പൂത്തു നില്ക്കുന്നൊരാ കൊന്നതന്‍ ശാഖിയില്‍ –
കേട്ടു ഞാനാപറവതന്‍ ഗീതകം
വിത്തുംകൈക്കോട്ടുമെന്നു ചൊല്ലുന്നൊരാ-
പക്ഷി തന്‍ മഞ്ജിമയൂറുമാലാപനം
കാട്ടുപൊയ്കയില്‍ നീരാടിയെത്തുന്ന –
നാട്ടുമൈന തന്‍ മിഴികളില്‍പ്രണയവും
കൊക്കുരുമ്മിയാ,കണവനുമൊത്തവള്‍ –
മുട്ടിയുരുമ്മിയീ നാട്ടില്‍ പാറീടുന്നൂ
വന്നുപോയ് വിഷുസംക്രമ സന്ധ്യയില്‍ –
പൂത്തു നില്ക്കുന്നൊരാ കൊന്നതന്‍ സൗരഭം,
പൂനിലാപ്പുഞ്ചിരിപ്പാലൊളിഗംഗയില്‍-
നീരാടിയെത്തുന്നുചിത്ര പതംഗങ്ങള്‍!
കതിരണിഞ്ഞീടുന്നപാടവരമ്പിലെ –
ഞാറ്റക്കിളികള്‍ തന്‍ പാട്ടിലെ മര്‍മ്മരം.
ഏകി ഞാന്‍ കാര്‍വര്‍ണ്ണനു കാണിയ്ക്കയാ –
കണിവെള്ളരി തന്‍ തൂമന്ദഹാസങ്ങളും
കണ്ടുഞാന്‍പൂത്തിരി പൊട്ടിച്ചിരിയാ –
ക്കണ്ണിനു പൂക്കണിയായൊരു മത്താപ്പും
കണ്ടു ഞാന്‍ വിഷു സദ്യവട്ടങ്ങള്‍ –
ഇണ്ടലില്ലാനാളിന്നുത്സവമേളങ്ങള്‍
കണ്ടു ഞാന്‍ വിഷുക്കാല സ്‌മേരവും –
കാരുണ്യപൂരമാമച്ഛന്റെ കണ്‍കളില്‍
കണ്ണുപൊത്തിയെത്തുമാ
കൈശോരഹസ്തം പുലരിയില്‍കൈനീട്ടമൊന്നിനായ്
കസവുടയാട ചാര്‍ത്തുന്നൊരമ്മതന്‍ –
കാതരമിഴികളില്‍ കാണുന്ന പുഞ്ചിരി,
വന്നു പോയ് വിഷുനാളിതില്‍ സന്തതം –
നമ്മള്‍ വീക്ഷിച്ച ഉല്ലാസ നിര്‍ഝരി !
എങ്കിലുമകലത്തായ് മുഴങ്ങുo രണഭേരി
ചങ്കിലെങ്ങോ കൊളുത്തി വലിക്കുന്നു !
തെളിയുമീയഴല്‍നാളുകള്‍ മാഞ്ഞു പോം-
വഴിയുമാഹ്‌ളാദവീചികള്‍ നാടെങ്ങും!…
ചൊല്ലിപ്പറക്കുന്നാവിഷുപ്പക്ഷിയും ,മഴ -,
വില്ലുതെളിഞ്ഞൊരാ ദിങ് മുഖം നോക്കി!…












