ആംബര്‍ പട്ടികയും, പിസിആര്‍ ടെസ്റ്റുകളും പിന്‍വലിച്ച് യുകെ; ഇന്ത്യയുടെ വാക്‌സിനുകളെ അംഗീകരിക്കുന്നതില്‍ അവ്യക്തത

Facebook
Twitter
WhatsApp
Email

ലണ്ടന്‍: അന്താരാഷ്ട്ര യാത്രകള്‍ക്ക് വഴിയൊരുക്കി ആംബര്‍ പട്ടികയും, പിസിആര്‍ ടെസ്റ്റുകളും പിന്‍വലിച്ച് യുകെ. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് യാത്രക്ക് മുന്‍പുള്ള ടെസ്റ്റും, യുകെയില്‍ തിരിച്ചെത്തി രണ്ടാം ദിവസമുള്ള പിസിആര്‍ ടെസ്റ്റും വേണ്ടിവരില്ല. യാത്രകള്‍ക്ക് ചെലവേറുന്ന അവസ്ഥ ഒഴിവാക്കാനുള്ള പദ്ധതികളാണ് ഗ്രാന്റ് ഷാപ്‌സ് പ്രഖ്യാപിച്ചത്. മാറ്റങ്ങള്‍ പുതുവര്‍ഷം വരെ നിലവിലുണ്ടാകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 4 മുതല്‍ ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന് പകരം പോകാന്‍ കഴിയുന്നതും, കഴിയാത്തതുമായ രാജ്യങ്ങളുടെ പട്ടികയാണ് മുന്നോട്ട് വെയ്ക്കുന്നത്. നിലവിലെ ആംബര്‍, ഗ്രീന്‍ പട്ടികകള്‍ കോവിഡ് സുരക്ഷിത രാജ്യങ്ങളായി മാറും. ആംബര്‍ ലിസ്റ്റിലായിരുന്ന ഇന്ത്യ ഇതോടെ ഗ്രീന്‍ ലിസ്റ്റിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

റെഡ് ലിസ്റ്റിലുള്ള 62 രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും എട്ട് രാജ്യങ്ങളെ നീക്കിയിട്ടുണ്ട്. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് ചെലവാക്കി ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ലാതെ യാത്രകള്‍ക്ക് ഇറങ്ങാമെന്നതാണ് ഗുണകരമാകുന്നത്. പിസിആര്‍ ടെസ്റ്റിന് പകരം ചെലവ് കുറഞ്ഞ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റിന് വിധേയമായാല്‍ മതിയാകും. യാത്രകള്‍ക്ക് മുന്‍പുള്ള ടെസ്റ്റും വാക്‌സിനെടുത്തവര്‍ക്ക് ഒഴിവാക്കാം.

ഓസ്‌ട്രേലിയയും, കാനഡയും ഉള്‍പ്പെടെ 17 രാജ്യങ്ങളുടെ ഡബിള്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് യുകെ അംഗീകരിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യയുടെ വാക്‌സിനുകളെ അംഗീകരിക്കാന്‍ ബ്രിട്ടന്‍ ഇനിയും തയാറായിട്ടില്ല. ഇതോടെ ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ യുകെയിലെത്തിയാല്‍ ഇളവുകള്‍ ലഭിക്കാത്ത അവസ്ഥയാണ്.

യുകെയില്‍ വാക്‌സിനെടുത്ത ഇന്ത്യന്‍ വംശജര്‍ക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും. എന്നാല്‍ ഇന്ത്യയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷം യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ യാത്രക്ക് മുന്‍പുള്ള ടെസ്റ്റ് ഫലവും, രണ്ടാം ദിനവും, എട്ടാം ദിനവും ടെസ്റ്റിന് വിധേയമാകണം. കൂടാതെ 2285 പൗണ്ടോളം ചെലവിട്ട് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും വിധേയമാകണം. ഓക്‌സ്‌ഫോര്‍ഡ്, അസ്ട്രാസെനെക വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത് കൊണ്ട് മാത്രം അംഗീകരിക്കാത്ത രീതിമാറ്റുമെന്നാണ് പ്രതീക്ഷ.

About The Author

Leave a Reply

Your email address will not be published. Required fields are marked *