ബൈഡന്റെ വസതിയിൽ 13 മണിക്കൂർ റെയ്ഡ്; രഹസ്യരേഖകൾ കണ്ടെടുത്തു

Facebook
Twitter
WhatsApp
Email

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിൽമിങ്ടണിലെ വസതിയിൽ എഫ്ബിഐ 13 മണിക്കൂർ റെയ്ഡ് നടത്തി ഔദ്യോഗിക രഹസ്യരേഖകൾ പിടിച്ചെടുത്തു. ബൈഡൻ വൈസ് പ്രസിഡന്റായിരുന്ന 2009–16 കാലത്തെ ഔദ്യോഗിക രേഖകളാണിവ. റെയ്ഡ് നടക്കുമ്പോൾ ബൈഡനും ഭാര്യയും ഡെലവെയറിലെ റിഹോബത് ബീച്ചിൽ വാരാന്ത്യ അവധിയിലായിരുന്നു. വാഷിങ്ടൻ ഡിസിയിലെ പെൻ ബൈഡൻ സെന്ററിൽ നിന്നും കഴിഞ്ഞ നവംബർ രണ്ടിനു ചില രഹസ്യരേഖകൾ കണ്ടെടുത്തിരുന്നു. ഇതോടെ പിടിച്ചെടുത്ത രഹസ്യരേഖകളുടെ എണ്ണം 18 ആയി.

യുഎസ് നിയമം അനുസരിച്ച് ഭരണപദവിയിലിരിക്കുന്നയാൾ അധികാരമൊഴിഞ്ഞാലുടൻ ഔദ്യോഗികരേഖകളെല്ലാം തിരിച്ചേൽപിക്കണം. നിരുത്തരവാദപരമായി അവ സ്വാകര്യവസതിയിലും മറ്റു സൂക്ഷിക്കുന്നതായ ആരോപണത്തെ തുടർന്ന് നിയമവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ആയിരുന്നു റെയ്ഡ്.

പെൻ ബൈഡൻ സെന്ററിൽ നിന്ന് പിടിച്ചെടുത്ത രേഖകളെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞയാഴ്ച യുഎസ് അറ്റോർണി ജനറൽ മെറിക് ബി. ഗാർലൻഡ് സ്പെഷൽ കൗൺസലായി റോബർട് ഹറിനെ നിയമിച്ചിരുന്നു.

മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികരേഖകൾ ഫ്ലോറിഡയിലെ മറലാഗോ വസതിയിൽ സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തത് വൻ വിവാദത്തിനിടയാക്കിയിരുന്നു. ട്രംപിന്റെ നിരുത്തരവാദ നടപടികളെ രൂക്ഷമായി വിമർശിച്ച ബൈഡന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെടുത്തതു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ബൈഡനു ക്ഷീണമാകും.

അന്വേഷണവുമായി പ്രസിഡന്റ് പൂർണമായും സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ അഭിഭാഷകൻ ബോബ് ബോർ അറിയിച്ചു. ഔദ്യോഗിക രഹസ്യരേഖകൾ കൈകാര്യം ചെയ്തതിൽ തനിക്കു വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: FBI searches President Joe Biden’s Wilmington home

About The Author

Leave a Reply

Your email address will not be published. Required fields are marked *