പ്രായം, പുകവലി, മാനസിക പിരിമുറുക്കവും മനോ:സംഘര്‍ഷങ്ങളും നിറഞ്ഞ വ്യായാമരഹിത ആധുനിക ജീവിത രീതി, കൃത്രിമാഹാരങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ ശീലം, പൊണ്ണത്തടി, രാസ മാലിന്യ പൂരിതമായ പരിസരവും അന്തരീക്ഷവും തുടങ്ങി അനവധി ഘടകങ്ങള്‍ അര്ബ്ബുദവാഴ്ചയില് പങ്കാളിയാവുന്നു.
ഈ ശാസ്ത്ര യുഗത്തില്‍ നമ്മുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ രോഗ പ്രതിരോധ ശേഷി കുറയുകയും അത് ക്യാന്‍സറുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. മാത്രമല്ല ജനസംഖ്യ വര്‍ദ്ധനയ്ക്കനുസരിച്ച് രോഗികളുടെ എണ്ണവും കൂടുന്നു.
ക്യാന്‍സറുകള്‍ക്ക് പുകവലി ഒരു പ്രധാന കാരണമാണ്. പുകവലിക്കാരായ പലരെയും ക്യാന്‍സര്‍ ബാധിച്ചിട്ടില്ല എന്നു പറഞ്ഞ് പുകവലിയെ വെള്ള പൂശുന്നവരും ഉണ്ട്. പുകവലി ക്യാന്‍സറിന് ഒരു പ്രധാന കാരണമാണെങ്കിലും പുകവലിക്കുന്ന ഏവര്‍ക്കും ക്യാന്‍സര്‍ വരണമെന്നില്ല. പുകവലിയ്ക്കാത്തവര്ക്ക് ക്യാന്‍സറുകള്‍ ഉണ്ടായിക്കൂടായെന്നുമില്ല.
ചില പുകവലിക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ചെയിന്‍ സ്മോക്കറായ തനിക്ക് ക്യാന്‍സര്‍ വന്നില്ല. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിച്ചിട്ടില്ലാത്ത തന്റെ ഭാര്യയ്ക്ക് ശ്വാസകോശ ക്യാന്‍സര്‍ വന്നു. അയാള്‍ പറഞ്ഞത് വളരെ ശരിയാണ്. പുകവലിക്കാര്‍ അല്ലാത്ത ധാരാളം സ്ത്രീകളില്‍ ശ്വാസകോശ ക്യാന്‍സറുകള്‍ ഉള്‍പ്പെടെ പലതരം ക്യാന്‍സറുകള്‍ കാണപ്പെടുന്നു.
നമുക്കിടയില്‍ ധാരാളം പുകവലിക്കാത്ത പുകവലിക്കാരുണ്ട്. നിഷ്ക്രിയ പുകവലിക്കാര്‍ അഥവ പാസ്സീവ് സ്മോക്കേഴ്സ് (passive smokers). പുകവലിക്കാതെ പുകവലിയുടെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരാണവര്‍. നമുക്ക് സമീപം ഒരാള്‍ പുകവലിക്കുകയാണെങ്കില്‍ ആ പുക മൂലം നമുക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. മറ്റൊരാളുടെ പുകയിലപ്പുക അനുഭവിക്കുന്ന ഏതൊരാളും പാസ്സീവ് സ്മോക്കറുടെ ഗണത്തില്‍ പെടുന്നു.
ഒരു വീട്ടില്‍ ഗൃഹനാഥന് പുകവലിച്ചാല്‍ ഗൃഹാന്തരീക്ഷം പുകയിലപ്പുക കൊണ്ട് നിറയും. അങ്ങനെ ഗൃഹാഗംങ്ങളായ ഭാര്യ, മക്കള്‍ തുടങ്ങി ഏവരും നിഷ്ക്രിയ പുകവലിക്കാരാവുന്നു. തന്മൂലം ഉണ്ടാവുന്ന വിപത്ത് വളരെ വലുതാണ്. കുട്ടികളാണ് പുകവലിയുടെ ദുരിതം കൂടുതലായി അനുഭവിക്കുന്നവര്‍.
പുകവലിക്കാരായ ധാരാളം സ്ത്രീകള്‍ ലോകമെമ്പാടുമുണ്ട്. നമ്മുടെ നാട്ടിലും അത്തരക്കാരെ കാണാം. പലരും രഹസ്യമായി പുക വലിക്കുന്നവരാണ്. ഫിലിപ്പൈന്‍സ് ദ്വീപുകളില്‍ പരസ്യമായി പുകവലിക്കുന്നവരില്‍ കൂടുതലും സ്ത്രീകളാണ്.
നമുക്കിടയില്‍ വീടുകളില്‍ മാത്രമല്ല ഓഫീസുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പുകവലിയ്ക്കുന്നവര്‍ ധാരാളം. പൊതുവിടങ്ങളില്‍ പുകവലി നിരോധിച്ചിട്ടുണ്ട്. പലരും അതൊന്നും കൂസാതെ അവിടങ്ങളില്‍ പുക വലിക്കുന്നത് കാണാം. യാതൊരു ആരോഗ്യ ബോധവും പുലര്‍ത്താത്ത നാം സാക്ഷര കേരളം, ആരോഗ്യ കേരളം, തുടങ്ങിയ മുദ്രാവാക്യങ്ങളുമായി സ്വയം പുകഴ്തി കഴിയുന്നു.
ആരോഗ്യ ബോധം പുലര്‍ത്തുന്ന മിക്ക വിദേശ രാജ്യങ്ങളിലും പാതയോരങ്ങളിലും പൊതു ഇടങ്ങളിലും പുകവലിക്കാനായി പ്രത്യേകം സ്ഥലം നിഷ്കര്‍ഷിച്ചിട്ടുണ്ട്. പുകവലി നിര്‍ബന്ധമുള്ളവര്‍ക്ക് അത്തരം സ്ഥലങ്ങളില്‍ പോയിരുന്ന് പുകവലി ആസ്വദിക്കാവുന്നതാണ്.
നമ്മുടെ എയര്‍പോര്‍ട്ടുകളില്‍ പുകവലിക്കുന്നതിലേക്ക് പ്രത്യേകം മുറികള്‍ ഉണ്ട്. വിമാന യാത്ര നടത്തിയിട്ടുള്ളവര്‍ക്ക് അക്കാര്യം ബോധ്യമുള്ളതാണ്. അത്തരം മുറികളില്‍ നിറയുന്ന പുകയും പുറത്തേക്ക് ഒഴുകി ചുറ്റിലും വ്യാപിക്കുകയും പുകവലിക്കാത്ത പുകവലിക്കാരെ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ പുകയുടെ ഗാഢത കുറവായിരിക്കും.
വിറകടുപ്പുകളില്‍ ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകള്‍ ശ്വാസകോശത്തിലേക്ക് വലിയ അളവില്‍ പുക വലിച്ചു കയറ്റുന്നു. നമ്മുടെ നഗരങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണ്. അത്ര കണ്ടാണ് മോട്ടോര്‍ വാഹനങ്ങളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പുകയുള്പ്പെടെ രാസമാലിന്യങ്ങള്‍ അന്തരീക്ഷത്തിലേയ്ക്ക് തള്ളുന്നത്. വിഷലിപ്തമായ പരിസരങ്ങളും ഭക്ഷണ പാനീയങ്ങളും നമ്മെ ക്യാന്‍സറുകള്‍ക്ക് തീറ്റയായി നല്കുന്നു.










