LIMA WORLD LIBRARY

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -22 രാത്രിമഞ്ജരി | കാരൂർ സോമൻ

പത്രത്തില്‍ കിരണിന്‍റെ ഫോട്ടോയും വാര്‍ത്തയും കണ്ട് കരുണ്‍ അന്ധാളിച്ചു. അവന്‍ വാര്‍ത്തയിലേക്ക് കണ്ണുകളോടിച്ചു. തലസ്ഥാനനഗരമായ ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ ഏറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ഉന്നത വ്യവസായിയുടെ മകന്‍ ബന്‍സലിനെ, കാമുകിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ കിരണ്‍ അറസ്റ്റ് ചെയ്യുന്നത്. അവിടുത്തെ നിശ്ശാക്ലബ്ബുകളില്‍ സമ്പന്നരുടെ മക്കള്‍ ഒത്തുകൂടുക പതിവാണ്. സുന്ദരിമാര്‍ക്കൊപ്പം ഭരണത്തിലിരിക്കുന്നവരുടെ മക്കളുമുണ്ടാകും. ധാരാളം ആഡംബരസാധനങ്ങള്‍ വാങ്ങിക്കൊടുക്കും.
വന്‍തുകകള്‍ വാഗ്ദാനം ചെയ്തുമാണ് ബോംബെയില്‍ നിന്നുവരെ നടിമാരെ ഇവിടുത്തെ നിശാക്ലബുകളില്‍ എത്തിക്കുന്നത്. വിമാനടിക്കറ്റു കൊടുത്തുവരുന്നത് വ്യവസായിയുടെ മക്കളും ഭരണത്തിലുള്ളവരുടെ മക്കളും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടുകളില്‍ ചിലവഴിച്ചിരുന്ന പണം അഴിമതിയില്‍ നിന്നുണ്ടാക്കുന്നതാണ്. ലക്ഷക്കണക്കിന് പന്തയം വച്ചാണ് ചീട്ടുകളി നടക്കുന്നത്. പൊലീസിന് അവിടേക്ക് പ്രവേശനമില്ല. ആവശ്യത്തിനുള്ള തോക്കുധാരികളായ അംഗരക്ഷകര്‍ അവര്‍ക്കുതന്നെയുണ്ട്. കാമുകന്‍റെ വേഷമണിഞ്ഞ് വിദ്യാസമ്പന്നയായ ഒരു സുന്ദരിയെയാണ് നിശാക്ലബില്‍ കൊണ്ടുവന്ന് ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നത്.
നിശാക്ലബിലുളളവര്‍ക്ക് പങ്കുണ്ടെന്ന് അറിവുള്ളതുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറാന്‍ സമ്മര്‍ദ്ദമുണ്ടായത്. അതിനെ പ്രതിരോധക്കാനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭരണത്തിലുള്ളവര്‍ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു ഒരിക്കലും കുറ്റവാളിയെ കണ്ടെത്തുകയില്ലെന്ന്. ഈ കേസിന്‍റെ ചുമതല കിരനെ ഏല്‍പ്പിച്ചതും അതേ വിശ്വാസത്തിലാണ്. ഒരു മലയാളിപ്പെണ്ണ് കുറ്റവാളിയെ കണ്ടെത്തില്ലെന്ന് അവര്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. നിശാക്ലബുകളില്‍ കടന്നുകൂടുക അത്ര എളുപ്പമല്ലെന്ന് കിരണ്‍ മനസ്സിലാക്കിയിട്ടാണ് മോട്ടോര്‍ സൈക്കിള്‍ ബന്‍സലിന്‍റെ കാറിലിടിച്ച് പരിക്കുണ്ടാക്കിയതും അബോധാവസ്ഥിലെന്ന് അഭിനയിച്ച് റോഡില്‍ കിടന്നപ്പോള്‍ ബന്‍സലും വഴിയാത്രക്കാരും ചേര്‍ന്നാണ് ബന്‍സലിന്‍റെ ആഡംബരക്കാറില്‍ ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീവ്രവിഭാഗത്തിലെത്തിച്ചതും.
ആശുപത്രിയില്‍ മൂന്നു ദിവസം കിടന്നു. ബന്‍സല്‍ നിത്യവും കിരണിനെ സന്ദര്‍ശിച്ചത് പൂക്കളുമായിട്ടാണ്. അവളില്‍ അവന്‍ മെല്ലെ അനുരക്തനാകുകയായിരുന്നു. അവളുടെ സൗന്ദര്യത്തില്‍ അവന്‍ മയങ്ങുകയായിരുന്നു. അവളോട് കൂടുതല്‍ സംസാരിക്കാന്‍ സമയം കണ്ടെത്തി. നിശാക്ലബുകളില്‍ അവനൊപ്പം പോയിരുന്ന് കാപ്പി കുടിച്ചു. ആഡംബരം നിറഞ്ഞ വസ്ത്രങ്ങളിലേക്ക് അവന്‍റെ കണ്ണുകള്‍ പാഞ്ഞുചെന്നു. കഴുത്തിലണിഞ്ഞ സ്വര്‍ണ്ണമാല പോലെ അവന്‍റെ മുഖവും പ്രകാശമാനമായി. അവളുടെ ചഞ്ചലമിഴികളില്‍ കാമാവേശത്തോടെ നോക്കി. അവളും അനുരാഗവിവശയെപ്പോലെ ഇടപെടുക മാത്രമല്ല അവന്‍റെ ഓരോ ചലനങ്ങളും വളരെ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടുമിരുന്നു.
മയക്കുമരുന്നും മദ്യവും ബന്‍സലിന്‍റെ ദൗര്‍ബല്യങ്ങളായിരുന്നു. അത് കഴിച്ചിരിക്കുമ്പോഴൊക്കെ ധാരാളം ചോദ്യങ്ങള്‍ ചോദിക്കുകയും അതൊക്കെ അവള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അവളുടെ മധുരവാക്കുകള്‍ അവന് എന്തെന്നില്ലാത്ത ആനന്ദം പകര്‍ന്നു. അവനിലൂടെ കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമമാണവള്‍ നടത്തിയത്. കൊലപാതകി മുന്നില്‍ത്തന്നെയെന്നവള്‍ മനസ്സിലാക്കി. മാസത്തിനുള്ളില്‍തന്നെ അവന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി.
മറുപടി കൊടുക്കാന്‍ അവള്‍ അല്‍പ്പം പോലും ആലോചിച്ചില്ല, “എനിക്ക് നിന്നെ ഏറെ ഇഷ്ടമാണ്. കുറച്ചു നാള്‍ പ്രണയിച്ചിട്ട് പോരായോ വിവാഹം. എനിക്ക് ആറുമാസത്തെ സമയം വേണം. അല്ലാതെ ഒരു തീരുമാനം പറയാന്‍ പറ്റില്ല.”
അവന്‍ ഉടനടി ചോദിച്ചു. “അതിന് ആറുമാസം എന്തിനാണ്.”
“എനിക്ക് ്നിന്‍റെ സ്വഭാവം പഠിച്ചിട്ട് മാത്രമേ വിവാഹത്തിന് സമ്മതമാണോ അല്ലയോ എന്നത് പറയാനാകൂ. മനസ്സിലായോ?”
അവന്‍ തെല്ല് പരിഭ്രമത്തോടെ നോക്കിയിട്ട് സമ്മതമറിയിച്ചു. എന്നിട്ട് മനസ്സില്‍ പറഞ്ഞു. അതിന് മുമ്പ് എനിക്കാവശ്യം നിന്‍റെ ശരീരമാണ്. ഇതുപോലെ എത്ര മനോഹരമായ ശരീരങ്ങളാണ് എന്‍റെ ഇഷ്ടത്തിന് വിധേയമാക്കിയിട്ടുള്ളത്.
അവന്‍ മദ്യ ഗ്ലാസിലേക്ക് ഊളിയിട്ടുകൊണ്ടിരിക്കെ അവള്‍ ഭാവഭേദമില്ലാതെ ചോദിച്ചു, “എന്തിനാണ് സരിതയെ കൊന്നത്?”
ആ ചോദ്യത്തില്‍ അപ്പോഴൊരു പന്തികേടും അവനു തോന്നിയില്ല.
