വരിക്കാരുടെ എണ്ണം: ജിയോ കുതിക്കുന്നു, പിന്നാലെ എയർടെൽ, നഷ്ടം തുടർന്ന് വോഡഫോൺ ഐഡിയ

Facebook
Twitter
WhatsApp
Email

രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വൻ മുന്നേറ്റമാണ് നടത്തുന്നത്. ട്രായിയുടെ പുതിയ കണക്കുകൾ പ്രകാരം നവംബറിൽ 25 ലക്ഷം മൊബൈൽ വരിക്കാരെയാണ് ഇരു കമ്പനികൾ കൂടി നേടിയത്. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ഏകദേശം 18.27 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ നവംബറിൽ 14.26 ലക്ഷം പുതിയ വരിക്കാരെ ചേർത്ത് വിപണിയിൽ ലീഡ് ഉറപ്പിച്ചു. അതേസമയം എയർടെൽ 10.56 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേർത്തു. 2022 നവംബർ അവസാനത്തോടെ ജിയോയുടെ മൊബൈൽ വരിക്കാരുടെ എണ്ണം 42.28 കോടിയാണ്. മുൻ മാസം ഇത് 42.13 കോടി ആയിരുന്നു.

ഭാരതി എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം നവംബറിൽ 36.60 കോടിയായി ഉയർന്നു. എന്നാൽ ഇതിനെല്ലാം വിപരീതമായി, വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയ്ക്ക് നവംബറിൽ 18.27 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വിയുടെ നവംബറിലെ മൊത്തം വരിക്കാരുടെ എണ്ണം 24.37 കോടിയായി.

ട്രായി ഡേറ്റ അനുസരിച്ച്, 2022 നവംബർ അവസാനത്തോടെ 0.47 ശതമാനം പ്രതിമാസ വളർച്ചയോടെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 82.53 കോടിയായി വർധിച്ചു. 2022 നവംബർ അവസാനത്തോടെ 98 ശതമാനത്തിലധികം വിപണി വിഹിതവും നേടിയത് അഞ്ച് ടെലികോം കമ്പനികളാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (43.01 കോടി), ഭാരതി എയർടെൽ (23.05 കോടി), വോഡഫോൺ ഐഡിയ (12.34 കോടി), ബിഎസ്എൻഎൽ (2.58 കോടി) എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്നത്.

2022 നവംബറിലെ കണക്കനുസരിച്ച്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (7.38 ദശലക്ഷം), ഭാരതി എയർടെൽ (5.56 ദശലക്ഷം), ബിഎസ്എൻഎൽ (4.02 ദശലക്ഷം), ആട്രിയ കൺവെർജൻസ് ടെക്നോളജീസ് (2.14 ദശലക്ഷം), ഹാത്ത്വേ കേബിൾ ആൻഡ് ഡേറ്റാകോം (1.13 ദശലക്ഷം) എന്നിവയാണ് വയർഡ് ബ്രോഡ്ബാൻഡ് സേവന ദാതാക്കൾ.

മൊത്തം വയർലെസ് വരിക്കാർ 2022 ഒക്ടോബർ അവസാനത്തിലെ 114.36 കോടിയിൽ നിന്ന് 0.05 ശതമാനം ഇടിഞ്ഞു നവംബർ അവസാനത്തോടെ 114.3 കോടിയായി കുറഞ്ഞു. നഗര, ഗ്രാമീണ വയർലെസ് സബ്‌സ്‌ക്രിപ്‌ഷന്റെ പ്രതിമാസ വളർച്ചാ നിരക്ക് യഥാക്രമം 0.24 ശതമാനവും -0.39 ശതമാനവുമാണ്.

English Summary: Jio, Airtel up mobile subscribers tally, Voda Idea loses 18.2 lakh users in November

About The Author

Leave a Reply

Your email address will not be published. Required fields are marked *