എന്റെ കാര്യത്തില്‍ അവന്‍ പുലര്‍ത്തുന്ന നിഷ്‌ക്കര്‍ഷത ഇപ്പോള്‍ ഈ ടാബ് ലറ്റില്‍ നിന്നാണല്ലോ തുടങ്ങുന്നത് എന്നോര്‍ത്തു. അവനെക്കുറിച്ചാണ് ഞാനിപ്പോള്‍ ഓര്‍ത്തു കൊണ്ടു കിടന്നതെന്ന് അവനറിഞ്ഞുവോ?
ആദ്യം ടാബ് ലറ്റ് വിഴുങ്ങി വെള്ളവും കുടിച്ച ശേഷം അരുണ്‍ നീട്ടിയ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ സ്‌നേഹവും, സഹതാപവും സ്ഫുരിക്കുന്ന ആ കണ്ണുകള്‍ എന്നെ തൊട്ടുഴിയുന്നതറിഞ്ഞു. ഇന്നിപ്പോള്‍ എന്നില്‍ നിലനില്‍ക്കുന്ന ജീവ ചൈതന്യം അതിനുത്തരവാദി നീ മാത്രമാണ് അരുണ്‍ എന്നു പറയണമെന്നു തോന്നി.
”മാഡം…. എന്താണിങ്ങനെ ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കിക്കിടക്കുന്നത്? മാഡത്തിനിപ്പോള്‍ എങ്ങിനെയുണ്ട്? വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? വേദനയോ മറ്റോ തോന്നിയ്ക്കുന്നുണ്ടോ?”
”ഓ… ഒന്നുമില്ല അരുണ്‍… ഐ ആം പെര്‍ഫെക്റ്റിലി ഓകെ. പക്ഷെ കുറച്ചു ദിവസമായി നീ അടുത്തില്ലാതിരുന്നതു കൊണ്ടുള്ള ഏകാന്തത മാത്രമാണ് എന്നെ അലട്ടിക്കൊണ്ടിരുന്നത്.”
”ഓ… സോറി മാഡം. മാഡത്തിന് ഓര്‍മ്മയില്ലാതെ മയങ്ങിക്കിടന്ന നാളുകളൊന്നില്‍ എനിക്ക് പെട്ടെന്ന് കോഴിക്കോട് പോകേണ്ടി വന്നു. എന്റെ മുത്തശ്ശിയ്ക്ക് സുഖമില്ല എന്നറിയിച്ചിട്ട്, അമ്മയുമൊത്ത് അവിടം വരെ പോയി.”
”മുത്തശ്ശിയ്ക്കിപ്പോള്‍ എങ്ങിനെയുണ്ട്?”
”മുത്തശ്ശിയ്ക്കിപ്പോള്‍ കുഴപ്പമൊന്നുമില്ല. പ്രായാധിക്യം കൊണ്ടുള്ള ചില പ്രോബ്ലങ്ങള്‍. അതെല്ലാം മാറി ഇപ്പോള്‍ സുഖമായിട്ടിരിക്കുന്നു.”
”മുത്തശ്ശി വളര്‍ത്തിയിരുന്ന വല്യമ്മയുടെ മക്കള്‍ ഇപ്പോള്‍ എവിടെയാണ്?”
”അവര്‍ രണ്ടുപേരും അമേരിയ്ക്കയിലാണ്. കല്യാണം കഴിഞ്ഞ് അവിടെത്തന്നെ സ്ഥിര താമസമാക്കി.”
”അപ്പോള്‍ മുത്തശ്ശി ഒറ്റയ്ക്കാണോ താമസം?”
”അല്ല, അമ്മയുടെ ബ്രദറിന്റെ കൂടെയാണ്. അമ്മാവന്‍ കുടുംബവുമൊത്ത് തറവാട്ടില്‍ത്തന്നെയാണ് താമസം…’
എല്ലാം അരുന്ധതി പറഞ്ഞിട്ടുള്ളതാണല്ലോ എന്ന് അപ്പോളോര്‍ത്തു.
അജ്ഞാതമായ ഏതോ പ്രേരണയാല്‍ ഭൂതകാലത്തിലേയ്ക്ക് ഊളിയിട്ടിറങ്ങുമ്പോള്‍ മറവിയുടെ ഒരു മാറാല വന്ന് പലപ്പോഴും വര്‍ത്തമാന കാലത്തെ എന്നില്‍ നിന്നും മറയ്ക്കുകയാണല്ലോ എന്ന് ഓര്‍ത്തു പോയി.
എന്റെ മുന്നില്‍ ഇപ്പോള്‍ പീലിവിടര്‍ത്തിയാടുന്നത് ഭൂതകാല സ്മരണകളാണ്. വര്‍ത്തമാനകാലം ഒരു നിഴല്‍ക്കൂത്തിലെന്നപോലെ മങ്ങിയ ചില ചിത്രങ്ങള്‍ മാത്രം.
ഒരുപക്ഷെ ഒരു മേജര്‍ ഓപ്പറേഷനു ശേഷമുള്ള ശരീരത്തിന്റെ അസ്വാഭാവിക പ്രതികരണങ്ങളാണിവ എന്നും ഓര്‍ക്കാതിരുന്നില്ല. എന്നാല്‍ ചില സമയങ്ങളില്‍ വര്‍ത്തമാനകാലം എന്റെ മുന്നില്‍ പ്രകാശമാനമാകുന്നുണ്ട്. അപ്പോള്‍ ബോധതലങ്ങള്‍ എല്ലാറ്റിനോടും ശരിയായി പ്രതികരിക്കുകയും ചെയ്യുന്നു.
അത്തരമൊരു ഘട്ടത്തിലാണ് അരുണ്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്, അപ്പോഴുള്ള എന്റെ പ്രതികരണങ്ങളില്‍ ഭൂതകാലം വിസ്മൃതിയിലമരുകയും വര്‍ത്തമാനകാലം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രകാശിക്കുകയും ചെയ്യുകയാണുണ്ടായത്. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് അരുണ്‍ വാതിലിനടുത്തേയ്ക്ക് നടന്നു ചെന്നു.
അരുണ്‍ ചെന്ന് വാതില്‍ തുറന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഹേമാംബിക അങ്ങോട്ടേയ്ക്കു കടന്നു വന്നു.
‘ഹലോ? പ്രൊഫസര്‍, ഹൗ ആര്‍ യൂ?…
ഡോക്ടര്‍ പരിശോധിച്ച് പുഞ്ചിരിയോടെ പറഞ്ഞു.
”മിസ്സിസ് മീരാ നാരായണന്‍, നിങ്ങളിപ്പോള്‍ കുറെയൊക്കെ ബെറ്റര്‍ ആയിട്ടുണ്ട്. അടുത്തു തന്നെ ഹോസ്പിറ്റല്‍ വിടാനാകുമെന്നു തോന്നുന്നു.”
”താങ്ക് യൂ… ഡോക്ടര്‍…’ ഞാന്‍ പ്രതിവചിച്ചു.
”മാഡം… പക്ഷെ നിങ്ങളുടെ ബോഡി വളരെ വീക്കാണ്..അത് ഒരു മേജര്‍ ഓപ്പറേഷനു ശേഷമുള്ള അവസ്ഥയാണ്. ഇപ്പോള്‍ തലച്ചോറുള്‍പ്പെടെ എല്ലാം സാധാരണ ഗതിയിലേയ്ക്ക് മടങ്ങി വരുന്നതേയുള്ളൂ. അതിന്റേതായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. അല്‍പം ചില ഓര്‍മ്മക്കുറവുകളും മറ്റും. ചില ഹാലൂസിനേഷന്‍സ് താല്‍ക്കാലിക അല്‍ഷിമേഴ്‌സ് പോലുള്ള ചില അവസ്ഥകള്‍. പ്രെസന്‍സിനേക്കാള്‍ പാസ്റ്റ് ആയിരിക്കും ഇപ്പോള്‍ കൂടുതല്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുക. ഈ അവസ്ഥയൊക്കെ ഇപ്പോള്‍ താത്കാലികമാണ്. എല്ലാം ശരിയാകും. ഒരു രണ്ടാഴ്ചയ്ക്കുള്ളില്‍ മാഡത്തിന് ഹോസ്പിറ്റല്‍ വിടാന്‍ പറ്റും.”
