(ലാലിമയുടെ കഥകള്‍ എന്ന എന്റെ കഥാസമാഹാരത്തിന് ശ്രീ ഓരനല്ലൂര്‍ ബാബു എഴുതിയ ആസ്വാദനക്കുറിപ്പ്)
കവി, നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയയായ ലാലി രംഗനാഥിന്റെ (ലാലിമ )അഞ്ചാമത്തെ പുസ്തകമാണ് ‘ ലാലിമയുടെ കഥകള്‍ ‘. തൃശൂര്‍ ഐവറി ബുക്സാണിത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിലെ ഓരോ കഥകളും വ്യത്യസ്തങ്ങളായ വായനാനുഭവങ്ങളാണ് വായനക്കാരന് പ്രദാനം ചെയ്യുന്നത്. ഒളിഞ്ഞും തെളിഞ്ഞും കഥാകാരി തന്റെ ജീവിതത്തെയും കഥകളില്‍ ഇഴ പിരിച്ചിരിക്കുന്നതായി സൂക്ഷ്മ വായനയില്‍ ബോധ്യപ്പെടുന്നതാണ്. ഒരര്‍ത്ഥത്തില്‍ കഥയെഴുത്ത് ജീവിതത്തിന്റെ പകര്ത്തെഴുത്തുകളാണല്ലോ?
പുസ്തകത്തിന്റെ ആമുഖത്തില്‍..
‘ സ്വന്തം സ്വപ്നങ്ങളെ താഴോട്ട് പൂട്ടേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതങ്ങളുടെ നേരെ ഴുത്തുകളാണ് തന്റെ കഥകള്‍ ‘എന്ന് കഥാകാരി തന്നെ വ്യക്തമാക്കുന്നുണ്ട്. ‘
സമാഹാരത്തിലെ ആദ്യ കഥയായ ‘ ജന്മാന്തര സന്ധ്യകള്‍, ഒരു പ്രണയദിനത്തില്‍ ജന്മാന്തര പുണ്യം പോലെ എഴുത്തുകാരിയുടെ പ്രണയസങ്കല്പം പുഷ്കലമായി തീരുന്നതായി വായനക്കാരന് അനുഭവവേദ്യമാക്കുന്നു.
കഥയുടെ അവസാനം..
‘കടല്‍ സാക്ഷ്യം വഹിച്ച ഗൗതമിന്റെയും ഗൗരിയുടെയും സംഗമ സന്ധ്യയ്ക്ക് മുജ്ജന്മ സുകൃതത്തിന്റെ പ്രണയത്തുടിപ്പായിരുന്നു’ എന്ന കാവ്യ വരികള്‍ പ്രണയത്തിന്റെ ഉദാത്തമായ അനുഭൂതി വിശേഷമായി അനുവാചകന് അനുഭവപ്പെടും.
കടലും പ്രണയവും എഴുത്തുകാരിയുടെ പ്രിയപ്പെട്ട വിഷയങ്ങളാണ്.
‘ കടലിനെ പ്രണയിച്ചവള്‍’ എന്ന കഥയില്‍ കഥാനായിക പറയുന്നുണ്ട്…
‘ കടലേ… നീ എന്നിലേക്ക് തന്നെ ഒഴുകിക്കൊണ്ടിരിക്കുകയല്ലേ ഇപ്പോഴും? കൂടുതല്‍ ആഴത്തില്‍…കൂടുതല്‍ ഭ്രാന്തമായി…?’
അര പേജിലൊതുക്കുന്ന, എഴുത്തിന്റെ അച്ചടക്കമുള്ള മനോഹരമായ ഒരു
മിനിക്കഥയാണ് ‘ചിലയ്ക്കാത്ത പക്ഷി’. വിരഹം വിഴുങ്ങിയ മനസ്സില്‍ കനലായി സൂക്ഷിക്കുന്ന പ്രണയത്തെ, പക്ഷി എന്ന രൂപകത്തില്‍, മഴയെ പ്രണയബിംബമാക്കി കഥാകൃത്ത് കോറിയിടുന്ന വര്‍ണ്ണ ചിത്രം വായനക്കാരില്‍ ഹൃദയാനുഭൂതി തീര്‍ക്കുന്നു.
സമാഹാരത്തിലെ വ്യത്യസ്തമായ ജീവിതം പറയുന്ന കഥയാണ്
‘ ഋഷികേഷ് എന്ന കര്ഷകന്’.
മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കണമെന്ന സന്ദേശമാണ് ഈ കഥ പങ്കുവെക്കുന്നത്.
എഴുത്തിന്റെ വൈവിധ്യമാണ് ലാലിമയുടെ കഥകള്‍. പ്രമേയത്തിലും ഭാഷയിലും അവതരണത്തിലും കഥകള്‍ വ്യത്യസ്തത പുലര്‍ത്തുന്നു. ഇത് എഴുത്തുകാരിയുടെ രചനയുടെ സവിശേഷതയാണ്.
ഇതിന് ഉദാഹരണങ്ങളാണ് സമാഹാരത്തിലെ മറ്റ് കഥകളായ,
കാര്‍ത്തികവിളക്ക്/ അസ്മിത/ വാടക വീട് തേടുന്നവര്‍ / ജനിമൃതികള്‍ക്കിടയിലെ ഇടനാഴി/ പുനര്ജന്മം തുടങ്ങിയവ.
കൂടാതെ സമാഹാരത്തിലെ രണ്ടാം പകുതിയില്‍ ചേര്‍ത്തിരിക്കുന്ന ‘അമ്മിണിക്കുട്ടിക്കഥകള് ‘കഥാകാരിയുടെ തന്നെ ബാല്യകാല ജീവിതാനുഭവങ്ങളായി വായിക്കാം.’











