സ്പേസ് എക്സ് ബഹിരാകാശ യാത്രാസംഘം തിരിച്ചെത്തി

Facebook
Twitter
WhatsApp
Email

ന്യൂയോർക്ക് ∙ ഫാൽക്കൺ 9 റോക്കറ്റിൽ, പരമ്പരാഗത ബഹിരാകാശ പരിശീലനം നേടാത്ത ‘സാധാരണക്കാരായ’ യാത്രികരുമായി വ്യാഴാഴ്ച ത്രിദിന യാത്രയ്ക്കു പോയ സ്പേസ് എക്സിന്റെ ഡ്രാഗൺ മൊഡ്യൂൾ വിജയകരമായി തിരിച്ചെത്തി. ഇൻസ്പിരേഷൻ 4 എന്നു പേരിട്ട ദൗത്യത്തിൽ ശതകോടീശ്വരനായ ജാറെദ് ഐസക്മാൻ (38), ശിശുരോഗവിദഗ്ധ ഹെയ്‌ലി അർസിനോ (29), ജിയോസയൻസ് പ്രഫസർ സിയാൻ പ്രോക്റ്റർ (51), യുഎസ് വ്യോമസേനാ മുൻ ഉദ്യോഗസ്ഥൻ ക്രിസ് സെംബ്രോസ്കി (42) എന്നിവരാണു മൂന്നു ദിവസം ബഹിരാകാശത്തു തങ്ങിയശേഷം തിരിച്ചെത്തിയത്.

ഇവരുമായി ഡ്രാഗൺ മൊഡ്യൂൾ ഇന്നലെ പുലർച്ചെയോടെ ഫ്ലോറിഡ തീരത്തിനടുത്തു കടലിൽ വീണു. രണ്ടു ചെറിയതും നാലു വലുതുമായ പാരഷൂട്ടുകളുടെ സഹായത്തോടെയായിരുന്നു തിരിച്ചിറക്കം. കടലിൽ കാത്തുകിടന്ന സ്പേസ് എക്സിന്റെ ബോട്ട്, മൊഡ്യൂളിനെ കടലിൽ നിന്നുയർത്തിയെടുത്തു. തുടർന്ന് പുറത്തിറങ്ങിയ യാത്രികർ വിക്ഷേപണ കേന്ദ്രമായ കെന്നഡി സ്പേസ് സെന്ററിലേക്കു പോയി.

FILES-US-SPACE-TOURISM-INSPIRATION4
ഇൻസ്പിരേഷൻ 4 ദൗത്യത്തിലെ യാത്രികരായ ജാറെദ് ഐസക്മാൻ, ഹെയ്‌ലി അർസിനോ,സിയാൻ പ്രോക്റ്റർ , ക്രിസ് സെംബ്രോസ്കി എന്നിവർ ബഹിരാകാശത്ത് ഡ്രാഗൺ മൊഡ്യൂളിനുള്ളിൽ.

ഭൗമനിരപ്പിൽ നിന്നു 575 കിലോമീറ്റർ ഉയരത്തിലെത്തിയ ഇവർ ശബ്ദത്തിന്റെ 22 മടങ്ങ് വേഗത്തിലാണു ഭൂമിയെ ഭ്രമണം ചെയ്തത്. വെർജിൻ ഗലാക്റ്റിക്, ബ്ലൂ ഒറിജിൻ എന്നീ കമ്പനികൾ തുടക്കമിട്ട ബഹിരാകാശ വിനോദസഞ്ചാര മത്സരത്തിൽ ഇതോടെ സ്പേസ് എക്സും അണിചേർന്നു.

പ്രതിയോഗികളുടെ യാത്രകൾ മിനിറ്റുകൾ മാത്രം നീണ്ട, പരമാവധി 100 കിലോമീറ്റർ വരെ മാത്രം ദൂരം താണ്ടിയവയാണ്. എന്നാൽ സ്പേസ് എക്സിന്റേത് എല്ലാ അർഥത്തിലും ബൃഹത്തായ ബഹിരാകാശ യാത്രയായി. രാജ്യാന്തര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നതിനെക്കാൾ 160 കിലോമീറ്റർ ഉയരത്തിലാണ് ഇൻസ്പിരേഷൻ 4 പേടകമെത്തിയത്.

English Summary: SpaceX return

About The Author

Leave a Reply

Your email address will not be published. Required fields are marked *