മലയാറ്റൂർ രാമകൃഷ്ണൻ

Facebook
Twitter
WhatsApp
Email

മലയാറ്റൂർ രാമകൃഷ്ണൻ ആരെന്നു ചോദിച്ചാൽ രണ്ടു കാര്യങ്ങളിൽ ഉത്തരം ഒതുങ്ങും. ഐ. എ.എസുകാരൻ, എഴുത്തുകാരൻ. ഡിറ്റക്ടീവ് നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നടൻ , സംവിധായകൻ, ചിത്രകാരൻ തുടങ്ങി ബഹുമുഖമേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്ന രാമകൃഷ്ണൻ 1927 മെയ് 27 ന് പാലക്കാട് ജില്ലയിലെ കെ. ആർ വിശ്വനാഥ അയ്യരുടെയും ജാനകി അമ്മാളിന്റെയും മകനായി ജനിച്ചു.
കെ.വി രാമകൃഷ്ണ അയ്യർ എന്നാണ് യഥാർത്ഥനാമം.

ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും ഷെർലക്ഹോംസ്കഥകളും ആദ്യമായി മലയാളത്തിലേക്ക് തർജമ ചെയ്തും തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ ജീവിതത്തെയും ഉദ്യോഗസ്ഥഭരണത്തിനകത്തെ നിഗൂഢലോകത്തെയും തുറന്നുകാട്ടുന്ന രചനകളിലൂടെ പ്രശസ്തനായ മലയാറ്റൂർ രാമകൃഷ്ണൻ്റെ കൃതികളിലെ കഥാപാത്രങ്ങൾ
സംസാരിക്കുന്ന ഇംഗ്ലീഷ് വാചകങ്ങൾ വായനക്കാർ ഏറെ
ഇഷ്ടപ്പെട്ടിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ബിഎസ്‍‌സി ബിരുദം നേടി തുടർന്നു പഠിക്കാൻ പണമില്ലാതെ വിഷമിച്ചിരിക്കുമ്പോൾ ആലുവ യുസി കോളജിൽ ഇംഗ്ലിഷ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. ശമ്പളം 60 രൂപ. അതിൽ നിന്നു 15 രൂപ വാടകയിനത്തിൽ പിടിക്കുന്നതിൽ പ്രതിഷേധിച്ചു രണ്ടുമാസം കഴിഞ്ഞപ്പോൾ ജോലി മതിയാക്കി. തുടർന്നു നിയമപഠനത്തിനു ചേർന്ന് ഒന്നാമനായി പരീക്ഷ പാസായി. അധ്യാപനവും അഭിഭാഷകവൃത്തിയും ചെയ്തതിനുശേഷം ചിത്രകലയിലെ അഭിരുചിയെ പോഷിപ്പിക്കാനായി ചിത്രകലാപരിഷത്തുമായി ചേർന്ന് പ്രവർത്തനമാരംഭിച്ചു. മുംബൈയിലെ ഫ്രീപ്രസ്സിൽ സബ്എഡിറ്ററായും ശങ്കേഴ്‌സ് വീക്കിലിയിൽ കാർട്ടൂണിസ്‌റ്റായും വക്കീലായും മജിസ്‌ട്രേട്ടായും ജോലിനോക്കി. ഐഎഎസ് പരീക്ഷ പാസായി ഇന്റർവ്യൂവിനു ബെംഗളൂരുവിൽ പോകാനുള്ള യാത്രാക്കാശുണ്ടാക്കാൻ വിഷബീജം എന്ന ഡിറ്റക്ടീവ് നോവലെഴുതി അതിന്റെ പകർപ്പവകാശം 400 രൂപയ്ക്ക് വിറ്റ കഥയും അദ്ദേഹം പറയുന്നുണ്ട്.
ഇരുപത്തിയെട്ടാം വയസ്സിൽ രണ്ടാം ക്ളാസ് മജിസ്ട്രറ്റായി ഔദ്യോഗിക ജീവിതമാരംഭിച്ച മലയാറ്റൂർ മുപ്പത്തിയൊന്നാം വയസ്സിലാണ് ഐ.എ.എസ്സുകാരനാവുന്നത്.
