LIMA WORLD LIBRARY

അധ്യാപകരുടെ വിലപ്പെട്ട സ്നേഹ സമ്മാനം – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

നമ്മുടെ  സാമൂഹ്യ വ്യവസ്ഥിതിയെ, മാനവികതയെ ഉഴുതുമറിക്കാനുള്ള പ്രേരകശക്തികളായിട്ടാണ് ഭരണത്തില്‍ വരുന്ന പല തീവ്രവാദ ശക്തികള്‍ ശ്രമിക്കാറുള്ളത്. ഈ ബുദ്ധി ശൂന്യരെ പാര്‍ട്ടി അടിമകള്‍ വിളിക്കുന്നത്  മുത്തുമാണിക്യം എന്ന പേരിലാണ്. അറിവില്‍ ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ട അധ്യാപകര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍പോലെ കഞ്ചാവ് കച്ചവടക്കാരും, കൃഷിക്കാരുമായി മാറുന്നത് കുട്ടികളെ നരകത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ ‘ഓപ്പറേഷന്‍ തുഫാന്‍’ കാക്ക ഓട്ടക്കലത്തില്‍ നോക്കുംപോലെ നോക്കി ചിലരെ പൊക്കുന്നു. അദ്ദേഹം ഒരു കപട ആഭ്യന്തര മന്ത്രിയ ല്ലെന്നും, അതില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ വേണ്ടെന്നും, അപായകരമായ കഞ്ചാവ് മയക്കു മരുന്ന് ഭാവി തലമുറയെ തകര്‍ക്കുമെന്നും തിരിച്ചറിഞ്ഞു. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. വന്‍സ്രാവുകള്‍ ഈ രംഗത്തുള്ളത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു് കണ്ടതാണ്. എവിടെ മയക്ക്മരുന്ന് കച്ചവടമുണ്ടോ, അറസ്റ്റ് നടക്കുന്നുണ്ടോ അവിടെയെല്ലാം അധികാരത്തിലുള്ള വരുടെ പങ്ക് വെളിപ്പെടുന്നു. കാക്കക്കണ്ണുള്ള തുഫാന്‍ കാക്കകള്‍ വഴികാണിച്ചത് തീട്ടക്കുഴിയിലേ ക്കെന്നത് ഈ ലഹരി ഭീകരവാദികളായ അധ്യാപകര്‍ തിരിച്ചറിഞ്ഞില്ല. അധികാരത്തിന്റെ ഇടനാഴികളിലൂടെ അഴിമതി നടത്തി പിന്‍വാതിലിലൂടെ പലവകുപ്പുകളില്‍ കടന്നുകൂടിയവര്‍ ധാരാള മാണ്. കഴുത കുളിച്ചാല്‍ കുതിരയാകുമോ?

പുകഴ്ത്തുന്നവന് ധാരാളം വാഴ്ത്തുപാട്ടുകാരെ കിട്ടും. സത്യം പറയുന്നവന് ശത്രുക്കളെ കിട്ടും എന്നതുപോലെ അഴിമതി വീരന്മാരായ ചില രാഷ്ട്രീയ പ്രമാണിമാര്‍ ഇപ്പോള്‍ ആഭ്യന്തര വകുപ്പിനെതിരെ ഒളിയമ്പുകള്‍ തലയില്ലാത്ത സോഷ്യല്‍ മീഡിയ വഴി നടത്തുന്നുണ്ട്. കള്ളക്കഥകള്‍ പ്രചരിപ്പിച്ചു് ആള്‍ക്കാരുടെ എണ്ണം കൂട്ടി സമ്പാദനം നടത്താനെ സാധിക്കു. സത്യം മൂടി വെക്കാനാവില്ല. ഈ കൂട്ടര്‍ അറിയേണ്ടത് പാപത്തിന് പ്രതിഫലം പാതാളമാണ്. മുഖം നോക്കാതെ നടപടി എടുക്കുന്നവരാണ് നല്ല ഭരണാധിപന്മാര്‍.

നമ്മള്‍ സാമൂഹ്യ രംഗത്ത് കാണുന്ന കാഴ്ചയല്ലേ ഒരു പണിയും ചെയ്യാതെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ ശീതീകരിച്ച മുറിയിലിരുന്ന് ആര്‍ഭാട ജീവിതവും ധൂര്‍ത്തും, ആജ്ഞകള്‍ പുറപ്പെടുവിച്ചു് അഴിമതി നടത്തി ഒരു ജനതയെ അന്ധകാരത്തിലേക്ക് നടത്തുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവല്ലേ വടകരയില്‍ മൂന്ന് അധ്യാപികമാരെ  മാരകമായ എം ഡി എം എ  കച്ചവടം നടത്തി കോടികള്‍ സമ്പാദിച്ചതിന് സമര്‍ത്ഥരായ പോലീസുകള്‍ പിടികൂടിയത്. മറ്റ് അധ്യാപകര്‍ക്ക് ഇത് എത്ര അപമാനമാണ് വരുത്തിയത്. ഇങ്ങനെയുള്ള ഭീകരജീവികളെ കേരളത്തിലെ എല്ലാം രംഗത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതുപോലുള്ള നിയമനങ്ങള്‍ നടക്കുന്നത് കേരള ജനത കാണുന്നില്ലേ? ലഹരി വില്പനയിലൂടെ സമ്പത്തുണ്ടാക്കുന്ന രാഷ്ട്രീയ കഞ്ചാവ് മാഫിയ തലവന്മാരിലേക്ക് അന്വേഷണം എന്തുകൊണ്ട് പോകുന്നില്ല?