ഞാന്‍ വീണ്ടു നന്ദി വാക്കുകള്‍ ഉരുവിട്ടു.
ഡോക്ടറുടെ പാദപതനം അകന്നു പോയപ്പോള്‍ അരുണ്‍ പറഞ്ഞു.
”ഞാന്‍ പോയി മാഡത്തിന് കഴിയ്ക്കാനെന്തെങ്കിലും വാങ്ങിയിട്ടു വരാം… ഇന്ന് മമ്മിയ്ക്കും നല്ല സുഖമില്ലായിരുന്നു. അതാണ് ആഹാരവുമായി എത്താതിരുന്നത്.”
”ഓ… അതു സാരമില്ല അരുണ്‍.?എനിക്കിനിയിപ്പോള്‍ ഒന്നും വേണമെന്നില്ല. അരുണ്‍ കഴിച്ചിട്ടു വന്നോളൂ…’
ഞാന്‍ അരുണിനെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. രണ്ടാഴ്ചയോളമായി ഞാനീ ഹോസ്പിറ്റലില്‍ വന്നിട്ട്. ഓപ്പറേഷനു ശേഷമുള്ള ദിനങ്ങളില്‍ അരുണും, അരുന്ധതിയും എല്ലായ്‌പ്പോഴും ഒപ്പമുണ്ടായിരുന്നു. ദേവദൂതരെപ്പോലെ അവര്‍ എന്നെ ശുശ്രൂഷിച്ചു കൊണ്ട് എല്ലായ്‌പ്പോഴും അടുത്തു നിന്നു. ഇല്ലെങ്കില്‍ ആരും തുണയില്ലാതെ ഞാനീ ഹോസ്പിറ്റല്‍ ബെഡില്‍ ഒറ്റപ്പെട്ടു പോകുമായിരുന്നു. എല്ലായ്‌പ്പോഴും ദൈവകരങ്ങള്‍ എന്നിലേയ്ക്കു നീണ്ടുവരാറുള്ളത് ഈ രൂപത്തിലാണല്ലോ എന്നും ഓര്‍ത്തു.
”മാഡം, ഡോക്ടര്‍ പറഞ്ഞു പതുക്കെ എഴുന്നേറ്റു നടക്കാന്‍. ഞാന്‍ മാഡത്തെ പതുക്കെ കൈപിടിച്ച് ഈ വരാന്തയിലൂടെ നടത്താം.”
ഇഞ്ചക്ഷനെടുക്കാന്‍ വന്ന മലയാളി സിസ്റ്ററുടെ വാക്കുകള്‍ ചിന്തയില്‍ നിന്നുമുണര്‍ത്തി. അല്ലെങ്കില്‍ തന്നെ ഈ കിടപ്പ് എനിക്ക് മതിയായി ത്തുടങ്ങിയിരിക്കുന്നു. അല്‍പം എഴുന്നേറ്റു നടക്കാനായെങ്കില്‍ എന്ന് ആഗ്രഹിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായി. ഓപ്പറേഷനു ശേഷമുള്ള അടിവയറ്റിലെ മുറിവുകള്‍ കരിഞ്ഞു തുടങ്ങിയിരിക്കുന്നു. വേദനയ്ക്കും നല്ല ശമനമുണ്ട്. ഇനിയും ഈ കിടപ്പില്‍ നിന്നുമൊരു മോചനം ഞാനും ആഗ്രഹിച്ചതാണ്.
”മാഡം വരൂ… ഞാന്‍ പതുക്കെ എഴുന്നേല്‍പ്പിക്കാം…’ സിസ്റ്ററുടെ കരങ്ങളുടെ താങ്ങില്‍ പതുക്കെ എഴുന്നേറ്റിരിയ്ക്കുമ്പോള്‍ സന്തോഷം തോന്നി. എങ്കിലും ക്ഷീണം വിട്ടകലാതിരുന്നതിനാല്‍ തലയ്ക്ക് നല്ല ഭാരം തോന്നി. എഴുന്നേറ്റു നടക്കുവാന്‍ തീരെ ആവുകയില്ലെന്നു തോന്നിയപ്പോള്‍ സിസ്റ്ററിനോടു പറഞ്ഞു.