ഒറ്റപ്പാലം സബ് കലക്ടർ, കോഴിക്കോട് കലക്ടർ, ആരോഗ്യ–തൊഴിൽ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ഡപ്യൂട്ടി സെക്രട്ടറി, ട്രാവൻകൂർ–കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് ജനറൽ മാനേജർ, ലളിതകലാ അക്കാദമി ചെയർമാൻ, കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി, തൊഴിൽ വകുപ്പ് സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ച അദ്ദേഹം ജോലിത്തിരക്കിനിടയിലും നോവലുകളും കഥകളും എഴുതിക്കൂട്ടി. കാർട്ടൂണുകളും എണ്ണച്ചായ ചിത്രങ്ങളും വരച്ചു. സിനിമകൾക്ക് തിരക്കഥയെഴുതി.
കാര്യപ്രാപ്തിയുള്ള ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. മുഴുവൻ സമയവും സാഹിത്യ പ്രവർത്തനത്തിനു ചെലവാക്കാൻ വേണ്ടി സർവീസ് കാലം പൂർത്തിയാകും മുൻപേ പെൻഷൻ പറ്റാനുള്ള അനുമതിക്കായി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഔദ്യോഗിക ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായെങ്കിലും എല്ലാം തുറന്നു പറയാതെയും ആരെയും നൊമ്പരപ്പെടുത്താതെയും അപകീർത്തിപ്പെടുത്താതെയും കോപവും സങ്കടവും ഒതുക്കി ഏറെക്കാലം അധികാരസ്ഥാനങ്ങൾ അലങ്കരിച്ചു. 27 വർഷം നീണ്ട ഉദ്യോഗസ്ഥജീവിതംമടുത്തപ്പോൾ രാജിവെച്ച് എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഉദ്യോഗത്തിലിരിക്കുമ്പോഴും പെൻഷൻ പറ്റിയശേഷവും മലയാറ്റൂരിനു വിരസത തോന്നാതിരുന്നത് എഴുത്തിലും വായനയിലും ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണെന്ന്
അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഭരണപരിഷ്കാര കമ്മിറ്റിയായ വെള്ളോടിക്കമ്മിറ്റി സെക്രട്ടറിയായിരുന്നപ്പോഴാണ് ഒഴിവു സമയത്ത് ഓഫിസിലിരുന്ന് മുഖം എന്ന നോവൽ എഴുതുന്നത്. അതു വയലാർ രാമവർമയ്ക്കു വായിക്കാൻ കൊടുത്തപ്പോൾ അദ്ദേഹമാണ് മുഖം എന്ന പേര് വെട്ടി യക്ഷി എന്നാക്കിയത്. ആ യക്ഷി പിന്നീട് സിനിമയായി. സിവിൽ സപ്ലൈസ് വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന കാലത്ത് അവധിയിൽ പ്രവേശിച്ചപ്പോഴാണ് വേരുകൾ എന്ന നോവൽ എഴുതിയത്.

മലയാറ്റൂർ രാമകൃഷ്ണന്റെ ഔദ്യോഗിക കാലത്തും വിവാദങ്ങൾക്കു കുറവുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥർക്കിടയിലെ തൊഴുത്തിൽകുത്തും കുശുമ്പുകളും അധികാരികളുടെ അഹങ്കാരങ്ങളുമെല്ലാം അന്നും ഉണ്ടായിരുന്നു. ക്രമക്കേട് നടന്നതായുള്ള വിവാദങ്ങളെ തുടർന്ന് അദ്ദേഹം നൽകിയ അവധി അപേക്ഷയിൽ കാരണമായി എഴുതിയത് ‘മാർക്സിസ്റ്റ് പാർട്ടിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രി തുടർന്നു നടത്തുന്ന ഹിംസയിൽനിന്ന് ഒഴിഞ്ഞുമാറാൻ’ എന്നായിരുന്നു. ഇത് ഏറെ ഒച്ചപ്പാടുകൾക്ക് ഇടയാക്കി.

അഗ്രഹാരങ്ങളുടെ പശ്‌ചാത്തലത്തിൽ നോവലുകൾ എഴുതിയ മലയാറ്റൂർ ഏറെക്കാലം നിരീശ്വരവാദിയായി കഴിഞ്ഞു. ഈശ്വരനില്ലെന്നു തോന്നിയതിനാൽ ജാതിയുടെ സിംബലായ പൂണൂൽ ബ്ലെയിഡ് ഉപയോഗിച്ച് അറുത്തുകളഞ്ഞ അദ്ദേഹം പിന്നീട് തികഞ്ഞ ഈശ്വരവിശ്വാസിയും ഗുരുവായൂരപ്പന്റെ ഭക്തനുമായി മാറിയ കഥയിങ്ങനെ: ഗുരുവായൂർ ഉത്സവത്തിന്റെ ആറാട്ടുദിവസം അവിടുത്തെ അമ്പലക്കുളത്തിൽ ഏഴുപേർ വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല മലയാറ്റൂരിനായിരുന്നു. അന്വേഷണത്തിനായി ക്ഷേത്രത്തിൽ എത്തിയ അദ്ദേഹത്തിനു ക്ഷേത്രദർശനം നടത്താനും വാകച്ചാർത്തു തൊഴാനും തോന്നി. ‘ഭഗവാന്റെ വിഗ്രഹത്തിൽ നോക്കിനിൽക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. പരിസരബോധം നഷ്ടപ്പെട്ട നിമിഷങ്ങൾ.. അവിടെ ഭഗവാനും ഞാനും മാത്രമേ ഉള്ളുവെന്ന് എനിക്കുതോന്നി. അന്നു തൊട്ട് ഗുരുവായൂരപ്പനിലുള്ള വിശ്വാസം എനിക്ക് ശക്തിയും സമാധാനവും നൽകിപ്പോന്നു.’ എന്നാണ് ആ വിചിത്രാനുഭവത്തെക്കുറിച്ച് ആത്മകഥയിൽ വിവരിക്കുന്നുന്നത്.1997 ഡിസംബർ 27 ന് അന്തരിച്ചു.

തുടക്കം ഒടുക്കം എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ലക്ഷപ്രഭു, ഗായത്രി എന്നീ സിനിമകളുടെ തിരക്കഥയും യക്ഷി, ചെമ്പരത്തി, അയ്യർ ദി ഗ്രേറ്റ് എന്നീ സിനിമകളുടെ കഥയും രചിച്ചു.
ഭാര്യ: കൃഷ്ണവേണി (1935-1999). രണ്ടു മക്കളുണ്ട്. പ്രശസ്ത മലയാളചലച്ചിത്രനടനായ ജയറാം ഇദ്ദേഹത്തിന്റെ അനന്തരവനാണ്.

പ്രധാന കൃതികൾ : നെട്ടൂർമഠം, വേരുകൾ, യന്ത്രം, യക്ഷി, അമൃതം തേടി, പൊന്നി, അഞ്ചുസെന്റ്, ദ്വന്ദ്വയുദ്ധം, ഡോക്‌ടർ വേഴാമ്പൽ, മൃതിയുടെ കവാടം, ആദ്യത്തെ കേസ്, അറബിയും ഒട്ടകവും, അവകാശി, സൂചിമുഖി, രക്തചന്ദനം, അനന്തയാത്ര, ആറാം വിരൽ, ശിരസ്സിൽ വരച്ചത്, ബ്രിഗേഡിയർ കഥകൾ, ഓർമകളുടെ ആൽബം.

പ്രധാന ബഹുമതികൾ : കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *