന്ദർഭങ്ങളിൽ നമുക്ക് ലക്ഷ്യബോധമില്ലായ്മയും വിരസതയും അലസതയും തീവ്രവിഷാദവും അനുഭവപ്പെടാം. സത്യത്തിൽ, ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ ബാഹ്യലോകം സൃഷ്ടിക്കുന്ന ചിന്താധാരയിൽ ആഗിരണം ചെയ്യപ്പെടുന്ന നമ്മുടെ മനസ്സിന്റെ അടിമകളാണ് നമ്മൾ. ഇത് നമുക്ക് മാനസിക അസ്വസ്ഥത, ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം, ശാരീരിക പിരിമുറുക്കം, ഊർജ്ജം ഇല്ലായ്മ, വിവിധ രോഗങ്ങൾ എന്നിവയ്ക്കെല്ലാം കാരണമാക്കും.

നിശബ്ദതയുടെയും നിശ്ചലതയുടെയും ആഴമേറിയ അർത്ഥം ശബ്ദരഹിതവും ചലനരഹിതവുമായ ഒരു അവസ്ഥയായി നാം കരുതരുത്. മറിച്ച്, നമ്മുടെ ബാഹ്യാനുഭവം എന്തുതന്നെയായിരുന്നാലും, ആന്തരിക മൗനം നമ്മുടെ ഉള്ളിലുള്ള സമ്പൂർണ്ണവും അചഞ്ചലവുമായ അവസ്ഥയാണ്. അതിനാൽ, നമ്മുടെ അനുദിന ജീവിതം ഏതു സാഹചര്യത്തിലായാലും, നിമിഷാനുനിമിഷം ആന്തരിക സമാധാനത്തിലായിരിക്കുവാനും നിരന്തരം അവബോധം നിലനിർത്താനും നമുക്ക് കഴിയും. ഇത്, ലോകത്തിന്റെ ഉപരിപ്ലവതയ്‌ക്കപ്പുറം നമ്മൾ ആരാണെന്ന് അറിയാനുള്ള സ്വാതന്ത്ര്യവും നമ്മുടെ കാലാതീതമായ ആത്മബോധവുമാണ്.

യഥാർത്ഥ നിശബ്ദതയും നിശ്ചലതയും നമുക്ക് ആത്യന്തികമായ മോചനം നല്കുന്നു. നമുക്കു ചുറ്റുമുള്ള ലോകവുമായി നാം താദാത്മ്യം പ്രാപിക്കാതിരുന്നാൽ, നമ്മുടെ സത്തയുടെ സംശുദ്ധഭാവമായ ആന്തരിക മൗനത്തെ എന്നെന്നും നിലനിർത്താൻ നമുക്ക് കഴിയും. മറ്റൊരു വ്യക്തിയുമായി പ്രണയത്തിലാകുന്നതുപോലെ, നിശബ്ദതയോടും നിശ്ചലതയോടും പ്രണയത്തിലാകാൻ നമുക്ക് സ്വയമേവ സാധിക്കും. ഇത് നാമോരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. ലക്ഷ്യങ്ങളില്ലാതെ ചിന്തകളിലേക്കും പ്രവർത്തനങ്ങളിലേക്കും നീങ്ങുന്നതിനുപകരം നമ്മുടെ മനസ്സ് ശാന്തമാകാൻ നമുക്ക് അനുവദിക്കാം, യഥാർത്ഥ സന്തോഷം അതിന്റെ പൂർണ്ണതയിൽ നിലനിൽക്കുന്നത് ഈ നിമിഷത്തിൽ മാത്രമാണ്.

അനിശ്ചിതത്വവും അരാജകത്വവും കൊടികുത്തി വാഴുന്ന ആധുനിക ലോകത്തോട് ആന്തരിക മൗനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ശാസ്ത്രലോകത്തിനുളള അഭിപ്രായം ഇങ്ങനെയാണ്: “നമ്മിൽ നിലനിർത്താൻ കഴിയുന്ന ആന്തരിക നിശ്ചലത, നമുക്ക് തന്നെയും ലോകത്തിനും നമ്മൾ നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ്. നമ്മിൽ കുടികൊളളുന്ന നിശ്ചലത ലോകത്തിലേക്ക് പ്രവഹിക്കുമ്പോൾ, നമ്മെ തിരിച്ചറിയുന്ന മറ്റെല്ലാ മനസ്സുകൾക്കും നിശ്ചലതയിലേക്ക് സ്വയം പ്രവേശിക്കാൻ അവരെ പ്രാപ്തരാക്കുന്ന അവസരം നാം ഓരോരുത്തരും സംജാതമാക്കുന്നു. സാരാംശത്തിൽ, സമാധാനവും സ്വാതന്ത്ര്യവും സാധ്യമാണെന്നും ലോകത്തിൽ വിജ്ഞാനത്തിന്റെ വലിയ സാന്നിധ്യമുണ്ടെന്നും നമ്മൾ വിളംബരം നടത്തുകയാണ് ചെയ്യുന്നത്.” ഇതുവഴി, വേർപിരിഞ്ഞിരിക്കുന്നതും കലഹിക്കുന്നതും വേദനിക്കുന്നതുമായ ഓരോ മനസ്സിനെയും നാം നിശ്ചലതയുടെയും സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും സമഗ്രതയുടെയും പറുദീസായിലേയ്ക്കു മാടിവിളിക്കുകയാണ്. തൽഫലമായി, നമ്മിലെ നിശ്ചലത ലോകത്തിനു ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യും. കാരണം, നമ്മിലെ നിശ്ചലത മറ്റെല്ലാ മനസ്സുകളിലേക്കും പ്രതിധ്വനിക്കും. നമ്മൾ മറ്റെല്ലാ മനസ്സുകളെയും ശാന്തമാക്കുകയും ലോകത്തിൽ യഥാർത്ഥ സമാധാനവും സ്വാതന്ത്ര്യവും വ്യാപിപ്പിക്കുകയും ചെയ്യും.

About The Author

Leave a Reply

Your email address will not be published. Required fields are marked *