“കുറ്റബോധം എനിക്കതിലുണ്ട്. അവളെ എനിക്കിഷ്ടമായിരുന്നു. ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ ഹൃദയത്തില്‍ ഒരു നീറ്റലാണുണ്ടായത്. എന്‍റെ നിലപാട് അബോര്‍ഷനായിരുന്നു. അവളൊരിക്കലും അതിന് സമ്മതിക്കില്ലെന്ന് തുറന്നു പറഞ്ഞു. എന്‍റെ വാക്കുകള്‍ക്ക് വിരുദ്ധമായി പോകുന്നവളെ കൊന്നുകളയാന്‍ ഞാനും തീരുമാനിച്ചു.”
വിടര്‍ന്ന കണ്ണുകളോടെയും അമ്പരപ്പോടെയുമാണ് ആ വാക്കുകള്‍ കിരണ്‍ ശ്രവിച്ചത്. മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്ന ബന്‍സലിനോട് ഞാനുടനെ വരാമെന്ന് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. മൊബൈലില്‍ സരിതയുടെ കൊലപാതകിയെ കിട്ടിയെന്ന വാര്‍ത്ത മേലുദ്യോഗസ്ഥരെ അറിയിച്ചു. വാര്‍ത്ത എല്ലായിടത്തേക്കും പരന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി കൊലപാതകിയെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ സരിത കൊലക്കേസിലെ പ്രതിയെ കണ്ടെത്തിയെന്നറിഞ്ഞതില്‍ ക്രൈംബ്രാഞ്ചിനും അതിരറ്റ ആഹ്ലാദം. എത്രയോ സീനിയര്‍മാരായ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച കേസ് പുതിയതായി വന്ന ഒരു പെണ്ണ് കണ്ടുപിടിച്ചതില്‍ അവര്‍ ആശ്ചര്യപ്പെടുകതന്നെ ചെയ്തു.
ബന്‍സല്‍ മദ്യലഹരിയില്‍ നിന്നുണരുമ്പോള്‍ചുറ്റിനും പോലീസുകാരും പത്രക്കാരും ഫോട്ടോഗ്രാഫര്‍മാരുമായിരുന്നു.
വിസ്മയം പൂണ്ട കണ്ണുകളോടെയാണ് കരുണ്‍ പത്രം വായിച്ചത്. കൊലയാളിയെ കണ്ടെത്താന്‍ സ്വീകരിച്ച ഗൂഢമായ അന്വേഷണതന്ത്രം ആദ്യത്തെ കേസിലൂടെ തന്നെ പ്രശസ്തയായിരിക്കുന്നു. സ്വന്തം മാനം തന്നെ അപകടത്തിലാക്കിയാണ് അതില്‍ ഇടപെട്ടത്. ഇന്നവള്‍ക്ക് ഒരു ഭാഗ്യദിനം തന്നെയാണ്.
നിമിഷങ്ങള്‍ക്കുള്ളില്‍ മൊബൈലില്‍ വിളിച്ചു. ഫോണ്‍ തിരക്കിലാണ്. ഉടനടി ടി.വി. ഓണ്‍ ചെയ്തു. ടെലിവിഷനില്‍ അവളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുഖങ്ങള്‍ തെളിഞ്ഞു. ഉടനടി ചാരുംമൂടന്‍ സാറിനെ വിളിച്ചു. അവരും വാര്‍ത്ത കണ്ടുകൊണ്ടിരിക്കയായിരുന്നു. ആരാധനയോടെയാണ് കിരണിനെ എല്ലാവരും ഉറ്റുനോക്കുന്നത്. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ഇവരെപ്പോലുള്ള കുറ്റാന്വേഷകര്‍ ഉണ്ടാകണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഡല്‍ഹിയിലെ ചില ഭരണാധിപന്മാരും വ്യവസായികളും അസ്വസ്ഥരായി മാറിയിരുന്നു. അവര്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല ബന്‍സല്‍ പിടിയിലാകുമെന്ന്. ഇങ്ങനെയുള്ള പോലീസുകാരില്‍ വിശ്വാസമര്‍പ്പിച്ചാല്‍ മഹാന്മാരും മാന്യന്മാരുമായ പലരുടെയും കിടപ്പറ രഹസ്യങ്ങള്‍ പരസ്യമാകുമല്ലോ എന്നവര്‍ ഭയന്നു. മനസ്സിനെ അസ്വസ്ഥമാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കുറ്റവാളിയെ സംരക്ഷിച്ചുകൊണ്ടു നിന്ന ഭരണാധിപന്‍ ചിന്താകുഴപ്പത്തിലായി. അന്വേഷണം തന്‍റെ നേരെ വിരല്‍ ചൂണ്ടുമോ എന്നയാള്‍ ഭയന്നു. പോലീസിന്‍റെ മദ്ധ്യത്തില്‍ കറുത്ത തുണികൊണ്ട് ശിരസും മുഖവും മൂടിനിന്ന ബന്‍സലിനെ ആരും തിരിച്ചറിഞ്ഞില്ല.
സരിത കൊല്ലപ്പെട്ട ദിവസം ഡല്‍ഹിയില്‍ മാധ്യമശ്രദ്ധ വളരെ നേടിയിരുന്നുവെങ്കില്‍ ഇന്നത് ദേശീയ വാര്‍ത്തയായി മാറിയിരിക്കുന്നു. കിരണിനൊപ്പമുള്ള ബന്‍സലിന്‍റെ പലവിധ ചിത്രങ്ങളും സംഭാഷണങ്ങളുമെല്ലാം പോലീസ് കൈമാറി. നിശാക്ലബിന്‍റെ മാനേജരെയും അംഗരക്ഷകരെയും പോലീസ് അറസ്റ്റു ചെയ്തു. പ്രണയബന്ധത്തില്‍ സ്വയം മറുന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് ഇതൊരു താക്കീതും മുന്നറിയിപ്പുമാണ് നല്കുന്നത്. കയ്യിലിരുന്നതും പോയി ഒറ്റാലില്‍ കിടന്നതും പോയി എന്നതാണ് ഈ കൂട്ടര്‍ക്ക് കിട്ടുന്ന പ്രതിഫലം. മാത്രവുമല്ല ചില സന്ദര്‍ഭങ്ങളില്‍ സരിതയ്ക്കു സംഭവിച്ചതുപോലെ ജീവനും നഷ്ടമാകും.
ഈ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകുമെന്ന് കിരണും വിശ്വസിച്ചു. അവളുടെ മനസ്സും ഉണര്‍ന്നു. താനും പ്രണയത്തിന്‍റെ തീവ്രവേദന അനുഭവിക്കുന്ന വ്യക്തിയാണ്. അതൊരിക്കലും കാമുകനുമായി ശരീരം പങ്കു വയ്ക്കുന്നതിലേക്ക് പോയിട്ടില്ല. മൊബൈലിലേക്ക് നോക്കി. ധാരാളം നമ്പരുകള്‍ കണ്ടു. അതില്‍ കരുണുമുണ്ട്. ഉടന്‍ തിരികെ വിളിച്ചു. അവന്‍റെ അഭിനന്ദനത്തിന് നന്ദി പറയുമ്പോള്‍ ആ മുഖം കൂടുതല്‍ തിളങ്ങി. പ്രണയത്തിന്‍റെ ഹൃദയമിടിപ്പ് അവളുടെ വാക്കുകളിലുമുണ്ടായിരുന്നു. പ്രണയം എത്രയോ സുന്ദരമാണ്. സത്യമാണ്. മനസ്സിന് ആനന്ദമുണ്ടാകുന്നതാകണം പ്രണയം അല്ലാതെ ശരീരസുഖത്തിനാകരുത്. സ്ത്രീകളുടെ ശരീരം കൊത്തി നുറുക്കുന്നവനെ ഒരിക്കലും താന്‍ രക്ഷപെടാന്‍ അനുവദിക്കില്ല. അതെന്‍റെ കടമയും ബാധ്യതയുമായി കാണുന്നു. സത്യത്തില്‍ ഇവിടെയാണ് എന്നിലെ ഈശ്വരന്‍ ജീവിക്കുന്നത്. ആ ശക്തി എന്നെ വഴിനടത്തുന്നതായി തോന്നുന്നു. കാമത്തിന്‍റെയും മദ്യലഹരിയുടെയും മയക്കുമരുന്നിന്‍റെയും കുത്തൊഴുക്കില്‍ കഴിയുന്ന ബന്‍സലിന് മുന്നില്‍ പ്രേമത്തിന്‍റെ കനകച്ചിലങ്ക കിലുക്കിയത് അവനെ തകര്‍ക്കാന്‍ തന്നെയായിരുന്നു. സ്ത്രീ സൗന്ദര്യത്തിനു മുന്നില്‍ ഏതൊരു പുരുഷനും കീഴടങ്ങുമെന്ന് ഇതിലൂടെ താന്‍ പഠിച്ചു.
അവള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. “എന്താ നിന്നെ വീഴ്ത്തി നിന്‍റെ അധികാരക്കസേര തെറിപ്പിക്കണോ?”
അവനതിന് മറുപടിയും പറഞ്ഞു. “എന്‍റെ പൊന്നേ ഞാനാര്‍ക്കും ഒരു ഉപദ്രവകാരിയല്ല. അധ്വാനിച്ചു തന്നെയാണ് ഇന്നും ജീവിക്കുന്നത്. വിയര്‍പ്പൊഴുക്കി അധ്വാനിച്ചാണ് ഭക്ഷണം കഴിക്കുന്നത്. അല്ലാതെ സര്‍ക്കാര്‍ ചിലവില്‍ അല്ല.”
ആ സമയം ഉന്നത ഉദ്യോഗസ്ഥര്‍ അവളുടെ അരികിലേക്ക് വന്നു. അവള്‍ കരുണിനോട് പിന്നെ വിളിക്കാമെന്നു പറഞ്ഞ് ഫോണ്‍വച്ചു. വന്നവര്‍ക്ക് വന്ദനം നേര്‍ന്നുകൊണ്ട് വരാന്തയിലുള്ള ചൂരല്‍ കസേരകള്‍ കാണിച്ചിട്ട് ഇരിക്കാന്‍ പറഞ്ഞു.
നമ്മുടെ കുറ്റാന്വേഷണ വകുപ്പുകള്‍ ഭരിക്കുന്നത് നമ്മെ അടക്കി ഭരിക്കുന്നവരാണ്. അതിനാല്‍ ഒരു സമര്‍പ്പണബോധം സ്വന്തം തൊഴിലിനോടും കാട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഇത് എല്ലാ കേസുകളുടെയും കാര്യത്തിലില്ല. ചില സുപ്രധാന കേസുകളിലുള്ള ഭരണാധികാരികളുടെ ഇടപെടല്‍ പല ഉദ്യോഗസ്ഥന്മാരെയും തെറ്റായ മാര്‍ഗ്ഗത്തില്‍ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു. അനുസരിച്ചില്ലെങ്കില്‍ പീഡനങ്ങള്‍ പിന്നാലെ വരും. ഇവിടെ ഒരു വര്‍ഷത്തേക്കാണല്ലോ വന്നിരപിക്കുന്നത്. ലണ്ടനില്‍ പഠിച്ചെത്തിയ ഒരു ഐ.പി,എസ് ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് നമ്മുടെ ഉദ്യോഗസ്ഥന്മാര്‍ക്ക് എല്ലാ ആഴ്ചകളിലും ഓരോ ക്ലാസ്സെടുത്താല്‍ അവരുടെ സ്വാര്‍ത്ഥലോകത്തുനിന്നും കുറെയൊക്കെ മടക്കികൊണ്ടുവരാന്‍ കഴിയും. ഭാഗ്യത്തിന് സിബിഐ ഈ കൂട്ടരുടെ കൂടാരത്തില്‍ നിന്ന് സ്വതന്ത്രമായി. മറ്റുള്ള വകുപ്പുകള്‍ക്ക് ബോധവത്ക്കരണം അത്യാവശ്യമാണ്.
ഒരു കുറ്റവാളിയെ കുറ്റവിമുക്തനാക്കാന്‍ നമ്മുടെ പോലീസ് സംവിധാനത്തിന് കഴിയും സത്യത്തില്‍ അത് അന്യായനവും ഖേദകരവുമാണ്. മുറിവേറ്റവന്‍റെ മുറിവുണക്കാനാണന് കിരണിനെപ്പോലുള്ളവര്‍ ശ്രമിക്കുന്നത്. തുറന്നു പറഞ്ഞാല്‍ പല കേസുകളിലും അനിശ്ചിതവും അനീതിയുമാണ് നടക്കുന്നത്. യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിച്ചെല്ലാനും നിര്‍ണ്ണായകമായ തീരുമാനങ്ങളെടുക്കാനും കേസുകളുടെ ഡറി വകുപ്പുകളില്‍ വെട്ടലും തിരുത്തലും വരാതിരിക്കാനുള്ള പുതിയ ഒരു കാഴ്ചപ്പാടുകളിലൂടെ സഞ്ചരിക്കുവാന്‍ കിരണിന്‍റെ ക്ലാസ്സുകള്‍ പ്രചോദനം നല്കുമെന്നാണ് ഞങ്ങള്‍ പ്രത്യാശിക്കുന്നത്. അത് നല്ലൊരു അവസരമായി കണ്ട് അതിനവള്‍ സമ്മതമറിയിച്ചു. അവര്‍ നന്ദിയറിയിച്ചിട്ട് സന്തോഷപൂര്‍വ്വം മടങ്ങിപ്പോയി. അവള്‍ ഉടനടി മമ്മിയെ ഫോണില്‍ ബന്ധപ്പെട്ടു. ഓമനയമ്മയുടെ സ്വപ്നം പൂവണിഞ്ഞു. ഓമന കാര്യമെന്തന്നറിയാതെ പകച്ചുനോക്കി. അവള്‍ വീണ്ടും പറഞ്ഞു. ഓമനയമ്മയ്ക്ക് വലിയൊരു ആഗ്രഹമായിരുന്നില്ലേ മകള്‍ ഒരു ലക്ചറര്‍ ആയി കാണണമെന്ന് അതിവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നു. എന്‍റെ ലക്ചര്‍ പിള്ളാര്‍ക്കല്ല എന്ന് മാത്രം. എന്‍റെ ഒപ്പം ജോലി ചെയ്യുന്ന ഓഫീസര്‍മാര്‍ക്കാണ്. ഇവിടുത്തെ അധികാരികളുടെ കുരുക്കില്‍നിന്ന് അവരെ രക്ഷപെടുത്തണം. അതുമല്ല ഇരയ്ക്ക് നീതിയും ലഭിക്കണം.
എന്തായാലും ഓമനയമ്മയുടെ നിത്യപ്രാര്‍ത്ഥനയില്‍ ഈ അപേക്ഷകൂടിയൊന്ന് സമര്‍പ്പിക്കുക. എല്ലാം കേട്ടുകൊണ്ടിരുന്ന ചാരുംമൂടന്‍ മകളെ അഭിനന്ദിച്ചു. ആ കൂട്ടത്തില്‍ പറഞ്ഞു മറ്റുള്ളവരെ ബഹുമാനിക്കാന്‍കൂടി അവരെ പഠിപ്പിക്കുക ദുര്‍ബലനും പാവപ്പെട്ടവനും ഒപ്പം നില്ക്കുക. ദരിദ്ര്യജനങ്ങളെ വളര്‍ത്തുന്ന നാടാണ്. ഏത് പരീക്ഷണമായാലും പരിഷ്കാരമായാലും അത് ജനങ്ങള്‍ക്ക് ഫലപ്രദമാകണം. രാഷ്ട്രീയപരമായ നിലപാടുകള്‍ എടുക്കാന്‍ ശ്രമിക്കുക. എല്ലാവരിലും സ്നേഹവും ഐക്യവും വളര്‍ത്തുക. ഒപ്പം ശരീരം സൂക്ഷിക്കുക. നീ പാര്‍ക്കുന്നത് ശത്രുക്കളുടെ വലയത്തിലെന്ന് കാര്യം മറക്കരുത്. എല്ലാം നന്മകളും നേരുന്നു. ടേക് കെയര്‍ മോള്‍. ബൈ. ബൈ. ഫോണ്‍ വച്ചു. പപ്പയുടെ സ്നേഹവും പ്രോത്സാഹനവും എപ്പോഴും ജീവിതത്തില്‍ ഊര്‍ജ്ജമാണ് നല്കിയിട്ടുള്ളത്. എല്ലാ ആദരവോടെ അവള്‍ ഓര്‍ത്തിരുന്നു.
ഡല്‍ഹി നഗരത്തില്‍ മഞ്ഞുകാറ്റ് ആഞ്ഞുവീശി. തണുപ്പില്‍ ആളുകള്‍ മൂടിപ്പുതച്ചു നടന്നു. അവളുടെ മനസ് കുതിച്ചത് ലണ്ടനിലേക്കായിരുന്നു. സൂര്യപ്രഭയില്‍ മഞ്ഞുപൂക്കള്‍ പെയ്തിറങ്ങി തിളങ്ങുന്നതുകാണാന്‍ എത്ര മനോഹരമാണ്. പൂനിലാവും ഭൂമിയും പ്രണയിക്കുന്നതുപോലെ മഞ്ഞുപൂക്കളും സൂര്യപ്രഭയും തമ്മില്‍ പ്രണയിക്കുന്നതായി തോന്നും. മനുഷ്യന്‍റെ പ്രണയത്തേക്കാള്‍ സുന്ദരമാണോ ഈ പ്രപഞ്ചത്തിന്‍റെ പ്രണയം. എല്ലാ പ്രണയവും സൗന്ദര്യത്തിന്‍റെ രൂപഭാവങ്ങളാണ്. മനുഷ്യനറിയാത്ത ആയിരമായിരും പ്രണയ പ്രതിച്ഛായകള്‍ ഈ പ്രപഞ്ചത്തിലുണ്ട്. മഞ്ഞു മൂടിക്കിടക്കുന്ന നഗരത്തിലേക്ക് വീടിന്‍റെ ഗ്ലാസിലൂടെ നോക്കിയിരുന്നു. നഗരത്തിലൂടെ സഞ്ചരിക്കുന്ന ആരെയും കാണാനില്ല. കാറിന്‍റെ ഹെഡ്ലൈറ്റ് ഇട്ടുകൊണ്ടാണ് കാറോടിക്കുന്നത്. അത് ആകാശത്ത് കാണുന്ന നക്ഷത്രങ്ങളെപ്പോലെ മിന്നി നിന്നു. അടുത്തുള്ള വീടുകള്‍പോലും കാണാനാകുന്നില്ല. റോഡുകളില്‍ യാതൊരു ഭയമോ നിയമങ്ങളോ നോക്കാതെ ചീറിപ്പായുന്ന വാഹനങ്ങള്‍. ഇപ്പോള്‍ ഭയപ്പെട്ടാണ് വണ്ടിയോടിക്കുന്നത്. ആരെങ്കിലും വന്ന് ഇടിക്കുമോ എന്ന ഭയവും ഭീതിയുമാണ് അവരെ ഭരിക്കുന്നത്. വഴിയോരങ്ങളില്‍ മൗനവും നിശബ്ദതതയുമായിരുന്നു. ചത്തുമലര്‍ന്നു കിടക്കുന്ന മരവിച്ച ശരീരം പോലെ പ്രകൃതിയും മരവിച്ചു കിടന്നു.
ഒരു വര്‍ഷത്തെ കിരണിന്‍റെ സേവനം മേലുദ്യോഗസ്ഥര്‍ അഭിമാനത്തോടെയാണ് കണ്ടത്. അവളുടെ അസാധാരണമായ ധൈര്യവും തന്‍റേടവും ഉന്നത ലക്ഷണങ്ങളുള്ള ഒരു വ്യക്തിയുടേതെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവളുടെ ഓരോ ചലനങ്ങളും പരമരഹസ്യത്തിലായിരുന്നു. അതിനാല്‍ ഉന്നതിയിലുളള മേധാവികള്‍പോലും അവളുടെ ഉപദേശം തേടുക പതിവായിരുന്നു. സഹപ്രവര്‍ത്തകരെയെല്ലാം ആത്മവിശ്വാസമുള്ളവരായി വളര്‍ത്തിയെടുക്കാന്‍ അവളുടെ ക്ലാസ്സുകള്‍ക്ക് കഴിഞ്ഞു. അവള്‍ക്ക് നേരെ തലയുയര്‍ത്താന്‍ വകുപ്പുമേധാവികള്‍പോലും മടിച്ചിരുന്നു. സഹപാഠികള്‍ നടത്തിയ പലകേസുകളും ഒരു നിഴലപോലെ അവള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന് രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ച് ആഹ്ലാദത്തിലാറാടിയ ഒരു മന്ത്രിയെ പുറത്താക്കാനും അവള്‍ ഉള്‍പ്പെട്ട ഒരു കേസിന് കഴിഞ്ഞു. ഡല്‍ഹിയിലുള്ള പല ഉന്നതര്‍ക്കും കിരണ്‍ ഒരു പേടിസ്വപ്നമായി മാറിയിരുന്നു. ഇവള്‍ ഒരു പെണ്ണ് തന്നെയാണോ എന്നത് പലര്‍ക്കും സംശയത്തിനിടയാക്കി.