അധ്യാപക ജോലി മഹനീയവും ഉന്നതവുമായ ഒരു തൊഴില്‍ മേഖലയാണ്. അതിനെ നീചമായി വളച്ചൊടിച്ചു് വിദ്യാഭ്യാസ കച്ചവടക്കാരും സര്‍ക്കാരുകളും അഴിമതി നടത്തി മത രാഷ്ട്രീയ സംസ്‌കാരമാക്കി തകിടം മറിച്ചിട്ട് അരനൂറ്റാണ്ടായി. തന്‍മൂലം പൊതുവിദ്യാഭ്യാസത്തിന്റെ അന്തസത്ത, ഗുണമേന്മ നഷ്ടപ്പെട്ടു. ഇപ്പോഴും കുട്ടികള്‍ കാണാപ്പാഠം പഠിച്ചാണ് പരീക്ഷകള്‍ എഴുതുന്നത്. ലൈബ്രറികള്‍ അവര്‍ക്ക് കാഴ്ച്ചവസ്തുക്കളാണ്. വിവിധ വിഷയങ്ങളില്‍ ശില്പശാലകളില്ല. ആര്‍ട്ട് ഗാലറികള്‍, മ്യൂസിയങ്ങള്‍, കലാസാഹിത്യ ശാസ്ത്ര രംഗത്തുള്ളവരുടെ സന്ദര്‍ശന കേന്ദ്രങ്ങളില്ല.കേരള സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ ആധുനിക പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടില്ല. അവരുടെ പരിഷ്‌കാരത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് സ്‌കൂള്‍, കോളേ ജുകളില്‍ എങ്ങനെ രാഷ്ട്രീയ വിദ്യാര്‍ത്ഥി അധ്യാപക സംഘടനകള്‍ ഉണ്ടാക്കാം, സമരം നടത്താം, അധ്യാപകരെ അപമാനിക്കാം തുടങ്ങിയ കലാപരിപാടികളാണ്. വര്‍ഷാവസാനം ഒരു കലോത്സവം, ഉല്ലാസ യാത്രയും നടത്തും. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടുകയും ചെയ്യും.

പേരിനായി ലൈബ്രറിയുണ്ട്. എത്ര കുട്ടികള്‍ വായിക്കുന്നു? അതിലെ കൗതുകം മിക്ക പാഠപുസ്തകങ്ങളും രാഷ്ട്രീയ എഴുത്തുകാരുടേതാണ്. പാഠ്യപുസ്തകങ്ങളില്‍ മനുഷ്യരെ തകര്‍ക്കുന്ന മദ്യലഹരി വസ്തുക്കളെപ്പറ്റി പഠിപ്പിക്കേണ്ടതല്ലേ? വിദ്യാഭ്യാസ രംഗത്തുള്ളവര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നില്ല? തൊഴില്‍ കൊടുക്കേണ്ട പി.എസ്. സിയില്‍ വരെ അഴിമതി വീരന്മാരായ രാഷ്ട്രീയ പാണന്മാരെ കുത്തിനിറച്ചു ഉദ്യോഗാര്‍ഥികളുടെ ഭാവി തകര്‍ക്കുന്നു. ഇതുപോലുള്ള വെള്ളാനകളെ പിരിച്ചു വിടേണ്ടതല്ലേ? വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അരാഷ്ട്രീയം മൂലം ബുദ്ധിശക്തിയുള്ള കുട്ടികള്‍ നാട് വിടുന്നു. സ്വന്തം കുട്ടികള്‍ നേരിടുന്ന പഠന ഗുണനിലവാരം രക്ഷിതാക്കള്‍പോലും ഗൗരവമായി കാണുന്നില്ല. കലാ സാഹിത്യമെന്നല്ല ഏത് വകുപ്പെടുത്താലും അവിടെയെല്ലാം അയോഗ്യരെ യോഗ്യരാക്കുന്നു. മുന്‍പ് പഠിച്ചു പോയവരൊക്ക ഇന്നത്തെ രാഷ്ട്രീയ വിദ്യാഭ്യാസ ഭീകരതയില്‍ നിന്ന് രക്ഷപ്പെട്ട ഭാഗ്യശാലികളാണ്. കേരളം നേരിടുന്ന ഈ അഴിമതി ചൂഷണ വിദ്യാഭ്യാസ സാംസ്‌കാ രിക ദുരന്തം അവസാനിപ്പിക്കേണ്ടത് ഭരിക്കുന്ന സര്‍ക്കാരിന്റെ കടമയും കര്‍ത്തവ്യവുമാണ്. കേരളത്തെ ഒരു ലഹരിമുക്ത ദേശമായി കാണാന്‍ പറ്റുമോ അതോ ഇതെല്ലാം കയ്യടി വാങ്ങാനുള്ള പ്രഹസനമോ?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts