LIMA WORLD LIBRARY

ഭാര്യാഘാതം – ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

ദേവയാനിയുടെ സുഗുണന്‍ചേട്ടന്‍ ക്ഷിപ്രകോപിയാണ്. നാക്കിനെല്ലില്ലാത്തതുമൂലം എപ്പോഴും സരസ്വതി വിളയാട്ടമാണ്. ‘പ്രേമിച്ചു കെട്ടിയതാണെന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം അയാള്‍ക്കിപ്പോ തന്നെ കണ്ണെടുത്താല്‍ കണ്ടു കൂട.നന്നാവാനായി എന്തുപറഞ്ഞാലും ‘പോ പുല്ലേ’ എന്നു പറയും. കൂടെപ്പിറപ്പുകളെ കാണുമ്പോഴത്തെ ഒരു ഇളികാണണം. അതുപക്ഷെ തന്റെ കൂടെപ്പിറപ്പുകളെ കാണുമ്പോഴൊട്ടില്ലതാനും. തന്റെ മുഖം കണ്ടാല്‍ മതി തെളിഞ്ഞുവരുന്ന ചിരി അപ്പൊ അടച്ചുവയ്ക്കും. രണ്ട് ഫോണുകൊണ്ടാണ് നടപ്പ്. രണ്ടിലും വാട്ട്സ്സാപ്പും ഫേസ്ബുക്കും. വീട്ടില്‍ വന്നാല്‍ അതില്‍ കുത്തുന്നതല്ലാതെ കമാന്നൊരക്ഷരം മിണ്ടില്ല. വല്ലതും പറഞ്ഞുപോയാ ബില്ലടയ്ക്കുന്നത് അരവിന്ദാക്ഷന്‍ പിള്ളയല്ലല്ലോ എന്ന് തന്തയ്ക്കു പറയും’
ദേവയാനി കാണുന്നവരോടോക്കെ ക്ഷീരബല പോലെ ഇതെല്ലാം ആവര്‍ത്തിച്ചുകൊണ്ടിരുന്നു…

സുഗുണന്പറയാനുള്ളത് ഇങ്ങനെ. ‘അംഗീകരിക്കേണ്ട, കെട്ടിയവനാണെന്ന ഒരു പരിഗണനയില്ലാതെ മേല്‍പറഞ്ഞ ആരോപണങ്ങളെല്ലാം കണ്ട പട്ടിയോടും പൂച്ചയോടും ഒക്കെ പറയരുതെന്ന് പറഞ്ഞാല്‍ അത് തന്റെ വീട്ടുകാരെ ഉദ്ദേശിച്ചാണ് പട്ടിയും പൂച്ചയും പ്രയോഗം എന്ന് പറഞ്ഞ് എന്റെ കുടുംബത്തിലെ മണ്‍മറഞ്ഞ കാരണവന്മാരെ വരെ തെറി പറയും. പിന്നെ അവളുടെ ആത്മീയഗുരു സ്വരൂപാനന്ദയുടെ അനുവാദമില്ലാതെ അവളൊന്നും ചെയ്യില്ല. താനും ഒരു മെയില്‍ ആനിമലല്ലെ. ഗൃഹസ്താശ്രമത്തിന്റേതായ യാതൊരു അനുകൂല സഹകരണവുമില്ല. സര്‍വ്വം പരബ്രഹ്‌മമയം സാവിത്രി. വാനപ്രസ്ഥം ഒടുക്കത്തെ ആശ്രമമല്ലെ എന്നു ചോദിച്ചതിനാണവള്‍ തന്നെ വിത്തുകാളയെന്നു വിളിച്ചത്.’

ഗംഗ നാഗവല്ലിയാകാന്‍ പ്രത്യേകിച്ചു കാരണങ്ങളൊന്നും വേണ്ട, എങ്കിലും താന്‍ നന്നാകാത്തതുകൊണ്ട് ആയിരക്കണക്കിന് ജന്മംപുഴുവും കൃമിയുമൊക്കെയായി കഴിഞ്ഞ് കിട്ടിയ ഈ മഹത്തായ മനുഷ്യജന്മം കളഞ്ഞുകുളിച്ചിട്ട് മേലോട്ട് ചെല്ലുമ്പോള്‍ ദൈവചോദ്യം ഉണ്ടാകണ്ടല്ലോ എന്നു കരുതിയാണ് അവളുടെ ആത്മീയഗുരുവിന്റെ തന്നെ അടുക്കല്‍ ചെന്ന് നന്നാകാനുള്ള വഴി അയാള്‍ തേടിയത്.
എട്ടു മണിക്കൂര്‍ ഉണ്ണാതെ ജലപാനമില്ലാതെ ഒറ്റ ഇരുപ്പില്‍ ഒരുപാടു കാര്യങ്ങള്‍ സ്വാമി പറഞ്ഞതു കോട്ടപ്പോഴാണ് നഷ്ടപ്പെടുത്തിയ ഇരുപത് വര്‍ഷങ്ങളെക്കുറിച്ച് അയാള്‍ക്കു തിരിച്ചറിവുണ്ടായത്.
അല്പം വിട്ടുവീഴ്ച ചെയ്തിരുന്നെങ്കില്‍ സ്വര്‍ഗ്ഗമാക്കാമായിരുന്ന കുടുംബജീവിതമല്ലെ തല്ലുകൂടി കളഞ്ഞത്. നഷ്ടബോധം അയാളെ തളര്‍ത്തിക്കളഞ്ഞു….. സ്വാമി ആത്മസംയമനത്തിന് പറഞ്ഞുകൊടുത്ത ‘നാവെടുത്തങ്ങു ചൊല്ലുന്നതൊക്കെയും നിന്റെ നാമമായങ്ങു തീരണമംബികേ, കാളികാളി മഹാകാളി ഭദ്രകാളി നമസ്തുതേ, കുലംച കുലധര്‍മ്മംച മാം ച പാലയപാലയ’ എന്ന മന്ത്രം വളരെ പെട്ടെന്ന് അയാള്‍ ഹൃദിസ്ഥമാക്കി .. അഞ്ഞൂറു രൂപ ദക്ഷിണയും കൊടുത്താണ് തിരിച്ചുപോന്നത്.
ഒരു പുതിയ മനുഷ്യനാകണം മനസ്സിലുറച്ചു,
തിരികെ പോരുന്ന വഴി മൊബൈല്‍ഫോണ്‍ കടയില്‍ കയറി ഫോണിലെ വേണ്ടാത്ത ആപ്പെല്ലാം എടുത്തുകളഞ്ഞു. ഇനി ഇന്‍കമിംഗ് ആന്റ് ഔട്ട്ഗോയിംഗ് കോള്‍ ഒണ്‍ലി. സ്വാമി പറഞ്ഞുതന്ന മന്ത്രം തന്നെ റിംഗ്ടോണാക്കിയിടുകയും ചെയ്തു. സന്തോഷിക്കാനിതില്‍പരമിനിയെന്തു വേണം.

