മനീഷയ്ക്ക് ഫോണ്‍ ഒരു സാധാരണ ഉപകരണം മാത്രമല്ലായിരുന്നു – അത് അവളുടെ ലോകം തന്നെ ആയിരുന്നു. സോഷ്യല്‍ മീഡിയ, ചാറ്റുകള്‍, റീലുകള്‍… അവളുടെ ദിനം തുടങ്ങുന്നതും അവസാനിക്കുന്നതും മൊബൈല്‍ സ്‌ക്രീനിലൂടെയായിരുന്നു.
ഒരു രാത്രി, ഉറങ്ങാന്‍ പോകുന്നതിനുമുമ്പ്, അവളുടെ ഫോണില്‍ ഒരു മിസ്ഡ് കാള്‍ വന്നു. പരിചയമില്ലാത്ത നമ്പര്‍. ആദ്യം അവള്‍ അത്ര ശ്രദ്ധിച്ചില്ല. എന്നാല്‍ അടുത്ത ദിവസം വീണ്ടും അതേ നമ്പറില്‍ നിന്ന് വീണ്ടും ഒരു മിസ്ഡ് കാള്‍ അതിനുശേഷം ദിവസേന അത് പതിവ് തെറ്റിക്കാതെ അവളെ തേടി വന്നു കൊണ്ടിരുന്നു
ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീടവള്‍ അത് പ്രതീക്ഷിച്ചുകൊണ്ടിരുന്നു.
”ആരായിരിക്കും അത് , ഒരു പക്ഷെ കൂടെ പഠിച്ചവര്‍ , പരിചയമുള്ളവര്‍…..?” – അവള്‍ ചിന്തിച്ചു.
ഒരു ദിവസം, അവള്‍ തന്നെ, ആ നമ്പറിലേക്ക് മെസേജ് അയച്ചു:
” താങ്കള്‍ ആരാണ് ?”
കുറച്ച് നിമിഷങ്ങള്‍ക്കുശേഷം മറുപടി വന്നു:
”നിനക്ക് അറിയേണ്ട ഒരാള്‍.”
അവളുടെ ഹൃദയം ഒന്നു താളം തെറ്റി.
ആദ്യമായി മറുപടി .അതിലൊരു വല്ലാത്ത സൗന്ദര്യം അവള്‍ കണ്ടു.അവളുടെ ഭാവനയില്‍ അവള്‍ മറുപുറത്തുള്ള പുരുഷ രൂപം ശ്രദ്ധിച്ചു.അയാളുടെ ഒരിക്കലും കേട്ടിട്ടില്ലാത്ത ശബ്ദം അവളുടെ ഭാവനയില്‍ മാധുര്യവും ഗാംഭീര്യം നിറഞ്ഞതുമായിരുന്നു.
അങ്ങനെ അവരുടെ സംഭാഷണം തുടങ്ങി. പേരൊന്നും പറഞ്ഞില്ല. പക്ഷേ, ആ അജ്ഞാതന്‍ മനീഷയുടെ ഇഷ്ടങ്ങള്‍ എല്ലാം അറിയുന്ന പോലെ സംസാരിച്ചു – അവള്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍, സിനിമകള്‍, പോലും .അവള്‍ക്ക് ഇഷ്ടമുള്ള , വല്ലാത്ത ആസക്തിതോന്നിയിരുന്ന പുതു മഴ പെയ്യുമ്പോഴുള്ള മണ്ണിന്റെ മണം ..അതെല്ലാം അയാള്‍ക്കും അവളെപ്പോലെ തന്നെ ഒരുപാടിഷ്ട്ടമാണെന്ന് തോന്നിയപ്പോള്‍ വാസ്തവത്തില്‍ അവള്‍ ശരിക്കും അത്ഭുതപ്പെട്ടു.
”നീ എന്നെ എങ്ങനെ അറിയുന്നു?”
”നീ ചിന്തിക്കുന്നതിലും അടുത്താണ് ഞാന്‍,” – മറുപടി.
അവള്‍ക്ക് അതൊരു രഹസ്യമായ ആകര്‍ഷണമായി. ദിവസങ്ങള്‍ കടന്നപ്പോള്‍, അവള്‍ക്ക് അവനെക്കുറിച്ച് ചിന്തിക്കാതെ ഇരിക്കാന്‍ പറ്റാതെ വന്നു. പിന്നീട് മിസ്ഡ് കാള്‍ കാത്തിരിക്കുന്നതായിരുന്നു അവളുടെ ദിവസത്തിന്റെ പ്രധാന ഭാഗം.
ഒരു രാത്രി, അവന്‍ മെസേജ് അയച്ചു:
”നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ?”
അവള്‍ കുറച്ച് സമയം മിണ്ടാതെ നിന്നു. പിന്നെ ടൈപ്പ് ചെയ്തു:
”അതെ…’
ആ രാത്രി അവള്‍ക്ക് ഉറങ്ങാനായില്ല. അത് യഥാര്‍ത്ഥ പ്രണയമാണോ, അല്ലെങ്കില്‍ ഒരു ഭ്രമമോ – അവള്‍ക്കുതന്നെ വ്യക്തമല്ലായിരുന്നു. പക്ഷേ അവള്‍ വിശ്വസിച്ചു.
”നാളെ കാണാമോ?” – അവള്‍ ചോദിച്ചു.
അവന്‍ മറുപടി നല്‍കി:
”കാണാം. പക്ഷേ നീ ഒറ്റയ്ക്ക് വരണം.”
അടുത്ത ദിവസം, അവള്‍ പറഞ്ഞ സ്ഥലത്ത് എത്തി. സമയം കടന്നുപോയി. ഒരു മണിക്കൂര്‍… രണ്ട് മണിക്കൂര്‍… ആരും വന്നില്ല.
അവള്‍ വീണ്ടും ഫോണ്‍ നോക്കി.
‘താങ്കളുടെ അക്കൗണ്ടില്‍ നിന്നും അന്‍പതിനായിരം രൂപ ഡെബിറ്റ് ചെയ്തിരിക്കുന്നു എന്നതായിരുന്നു ‘-
ആ നമ്പര്‍… ഇപ്പോള്‍ ”സ്വിച്ച്ഡ് ഓഫ് ‘.
ഒന്നും മിണ്ടാന്‍ കഴിയാതെ നിന്നവള്‍ വേഗം വീട്ടിലെത്തി, ലാപ്ടോപ്പ് തുറന്നു. ആ നമ്പര്‍ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ചു. ശ്രമം പരാജയമായിരുന്നു.
”ഞാന്‍ പ്രണയിച്ചത്… ആരെയായിരുന്നു?”
അവളുടെ കണ്ണുകളില്‍ നീര്‍ നിറഞ്ഞു. പക്ഷേ ഈ പ്രാവശ്യം, അവള്‍ ഫോണ്‍ ഓഫ് ചെയ്തു. ഏറെക്കാലത്തിന് ശേഷം, അവള്‍ പുറത്തേക്ക് നടന്നു – യഥാര്‍ത്ഥ ലോകത്തിലേക്ക്.
ആകാശം തുറന്നു കിടന്നു.
മനീഷ സ്വയം പറഞ്ഞു:
”പ്രണയം ഒരിക്കലും ഒരു മിസ്ഡ് കാള്‍ അല്ല… അത് നേരിട്ട് കേള്‍ക്കേണ്ട ശബ്ദമാണ്.”













