ഏതോ ചോദ്യഭാവത്തില്‍ നിമിഷങ്ങള്‍ അവനെ നോക്കി സാധാരണ കാണാറുള്ള ഉന്മേഷമൊന്നും ആ മുഖത്ത് കണ്ടില്ല. എന്തും എപ്പോഴും തുറന്ന് പറയുന്നവന്‍ നിരാശയുടെ മുഖംമൂടിയണിഞ്ഞ് ഇരിക്കുന്നത് എന്താണ്? എന്താണ് കഴിഞ്ഞ രാത്രിയില്‍ അവന് സംഭവിച്ചത്? മനസ്സില്‍ ചോദ്യങ്ങള്‍ കെട്ടുപിണഞ്ഞു വരുന്നു. ജീവിത വിഷയങ്ങള്‍ അങ്ങനെയാണല്ലോ. കുരുമുളക് തൈകള്‍ മരത്തില്‍ അള്ളിപിടിച്ച് മുകളിലേക്ക് കയറുന്നതുപോലെ ജീവിതപ്രശ്‌നങ്ങളും കടന്നുവരും. ഞാനറിയാതെ ഇവന്റെ മനസ്സില്‍ എന്താണ് വികസിപ്പിച്ചെടുത്തത്. എന്താണ് അവന്റെ മനസ്സിനെ അലട്ടുന്നത്. ഒറ്റ രാത്രികൊണ്ട് താമസം മാറാനുള്ള ഒരു തീരുമാനമുണ്ടാകണമെങ്കില്‍ മറ്റൊരു സ്ത്രീയുടെ സാമീപ്യം അവനറിഞ്ഞുകാണും. ആരാണ് ഇവന്റെ ഹൃദയത്തിലേക്ക് കുടിയേറിയത്? ഇന്നുവരെ അങ്ങനെയൊരു പ്രേമബന്ധം ഞാനറിഞ്ഞിട്ടില്ല. അതൊക്കെ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിഞ്ഞെന്നും വരില്ല. അതൊക്കെ മനസ്സിന്റെ രസതന്ത്രമല്ലേ? എന്തായാലും അവനത് എന്നോട് പറയാതിരുന്നത് തികച്ചും തെറ്റായിപോയി. അതിനര്‍ത്ഥം അവന് എന്നോട് സ്‌നേഹമില്ലന്നല്ലേ? അത് അവളെ ആകുലചിന്തയുള്ളവളാക്കി. ശാന്തനായ മാണിക്ക് ശാന്തസുന്ദരമായ ഒരു ഭാവി ഉണ്ടാകുന്നതില്‍ മറ്റാരെക്കാളും സന്തോഷിക്കുന്നത് ഞാനല്ലേ. മനസ്സില്‍ ധാരാളം ചോദ്യങ്ങളും സംശയങ്ങളും ജനിച്ചു. അതിനെ വളര്‍ത്തി വലുതാക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. മറ്റൊരാളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് മോശമായ ഒരു പ്രവണതയാണ്.
