അന്ധനായിരുന്നു അയാള്‍. പുത്രപൗത്രന്‍മാര്‍ യുദ്ധഭൂമിയില്‍ ധീരമായി പോരാടിയിട്ടും, ചതിയുടെ ദൈവകരങ്ങള്‍ തന്റെ തലമുറക്കെതിരെ തിരിഞ്ഞത് , തന്റെ അന്ധതയ്ക്ക് കൂട്ടായ് കണ്ണ് സ്വയം മൂടിക്കെട്ടി തന്നോടുള്ള പ്രേമത്തിന്റെ തീവ്രതയില്‍ കണ്ണില്‍ ഇരുട്ട് സ്വയം ഏറ്റെടുത്ത് തന്റെ രക്തത്തില്‍ പിറന്ന നൂറ്റി ഒന്ന് മക്കളുടെ ഭാവിയും ഇരുട്ടില്‍ തളച്ച പ്രിയതമ. ചതിയുടെയും വഞ്ചനയുടെയും മൂര്‍ത്തരൂപമായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ മാത്രം എന്ത് പാപമാണ് താന്‍ ചെയ്തത്.
താന്‍ അന്ധനാണ് രാജ്യഭാരം ഏല്‍ക്കുന്നവര്‍ക്ക് ഉള്ളും ഉടലും ദീപ്തമായിരിക്കണം എന്ന രാജധര്‍മ്മം പാലിക്കുക മാത്രമാണ് താന്‍ ചെയ്തത്, ഒരനിഷ്ടവുമില്ലാതെ, അനുജനായ പാണ്ഡുവിന് രാജ്യം നല്കിയപ്പോഴും പ്രജകള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് മാത്രമെ മനസ്സില്‍ ഉണ്ടായിരുന്നുള്ളു. ആ തീരുമാനം ഒരു കുലം മുടിക്കാന്‍ മാത്രം കഠിനമാകുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയില്ല.
താന്‍ മാത്രമേ അന്ധനായിരുന്നുള്ളു തന്റെ അന്ധതയില്‍ രാജ്യം ഇരുട്ടാവാതിരിക്കാന്‍ മാത്രമുള്ള താല്ക്കാലിക ഉടമ്പടി. പക്ഷേ സംഭവിച്ചത്, സത്യസന്ധതയുടെ മൂര്‍ത്തരൂപമായ തന്റെ മൂത്തപുത്രന്‍ സുയോധനന്‍, ധര്‍മ്മ പരിപാലനത്തില്‍ അണുവിട വ്യതിചലിക്കാത്തവന്‍, ക്രൂരനും, നിഷ്ഠൂരനെന്നും എഴുതപ്പെട്ടു. ചരിത്രമുള്ള കാലത്തോളം ആ കറ അങ്ങനെ മായാതെ കിടക്കും.
എനിക്ക് ഉറപ്പുണ്ട് ധര്‍മ്മം എന്റെ മക്കളുടെ ഭാഗത്താണെന്ന്, പാണ്ഡു അനുജനാണ് എന്റെ അന്ധതയില്‍ എനിക്ക് പകരക്കാരനായ്, രാജ്യഭാര മേറ്റവന്‍ , സിംഹാസനത്തില്‍ അന്ധതയുടെ തീവ്ര പ്രകാശത്തില്‍ താന്‍ അമരുമ്പോഴും രാജ്യത്തെ ക്ഷേമത്തോടെ നയിച്ച എന്റെ പാണ്ഡു. ഈശ്വരന്റെ കുസ്യതിയില്‍ എനിക്ക് അന്ധതയും, അനുജന് വന്ധ്യതയും…
എനിക്ക് എന്റെ രക്തത്തിന്റെ നേരവകാശികളായ നൂറ് പുത്രന്‍മാരും. അവര്‍ക്ക് താലോലിക്കാന്‍ ദുശ്ശള എന്ന കുഞ്ഞനുജത്തിയും. ദുശ്ശള നൂറ്റി അഞ്ച് ആങ്ങളമാര്‍ക്ക് ഒരേ ഒരു അനുജത്തി എന്ന് അഹങ്കരിച്ചിരുന്നു. തലമുറ കൈമാറ്റം വന്നപ്പോഴാണ് .. ബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍ നേര്‍ത്തതും ദ്രവിച്ചതെന്നും മനസ്സിലായത് ..എല്ലാ അര്‍ത്ഥത്തിലും എന്റെ മൂത്ത മകന്‍ തന്നെയാണ് രാജാവാകേണ്ടത്. ദുര്യോധനന്‍ കുരുവംശ സിംഹാസനമലങ്കരിക്കുന്നത് എത്ര നാള്‍ സ്വപ്നം കണ്ടിട്ടുണ്ട്.
രാജ്യതന്ത്രത്തിലും യുദ്ധതന്ത്രത്തിലും നീതി ,വിജയിക്കുന്ന ഇടമാണെന്നും, വിജയിക്കുന്നതില്‍ മറ്റു നീതി നോക്കേണ്ട എന്നും. കര്‍മ്മം ചെയ്തു കൊണ്ടിരിക്കുക. പ്രതിഫലം പ്രതീക്ഷിക്കാതെ എന്നുള്ള ഉപദേശവുമായി … പാണ്ഡുപുത്രന്‍ അര്‍ജ്ജുനന്റെ മാതുല പുത്രന്‍ കൂടെക്കൂടിയിട്ടുണ്ട്, സൂക്ഷിക്കണം എന്നും പലരും പറഞ്ഞു. നീതിയും രാജ്യവും തന്റെ പക്ഷത്താണ് എന്ന് ഉറപ്പുള്ളതിനാല്‍ മന:സ് കലങ്ങിയില്ല.
പക്ഷേ സംഭവിച്ചത്…യുദ്ധമായിരുന്നു. രക്തം രക്തത്തെ വെട്ടി വീഴ്ത്തി… മക്കളുടെ രക്തത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞ പ്രിയതമ മോഹാലസ്യപ്പെട്ടു വീണു. കൂടെ പിറപ്പുകള്‍ തലയറ്റു വീഴുന്നതറിഞ്ഞ് ദുശ്ശള ഉന്മാദത്തിന്റെ വേരുകള്‍ ശിരസിലേയ്ക് അരിച്ചു കയറുന്നതറിഞ്ഞു.
യുദ്ധം കഴിഞ്ഞു. കബന്ധങ്ങള്‍ മല പോലെയും, കടല്‍ പോലെയും യുദ്ധഭൂമിയില്‍ തീരയടിച്ചു, കഴുകന്‍മാരും ചെന്നായ്ക്കളും മനുഷ്യന്റെ കരളിന് വേണ്ടിയും തലച്ചോറിന് വേണ്ടിയും കടിപിടി കൂടി. പുത്ര ദു:ഖത്താല്‍ തീയായ് മാറിയ അമ്മ ഗാന്ധാരി യുദ്ധഭൂമിയില്‍ വിറക്കുന്ന പാദങ്ങളോടെ വന്നെത്തി. കണ്ണ് മൂടപ്പെട്ട അമ്മ ഗാന്ധാരി തന്റെ രക്തത്തിന്റെ രൂക്ഷ ഗന്ധം തിരിച്ചറിഞ്ഞു. ശേഷം കൊട്ടാരത്തിലേയ്ക്ക് നടന്നു. നടക്കുന്നതിനിടയില്‍ ഭൃത്യനോട് പറഞ്ഞു..
”ഈ യുദ്ധത്തിന്റെ കാരണക്കാരനെ എനിക്ക് ഒന്നു കാണണം ആ യാദവനെ അര്‍ജുനന്റെ മാതുല പുത്രനെ…” അടിയന്‍ എന്ന മറുപടിയില്‍ ഭൃത്യന്‍ നടന്ന് പോയി … തളര്‍ന്ന് പോയി … മനസ്സ് ഇടറുന്നു …താന്‍ സ്വയം അന്ധത വരിച്ചത് എന്തിനായിരുന്നു. അന്ധനായ ധ്യതരാഷ്ട്രറുടെ പത്‌നി ആയപ്പോള്‍ സ്വയം അന്ധത വരിച്ചത് തെറ്റായിപോയി എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു.
ചിന്ത കാടു കയറുന്നതിനിടയില്‍ കറുത്ത് മെലിഞ്ഞ ഒരു രുപം കണ്‍ മുന്നില്‍ എത്തി ഭവ്യതയോടെ വണങ്ങി.
ഗാന്ധാരി : ഒരു ചോദ്യം ചോദിക്കാന്‍ മാത്രമായിരുന്നു വിളിച്ചു വരുത്തിയത് .
”ചോദിച്ചാലും”
ഗാന്ധാരി: എന്തിനാ യിരുന്നു ഈ യുദ്ധം, എന്തിനായിരുന്നു ഇത്രയും കബന്ധങ്ങള്‍ ഇവിടെ നിറച്ചത്, എന്തിനായിരുന്നു . നൂറ്റവരുടെ അമ്മയാണെന്ന് അഹങ്കരിച്ച എന്റെ ഗര്‍ഭപാത്രത്തെ മരുഭൂമിയാക്കിയത്..
യാദവന്‍, അര്‍ജുനന്റെ തേരാളി , യുദ്ധതന്ത്രങ്ങളുടെ കുലഗുരു … സാവധാനം ഗാന്ധാരിയുടെ മുന്നില്‍ മുട്ടുകുത്തി വണങ്ങി -ധര്‍മ്മ പരിപാലനമാണ് ജന്മനിയോഗം അത് മാത്രമേ അടിയന്‍ ചെയ്തുള്ളു … മാപ്പാക്കണം.
എന്ത് ധര്‍മ്മമാണ് പാലിച്ചത് ..യഥാര്‍ത്ഥ രാജ്യവകാശിയായ എന്റെ സുയോധനന്റെ മാറില്‍ അമ്പ് പായിച്ചതോ, ഈ യുദ്ധഭൂമിയുടെ ആസുരതയില്‍, വിധവയാക്കപ്പെട്ട , അനാഥമാക്കപ്പെട്ട ജീവനുകള്‍ എന്ത് അപരാധമാണ് ചെയ്തത് … ഈ യുദ്ധം എന്ത് ധര്‍മ്മമാണ് ചെയ്തത്.
യാദവ കുമാരന്‍ : പതുക്കെ ഗാന്ധാരിയുടെ മുന്നില്‍ മുട്ടുകുത്തി വണങ്ങി.
പുത്രനഷ്ടത്തില്‍ തീയായ് തീര്‍ന്ന കണ്ണില്‍ നിന്നും ഒരു തരി യാദവ കുമാരന്റെ ഇടത് കാലിന്റെ തള്ള വിരല്‍ പൊള്ളിച്ചു … ശേഷം … ഗാന്ധാരി കണ്ണു നീര്‍ അടക്കി തലയുയര്‍ ത്തി പറഞ്ഞു …എന്റെ പുത്രന്‍മാര്‍ എല്ലാവരും ധീരന്‍മാര്‍ ആയിരുന്നു .. അവര്‍ രാജ്യത്തിന് വേണ്ടി നെഞ്ചില്‍ അമ്പ് തറച്ചവര്‍ ആണ്. പുത്ര നിന്റെ കാര്യമാണ് കഷ്ടം… ധീരനായ് മരിക്കാന്‍ പോലും വിധിയില്ലാത്തവന്‍, നിന്റെ കുലം വിധവകളുടെ കണ്ണുനീരില്‍ ഒലിച്ച് പോകും. അവര്‍ പരസ്പരം വെട്ടി മരിക്കുന്നത് നീ കാണും. അരുത് എന്ന് പറയാന്‍ പോലും ശേഷിയില്ലാതെ നീതിയുടെ അന്ധത നീ സ്വയം വരിക്കുംഎന്നെപ്പോലെ .. ഇത് എന്റെ ശാപവചനങ്ങള്‍ അല്ല പിതാവ് നഷ്ടപ്പെട്ട അനാധ രുടെ കണ്ണുനീരാണ്.
ശേഷം ഗാന്ധാരി കൊട്ടാരത്തിലേയ്ക് നടന്നു. പത്തിന്റെ തീയില്‍ യാദവകുലം പരസ്പരം യുദ്ധം ചെയ്ത് ചത്തോടുങ്ങി , ഉറ്റവര്‍ നഷ്ടപ്പെട്ട വേദന സഹിക്കാന്‍ കഴിയാതെ യാദവ കുമാരന്‍ ഗ്രാമാതിര്‍ത്തിയിലുള്ള ആല്‍മരത്തിന്‍ ശിഖരത്തില്‍ തല കുമ്പിട്ടിരുന്നു.. ഗാന്ധാരിയുടെ കണ്ണാല്‍ പൊള്ളിയ വലതു കാലിന്റെ തള്ളവിരലില്‍ , ഇര തേടി നടന്ന വേടന്റെ അമ്പ് തറച്ച്‌യാദവ കുമാരനും വിധവകളുടെയും അനാഥരുടെയും കണ്ണുനീരില്‍ വിലയം പ്രാപിച്ചു ….
About The Author
No related posts.