വീടിന്റെ സിറ്റൗട്ടിലേക്കു കയറുമ്പോള്‍ തന്നെ ടീപ്പോയില്‍ കാലുംകയറ്റി വച്ചിരുന്ന് പൈങ്കിളി വായിക്കുന്ന അവളുടെ നടുവിനൊരു തൊഴി കൊടുക്കണമെന്നാണ് അയാള്‍ക്ക് തോന്നിയത്. ബഹുമാനിക്കെണ്ട എന്നാലും ആ ചന്തി ഒന്ന് പൊക്കുന്നതായെങ്കിലും കാണിക്കാന്‍ മേലെ. ചെറുചിരിയോടെ അയാള്‍ മുരടനക്കി. ”ഒറ്റച്ചിരി മതി സകല മഞ്ഞും ഉരുകിയൊലിക്കും” എന്നല്ലേ സ്വാമി പറഞ്ഞത്. അവള്‍ ടീപ്പോയില്‍ നിന്നും കാലെടുത്തു താഴെവച്ചു. പയ്യെ എഴുന്നേല്‍ക്കുന്നതുപോലെ ഒന്ന് ആഞ്ഞു. ഓ സ്വാമി പറഞ്ഞതെത്ര സത്യം ബഹുമാനം ചോദിച്ചുവാങ്ങേണ്ടതല്ല അറിഞ്ഞുതരുന്നതാണ്. താഴെവീണുകിടന്ന ഒരു മാസികയെടുത്ത് അവള്‍ അയാളെ ഒന്ന് നോക്കുകപോലും ചെയ്യാതെ പൂര്‍വ്വസ്ഥിതിയെ പ്രാപിച്ചു.അയാളുടെ ചമ്മല്‍ അവള്‍ കടക്ക ക്കണ്ണിലൂടെ ആസ്വദിക്കുന്നത് അയാള്‍ കണ്ടറിഞ്ഞു..

ഇനി ബഹുമാനം പ്രതീക്ഷിച്ചിട്ട് കാര്യമില്ല അകത്തേക്ക് വലതുകാല് വെച്ചപ്പോ ഒരുആക്രോശം.
”സ്വാമീടെ അടുത്ത് പോയി ഇല്ലെ” ഞെട്ടിപ്പോയി ഇത്ര ഗൗരവം എന്തിനാണോ, അതിനു നിനക്കെന്നാടി പുല്ലേ എന്നു ചോദിച്ച് രംഗം വഷളാക്കണ്ട.
രണ്ടു കൈയും കൂട്ടിയടിച്ചാലല്ലേ ശബ്ദം കേള്‍ക്കൂ. വളരെ താഴ്മയായി ”ഉവ്വ്’ അല്പം മര്യാദയിരുന്നോട്ടെ. തനിക്കതില്ലെന്നല്ലെ അവളുടെ പരാതി. ”ഇയാളെന്നാ ആളെ കളിയാക്കുകയാണോ” പാതിവിടര്‍ന്ന ചിരിയടച്ച് അയാള്‍ ചുണ്ടുകടിച്ചുപോയി. ”എന്നെ നന്നാക്കാന്‍ വഴി ചോദിക്കാന്‍ പോയിരിക്കുന്നു. ഇയാളെന്നതാ കരുതിയത്. ഇതൊന്നും ആരും അറിയില്ലന്നോ”
ഇത്രപെട്ടെന്ന് ഇവളിതെങ്ങനെ അറിഞ്ഞു അയാള്‍ അന്തം വിട്ട് കുന്തം പോലെ നിന്നു.
സ്വാമി ഇവളെ വിളിച്ചു പറഞ്ഞോ. ഫോണ്‍ ചെയ്തു പറയാനും മാത്രം നിങ്ങള്‍ തമ്മിലെന്താടീ ബന്ധം. വേണ്ട ചോദിക്കണ്ട, മനസു മന്ത്രിച്ചു വേണ്ട. ”നാവെടുത്തങ്ങു ചൊല്ലുന്നതൊക്കെയും..” മനസ്സില്‍ ജപിച്ചുകൊണ്ട് അയാള്‍ അകത്തേക്ക് പോയി. കുളിച്ച് ശുദ്ധിയായി സ്വാമി ജപിച്ചുകൊടുത്ത ചരട് അരയില്‍ കെട്ടാം. അതുകൂടെ കഴിഞ്ഞാലെ പൂര്‍ണ്ണഫലം കിട്ടുകയുള്ളുവെന്നല്ലെ പറഞ്ഞത് അയാള്‍ മൗനിയായി.
കുളിക്കാന്‍ പോയ സമയം അയാളുടെ മൊബൈല്‍ ബെല്ലടിച്ചു. ചപ്പാത്തി പരത്തിക്കൊണ്ടിരുന്ന ദേവയാനി ഫോണെടുത്തു ചെവിയില്‍ വച്ചു. ഹലോ പറയുന്നതിനു മുന്നേ മറുപുറത്തുനിന്നും കാര്യം പറഞ്ഞുതുടങ്ങി. ”ഹലോ സുഗുണന്‍ സാറേ സാറിന്റെ ഒരു ഫോണ്‍ ഇവിടെ വച്ചിട്ടാ പോയത്. എടുത്തു വച്ചിട്ടുണ്ട്. ഇനിവരുമ്പോള്‍ തരാം.” മറുപടി പറയാതെ ദേവയാനി ഫോണ്‍ കട്ടുചെയ്തു. ചപ്പാത്തിക്കമ്പ് സുദര്‍ശനചക്രം പോലെ കയ്യിലിരുന്ന് കറങ്ങി. കുളിമുറിയുടെ കതകു തുറന്നപ്പോഴെ ഇടിനാശവും വെള്ളപ്പൊക്കവും….

