LIMA WORLD LIBRARY

ദയാവധത്തിന് വിധേയമായ ‘നായ്ക്കനാല്‍ വടവൃക്ഷം’ – ജയരാജ് പുതുമഠം

ഞങ്ങടെ കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ കുളിരായും, തണലായും, കഥയായും നിറഞ്ഞുനിന്നിരുന്ന ഒരു വൃക്ഷകാരണവരായിരുന്നു ഇന്നലെ വിടചൊല്ലിയ ‘നായ്ക്കനാല്‍’ കവലയിലെ ആല്‍ മുത്തച്ഛന്‍.

വിവേകോദയം സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഉച്ചസമയങ്ങളിലുള്ള വിനോദത്തിന് വഴികള്‍ തേടുന്ന ഞങ്ങള്‍ ഈ ആല്‍ത്തറയില്‍ മുട്ടിയുരുമ്മിയാണ് പൂരപ്പറമ്പിലെത്തുക. ഒരു ആവശ്യമില്ലെങ്കിലും വെറുതെ ആല്‍ത്തറയിലൊന്ന് കയറി ഒരു റൗണ്ട് കറങ്ങി എന്തോ ഒഴിച്ചുകൂടാനാകാത്ത ഉത്തരവാദിത്തം ചെയ്തുതീര്‍ത്ത ചരിതാര്‍ഥ്യത്തോടെ ഇറങ്ങി ഓടുക എന്നത് ഞങ്ങള്‍ കുട്ടികളില്‍ പലരുടെയും ദുഃശ്ശീലങ്ങളില്‍ ഒന്നായിരുന്നു.
മാത്രവുമല്ല, സമരദിനങ്ങളില്‍ സ്വരാജ് റൗണ്ടില്‍ നടക്കാറുള്ള പ്രതിഷേധജാഥയുമായി ബന്ധപ്പെട്ട് സംഘട്ടനങ്ങള്‍ ഉണ്ടാകാറുള്ള സമയത്ത് പോലീസ് വാനിനുനേരെ കല്ലെറിഞ്ഞ് ഓടിവന്ന് അഭയം തേടുന്നതും ഈ ആല്‍ത്തറയില്‍ തന്നെയായിരുന്നു.

ഭക്തര്‍ – വിഭക്തര്‍, രാഷ്ട്രീയ വിചക്ഷണന്മാര്‍, സാഹിത്യ പണ്ഡിതന്മാര്‍, നാടക – ചലച്ചിത്ര പ്രവര്‍ത്തകര്‍,
കൊള്ളക്കാര്‍ – കൊലപാതകികള്‍,
കമിതാക്കള്‍ – നഗരശോഭിണി കള്‍ തുടങ്ങി
എത്രയെത്ര വൈവിധ്യമാര്‍ന്ന
മനുഷ്യ സഹസ്രങ്ങളുടെ എന്തെല്ലാം വികാരഭാവങ്ങള്‍ക്കാണ് ഈ വൃക്ഷദേവന്‍ സാക്ഷിയായിട്ടുണ്ടാവുക.

ഒരു കാലത്ത് ഈ ആല്‍ത്തറയില്‍ മൗനവ്രതം അവലംബിച്ചിരുന്ന ഒരാള്‍ പ്രത്യക്ഷപ്പെട്ടിരുന്നത് ഓര്‍മ്മയിലേക്ക് ഇറങ്ങിവരുന്നു.
‘ആല്‍ത്തറ സ്വാമി’ എന്നാണ് അയാള്‍ പിന്നീട് അറിയപ്പെട്ടത്. കാലാവസ്ഥാമാറ്റങ്ങളൊന്നും വകവെക്കാതെ അയാള്‍ അവിടെത്തന്നെ ഒരേയൊരു ഇരിപ്പായിരുന്നു. കുറേകാലങ്ങള്‍ക്ക് ശേഷം ‘നെടുപുഴ’ ദേശവാസിയായ ഒരാള്‍ ‘സ്വാമി’യെ കൂട്ടികൊണ്ടുപോയി എന്നായിരുന്നു അങ്ങാടിയില്‍ കേട്ടത്.

തലമുറകളായി തന്റെ അരികിലൂടെ സഞ്ചരിച്ചിട്ടുള്ള അനേകരുടെ ലീലകള്‍ കണ്ടുശീലിച്ച് മനസ്സും ശരീരവും മരവിച്ച് നിസ്സംഗഭാവത്തില്‍ നേരിയ സ്പന്ദനങ്ങളുമായി കഴിഞ്ഞുപോകുകയായിരുന്നു കുറച്ചുകാലങ്ങളായി സടകൊഴിഞ്ഞ ഈ ആല്‍മരം.
കാറ്റത്തും, മഴയത്തും,
വെയിലത്തും, മഞ്ഞത്തും വികാരവിക്ഷോപങ്ങളില്ലാതെ തന്റെ വിധികല്പനകളില്‍ പരാതിയേതുമില്ലാതെ രാപ്പകല്‍ നഗരത്തെ അലങ്കരിച്ചിരുന്ന കാരണവര്‍ കൂടിയിരുന്നു തൃശ്ശൂരിന്റെ ഈ അഭിമാനമുദ്ര.

കുറച്ചുകാലങ്ങളായി വര്‍ദ്ധക്യസഹജമായ വേവലാതികളുടെ അകമ്പടിയോടെ ചില വൃക്ഷാരോഗ്യ ചികിത്സാവിധികളുമായി അതിജീവനശ്രമങ്ങള്‍ക്ക് മുതിരുകയായിരുന്നു വടവൃക്ഷം. ഇതിനിടെ വൃക്ഷശിഖരങ്ങളില്‍ വിശ്രമിച്ചിരുന്ന പക്ഷികള്‍ക്കും, ശലഭങ്ങള്‍ക്കും, ചെറുതരം പ്രാണിവര്‍ഗ്ഗങ്ങള്‍ക്കും മറ്റൊരിടം തേടാനുള്ള സമയം നിശ്ചയിച്ച് കുറച്ചുനാള്‍കൂടി വടക്കുന്നാഥന്
വടക്ക് ദിക്കില്‍ത്തന്നെ ശാന്തിതേടി ധ്യാനാവസ്ഥയില്‍ മുഴുകുകയും ചെയ്തു.

രാജ്യത്തിന്റെ പുതിയ നിയമ വിധിയില്‍ പറയുന്നപോലെ ഒരു കാരണവശാലും തിരിച്ചുള്ള ആരോഗ്യകരമായ നിലനില്‍പ്പിനുള്ള സാധ്യത ശാസ്ത്രീയമായി ഒട്ടും കാണാനില്ലാത്തതുകൊണ്ട് കൂടിയാണ് വൃക്ഷസംരക്ഷകരായിരുന്നവര്‍ വൃക്ഷത്തെ ദയാവധത്തിന് വിധേയമാക്കിയത്.

ക്ഷേത്രാചാരങ്ങളുമായും, തൃശ്ശൂര്‍ പൂരമായും ഈ ആല്‍മരത്തിന് അഭേദ്യമായ ബന്ധമുണ്ടായിരുന്നു.
മനുഷ്യജഡം സംസ്‌കരിക്കുന്നപോലുള്ള ചടങ്ങുകളോടുകൂടിയായിരുന്നു ഈ വൃക്ഷരാജന്റെ അന്തിമസംസ്‌കാരം എന്നതും കൗതുകകരമായി തോന്നുന്നു. പുതിയ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ന്യൂജെന്‍ ആല്‍മരം കര്‍ണ്ണാടകയില്‍ നിന്ന് എത്തി, ഇന്നലെ സന്ധ്യയ്ക്ക് വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ നായ്ക്കനാലില്‍ ഉപവിഷ്ടനായിട്ടുണ്ട്.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts