ഒരു നദിയുടെ തീരത്ത് ഇരിക്കുന്ന ഒരാളെ സങ്കല്‍പ്പിക്കൂ. നദിയിലെ ചലനങ്ങളെ അയാള്‍ ശ്രദ്ധിക്കുന്നു. വെള്ളം ഒഴുകുന്നു, തിരമാലകള്‍ വരുന്നു, പോകുന്നു. ആ ഒഴുക്ക് നദിയല്ല – നദി അതിനെ വഹിക്കുന്ന ഒന്നാണ്. മനസ്സും ഇങ്ങനെ തന്നെ. ചിന്തകള്‍ മനസ്സില്‍ വരുന്നു, നിറയുന്നു, ഒഴിഞ്ഞുപോകുന്നു. എന്നാല്‍ ആ ചിന്തകളെ നോക്കിക്കാണുന്ന ഒന്ന് – അത് ചിന്തയല്ല.
നിങ്ങള്‍ നിങ്ങളുടെ ചിന്തകള്‍ അല്ല. മനസ്സിലൂടെ ഒഴുകിപ്പോകുന്ന വാക്കുകളും ചിത്രങ്ങളും വികാരങ്ങളും നിങ്ങളല്ല; അവ നിങ്ങളിലൂടെ കടന്നുപോകുന്ന അനുഭവങ്ങളാണ്. ആകാശത്ത് വന്നുപോകുന്ന മേഘങ്ങളെപ്പോലെ, ചിന്തകളും ഉദിക്കുന്നു, മാറുന്നു, അകലുന്നു. പക്ഷേ ആകാശം ഒരിക്കലും ചിന്തയാകുന്നില്ല.
നാം സാധാരണ ജീവിക്കുന്നത് ചിന്തകള്‍ക്കകത്താണ്. ‘ഞാന്‍ പരാജയപ്പെട്ടവനാണ്’ എന്ന ചിന്ത വരുമ്പോള്‍, ആ ചിന്ത ഒരു വസ്തുതയായി, ഒരു സ്വത്വമായി, ഒരു വിധിയായി നമ്മില്‍ മാറുന്നു. ചിന്തയും ചിന്തിക്കുന്നവനും തമ്മിലുള്ള അകലം അപ്രത്യക്ഷമാകുന്നു. നാം ചിന്തയില്‍ മുങ്ങിപ്പോകുന്നു. സാവധാനം ആ ചിന്ത ഒരു യാഥാര്‍ത്ഥ്യമായി മാറുന്നു.
എന്നാല്‍ ഒരു നിമിഷം ശ്രദ്ധിക്കൂ – ആ ചിന്ത ഉദിക്കുന്നത് കാണാന്‍ കഴിയുന്നുണ്ടോ? അതിന്റെ ഭാരം അനുഭവിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, ആ ‘കാണുന്നത്’ ചിന്തയല്ല. ചിന്ത്ക്ക് തന്നെതന്നെ കാണാന്‍ കഴിയില്ല, കണ്ണിന് തന്നെ തന്നെ കാണാന്‍ കഴിയാത്തതുപോലെ.
അവധാനപൂര്‍വ്വ ബോധം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്-ഒരു ചിന്ത വന്നാല്‍ അതില്‍ ലയിക്കാതെ, അതിനെ കാണുവാന്‍ പഠിക്കുക. ”ഇത് എന്റെ ചിന്തയാണ്” എന്ന ബോധം ഉണ്ടാകുന്ന നിമിഷം മുതല്‍, ”ഇതാണ് ഞാന്‍” എന്ന തെറ്റായ ഐക്യം മങ്ങിത്തുടങ്ങുന്നു. അപ്പോള്‍ ചിന്തകള്‍ക്ക് നമ്മെ നിയന്ത്രിക്കാനുള്ള ശക്തി കുറയുന്നു.
‘ഞാന്‍ ആകുലനാണ്’ എന്ന് പറയുമ്പോള്‍, ആകുലത എന്റെ മുഴുവന്‍ അസ്തിത്വമാകുന്നു. ‘എനിക്ക് ആകുലത അനുഭവപ്പെടുന്നു’ എന്ന് പറയുമ്പോള്‍, ഒരു സൂക്ഷ്മമായ ദൂരം എന്റെ ചിന്തയും ഞാനും തമ്മില്‍ ഉണ്ടാകുന്നു. ഞാന്‍ ഇവിടെ, ആകുലത അവിടെ. ആ ദൂരം ചെറുതാണ്, പക്ഷേ അത് നാം ചിന്തയില്‍ നിന്നും സ്വതന്ത്രമാകുന്നതിന്റെ ആദ്യ ശ്വാസമാണ്.
ബുദ്ധദര്‍ശനം ഇതിനെ ‘സാക്ഷിഭാവം’ എന്ന് വിളിക്കുന്നു. നിരീക്ഷിക്കുന്നവന്‍ – ചിന്തകളെ, വികാരങ്ങളെ, ശരീരത്തെ, ചുറ്റുപാടുകളെ നോക്കിക്കാണുന്ന ആ ഉള്ളിലെ നിശ്ചലത. അത് ഭയപ്പെടുന്നില്ല, ആഗ്രഹിക്കുന്നില്ല, ക്ഷീണിക്കുന്നില്ല. ചിന്തകള്‍ കൊടുങ്കാറ്റുപോലെ വരുമ്പോഴും ആ സാക്ഷി ആകാശം പോലെ നിലകൊള്ളുന്നു – കൊടുങ്കാറ്റ് ആകാശത്തെ സ്പര്‍ശിക്കുന്നില്ല.
മനസ്സില്‍ ഒരു ചിന്ത ഉദിക്കുമ്പോള്‍ ആ ചിന്ത നമ്മുടെ മസ്തിഷ്‌കത്തിലും സ്വയമേവ പതിയും. ഈ സമയത്ത് ന്യൂറോണുകള്‍ തമ്മില്‍ ഒരു വൈദ്യുത സംഭാഷണം നടത്തുന്നു. ഒരേ ചിന്തയും ആവര്‍ത്തിക്കപ്പെടുമ്പോള്‍, ആ പാത കൂടുതല്‍ ആഴത്തില്‍ രൂപപ്പെടുന്നു – നദി ഒഴുകി ഒഴുകി തന്റെ ഗതി സ്വയം കുഴിക്കുന്നതുപോലെ. ഇതിനെ നാഢിയാശാസ്ത്രം നാഡീ വ്യതിയാനം (neuroplasticity) എന്ന് വിളിക്കുന്നു. ചിന്തകള്‍ മസ്തിഷ്‌കത്തെ അക്ഷരാര്‍ഥത്തില്‍ സദാ വ്യതിയാനത്തിന് വിധേയമാക്കുന്നു.
‘ഞാന്‍ പരാജയപ്പെട്ടവനാണ്’ എന്ന ചിന്ത ഒരിക്കല്‍ വരുമ്പോള്‍ അത് നമ്മുടെ മസ്തിഷ്‌കത്തില്‍ ഒരു സ്പുലിംഗം അല്ലെങ്കില്‍ ഒരു ഒറ്റപ്പെട്ട സ്പന്ദനം മാത്രമാണ്. ആ ചിന്ത ആയിരം തവണ വരുമ്പോള്‍, അത് ഒരു രാജവീഥിയാകുന്നു – മനസ്സ് സ്വയം അങ്ങോട്ട് ഓടിച്ചെല്ലുന്നു. ശരീരം ഈ ചിന്തയ്ക്ക് അനുസൃതമായ മാറ്റങ്ങള്‍ സ്വയം വരുത്തുന്നു.
നമ്മള്‍ ചിന്തകളെ നമ്മളായി തെറ്റിദ്ധരിക്കുമ്പോഴാണ്, ഭയം, കുറ്റബോധം, സ്വയംവിമര്‍ശനം, രോഗങ്ങള്‍ എന്നിവ നമ്മില്‍ ഉടലെടുക്കുന്നത്. പക്ഷേ ചിന്തകളെ ഒരു നിരീക്ഷകന്റെ കണ്ണിലൂടെ കാണുവാന്‍ തുടങ്ങുമ്പോള്‍, ഉള്ളില്‍ ഒരു ഇടം തുറക്കപ്പെടുന്നു. ആ ഇടത്തിലാണ് സ്വാതന്ത്ര്യം ജനിക്കുന്നത്-ചിന്തകളില്‍ നിന്ന് ഒഴിഞ്ഞുമാറുവാനുള്ള സ്വാതന്ത്ര്യം.
ദൈനംദിന ജീവിതത്തില്‍ നമ്മുടെ മനസ്സില്‍ ഉടലെടുക്കുന്ന തൊണ്ണൂറു ശതമാനം വികാരവിചാരങ്ങള്‍ എല്ലാം നമ്മുടെ ഉപബോധമനസ്സില്‍ സംഭരിച്ചു വെച്ചിരിക്കുന്നപുനരാവൃത്തി അനുഭവങ്ങളുടെ പുനഃപ്രകടനം അല്ലെങ്കില്‍ പുനരാവൃത്തി മാത്രമാണ്.
ചിന്ത മസ്തിഷ്‌കത്തെ മാറ്റുന്നു, മസ്തിഷ്‌കം നമ്മുടെ മനസ്സിനെയും ശരീരത്തെയും മാറ്റുന്നു – ഇത് ഒരു അനന്തമായ വിഷമവൃത്തമാണ്. ഇതില്‍ നിന്നാണ് ഒരു ആഴമേറിയ ചോദ്യം ഉദിക്കുന്നത്: ഈ വൃത്തം ആരാണ് തിരഞ്ഞെടുക്കുന്നത്?
ധ്യാനം ആ ചോദ്യത്തിന്റെ ഉത്തരം തേടലാണ് – ചിന്തകളെ നിയന്ത്രിക്കുച്ചുകൊണ്ടല്ല, നിര്‍ത്തിക്കൊണ്ടല്ല, ചിന്തകള്‍ക്ക് പിന്നിലെ നിശ്ചലതയെ കണ്ടെത്തിക്കൊണ്ട്.
അതിനാല്‍, നിങ്ങള്‍ നിങ്ങളുടെ ചിന്തകള്‍ അല്ല. നിങ്ങള്‍ അവയെ കാണുന്ന ബോധമാണ്. ചിന്തകള്‍ മാറിയേക്കാം; പക്ഷേ ആ ബോധം-അത് സ്ഥിരമാണ്.