അവന്‍ അവളുടെ മുഖത്തേക്ക് നിര്‍ന്നിമേഷനായി നോക്കിയിരുന്നു. അഴകിന്റെ ആഭരണങ്ങളണിഞ്ഞുള്ള ആ ഇരിപ്പ് കണ്ടാല്‍ ആരും ഒന്ന് നോക്കുകതന്നെ ചെയ്യും. പുറത്തെ പ്രകാശം പോലെ തന്നെ അവളുടെ കണ്ണുകളില്‍ നിന്നും പ്രകാശം പ്രസരിക്കുന്നുണ്ടായിരുന്നു. അതില്‍ ധാരാളം അനുരാഗാശ്രുക്കള്‍ തെളിഞ്ഞുകണ്ടു. ഒരു നിമിഷം അവള്‍ കസവുമുണ്ടുടുത്ത് ഇരുന്നാല്‍ എങ്ങനെ ഇരിക്കുമെന്ന് തോന്നി. നീലിമയാര്‍ന്ന ആകാശത്ത് വിരിയുന്ന മഴവില്ലുപോലിരിക്കും. മഴവില്ലിന്റെ മാറില്‍ ആകാശം തെളിയുമ്പോള്‍ അവളുടെ നേര്‍ത്ത വസ്ത്രങ്ങള്‍ക്കുളളില്‍ വലിയസ്തനങ്ങള്‍ കാമാവേശം പൂണ്ടുനില്‍ക്കുന്നു. അവളുടെ കണ്ണുകളില്‍ നോക്കിയിരിക്കവെ ഉള്ളില്‍ കുടികൊളളുന്ന ഒരു ചോദ്യമവള്‍ ചോദിച്ചു. ഇനിയും താമസം ആര്‍ക്കൊപ്പമാണ്? ദുഃഖഭാവത്തോടെ അവന്‍ നോക്കി. ആത്മമിത്രത്തെപോലെ കഴിഞ്ഞവരാണ്. മനസ്സിന്ന് ശൂന്യമാണ്. സന്തോഷമോ, സംതൃപ്തിയോ പകരുന്ന ഒന്നും തന്നെ മുന്നിലില്ല. എന്നാലും ധൈര്യം ചോര്‍ന്നുപോയിട്ടില്ല. ബുദ്ധി മരവിച്ചിട്ടില്ല. ജീവിതം കഷ്ടപ്പാടുകള്‍ നിരത്തിവെക്കുമ്പോള്‍ അത് സഹിച്ച് തീര്‍ത്ത് സങ്കടപ്പെട്ടിട്ട് കാര്യമില്ല. ജീവിതം എന്നെയോര്‍ത്ത് സഹതപിക്കുകയും വേണ്ട ചെറുപ്പം മുതലേ എന്റെ ജീവിതം അങ്ങനെയല്ലേ. ജീവിതം തന്നത് ജീവനും ആരോഗ്യവുമാണ് ഒപ്പം ബുദ്ധിയും. അത് നന്മയുടെ പാതയാണ്. ആ പാതയില്‍ സഞ്ചരിക്കുമ്പോള്‍ തടസ്സങ്ങള്‍ അല്ലെങ്കില്‍ തിന്മകള്‍ സ്വാഭാവികമാണ്. അതിനെ അതിജീവിച്ചാലേ ഇതില്‍ നിന്നൊക്കെ മോചനമുണ്ടാകൂ. മറിച്ച് നിരാശയും ദുഃഖവും കൈമുതലാക്കി തലച്ചോറില്‍ കുടിയിരുത്തിയാല്‍ സ്വയം നമ്മെ തന്നെ കീഴ്‌പ്പെടുത്തുകയാണ് ചെയ്യുന്നത്. ഞാനിവിടുന്ന് പോയാലും ഞങ്ങള്‍ തമ്മിലുളള സ്‌നേഹബന്ധത്തിന് ഒരു കോട്ടവും വരില്ല, എന്തുകൊണ്ടോ അവള്‍ക്കത് ഉള്‍ക്കൊള്ളാനാകുന്നില്ല.
പ്രയാസത്തോടെ ചോദിച്ചു.
‘നീ എന്താ മറുപടി പറയാത്തെ. എങ്ങോട്ടാണ് താമസം മാറുന്നത്?’
‘ഞാന്‍ കഴിഞ്ഞ രാത്രി യൂണിവേഴ്‌സിറ്റി ലൈബ്രറിയിലായിരുന്നു. അവിടെ രാത്രികാലം പഠിക്കാനായി പലരും വരുന്നു. രാത്രിയുറക്കം അവിടെയാക്കിയാലോ എന്നാണ് എന്റെ ചിന്ത.’
അവള്‍ സംശയത്തോടെ നോക്കി.. ഇവന്‍ എന്താണീപറയുന്നത് . യൂണിവേഴ്‌സിറ്റിയില്‍ പോയിരുന്ന് ഉറങ്ങാനോ. വീടിന് മുന്നിലെ റോഡില്‍ വാഹനങ്ങളുടെ ഇരമ്പിപോകുന്ന ശബ്ദം അവളുടെ ശിരസ്സിലേക്ക് ശക്തമായി ഇരമ്പിയെത്തി. മിഴികള്‍ തളര്‍ന്നിരുന്നു. അലസമായി മുന്നിലേക്ക് ചിതറിവീണ മുടി പിറകിലേക്ക് തള്ളിമാറ്റിയിട്ട് പറഞ്ഞു.