”ഏതു തേവിടിശ്ശിയുടെ തലയിണയ്ക്കടിയിലാടോ ഇയാള്‍ ഫോണ്‍ വച്ചു മറന്നത്. അടുത്തതവണ ചെല്ലുമ്പോ തരാമെന്ന് എടുത്തു വച്ചിട്ടുണ്ടെന്ന്.”
ഒരു ഫോണ്‍ കടയില്‍ വെച്ച് മറന്നുപോയി. അതിനെന്തിനാ ഇവള്‍ ഇത്ര കിടന്ന് ചാടുന്നത്. ഇനി ചരട് അവടെ അരയിലാണോ കെട്ടാന്‍ പറഞ്ഞത്. അയാള്‍ കവിളില്‍ വിരലമര്‍ത്തി. ”ഫ പുല്ലേ നിന്റെ സ്വാമീടെ തലയണയ്ക്കടിയിലാടീ ഫോണ്‍ വച്ച് മറന്നത്” എന്നു പറയാന്‍ നാവു വളച്ചതാണ്. അയാള്‍ മൗനം പാലിച്ചു. ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യും, ക്ഷമയെക്കാള്‍ വലിയ തപസ്സില്ല എന്നൊക്കെ ഇന്നങ്ങോട്ടു പഠിച്ചതല്ലെയുള്ളു. ക്ഷമിച്ചിരിക്കുന്നു.
”നാവെടുത്തങ്ങു ചൊല്ലുന്നതൊക്കെയും…” ചുണ്ടനക്കി കൊണ്ടയാള്‍ കണ്ണടച്ചുപിടിച്ചു….

”താനെന്താടോ പൊട്ടന്‍ കളിക്കുകയാണോ, കുറെനേരമായല്ലോ ആളെകളിയാക്കാന്‍ പൊറുപൊറുക്കുന്നു”. ഇതാണോ സ്വാമീ ക്ഷമയുടെ നെല്ലിപ്പലക. പല്ലുകടിച്ചുപിടിച്ചുകൊണ്ടു പറഞ്ഞപ്പോ മന്ത്രത്തിന്റെ അവസാനഭാഗം അല്പം ഉറക്കെയായിപ്പോയി. ”കാളി കാളി മഹാകാളി ഭദ്രകാളി നമസ്തുതേ” പിന്നെ അയാള്‍ക്കൊന്നും ഓര്‍മ്മയില്ല. തലയില്‍ പന്ത്രണ്ട് തയ്യലു വേണ്ടിവന്നത് തലകറങ്ങി കട്ടിളപ്പടിയില്‍ തലയിടിച്ചു വീണതുകൊണ്ടാണെന്നവള്‍ എല്ലാവരോടും പറയുമ്പോഴും ചപ്പാത്തിപ്പലക ഉയര്‍ന്നു താഴുന്നത് അയാളുടെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നു…

സുഗുണന്‍ ചേട്ടനും ദേവയാനിയും ഇപ്പോഴും തട്ടിയും മുട്ടിയും
ജീവിക്കുന്നുണ്ട് ….
ഇവിടെ അടുത്ത്..

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px