”സിസ്റ്റര്‍, ഇന്നിപ്പോള്‍ നടക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നല്ല ക്ഷീണം തോന്നുന്നുണ്ട്. നടന്നാല്‍ ചിലപ്പോള്‍ ഞാന്‍ തലകറങ്ങി വീഴും. അടുത്ത ദിവസം മുതല്‍ ഞാന്‍ നടന്നു തുടങ്ങാം.”
സിസ്റ്റര്‍ പിന്നെ കൂടുതല്‍ നിര്‍ബന്ധിക്കാതെ തലയിണ ചാരി വച്ച് എന്നെ അതില്‍ ഇരുത്തി.
”ശരി മാഡം… ഇന്നിപ്പോള്‍ ഇങ്ങനെ ഇരുന്നോളൂ. ഞാന്‍ ഡോക്ടറോടും പറഞ്ഞോളാം. അടുത്ത ദിവസം മുതല്‍ മാഡം നടന്നു തുടങ്ങുമെന്ന്.’
അങ്ങനെ പറഞ്ഞു സിസ്റ്റര്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
സത്യത്തില്‍ ഏറെ ദിനങ്ങള്‍ക്കു ശേഷം അങ്ങിനെ എഴുന്നേറ്റിരിയ്ക്കാന്‍ കഴിഞ്ഞപ്പോള്‍ തന്നെ വലിയ ആശ്വാസം തോന്നി.
സിസ്റ്റര്‍ കൈകളില്‍ എടുത്തു തന്ന മെഡിസിന്‍ വായിലേയ്ക്കിട്ട് ഗ്ലാസ്സില്‍ നീട്ടിയ വെള്ളവും കുടിച്ചു കഴിഞ്ഞപ്പോഴാണ് ആരോ വാതില്‍ മുട്ടുന്ന ശബ്ദം കേട്ടത്. സിസ്റ്റര്‍ ചെന്ന് വാതില്‍ തുറന്നപ്പോള്‍ അത് അരുന്ധതിയായിരുന്നു.
”കണ്‍ഗ്രാചുലേഷന്‍സ് മാഡം. ഫഹദ് സാര്‍ എത്തിയതായറിഞ്ഞു. അരുണ്‍ എല്ലാം ഞങ്ങളോടു പറഞ്ഞു.” അരുന്ധതി ആഹ്ലാദത്തോടെ അടുത്തെത്തി.
”മാഡം മിടുക്കിയായിപ്പോയല്ലോ. എഴുന്നേറ്റിരിയ്ക്കാനും മറ്റും തുടങ്ങിയോ? ഫഹദ്‌സാര്‍ വന്നതിന്റെ ചെയ്ഞ്ച് ആണോ ഇത്?” അത്യധികം ഉത്സാഹത്തോടെ അരുന്ധതി ചോദിച്ചു.
”അതെ അരുന്ധതി. എത്ര ദിവസമായി ഈ കിടപ്പു തുടങ്ങിയിട്ട്. ഇനിയും ഒന്ന് നേരെ എഴുന്നേറ്റു നടന്നാല്‍ മതിയായിരുന്നു.”
”മാഡം… എത്രയും പെട്ടെന്നു തന്നെ പഴയ പോലെയാകും. അതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. കാരണം മാഡം ആഗ്രഹിച്ചതു പോലെ ഫഹദ്‌സാര്‍ അടുത്തെത്തിയതിന്റെ സന്തോഷമുണ്ടല്ലോ…’
അരുണിന്റെ ആ അമ്മയ്ക്ക് അങ്ങനെയല്ലാതെ ചിന്തിക്കാനാവുകയില്ലല്ലോ എന്നോര്‍ത്തു. ആ അമ്മയില്‍ നിന്നാകാം മകനും ഇത്ര നല്ല മനസ്സ് പകര്‍ന്നു കിട്ടിയത്.