‘മാണി നീ പറയുന്നതു എനിക്കൊട്ടും മനസ്സിലാകുന്നില്ല.’
മാണി നിമിഷങ്ങള്‍ ചിന്തകളില്‍ മുഴുകി നിന്നു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടിവരുമ്പോള്‍ ചില വാതിലുകള്‍ അടയുകയും മറ്റ് ചിലത് തുറക്കുകയും ചെയ്യും. അതൊക്കെ നിലനില്‍പ്പിന്റെ കാര്യമാണ്. ഇതില്‍ ഒരു നിഗൂഢ താല്‍പര്യം നിലനില്‍ക്കുന്നില്ല. ഒരു പക്ഷെ ഇതൊരു ദുര്‍ബലമായ ചിന്തഗതിയെന്ന് അവള്‍ക്കും തോന്നാം. ഇതിനെ അതിജീവിക്കാന്‍ എന്റെ മുന്നില്‍ മറ്റൊരു മാര്‍ഗ്ഗമില്ല. പണത്തിന് പുറത്തേക്ക് മനസ്സ് മുന്നേറി കഴിഞ്ഞു.
‘ഞാനവിടെ പോയത് രാത്രിയില്‍ അവിടെയിരുന്ന് പഠിക്കാന്‍ മാത്രമായിരുന്നില്ല ഒപ്പം എനിക്കവിടെ സുരക്ഷിതമായി ഇരിക്കുവാന്‍ കഴിയുമോ എന്നത് നേരില്‍ കാണാന്‍ കൂടിയായിരുന്നു. അതിന് ഫലമുണ്ടായി. ശരീരം നീണ്ടുനിവര്‍ന്ന് കിടന്നുറങ്ങാന്‍ അവസരമില്ലെങ്കിലും ഇരുന്നുറങ്ങാം. സെക്യൂരിറ്റിയിലുള്ളവര്‍ വന്ന് കണ്ടാല്‍ അവരും സ്വയം സമാധാനിപ്പിക്കും. പാവം പഠിച്ച് തളര്‍ന്ന് ഉറങ്ങിയതാവും. ഇരുന്നുറങ്ങിക്കൊള്ളട്ടെ. മുഖം താഴ്ത്തിയിരുന്ന അവന്റെ മുഖം മുകളിലേക്കുയര്‍ന്നു. അവളുടെ അസ്വസ്ഥമായ കണ്ണുകളിലേക്ക് നോക്കി സത്യം തുറന്നു പറഞ്ഞു. നമ്മുടെ ഡോ. സാബു എന്നോട് 1000 പൗണ്ട് കടം ചോദിച്ചു. ഫീസടക്കാനാ എനിക്കും അടുത്തമാസം ഫീസടക്കണം. ബാങ്കില്‍ ഉള്ള കാശ് അതോടെ തീരും. പിന്നെ വാടക, ആഹാരം ഇതിനൊക്കെ ബുദ്ധിമുട്ട്‌വരും. അതിന് താല്‍ക്കാലികമായി ഞാന്‍ കണ്ടെത്തി. ഒരു താവളമാണ് ലൈബ്രറി.’
അത്രയും കേട്ടപ്പോള്‍ അവള്‍ക്ക് ചിരിക്കാനാണ് തോന്നിയതെങ്കിലും ചിരിച്ചില്ല. കണ്ണില്ലാത്തവന് എന്തിന് കണ്ണാടി. കാശ് ഇല്ലാത്തതുകൊണ്ട് അവന്‍ ഉറങ്ങാന്‍ കണ്ടെത്തിയ താവളം കൊള്ളാം. ഇന്ത്യയുടെ രാഷ്ട്രപിതാവിനെപോലെ ധാരാളം പേര്‍ ലണ്ടനില്‍ വന്ന് പഠിച്ചിട്ട് പോയിട്ടുണ്ട്. അവരുടെയൊന്നും മനസ്സില്‍ മുളയ്ക്കാത്ത ബുദ്ധി ഇവന്റെ തലയില്‍ എങ്ങനെ മുളച്ചു? വയര്‍ വരിഞ്ഞുകെട്ടി നടക്കാനും ഇവന്‍ മടിക്കില്ല. രോഗിയാകും മുമ്പേ വൈദ്യനെ പരിചയം വേണമെന്ന് വെറുതെയല്ല പറയുന്നത്. പണം കൈയ്യിലുള്ളപ്പോള്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ അവനെകൊണ്ടാവില്ല. ഒരാള്‍ക്ക് ജോലിയില്ലെന്നറിഞ്ഞാല്‍ അവധിയെടുത്തും അവര്‍ക്ക് ജോലിക്കായി തിരച്ചില്‍ തുടരും. ഇത്ര വിശാലമായ ഒരു കാഴ്ചപ്പാടിന്റെ ആവശ്യമുണ്ടോ? അതുമൂലം സ്വന്തം ജോലിയും പോയി.
ജീവിതത്തെ സത്യസന്ധമായി ഇങ്ങനെ നേരിടുന്ന യുവാക്കളെ ഇന്നുവരെ കണ്ടിട്ടില്ല. ഇതുപോലെ പല കാര്യത്തിലും അവനന്നേ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. മനസ്സ് അവനിലേക്ക് ആഴ്ന്നുപോയി. ഇപ്പോള്‍ സഹതാപമാണ് തോന്നുന്നത്. അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ടാകാം കപട സ്വഭാവത്തിന്റെ മൂടുപടമണിഞ്ഞവരെ തിരിച്ചറിയാന്‍ കഴിയാത്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോലി തിരക്കിവന്ന ഒരുത്തന്‍ ആഹാരം കഴിക്കാന്‍ നിവൃത്തിയില്ല. വാടകയും കൊടുത്തിട്ടില്ല. ഒന്ന് സഹായിക്കാമോയെന്ന് ചോദിച്ചപ്പോള്‍ പോക്കറ്റിലിരുന്ന മൂന്ന് പൗണ്ട് കൊടുത്ത് സഹായിച്ചു.
മൂന്ന് മാസം കഴിഞ്ഞിട്ടും അവനെപ്പറ്റി യാതൊരു വിവരവുമില്ല. ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് പലവെട്ടം പറഞ്ഞുകാടുത്തു. ജീവിതത്തില്‍ കയ്പ്പുളവാക്കുന്ന അനുഭവങ്ങള്‍ വരുമ്പോഴെ ചില മനുഷ്യര്‍ പഠിക്കൂ. ആള്‍ക്കാര്‍ സങ്കടം പറയുമ്പോള്‍ അവരോട് സ്‌നേഹത്തോടെ പെരുമാറാനേ അവനറിയൂ. അവന്റെ ദൗര്‍ബല്യമായി പലപ്പോഴും തോന്നിയിട്ടുണ്ട്. മനുഷ്യരില്‍ തന്നെ മൃഗീയ സ്വഭാവമുള്ള ദുഷ്ടന്മാരുള്ളത് അവനറിയില്ല. ഇന്ന് സത്യവു സ്‌നേഹവും അവിശ്വാസത്തിലേക്ക് തള്ളിവിട്ട് ശത്രുത്വം വളര്‍ത്തുന്ന ഒരു കാലമാണ്. ഇവയുടെ മൂല്യങ്ങളെ വഷളാക്കുന്ന മനുഷ്യരൂമായുള്ള ബന്ധത്തില്‍ മുന്നോട്ട് പോയാല്‍ ഇതുപോലെ ഓരോരോ കെണികളില്‍ പോയി വീഴുക സ്വാഭാവികമാണ്. ഇപ്പോള്‍ ജീവനമാര്‍ഗ്ഗം വരെ നഷ്ടമായി നില്‍ക്കുന്ന ഒരവസ്ഥ. സഹായിച്ചവരൊന്നും അവനെ തിരിഞ്ഞു നോക്കുന്നില്ല. അവള്‍ സ്വയം ചോദിച്ചു. നിന്നെയും സഹായിച്ചതല്ലെ. അതിനാല്‍ എല്ലാവരെയും പോലെ തനിക്കവനെ ഉപേക്ഷിക്കാനാവുന്നില്ല? സ്വന്തമെന്ന് പറയാന്‍ ഞാനല്ലാതെ ആരാണ് ഈ രാജ്യത്ത്. എനിക്കും അവനല്ലേയുള്ളൂ. ആ കണ്ണുകളിലേക്ക് അവള്‍ ഉറ്റുനോക്കി. മുഖത്ത് ചെറിയ കറുത്തമീശ വളരുന്നു. ഇനിയും താടി വളര്‍ത്താനാകും ഭാവം. ആ കണ്ണുകള്‍ക്കുള്ള അഴക് മറ്റൊരു പുരുഷനിലും കാണാന്‍ കഴിഞ്ഞിട്ടില്ല. അധികം ചിരിക്കാറില്ല. ചിരിക്കുമുണ്ട് സൗന്ദര്യം. അവള്‍ കുറ്റപ്പെടുത്തുംവിധം പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷം നീ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഞാന്‍ ഹോട്ടലില്‍ വരാതിരുന്നാല്‍ എങ്ങനെ കാണും? അതിന് ഞാന്‍ പരിഹാരം കണ്ട് നിനക്ക് ഈ മുറി വാങ്ങിതന്നു. ഈ ചോദ്യം ഞാനങ്ങോട്ട് ചോദിച്ചാല്‍ എന്താ നിന്റെ ഉത്തരം?’
