യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ നിക്കി ഹേലി; റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ എതിരാളിയായി പ്രചാരണം തുടങ്ങി

Facebook
Twitter
WhatsApp
Email

വാഷിങ്ടൻ ∙ യുഎന്നിലെ അംബാസഡറാക്കി രാഷ്ട്രീയ ഉയർച്ചയ്ക്കു വഴിയൊരുക്കിയ ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് ഇന്ത്യൻ വംശജ നിക്കി ഹേലി യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ രംഗത്തുള്ള ട്രംപിനെതിരെ മത്സരം പ്രഖ്യാപിക്കുന്ന ആദ്യത്തെയാളായ നിക്കി (51) പ്രചാരണത്തിൽ സജീവമായി.

ട്വിറ്ററിലൂടെയാണ് നിക്കി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പുതിയ തലമുറയിലെ നേതൃത്വമാണ് യുഎസിനു വേണ്ടതെന്നു പറഞ്ഞ് സ്വന്തം നേട്ടങ്ങൾ എടുത്തുകാട്ടി. ജനകീയ വോട്ടിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥികൾ പതിവായി പിന്നിലാകുന്നതും ചൂണ്ടിക്കാട്ടി.

പഞ്ചാബിൽനിന്നു കുടിയേറിയ അജിത് സിങ് രൺധാവയുടെയും രാജ് കൗറിന്റെയും മകളായ നിക്കി 2017 ജനുവരി മുതൽ 2018 ഡിസംബർ വരെ യുഎന്നിൽ യുഎസിന്റെ അംബാസഡറായിരുന്നു. അതിനു മുൻപ് 6 വർഷം സൗത്ത് കാരലൈന സംസ്ഥാനത്തെ ഗവർണറായിരുന്നു.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, സൗത്ത് കാരലൈനയിൽനിന്നുള്ള സെനറ്റർ ടിം സ്കോട്ട് തുടങ്ങിയവരും റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന് എതിരാളികളായി രംഗത്തെത്തുമെന്നാണു കരുതുന്നത്. ഉൾപാർട്ടി തിരഞ്ഞെടുപ്പുകൾക്കു ശേഷം അന്തിമസ്ഥാനാർഥിയെ തീരുമാനിക്കും.

ലുയിസിയാന ഗവർണറായിരുന്ന ബോബി ജിൻഡാൽ, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവരാണ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ഇതിനു മുൻപു മത്സരിച്ചിട്ടുള്ള ഇന്ത്യൻ വംശജർ.

English Summary: Nikki Haley Announces 2024 US Presidential Bid

About The Author

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version