ആവി പറക്കുന്ന
ഒരു കപ്പ് ചായ
പ്രണയം പോലെ
ഊഷ്മളമായ
ഒരു ചുംബനം.
ഓരോ കവിൾ
കൊള്ളുമ്പോഴും
ആവി പറക്കുന്ന
സ്നേഹം,കടുപ്പമുള്ള.
ഹൃദയങ്ങളുടെ ഇഴയടുപ്പം.
ഒരു നിമിഷാവേഗം,
ഒരായുഷ്കാല സൗഹൃദം.
മതിവരാ മധുവിധു.
പുലരി മുതൽ
പകലറുതി വരെ,
ഒരു ദിവസത്തിന്റെ
സമയത്തുള്ളികളെ
അളന്ന് പകരുന്ന
ഒരു കപ്പ് ചായ.
ചായക്കോപ്പയിലെ
ചുടുചുംബനങ്ങൾ
കൊടുങ്കാറ്റുകൾ,
കപ്പിനും ചുണ്ടിനും
ഇടയിൽ വഴുതിപ്പോയ
ചില മാത്രകൾ.
സമോവറിന്റെ ചുവട്ടിൽ,
എരിയുന്ന കനലുകൾ
പറയുന്നു തീ പാറുന്ന
ജീവിതച്ചൂരുള്ള കഥകൾ.
കല്പനയിൽ നിന്നും
കയറി വരുന്ന
കഥാപാത്രങ്ങൾ.
തലമുറകൾ അകലെ,
മലമടക്കിലെ
ഇല ഞരമ്പിൽ നിന്നും
അടർത്തിയെടുത്ത
ഉന്മേഷക്കുമിളകൾ
വെട്ടിത്തിളക്കുമ്പോൾ
മൊട്ടിട്ട പ്രണയം,
ചെറു കോപ്പകളിൽ
വാറ്റിയെടുത്ത മാജിക്.
നിന്നോടൊപ്പമുള്ള
ചായ നിമിഷങ്ങളുടെ
കടുപ്പം,അഭൗമികത,
ഹൃദയത്തിൽ കൊത്തിയ
ചുവർചിത്രങ്ങൾ പോലെ.
മഴനൂലുകൾ നെയ്യുന്ന
വൈകുന്നേരങ്ങളിൽ
എന്റെ സന്തോഷച്ചായ
തനിച്ചു മോന്തുമ്പോൾ
നിമിഷങ്ങൾ പിന്നോട്ട്
ചരിക്കുന്നു.
ജീവിതത്തിൽ ഏറെ
സൗഹൃദങ്ങൾ സമ്മാനിച്ച
എന്റെ പ്രിയപ്പെട്ട മനുഷ്യർ
സമയക്കടൽ കടന്നു വരുന്നു
അവർക്കു ഞാൻ
ചായ സൽക്കാരം
ഒരുക്കുന്നു!!












