LIMA WORLD LIBRARY

കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍ അധ്യായം 15)

തെളിഞ്ഞ ആകാശം, ഇരുണ്ട ഭൂമി ഹോസ്പിറ്റലില്‍ നിന്നും കാറില്‍ മടങ്ങുമ്പോള്‍ മോഹന്റെ മനസിനെ ഇരുള്‍മൂടിയിരുന്നു. പ്രതീക്ഷകളുടെ വര്‍ണങ്ങള്‍ കെട്ടുപോകുന്നത് അയാള്‍ അറിഞ്ഞു. എന്തോ എവിടെയോ ചില പാളിച്ചകള്‍. ആരുമത് മുന്‍കൂട്ടി തയാറാക്കി തനിക്കെതിരേ പ്രവര്‍ത്തിക്കുന്നതല്ല. എല്ലാം അനുകൂലമാകുമ്പോഴും അവസാന നിമിഷങ്ങളിലെ തകിടംമറിച്ചിലുകളില്‍ കൈവിട്ടുപോകുന്ന ഭാഗ്യത്തെ നോക്കി നിരാശപ്പെടാനല്ലാതെ മറ്റെന്തുചെയ്യാന്‍. ദൈവം ചില തീരുമാനങ്ങളായി തനിക്കെതിരേ പുറംതിരിഞ്ഞുനില്‍ക്കുകയാണോ. അതോ ദൗര്‍ഭാഗ്യത്തിന്റെ ഒടുക്കത്തെ ആണികളെല്ലാം തന്റെ സ്വപ്നത്തിന്റെ ശവപ്പെട്ടിയില്‍ ആഞ്ഞുതറയ്ക്കുന്നുവോ.