അല്‍പ സമയത്തിനുള്ളില്‍ സിസ്റ്റര്‍ മടങ്ങിപ്പോയി. പുറത്ത് ആഹാരം കഴിയ്ക്കുവാനായി പോയിരുന്ന അരുണ്‍ ഉച്ചയ്ക്ക് പാഴ്‌സലുമായി മടങ്ങി എത്തി. അപ്പോഴാണ് ശ്രദ്ധിച്ചത് അരുന്ധതിയും ആഹാരവുമായാണ് എത്തിയിരിക്കുന്നത്. അരുണിന്റെ കൈയ്യിലെ പാഴ്‌സല്‍ കണ്ട് അരുന്ധതി പറഞ്ഞു.
”ഓ… സോറി മാഡം… രാവിലെ എനിക്ക് ആഹാരവുമായി വരാന്‍ കഴിഞ്ഞില്ല. നല്ല തലവേദന തോന്നി. എന്നാല്‍ അല്‍പം വിശ്രമിച്ചപ്പോള്‍ അത് മാറി. അപ്പോള്‍ മാഡത്തിന് ഉച്ചയ്ക്കുള്ള ആഹാരം പാകം ചെയ്ത് ഞാനിങ്ങോട്ട് പോന്നു. അരുണിനെ അപ്പോള്‍ വിളിച്ചറിയിക്കാന്‍ കഴിഞ്ഞില്ല. അതാണിപ്പോള്‍ അബദ്ധമായത്.”
”മമ്മി… നല്ല ആളാണ്. എന്നെ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഈ ആഹാരം വാങ്ങുമായിരുന്നോ?” അരുണ്‍ അമ്മയോട് പരിഭവിച്ചു.
‘സോറി മോനെ… എന്റെ ഫോണിന് ചാര്‍ജ് ഉണ്ടായിരുന്നില്ല. അതാണ് നിന്നെ വിളിയ്ക്കാന്‍ പറ്റാതിരുന്നത്. ഏതായാലും സാരമില്ല. ആ ആഹാരം ഞാന്‍ കഴിയ്ക്കാം. തലവേദന കാരണം രാവിലെ ഞാന്‍ ഒന്നും കഴിച്ചിരുന്നില്ല. ഇപ്പോള്‍ നല്ല വിശപ്പുണ്ട്. ‘
അല്‍പം കഴിഞ്ഞപ്പോള്‍ ഫഹദ്‌സാറും വന്നെത്തി. പരസ്പരമുള്ള പരിചയപ്പെടുത്തല്‍ കഴിഞ്ഞ് അന്ന് ഞങ്ങള്‍ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അരുന്ധതി എനിയ്ക്കുള്ള ആഹാരം വിളമ്പി കയ്യില്‍ത്തരുകയായിരുന്നു.
വളരെ ദിവസങ്ങള്‍ക്കു ശേഷം എനിക്കെഴുന്നേറ്റിരുന്ന് സ്വയം ആഹാരം കഴിയ്ക്കാന്‍ കഴിഞ്ഞു. അതോടെ മനസ്സില്‍ ആത്മവിശ്വാസം വിരുന്നു വന്നു. ഇനി എനിയ്ക്ക് ഉടന്‍ തന്നെ എഴുന്നേറ്റു നടക്കാറാകും. അതോടെ വളരെ വേഗം ഹോസ്പിറ്റല്‍ വിടാനും കഴിയും.
മരുന്നുകളുടേയും കുത്തിവയ്പുകളുടേയും ഈ ലോകത്തു നിന്ന് എത്രയും പെട്ടെന്ന് ഒരു മോചനം. അതുമാത്രമേ അപ്പോള്‍ മനസ്സിലുള്ളൂ.
പതിവുപോലെ ഫഹദ്‌സാര്‍ അന്നും അരുണ്‍ ഏര്‍പ്പെടുത്തിയ താമസസ്ഥലത്തേയ്ക്ക് വൈകുന്നേരം മടങ്ങിപ്പോയി. അന്ന് രാത്രിയില്‍ അരുന്ധതിയും അരുണും ആ മുറിയില്‍ എനിക്ക് കൂട്ടു കിടന്നു.
