പള്ളിക്കാര്യം അങ്ങ് പള്ളീൽപ്പറഞ്ഞാ മതി – എം രാജീവ് കുമാർ

Facebook
Twitter
WhatsApp
Email
പേട്ടയിൽ ഒരു കുരിശു പള്ളിക്ക് അനുവാദം ചോദിച്ചു കൊണ്ട് രാജാവിന് ആദ്യമായി അപേക്ഷ നൽകിയത് അന്ന് കുന്നുകുഴിയിൽ താമസമായിരുന്ന സാക്ഷാൽ ഡിലെനോയിയുടെ ഭാര്യയാണ്. ഡിലെനോയിയെ അറിയില്ലേ? 1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയും രാമയ്യനും കൂടി പിടിച്ചു കെട്ടി തിരുവിതാംകൂറിന്റെ സൈന്യാധിപനാക്കിയ ഡച്ച് കപ്പിത്താൻ ഡിലനോയി!

പാളയം എൽ.എം.എസിൽ കല്ലുകൊണ്ട് നിർമ്മിച്ച പുരാതനമായൊരു പള്ളിയുണ്ട്. സിനിമാ നടൻ സത്യനെ അടക്കം ചെയ്ത പള്ളി. സി.എസ്.ഐ ദക്ഷിണ ഇടവകപ്പള്ളി. എം എം. ചർച്ച് എന്ന പേരിലാണ് അറിയപ്പെടുന്നത്. പണ്ട് ദിവാൻ ഭരണകാലത്ത് വാട്ട്സ് പതിച്ചു കൊടുത്ത സ്ഥലമാണ്. സൗകര്യവും പണവും കൂടിയപ്പോൾ ബിഷപ്പിന്റെ അധികാര പരിധിയിൽ കൊണ്ടുവരണമെന്ന് സഭയങ്ങ് തീരുമാനിച്ചു. പള്ളിക്കമ്മറ്റി പിരിച്ചു വിട്ട് ഭരണം റസാലം തിരുമേനി അങ്ങ് ഏറ്റെടുത്തു. ബുൾഡോസറെങ്കിൽ ബുൾഡോസർ, അതിറക്കി കൂടിവയ്പുകൾ അങ്ങ് നിരത്തി. അത്രേയുള്ളൂ. കുറെക്കാലമായി അവിടെ വഴിയാത്രക്കാർക്കു കാണാമായിരുന്നു കത്തീഡ്രലിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. കത്തീഡ്രലെന്നാൽ ബിഷപ്പ് നേരിട്ട് വന്ന് ആരാധന നടത്തും. അല്ലാത്ത ചർച്ചുകളിൽ വേറെ വൈദികരായിരിക്കും ആരാധന നടത്തുന്നത്. കാര്യം നിയമപരണെങ്കിലും അങ്ങനെയങ്ങ് പള്ളി വിട്ടുകൊടുക്കാൻ പറ്റുമോ എന്നാണ് പഴയ പള്ളിക്കമ്മറ്റിയും വിശ്വാസികളും കരുതുന്നത്. അതിന്റെ വിശദകഥ പറയുന്നതിനു മുമ്പ് തിരുവനന്തപുരത്തെ ക്രിസ്ത്യൻ പള്ളികളുടെ ചരിത്രം നോക്കുന്നതു തന്നെ രസകരമാണ്.

ചങ്ങനാശ്ശേരി ബിഷപ്പിന്റെ കീഴിലുള്ള മദ്ധ്യകേരള സി.എസ്.ഐ. ചർച്ചാണ് ഫൈൻ ആർട്ട്സ് കോളേജിന് എതിരെയുള്ള ക്രൈസ്റ്റ് ചർച്ച്. നാടാന്മാരുടെ പള്ളി പോലല്ല. നല്ല ഡീസന്റ് പള്ളി. നഗരത്തിലെ പഴക്കമേറിയ പുരാതനമായ പള്ളിയാണത്. പാളയത്തുണ്ടായിരുന്ന കർണാട്ടിക് ബ്രിഗേഡിലെ ഇംഗ്ലീഷുകാരായ പട്ടാളക്കാർക്കു വേണ്ടിയാണ് പള്ളി ആരംഭിച്ചത്. അങ്ങനെ കയറി ആർക്കും പള്ളി പണിയാനൊന്നും പറ്റുമായിരുന്നില്ല. പൊന്നുതമ്പുരാന്റെ അനുമതി വേണം. പൊന്നുതമ്പുരാനെ പൊക്കി വിട്ടാൽ കോണകം വരെ അഴിച്ചു കൊടുക്കും അതായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ. കേണൽ ഫൗൺസും ഡോ. വാറിണ്ടും ചേർന്നാണ് പള്ളിക്ക് അനുവാദത്തിന് അപേക്ഷയുമായി കൊട്ടാരത്തിൽ പോയത്.

1859 നവംബർ 15 നാണ് പൂർണ്ണരൂപത്തിൽ പള്ളി നിർമ്മിച്ച് പ്രാർഥന തുടങ്ങിയത്. എന്നാൽ അതിനും മുമ്പ് 1814 ഒക്ടോബർ 6-ാം തീയതി അടക്കം ചെയ്തത നായർ ബ്രിഗേഡിന്റെ കമാന്റർ ഹെൻട്രിക്ക് ഡിക്സന്റെ ശവകുടീരം അവിടുണ്ട്. അപ്പോൾ പള്ളി പണിയും മുമ്പേ കുരിശു വച്ച് പ്രാർഥന തുടങ്ങിയിരുന്നു. എങ്ങനെ തുടങ്ങാതിരിക്കും പള്ളിക്ക് എതിരെ  ഇപ്പോഴത്തെ പുതിയ സെക്രട്ടേറിയറ്റ് നില്ക്കുന്ന ഭാഗത്ത് പണ്ട് വ്യാപിച്ചു കിടക്കുകയായിരുന്നല്ലോ പഴയ പട്ടാളക്യാമ്പ്. പട്ടാളം വന്നപ്പോൾ മുതൽ ആരാധനയും തുടങ്ങിക്കാണും.

1837 ൽ പള്ളി പണിയാൽ പദ്ധതിയിട്ടെങ്കിലും രണ്ട് പതിറ്റാണ്ടു കഴിയഞ്ഞേ പണി ആരംഭിച്ചുള്ളൂ. ജനറൽ കല്ലനാണ് തറക്കല്ലിട്ടത്. ഉത്രം തിരുനാൾ മഹാരാജാവിന്റെ കാലമാണ്. പള്ളിക്കാവശ്യമായ ഭൂമി സർക്കാർ നൽകി. കുറെക്കൂടി താഴ്മയോടെ ആവശ്യക്കാർ  നിന്നപ്പോൾ രജിസ്ടേഷൻ നികുതിയും രാജാവ് ഒഴിവാക്കി. ഹെൻട്രി ഹോർസിലിക്കായിരുന്നു എഞ്ചിനീയർ. പിൽക്കാലത്ത് നമ്മുടെ ലോറി ബേക്കർ കൈവച്ചപ്പോൾ പള്ളിക്ക് ഒരെടുപ്പും നടപ്പും കിട്ടി. കൽക്കട്ട മെട്രോപോളിറ്റൻ ബിഷപ്പിന്റെ നിയന്ത്രണത്തിലായിരുന്നു മുമ്പ്. മദ്ധ്യ കേരള സി.എസ്.ഐ. ബിഷപ്പിന്റെ കീഴിലാണിപ്പോൾ. കത്തീഡ്രലങ്ങ് ചങ്ങനാശ്ശേരിയിലും.

എന്നാൽ തിരുവനന്തപുരം പട്ടണത്തിലെ ആദ്യത്തെ റോമൻ കത്തോലിക്ക ദേവാലയത്തിന്റെ കഥ വേറെയാണ്. പേട്ടയിലെ സെന്റ് ആൻസ് ദേവാലയത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. വലിയതുറപ്പള്ളിയാണ് ആദ്യത്തെ പള്ളി. അതു കഥ വേറെ.

