പൂവേ നീയേറെ നേരമായി നോക്കുന്നതാരേ?
നോവേറുമൊരു ഗര്‍ഭത്തിനുടയോനെയാണോ?
ആവതില്ലെറെ കാത്തീടുവാനായുസ്സില്ലാ
കവരുവാനൊരു നാരി വന്നീടും കാലേ.
പൂവിറുക്കാനെത്തും ബാലികമാര്‍ പിന്നെ
കാവിലെ പൂജാരി പൂത്താലമേന്തിയും,
നാവില്ലവരോടരുതെന്നു ചൊല്ലാന്‍
പാവമീ പൂവിന്റെ ഗതിയെത്ര ശോകം.
അവനിയില്‍ വാഴ്വവതരനാഴികനേരം
പൂവിന്നേകിയാ കമലോത്ഭവനായുസ്സയ്യോ
പാവന പരിമള ശോഭയേറ്റി ലസിപ്പൂ.
പവിഴ മലരിതളിനു സംപ്രതി വാര്‍ദ്ധക്യമെത്തും.
പവനനെത്തി തഴുകി തലോടിയോമനിച്ചാ
പൂവിതളിലേക്കൊരളി വന്നാര്‍ത്തിയോടെ
ഗര്‍വ്വകന്നോരു വികാരവായ്പിനാലെ
പൂവിനു വന്നിതു ജന്മസാഫല്യമായി











