LIMA WORLD LIBRARY

മരണമെനിക്കു നല്‍കിയത് – പ്രമീളാദേവി…

എന്നെ കാണുമ്പോള്‍
പുറം തിരിഞ്ഞു നടന്നിരുന്ന
കൂട്ടുകാര്‍..
ഇന്നെന്നെ കാണാന്‍ വന്നു, കൈയിലൊരു റീത്തുമായി.
അതെന്റെ മാറില്‍ വച്ചപ്പോള്‍
എനിക്ക് ശ്വാസം മുട്ടി.

മണിക്കൂര്‍, ദിവസക്കണക്കുകള്‍
വച്ച് ഓരോ മാസവും
എന്നെ പകുത്തുകൊണ്ടിരുന്ന
എന്റെ മക്കള്‍..
അവര്‍ എന്റെ വായില്‍
അരിയും പൂവുമിട്ടപ്പോള്‍
എനിക്ക് ഓക്കാനം വന്നു!

എന്നെ വേണ്ടെന്നു പറഞ്ഞു
മറ്റൊരാളെ തിരഞ്ഞുപോയ
എന്റെ ഭാര്യ..
അവള്‍ ഒരു റോസാപ്പൂവ്
എന്റെ നെഞ്ചില്‍ സമര്‍പ്പിച്ചു.
അതിന്റെ മുള്ളു കുത്തിക്കയറി
എന്റെ കരള്‍ മുറിഞ്ഞു..
ചോരയിറ്റു!

അതിരു തോണ്ടിത്തോണ്ടി
എന്റെയടിത്തറയിളക്കിയ
അയല്‍വാസി എന്റെ
ശവമടക്കിനു ഓടിനടക്കുന്നു.
അവനെക്കണ്ടപ്പോള്‍
എനിക്കെഴുന്നേറ്റോടാന്‍
തോന്നി!

വയ്യാതെ കിടന്നപ്പോള്‍
കാണാത്തമട്ടില്‍ നടന്ന
രാഷ്ട്രീയ മുതലാളിമാര്‍
എന്നെ കാണാന്‍വന്നു,
കൈയിലൊരു
കസവുമുണ്ടുമായി!
അതെന്നെ പുതപ്പിച്ചപ്പോള്‍
എന്നെ ഈച്ച പൊതിഞ്ഞു!

ഇന്നുവരെ തിരിഞ്ഞു
നോക്കാത്ത
സമുദായ മേലാളന്മാര്‍
മരണാനന്തര ചടങ്ങുകള്‍
ചെയ്യാന്‍ മത്സരിച്ചു മുന്നിട്ടു
നില്‍ക്കുന്നതു കണ്ടു.
അതു കണ്ട എനിക്ക്
ചിരിപൊട്ടി.

എന്നെ ചിതയിലേയ്ക്കെടുത്തപ്പോള്‍
എപ്പോഴും എന്റെകൂടെയുണ്ടായിരുന്ന,
കണ്ണു കാണാന്‍ പറ്റാത്ത
ആ വയസ്സന്‍ നായ
മോങ്ങിക്കൊണ്ട്
മണം പിടിച്ചടുത്തെത്തി,
എന്നെയുരുമ്മാന്‍ തുടങ്ങി.

ഈ പേക്കൂത്തുകള്‍
കാണാന്‍പറ്റാത്തത്
അവന്റെ ഭാഗ്യം.
അവനെന്റെ ചിതയൊന്ന്
കത്തിച്ചിരുന്നെങ്കിലെന്ന്
ഞാനാഗ്രഹിച്ചു!
അപ്പോഴേക്കും അവനെയും
അവരാരോ ആട്ടിയോടിച്ചു.

ഹാ! മരണമേ…
നീയെനിക്ക് ഇപ്പോള്‍
തന്നതൊക്കെ
ജീവിച്ചിരുന്നപ്പോള്‍
എനിക്ക്
ലഭിച്ചിരുന്നെങ്കില്‍…!

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px