അവളുടെ മിഴികള്‍ അവനില്‍തന്നെ തറയ്ക്കുകയും പുരികക്കൊടികള്‍ ഉയരുകയും ചെയ്തു. ആ നോട്ടത്തില്‍ ഒരപാര സൗന്ദര്യം വിടര്‍ന്നു നിന്നിരുന്നു. ആ നോട്ടവും ചോദ്യവും അവന്റെ ഹൃദയവ്യഥയ്ക്ക് ഒരയവു വരുത്തുക മാത്രമല്ല ആനന്ദവും പകര്‍ന്നു. എങ്കിലും മനസ്സ് വ്യാകുലപ്പെട്ടു. അവളെ നിത്യവും കാണാന്‍ വേണ്ടിത്തന്നെയായിരുന്നു. അന്നങ്ങനെ പറഞ്ഞത്. അപ്പോള്‍ പരസ്പരം പിരിയുക എന്നത് എനിക്കും അവള്‍ക്കും വേദനയാണ്. ഇന്ന് പലവിധ വിഷയങ്ങളില്‍പ്പെട്ടുഴലുന്ന എനിക്ക് അവളുടെ മനോവേദനയെ എങ്ങനെ ദുരീകരിക്കാന്‍ കഴിയും. ഒരു ജോലി ലഭിക്കാതെ അതിന് മാര്‍ഗ്ഗമില്ല. അതുവരെ ഇവിടെ നിന്ന് മാറി നില്‍ക്കാനേ നിവൃത്തിയുള്ളൂ. മടങ്ങി വരുമ്പോള്‍ ഈ വലിയ മുറി ഇവിടെ കാണുമെന്ന് എന്താണുറപ്പ്? മറ്റൊരാള്‍ക്ക് ആ മുറികൊടുക്കില്ലേ? അവളുടെ മുഖത്തേക്ക് ശങ്കയോടെ നോക്കി. മനസ്സിനെ തളര്‍ത്തുന്ന ഒരു ചോദ്യമാണ്.
ധൈര്യം കൈവിടാതെ പറഞ്ഞു, ‘ഒരു ജോലി കിട്ടുംവരെ ഇതെ ഒരു മാര്‍ഗ്ഗമുള്ളൂ. അതുവരെ എന്റെ പെട്ടി മിനിയുടെ മുറിയില്‍ വെക്കാനുള്ള അനുവാദം തരണം….’
‘അപ്പോള്‍ എന്നെ പിരിഞ്ഞുപോകാന്‍ തന്നെ തീരുമാനിച്ചു അല്ലേ?’
അതവനെ നടക്കുന്ന വാക്കുകളായിരുന്നു.
‘ഞാനിന്നുവരെ അങ്ങനെ തീരുമാനിച്ചിട്ടില്ലല്ലോ. മിനിയോടുള്ള ഇഷ്ടക്കുറവ്‌കൊണ്ട് പോകുന്നതല്ല.’
