പുലിമുട്ട് തടങ്കലില്‍ കടലമ്മ – രാജാംബിക

Facebook
Twitter
WhatsApp
Email

കടലിന്നടിയില്‍ മിന്നും കൊട്ടാരം മനതാരില്‍
പവിഴത്തിളക്കമായിരുന്നു.

മുത്തശ്ശിക്കഥയില്‍ നാഗകന്യകമാര്‍
ശിരസ്സില്‍ നാഗമണി ചൂടിനിന്നു.

പൂനിലാവിന്റെ മടിയില്‍ മത്സ്യകന്യകള്‍

രാഗനിര്‍ത്സരി പൊഴിച്ചിരുന്നു

ഇന്നുമെന്‍ മിഴികളാ കാഴ്ച തേടി

അനന്തമായി വഞ്ചി തുഴഞ്ഞിടുന്നു.

തിരകളെത്തൊട്ടു തീരത്തേയ്‌ക്കോടി
‘കടലമ്മ കള്ളി’ യെന്നെഴുതി വച്ചു.

അലകള്‍ വന്നതു മായ്ക്കുന്നതു കാണാന്‍

കുട്ടിക്കൗതുകം നിറഞ്ഞു നിന്നു.

നനവുളള തീരത്ത് മണല്‍ മാളികയുണ്ടാക്കി
വാതായങ്ങള്‍ തുറന്നു വച്ചു.

കണ്ടുവോ…
കണ്ടുവോ നിങ്ങളെന്‍ നീലക്കടലിനെ
കേട്ടുവോ തീരത്തെ ചാകരപ്പാട്ടും.

നീലസമ്പദ് വ്യവസ്ഥതന്‍ മറവില്‍
പ്രകൃതിയെ തരികിട കോലമാക്കുന്നുവോ

തിരയും തീരവുമന്യമാക്കീടുന്ന
വികസനം കൊഴുക്കുന്നതാര്‍ക്കുവേണ്ടി…

തീരങ്ങളെല്ലാം ഭക്ഷണശാലകള്‍
കുടകുത്തി, അതിരിട്ടു പങ്കിട്ടെടുത്തു.

സായന്തനചാരുതയാസ്വദിച്ചിരുന്നൊരായുരുളന്‍
പാറകള്‍ നിരോധിത സ്വപ്നമായി.

കണ്ണാടിപോലെ ക്യാമറക്കണ്ണുകള്‍

കടലിന്റെ ഗര്‍ഭം സ്‌കാന്‍ ചെയ്തു നോക്കുന്നു.

വലുതും ചെറുതുമായി പാരുകള്‍,

പുറ്റുകള്‍ ഒന്നാകെ കോരി
മരുഭൂമിപോലെ വിജനമാക്കുന്നു.

മുങ്ങിനിവരുന്ന തലകള്‍ക്കു മുകളിലായ്

കപ്പല്‍ ചാലു വരച്ചുവെക്കുന്നു.

പുലിമുട്ടില്‍ തട്ടിയൊഴുക്കുകള്‍ ഗതിമാറി
കലിതുളളി യാനങ്ങളെയാകെ കീഴ്‌മേല്‍ മറിക്കുന്നു.

കണ്ഠത്തിലൂടൊഴുകുന്ന നീരിലെ
പ്ലാസ്റ്റിക് തരികള്‍
ജീവനതാളം മുറിക്കുന്നു.

സ്‌നേഹനാടകങ്ങള്‍ കണ്ടു മടുത്തവര്‍
അലറിയടുക്കുന്നു കടല്‍ത്തിരപോല്‍

ചില കൊടികള്‍ അതിലണിചേരുന്നു
പല കോടികള്‍ അണിയറയില്‍ കൈമാറുന്നു.

പിന്തുണക്കാരവര്‍ മെല്ലെ പരിസ്ഥിതിയുടെ,

ജൈവവൈവിധ്യത്തിന്റെ കാവല്‍ശക്തികളുടെ
ഉറച്ചശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്നു.

കടലിന്റെ മക്കളുടെ പന്തുരുളുമിടങ്ങളും

വലയുടെ മുറിവിന്റെ തുന്നല്‍പ്പണികളും

ഉണക്കിയൊരുക്കലും വിശ്രമപ്പുറങ്ങളും
അപഹരിക്കുന്നതാര്‍ക്കുവേണ്ടി.

വികസനത്തിന്‍ പുലിമുട്ടുകള്‍

ഭ്രാന്തമാം വികസനത്തിരയിളക്കങ്ങള്‍
നമ്മുടെ സമ്പത്ത് തീറെഴുതുന്നതാര്‍ക്കുവേണ്ടി.

രാസരസമലിയിച്ച നിഗൂഢ കരങ്ങളെ
വിലങ്ങിന്‍ വളകളിടീക്കാത്തതാര്‍ക്കുവേണ്ടി.

ഉപ്പുവെളളം തോരാത്ത കുടിലിലെ
കണ്ണുനീര്‍ തേവിക്കളയാത്തതാര്‍ക്കുവേണ്ടി.

മൂന്നിലൊന്നേയുള്ളൊരാ ഭൂമിയെ

വന്‍വാരിധി മെല്ലെ കവരുമ്പോഴും
കൃത്രിമച്ചുഴികളില്‍ മാനവ

ജീവനുകളമ്മാനമാടുമ്പോഴും

കടലമ്മ ചതിക്കില്ല യൊരുനാളുമെന്നാല്‍,
ചതിച്ചത്, കടലിന്‍ മക്കളല്ലാത്തോര്‍, കടല്‍ച്ചൂരറിയാത്തവര്‍

കരയും സമുദ്രവും വിലയ്‌ക്കെടുത്തു
പലരും രക്ഷണത്തിന്‍ രേഖകള്‍ ജലരേഖയാക്കും…

യന്ത്രക്കൈകള്‍ നീളുന്ന ആഴങ്ങളില്‍
അതിജീവനത്തിന്റെ രോദനങ്ങള്‍ നിതാന്തസ്പന്ദനങ്ങള്‍

ആഴക്കടലിന്റെ ഗര്‍ഭച്ചരടില്‍
യാനങ്ങള്‍ കണ്‍പൂട്ടി വിഹരിക്കവെ

റഡാറിന്‍ കണ്ണില്‍
കൈക്കൂലിക്കാശിട്ടു
രാജ്യസുരക്ഷയെ വിലയ്ക്കു വാങ്ങുന്നവര്‍

വികസനപ്പേരില്‍ വാരിധിതന്‍

ആവാസമാകെ വികലമാക്കിയൊരീ
കടലിന്റെ താളം വീണ്ടെടുക്ക നമ്മള്‍.

പെരുമഴപ്രളയത്തെക്കണ്ടു
കൈകൂപ്പി, കടല്‍മക്കളുടെ കനിവുതേടി,

പിന്നെയാ കടല്‍ക്കരുത്തുകള്‍
കറിവേപ്പിലകള്‍

തിരികെക്കിട്ടാതെ
താളം നിലച്ചുപോം അലകളുടെ

പ്രാണന്‍ പിടിക്കുന്നതാര്‍ക്കുവേണ്ടി

തിരയടിത്താളത്തില്‍
പ്രക്ഷോഭത്തിന്‍
അലയടിമേളം മുഴങ്ങുന്നു തുറകള്‍ തോറും

നവോത്ഥാനവഴിയിലെ പുതുതലമുറ കാതോര്‍ക്കുക

പാരും പവിഴപ്പുറ്റും നിധിപോലെ കാക്കുന്നവര്‍ക്കുവേണ്ടി

പാരാവാരത്തെ നെഞ്ചത്തേറ്റിയ

പൊന്നുവാരാന്‍ പോകുന്നോര്‍ക്കുവേണ്ടി.

കണ്‍മണിയായി
പ്രകൃതിയെ , പ്രകൃതിതന്‍ പ്രജ്ഞയെ ,

പ്രജ്ഞതന്‍ ആദിജീവസ്പന്ദത്തെ ,
സ്പന്ദപരിണാമത്തെ , പരിണാമലോകത്തെ
കൈക്കുടന്നയില്‍ കരുതുന്നവര്‍ക്കുവേണ്ടി…

 

About The Author

Leave a Reply

Your email address will not be published. Required fields are marked *