പേട്ടയിൽ ഒരു കുരിശു പള്ളിക്ക് അനുവാദം ചോദിച്ചു കൊണ്ട് രാജാവിന് ആദ്യമായി അപേക്ഷ നൽകിയത് അന്ന് കുന്നുകുഴിയിൽ താമസമായിരുന്ന സാക്ഷാൽ ഡിലെനോയിയുടെ ഭാര്യയാണ്. ഡിലെനോയിയെ അറിയില്ലേ? 1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയും രാമയ്യനും കൂടി പിടിച്ചു കെട്ടി തിരുവിതാംകൂറിന്റെ സൈന്യാധിപനാക്കിയ ഡച്ച് കപ്പിത്താൻ ഡിലനോയി! ഡിലെനോയിയെ വച്ചല്ലേ കളിച്ചതു മുഴുവനും. അദ്ദേഹത്തിന്റെ ഭാര്യക്ക് ആരാധനക്ക് പള്ളി വേണമെന്നു പറഞ്ഞാൽ അത് നടത്തിക്കൊടുക്കാതിരിക്കുമോ! എങ്കിലും ആദ്യം ഒരു സംശയം വന്നു. പാരകൾ!പത്മനാഭ സ്വാമി ക്ഷേത്ര പരിധിയായ നെല്ലമൺ അധികാരാതിർത്തിയിലുള്ള പേട്ടയിൽ ഒരു കുരിശു പള്ളിയോ?! എതിർപ്പോടെതിർപ്പ്. രാജ്യവുണ്ടോ കുലുങ്ങുന്നു.

തിരുവിതാംകൂർ സൈന്യാധിപന്റെ ഭാര്യയുടെ അപേക്ഷയായതുകൊണ്ട് മാത്രം കുരിശു വയ്ക്കാൻ അനുമതി നൽകി. പിന്നീട് അത് വളർന്ന് പാളയത്തെ പോലീസ് സ്റ്റേഡിയത്തിനും എം.എൽ.എ. ക്വാർട്ടേഴ്സിനും സെക്രട്ടേറിയറ്റിനും ഒക്കെ കൈയ്യുയർത്തി സമാധാനവും ശാന്തിയും നേരുന്ന, ഇറ്റലിയിൽ നിന്നുകൊണ്ടുവന്ന ക്രിസ്തുവിനെ കയറ്റി നിർത്തിയ പാളയം പള്ളിയായി മാറി. ആ പാളയം പള്ളിയിലല്ല പ്രശ്നം.

നമ്മുടെ എൽ.എം.എസിലെ പള്ളിയിലാണിപ്പോൾ സൗന്ദര്യപ്പിണക്കം. ആദ്യം ആരാധനക്കായി കുരിശു വച്ച് കയറിയ ഇടങ്ങളിൽ സ്വത്തും പണവും അങ്ങ് കുമിഞ്ഞുകയറുമ്പോൾ പ്രശ്നമാവത്തില്ലേ? പിന്നെ സഭയുടെ തലവൻ ബിഷപ്പെന്തിന് പട്ട് കുപ്പായമിട്ട് അരമനയിലിരിക്കുന്നു. മൂക്കിൻ തുമ്പത്ത് അധികാരമില്ലാതെ ഇങ്ങനെ നോക്കിയിരിക്കുമോ? പോരങ്കിൽ നാടാർ രക്തം സിരകളിലിരമ്പുമ്പോൾ. വെട്ടൊന്ന് മുറി രണ്ട്. പള്ളിക്കാര്യം അങ്ങ് പള്ളിപ്പറഞ്ഞാ മതി!

ഏത് ദേവാലയങ്ങളുടേയും സ്ഥിതി ഇതാണ്. നമ്മുടെ ആറ്റുകാലമ്പലം ദേവസ്വം ബോർഡ് ഒന്ന് തൊട്ടു നോക്കട്ടെ. ചർച്ച്, കത്തീഡ്രലായതിന്റെ വികാരമറിയും! ഒരുവികാരിയില്ലാതെ തന്നെ!

About The Author

Leave a Reply

Your email address will not be published. Required fields are marked *