മുഖത്ത് നോക്കാനുള്ള കരുത്തില്ലായിരുന്നു. മുഖത്തേക്ക് പുതപ്പ് വലിച്ചിട്ട് കിടന്നു. മനസ്സലിഞ്ഞു. മഞ്ഞുപോലിരുന്ന മനസ്സ് അലിഞ്ഞില്ലാതെയായി ഉറവയായിയൊഴുകി കണ്ണുകളിലെത്തി ഉറച്ചുനിന്നു. അത് കണ്ണ്‌നീര്‍ തുള്ളികളായി. അവളുടെ വാക്കുകളും ജീവിത വിഷാദവും ഒന്നായി ഒത്തുചേര്‍ന്നപ്പോള്‍ ഹൃദയംവേദനദിച്ചു. വേദന വരുമ്പോള്‍ നിസ്സാരനായ മനുഷ്യന് കരയുവാനേ മാര്‍ഗ്ഗമുള്ളൂ. വെളിച്ചം കണ്ണുകള്‍ക്ക് പ്രകാശം നല്‍കുന്നതുപോലെയാണ് കണ്ണുനീര്‍ ഒരൗഷധമായി മനസ്സിനെ സുഖപ്പെടുത്തുന്നത്. അതുകണ്ട് മിനിയുടെ മനസ്സും പിടഞ്ഞു. മേശയില്‍ മുഖം ചേര്‍ത്തുവെച്ച് അവളും കണ്ണുനീര്‍ വാര്‍ത്തു. അത് അവന്‍ കണ്ടില്ല. ദുഖഭാരത്തോടെ അവന്‍ അങ്ങനെ കിടന്നു. ആത്മസുഹൃത്തുക്കള്‍ പിരിയുമ്പോള്‍ അത് ഹൃദയം പൊള്ളുന്ന വേദനയാണ്. സ്‌നേഹിക്കുന്നവര്‍ തമ്മിലുള്ള ഹൃദയസംഘര്‍ഷമാണത്. അതിന് പ്രണയം തന്നെ വേണമെന്നില്ല.
ഞാനും അവനുമായി വിശ്വാസമോ അവിശ്വാസമോ ഒന്നുമില്ല. രണ്ട് പേരും സ്വന്തം സുഖലോലുപതയില്‍ പൊരുത്തപ്പെട്ടിട്ടുമില്ല. ഒപ്പം ജീവിച്ചവന്‍ ഒഴിഞ്ഞുപോകുന്നത് കാണുമ്പോള്‍ ഒരു ഒറ്റപ്പെടല്‍ തോന്നുന്നു. അവധി ദിവസങ്ങളിലൊക്കെ എന്റെ കംമ്പ്യൂട്ടറില്‍ വന്നിരുന്ന് പഠന വിഷയങ്ങള്‍ എന്തുമാത്രം ചര്‍ച്ച ചെയ്തിരിക്കുന്നു. അതൊക്കെ മനസ്സിന് നല്‍കിയ ആശ്വാസ സാഫല്യങ്ങളായിരുന്നു. ഇതുപോലൊരു സാഹചര്യം മറ്റൊരാള്‍ക്ക് ലഭിച്ചിരുന്നെങ്കല്‍ മനസ്സിലെന്നോ പ്രണയവും പ്രേമവും പ്രതിഷ്ഠനേടികഴിഞ്ഞേനെ. എന്താണ് ഞങ്ങളില്‍ അങ്ങനെയൊരു ആഗ്രഹമുദിക്കാത്തത്. അവന്റെ കരങ്ങളില്‍ അനുരാഗചെപ്പുമായി നിര്‍വൃതിയടയാഞ്ഞത് എന്താണ്?
ആ നെഞ്ചില്‍ കിടന്ന് ഹൃദയാഭിലാക്ഷങ്ങളുടെ കഥപറയാന്‍ ആരും ആഗ്രഹിക്കാതിരിക്കല്ലെ. എന്നിട്ടും ഞാനെന്താണ് അവനില്‍ നിന്ന് അകന്നു മാറിയത്. പഠിക്കാന്‍ വന്നവര്‍ സുഖഭോഗങ്ങളെപ്പറ്റി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയാല്‍ പഠനം കാമലഹരിയില്‍ താണുപോകും. ഒരിക്കലും ഉയുര്‍ത്തെഴുന്നേല്‍ക്കാനാകില്ല. കന്യകയായി ജീവിക്കുന്ന എനിക്ക് കളങ്കം ഞാനായി എന്തിനുണ്ടാക്കണം. വിവാഹത്തിനൊക്കെ ഒരു കാലമില്ലേ. അതപ്പോള്‍ നടക്കേണ്ടവിധം നടക്കും അതിനെന്തിന് ഇപ്പോഴെ തലപുകയ്ക്കണം. നീ അത്ര വിശുദ്ധയായി സ്വയം പുകഴത്തേണ്ടതില്ല. സത്യത്തെ മറച്ചുവെക്കാന്‍ നിന്റെ മനഃസാക്ഷിക്ക് കഴിയുമോ?
അവള്‍ സ്വയം വിചാരണ ചെയ്യപ്പെട്ടു. എന്തിനാണ് അവന്‍ കുളിച്ച് കുളിമുറിയില്‍ നിന്നിറങ്ങുമ്പോള്‍ നീ ജനാലയിലൂടെ ഒളിഞ്ഞുനോക്കുന്നത്? അവളുടെ മുഖം മേശക്ക് മുകളില്‍ നിന്നുയര്‍ന്ന് അവനെ നോക്കി. കണ്ണുകള്‍ തുടച്ചു. അവനപ്പോഴും അതെ കിടപ്പുതന്നെ. അവനെ നോക്കാന്‍ കാരണം വരാന്തയില്‍കൂടി മുടി തോര്‍ത്തുകൊണ്ട് തുടച്ചുപോകുന്നത് കാണാന്‍ ഒരു രസമാണ്. അത് കണ്ണിന് കുളിര്‍മ്മ നല്‍കുന്ന ഒരു കാഴ്ചയാണ്. നെഞ്ചത്ത് ഇത്രമാത്രം രോമങ്ങള്‍ കാണുമ്പോള്‍ എനിക്ക് തന്നെ രോമാഞ്ചം തോന്നാറുണ്ട്. ഇരുനിറമുള്ള കറുപ്പായതുകൊണ്ട് കാലിലും കൈയ്യിലും നെഞ്ചത്തും വിടര്‍ന്നുനില്‍ക്കുന്ന രോമങ്ങള്‍ സ്ത്രീകളുടെ മിഴികള്‍ക്ക ചഞ്ചലമുണ്ടാക്കുന്നതാണ്. ഈശ്വരനും ഈ കാര്യത്തില്‍ കണ്ണുള്ളവന്‍ തന്നെയാണ്. വെള്ളനിറം കൂടി കൊടുത്തിരുന്നുവെങ്കില്‍ ആ രോമങ്ങളൊക്കെ കാണാന്‍ എന്ത് ചന്തമായിരിക്കും. കണ്ണുകള്‍ വീണ്ടും തുടച്ചു. ഇവിടെയും ഈശ്വരന്റെ കണ്ണുകള്‍ അല്‍പ്പം മങ്ങിയതായി തോന്നി. കാരണം ചന്ദനക്കട്ട തേഞ്ഞാലും അതിന്റെ ഗന്ധം കുറയാറില്ല. അവനൊരു ചന്ദനക്കുടം തന്നെയാണ്. ചന്ദനമരത്തോട് ചാരിനില്‍ക്കുന്ന ഏത് മരത്തിനും ആ മണമുണ്ടാകും. അവന്റെ ഭാര്യയായി ആര് ചെന്നാലും ആ സുഗന്ധം അവള്‍ക്കും ലഭിക്കും. ആ സുഖമനുഭവിക്കാന്‍ എവിടെയോ ഒരാള്‍ കാത്തിരിക്കുന്നു.
ജന്മാന്തരങ്ങളായിട്ടുള്ള പുണ്യപ്രവര്‍ത്തിയുടെ ഫലങ്ങളാണ് വരും തലമുറ അനുഭവിക്കുന്നതെന്ന് സംഗീതപ്രിയനായ അച്ഛന്‍ പറയുന്നത് കേട്ടിട്ടുണ്ട്. മനുഷ്യന് ലഭിക്കുന്ന സൗന്ദര്യവും അതിലൂടെ ലഭിച്ചതാണോ?. അതും മനുഷ്യനെ അടക്കിഭരിക്കുന്ന ഒരു അനിശ്ചിതത്വമാണ്. എത്രമാത്രം സത്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുവോ അതും അത്രമാത്രം മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യര്‍ ഓരോ നിമിഷവും അവന്റെ വിശ്വാസങ്ങളെ മാറ്റി മറിക്കുന്നു. അതിന് പുതിയ നിറങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നു. ഓരോ വിശ്വാസവും അന്ധവിശ്വാസവും ഈശ്വരനൊപ്പവും മനുഷ്യനൊപ്പവും ജീവിക്കുന്നു. വിവാഹവും പൂര്‍വ്വപിതാക്കളുടെ പുണ്യപ്രവര്‍ത്തികളുടെ ഫലമാണോ?
രണ്ട്‌പേരുടെയും മനസ്സില്‍ എന്നെ പിരിഞ്ഞുപോകുന്നവോ എന്ന ചോദ്യം ഒരു വിഷാദമായി മാറി. മാണിക്ക് ഒരു കാര്യം ഉറപ്പായി ഞാന്‍ പോകുന്നതില്‍ അവള്‍ക്ക് ദുഃഖമുണ്ട്. അവളെ എങ്ങനെയൊന്ന് സാന്ത്വനപ്പെടുത്തണെമന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അവന്‍ കണ്ണ് തുടച്ചുകൊണ്ട് പുതപ്പ് മാറ്റി എഴുന്നേറ്റിരുന്നു. സ്‌നേഹം സ്ഫുരിക്കുന്ന കണ്ണുകളോടെ നോക്കി. അവളുടെ മുഖത്തെ പ്രസരിപ്പ് നഷ്ടപ്പെട്ടിരുന്നു. ഇങ്ങനെ ഒരു കടുത്ത തീരുമാനത്തിലേക്ക് അവര്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. എന്തായാലും മനസ്സ് വല്ലാതെ നൊമ്പരപ്പെടുകയാണ്. എത്രയോ സഹപാഠികളെ കൂട്ടുകാരെ ജീവിതത്തില്‍ കണ്ടു. ആരെയും ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിട്ടില്ല. പക്ഷെ ഇവന്റെ സാന്നിദ്ധ്യം നേരില്‍ കണ്ടപ്പോള്‍ മനസ്സ് അവനൊപ്പം പറന്നുയരുകയായിരുന്നു. ഒരു സഹോദരന്റെ, ആത്മമിത്രത്തിന്റെ അഭാവമാണ് മാറ്റിതന്നത്യ അവന്‍ ഒപ്പമുള്ളത് ഒരഭിമാനമാണ്.
പഠനത്തിലും അടുക്കളിയിലുമൊക്കെ നല്ലൊരു സഖിയുടെ പരിചരണമാണ് തന്നത്. രണ്ട് പേരും പരസ്പരം നോക്കി മന്ദഹസിച്ചു. ആ നോട്ടത്തില്‍ ആര് ആരെയാണ് സമാധാനിപ്പിക്കേണ്ടത് എന്നായിരുന്നു. അവള്‍ ചോദിച്ചു. നിനക്ക് ഇവിടെ താമസ്സിച്ചാല്‍ വാടകകൊടുക്കണം. യൂണിവേഴ്‌സിറ്റിക്കാര്‍ നിയൊരുത്തന്‍ നിത്യവും ചെയ്യുന്നത് കണ്ടാല്‍ സംശയം തോന്നില്ലേ? അങ്ങനെ അവര്‍ കണ്ടെത്തിപ്പുറത്താക്കിയാല്‍ എന്ത് ചെയ്യും?. അതിനെപ്പറ്റി അത്ര ആഴത്തില്‍ ചിന്തിച്ചിരുന്നില്ല. ഭീതിയോടെ താഴേയ്ക്ക് നോക്കി നിശബ്ദമായിരുന്നു. പുറമെ ചിറകടിച്ച് പറക്കുന്ന പ്രാവുകളുടെ ശബ്ദം കാതുകളില്‍ പതിഞ്ഞു. അവളുടെ മുഖത്ത് ഒരു മന്ദഹാസ പുഞ്ചിരിയുണ്ടായി. നീ എങ്ങോട്ടും പോകുന്നില്ല. നിനക്ക് എന്റെ മുറിയില്‍ ഉറങ്ങാം. ഒരു നിമിഷം അവന്റെ കണ്ണുകള്‍ നിശ്ചലമായി നിന്നു.
(തുടരും)
About The Author
No related posts.




