സഞ്ചയികയും ഉള്ളി വടയും കരച്ചിലും-ഉല്ലാസ് ശ്രീധര്‍

Facebook
Twitter
WhatsApp
Email

എന്റെ കുട്ടിക്കാലത്ത് വെട്ടുറോഡ് റയില്‍വേ ഗേറ്റിന് കിഴക്ക് വശത്താണ് പൊടിയണ്ണന്റെ ചായക്കട…

പള്ളിക്കൂടത്തില്‍ പോകുമ്പോഴും വരുമ്പോഴും ചായക്കടയിലെ ഉള്ളി വടയുടെ മണം വല്ലാതെ കൊതിപ്പിക്കും…

വലിയേട്ടനെ പേടിച്ച്
ഉള്ളി വട തിന്നണമെന്ന ആഗ്രഹം വീട്ടില്‍ പറയില്ല…

ഓരോ ദിവസം കഴിയുന്തോറും ഉള്ളി വടയുടെ മണം എന്നെ കൊതിപ്പിച്ച് വേദനിപ്പിച്ച് കൊണ്ടേയിരുന്നു…

സ്‌കൂളിലെ സഞ്ചയിക സമ്പാദ്യ പദ്ധതിയില്‍ ആഴ്ചയില്‍ 50 പൈസ വീതം നിക്ഷേപിച്ച് നിക്ഷേപിച്ച് 10 രൂപയായി…

10 രൂപയായപ്പോള്‍
സന്തോഷം കൊണ്ട് നൃത്തമാടിയ എന്നോട്
എസ് ആര്‍ സന്തോഷ് ചോദിച്ചു:
‘നീ ഈ പൈസ എന്ത് ചെയ്യും…?’

ഞാന്‍ പറഞ്ഞു:
‘മുഴുവന്‍ പൈസക്കും പൊടിയണ്ണന്റെ ചായക്കടയിലെ ഉള്ളി വട വാങ്ങി തിന്നും…’

അടുത്തത് കണ്ണാടി സാറിന്റെ മലയാളം ക്ലാസാണ്…

സ്‌കൂളിന്റെ തെക്ക് വശം കൊടുങ്കാട് പോലെ വന്‍മരങ്ങളാല്‍ സമൃദ്ധമാണ്…

സ്വര്‍ണ്ണനിറമുള്ള,
മകരമഞ്ഞിന്റെ നേരിയ തണുപ്പുള്ള വെയില്‍ വീണ് തിളങ്ങുന്ന മരങ്ങളെ കാണാന്‍ നല്ല ഭംഗി…

പറങ്കിമാങ്ങയുടെ മണമുള്ള തണുത്ത കാറ്റ് ക്ലാസിനുള്ളിലേക്ക് കടന്നു വന്നു…

കണ്ണാടി സാര്‍ മധുരമായ ശബ്ദത്തില്‍
‘അമ്മയ്ക്ക് നല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍
നന്ദന്തന്‍ കൈയിലേ നല്‍കി ചൊന്നാന്‍…’ ഈണത്തില്‍ ചൊല്ലുകയാണ്…

സാറിന്റെ ഈണമുള്ള വരികളും വെയില്‍ വീണ് തിളങ്ങുന്ന മരങ്ങളും മാങ്ങയുടെ മണമുള്ള തണുത്ത കാറ്റും സഞ്ചയികയിലെ 10 രൂപയും എന്നെ പകല്‍ കിനാവിലേക്ക് കൊണ്ടുപോയി…

മെയ്യിങ്ങും മനമങ്ങും എന്ന അവസ്ഥയില്‍ കണ്ണുകളടച്ച് ഞാന്‍ ഇരുന്നു…

എന്റെ മുന്നില്‍ പൊടിയണ്ണന്റെ ചായക്കടയിലെ ചൂടുള്ള ഉള്ളി വടയുടെ കൂമ്പാരം,
തൊട്ടടുത്ത് മൂന്ന് നാല് ഗ്ലാസുകളില്‍ ഉത്സവത്തിന് അമ്പല പറമ്പില്‍ കിട്ടുന്ന നിറമുള്ള മധുര വെള്ളം…

ഒരു വട ഞാനെടുത്തു…

വായിലോട്ട് കൊണ്ടു വന്നതും ചെവിയില്‍ ചെറിയൊരു വേദന…

ഞാന്‍ കണ്ണ് തുറന്നപ്പോള്‍ കണ്ണാടി സാറിന്റെ കൈ നഖങ്ങള്‍ എന്റെ ചെവിയിലാണ്…

‘പഠിപ്പിക്കുമ്പോള്‍ ഉറങ്ങുന്നോടാ കഴുതേ…?’

എല്ലാ കുട്ടികളുടേയും കണ്ണുകള്‍ എന്റെ മുഖത്തേക്കാണ്…

ഞാന്‍
ഉറക്കെയുറക്കെ കരഞ്ഞു…

വൈകുന്നേരം സ്‌കൂള്‍ വിട്ട് ക്വാര്‍ട്ടേഴ്‌സുകള്‍ക്കിടയിലുള്ള കുറുക്കു വഴിയിലൂടെ ഞാനും നിസാമും ഷാജിയും സന്തോഷും ജോണ്‍സണും ചന്ദ്രനും അനിലും അനിലയും മഞ്ജുഷയും സീനയും നടക്കുകയാണ്…

സൈനിക സ്‌കൂളിന്റെ ആശുപത്രിയുടെ മുന്നില്‍ എത്തിയപ്പോള്‍ മഞ്ജുഷ ചോദിച്ചു:
‘എടാ സാറ് ചെറുതായി നുള്ളിയതിന് നീ ഇത്രയും കരഞ്ഞതെന്തിന്…?’

എല്ലാ കൂട്ടുകാര്‍ക്കും ആ സംശയം ഉണ്ടായിരുന്നു…

വിശാലമായ മൈതാനത്തിലെ കുന്താലി പുല്ലുകള്‍ക്ക് നടുവില്‍ നിന്നു കൊണ്ട് ഞാന്‍ കണ്ട സ്വപ്നത്തെ കുറിച്ച് പറഞ്ഞു…

പെട്ടെന്ന് ഞാന്‍ ഏങ്ങിയേങ്ങി കരഞ്ഞിട്ട് പറഞ്ഞു:
‘ശ്ശോ,വട വായ വരെ എത്തിയതായിരുന്നു.
ആ വട തിന്നതിന് ശേഷം സാറ് നുള്ളിയതെങ്കീ എനിക്ക് സങ്കടം വരില്ലായിരുന്നു…’

എന്റെ സങ്കടം എല്ലാ കൂട്ടുകാരുടേയും സങ്കടമായി മാറി..

ചന്ദ്രനും ഷാജിയും സന്തോഷും എന്നെ ചേര്‍ത്ത് പിടിച്ചപ്പോള്‍ സീന എന്റെ കവിളിലൂടെ ഒഴുകിയ കണ്ണീര് തുടച്ചു…

ഇന്നും ചൂടുള്ള ഉള്ളി വടയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്…..

About The Author

Leave a Reply

Your email address will not be published. Required fields are marked *