സാധാരണ സ്ത്രീകള്‍ അവരുടെ ചുണ്ടുകളില്‍ ലിപ്സ്റ്റിക് തേച്ചു പിടിപ്പിക്കാറുണ്ട്. ഇവള്‍ അത് ചെയ്യാറില്ല. അതൊരുപക്ഷെ അവളുടെ മനോഹരമായ ചുണ്ടുകള്‍ക്ക് ആവശ്യമില്ലാത്തതുകൊണ്ടാകാം. അവളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു ഭാരതീയ വനിതയുടെ സ്വഭാവരീതികളല്ല കാണുന്നത്. ബ്രിട്ടനിലോ അമേരിക്കയിലോ ജനിച്ചു വളര്‍ന്നവളായിരിക്കുമെന്നാണ് പലരും കരുതിയത്.
ഇതിനിടയിലാണ് ആള്‍ ഇന്ത്യാ മെഡിക്കല്‍കോളേജിനടുത്തുള്ള ഐഎന്‍ഐ മാര്‍ക്കറ്റില്‍ ജോലിയിലുണ്ടായിരുന്ന ഒരു പോലീസുകാരനെ രണ്ടു ഗുണ്ടകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ടത്. കടയില്‍ മസാലദോശ കഴിക്കാന്‍പോയ കിരണ്‍ പോലീസുകാരന്‍റെ രക്ഷയ്ക്ക് ഓടിയെത്തി. രണ്ടു കുടവയറന്മാരായ ഗുണ്ടകളെ അടിച്ചൊതുക്കി തറയിലാക്കി പോലീസിന് കൈമാറിയത് ഡല്‍ഹി പോലീസിന് മറക്കാനാവാത്ത ഒരു സംഭവമാണ്. ഡല്‍ഹിയില്‍ നിന്ന് എല്ലാവരുടെയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് അവള്‍ മടങ്ങിയത്. ആ കൂട്ടത്തില്‍ അസൂയ തളംകെട്ടിക്കിടന്ന് കണ്ണുകളുമുണ്ടായിരുന്നു.
വളരെ പ്രതീക്ഷയോടെയാണ് ഓമനയും ചാരുമൂടനും മകളെ തിരുവനന്തപുരത്ത് കാത്തുനിന്നത്. ആ കൂട്ടത്തില്‍ കരുണുമുണ്ടായിരുന്നു. അവള്‍ വരുന്ന ദിവസത്തെ എല്ലാ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും കരുണ്‍ മാറിനിന്നു. എയര്‍പോര്‍ട്ടില്‍ ഒരു മന്ത്രി പുറത്തുകാത്തുനിന്നത് എല്ലാവരെയും ആശ്ചര്യത്തിലാഴ്ത്തി. അകത്തേക്കു പോയി കൂട്ടിക്കൊണ്ടു വരാനുള്ള എല്ലാ അധികാരവും കരുണിനുണ്ടായിരുന്നു. കരുണ്‍ അതിന് ശ്രമിച്ചില്ല. മകളെ നോക്കി കണ്ണുകള്‍ മിഴിച്ചവര്‍ നോക്കിനിന്നു. പുറത്തേക്കു വരുന്നത് കണ്ട് കരുണ്‍ കൈ ഉയര്‍ത്തിക്കാട്ടി. അവളും കണ്ണുമിഴിച്ചുനോക്കി പുഞ്ചിരച്ചു. അടുത്തുവന്ന മകളെ മാതാപിതാക്കള്‍ നെറ്റിയിലും കവിളിലും ചുംബിച്ചു. കരുണിന്‍റെ കൈകളെ അവള്‍ ചേര്‍ത്തുപിടിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px