കണിയൊരുക്കി ഞാന്‍ കാത്തിരിക്കുന്നു
കനിവോടെയെന്നരികില്‍ വരിക കണ്ണാ..
പൊന്നിന്‍ തളകള്‍ കിലുക്കിക്കിലുക്കി
പോന്നോടക്കുഴലൊന്നൂതിയൂതി
പുഞ്ചിരി തഞ്ചും ചെഞ്ചുണ്ടില്‍ നല്ലൊരു
സുന്ദര രാഗവും മൂളി മൂളി
എന്റെ ചാരത്തു വന്നു നീ നില്‍ക്കുന്ന നേരം
ഒരു മായയില്‍ മുഴുകി ഞാന്‍ മതി മറക്കും ..
ഉണ്ണിക്കണ്ണന്റെ പീലിത്തിരുമുടി
കാറ്റത്തു മെല്ലെയിളകിക്കളിക്കവേ
അരുമയോടേയെന്‍ കയ്യാലേ ഞാനതു
മാടിയൊതുക്കി വെച്ചീടുമല്ലോ..
പൊന്നരയില്‍ മഞ്ഞപ്പട്ടാടയും മുത്തരഞ്ഞാണവും
കൈകളില്‍ കാപ്പും കടകവും കിങ്ങിണി മോതിരം
നെറ്റിയില്‍ ഗോപിക്കുറിയും കുങ്കുമച്ചാര്‍ത്തും,
വാലിട്ടെഴുതിയ നീള്‍ നയനങ്ങളും..
സുന്ദര രൂപനേ നിന്‍ ദിവ്യരൂപം
അകതാരിലങ്ങനെ ചിരി തൂകി നില്‍ക്കുന്നു..
പൂവും പഴവും പൊന്നാഭരണവും
കണി വെള്ളരിയോടു ചേര്‍ത്തു വെച്ചു
കൈ നീട്ടം നല്‍കുവാന്‍ നാണയത്തുട്ടും
അരികത്തു തന്നെ ഒരുക്കി വെച്ചു,
പൊല്‍ക്കണിക്കായ് ഞാന്‍ കാത്തിരി ക്കുന്നു…
വൈകാതെ വന്നെന്‍ ചാരത്തണയുക
കനിവോടെ ഇന്നെന്‍ പൊന്നുണ്ണിക്കണ്ണാ….