കഴിഞ്ഞു പോയ ദിനങ്ങളില്‍ മിക്കവാറും രാത്രികളില്‍ അരുണോ അരുന്ധതിയോ എനിക്കൊപ്പമുണ്ടാകുമായിരുന്നു. ഏതോ അടുത്ത ബന്ധുവിനെയെന്ന പോലെ എന്നെ സംരക്ഷിച്ചു കൊണ്ട്. നന്മയുടെ മൂര്‍ത്തിമദ്ഭാവമായ ആ അമ്മയും മകനും എന്നെ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തുകയായിരുന്നു.
ജീവിതത്തിന്റെ നടുക്കടലില്‍ മുങ്ങിത്താണു തുടങ്ങിയ ഒരു ചെറു തോണിയിലെ ഏകയായ യാത്രക്കാരിയായിരുന്നു ഞാന്‍. എന്നാല്‍ മുങ്ങിത്താഴും മുമ്പേ എന്നെ കൈപിടിച്ചു കയറ്റാന്‍ എന്റെ രക്ഷകരായെത്തു കയായിരുന്നു ആ അമ്മയും മകനും. പിന്നെ ഇപ്പോള്‍ ഫഹദ്‌സാറും. അവരോടുള്ള നന്ദി വാക്കുകള്‍ക്കതീതമാണ്.
ഞാന്‍ പെറ്റു വളര്‍ത്തിയ പൊന്നുമകള്‍ എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍, ജീവിതത്തിന്റെ ഇരുള്‍ നിറഞ്ഞ വഴിത്താരയില്‍ പ്രകാശത്തിന്റെ കൈത്തിരിനാളവുമായി അവര്‍ മൂവരും നടന്നെത്തി. ഇന്നവര്‍ എനിക്ക് താങ്ങും തണലുമാണ്. മുന്നോട്ടുള്ള ഓരോ അടിവയ്പിലും വഴികാട്ടികളാണ്…
ഇന്നിപ്പോള്‍ കുരുടനു കാഴ്ച പോലെ ഞാനാ കൈകളില്‍ പിടിച്ച് മുന്നോട്ടു നടന്നു തുടങ്ങിയിരിക്കുന്നു. ഇനിയും ഈ കരങ്ങളിലെ അഭയം അതും ഈശ്വരന്‍ തട്ടിത്തെറിപ്പിയ്ക്കാതിരുന്നാല്‍ മതിയായിരുന്നു. എന്നെ ഒറ്റയ്ക്കാക്കി പീഡിപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു…
എന്നാല്‍ അപ്പോള്‍ത്തന്നെ ഈശ്വരന്‍ കരുണാമയനാണല്ലോ എന്നോര്‍ത്തു.
ഫഹദ്‌സാറുമൊത്തുള്ള ഒരു ജീവിതം വീണ്ടുമൊരിയ്ക്കല്‍ കൂടി സാധ്യമാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നതല്ല. എന്നിട്ടും ഈശ്വരന്‍ അദ്ദേഹത്തെ കണ്മുന്നില്‍ക്കൊണ്ടുവന്നു തന്നു.
ഫഹദ്‌സാറിന്റെ സ്‌നേഹം ,വറ്റാത്ത പാല്‍ക്കടലാണ്. ഇത്രകാലങ്ങള്‍ക്കു ശേഷവും അതിലെ ഉറവ വറ്റിയിട്ടി ല്ലെന്നറിയുമ്പോള്‍ അദ്ഭുതം തോന്നുന്നു.
ഈശ്വര സൃഷ്ടികളില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ആത്മാര്‍ത്ഥതയുടെ പ്രതിരൂപമാണദ്ദേഹം. ഒരു യഥാര്‍തത്ഥ മനുഷ്യന്‍…
മനസ്സ് ചിന്തകളുടെ ലോകത്ത് വിഹരിക്കുമ്പോള്‍ അടുത്തെവിടെയോ ക്ലോക്കില്‍ അലാറം അടിക്കുന്നതു കേട്ടു. ജനലിലൂടെ പുറത്തേയ്ക്കു നോക്കിയപ്പോള്‍ പുലരിയുടെ ആദ്യതുടിപ്പുകള്‍ കിഴക്കു ദിക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു കണ്ടു.
(തുടരും)








