നോവല്‍ വായനയിലുടനീളം ഏതോ ധ്യാനത്തിലെന്നപോലെ ലയിച്ചിരിക്കാന്‍
കഴിയുക !
കഥാപാത്രങ്ങളുടെ ആത്മ സംഘര്‍ഷങ്ങളില്‍ തന്മയത്വം പ്രാപിച്ച് തന്റെ ഉള്ളിലെ പുഴുക്കളും അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളും ഒരു ഏകാന്ത ധ്യാനം പോലെ ‘പ്യൂപ്പ ‘ അവസ്ഥയില്‍ നിന്ന് ഉരുത്തിരിഞ്ഞ് ഒരു പുഴുവാകുന്നതു കാണാനാകുന്ന വായന അനുഭവം. !
പട്ടുനൂല്‍പ്പുഴു മനോഹരമായി നൂല്‍ നൂല്‍ക്കുകയാണിവിടെ എന്നു വിചാരിച്ചാല്‍ തെറ്റി.
ജീവിതത്തെ , അതിന്റെ സങ്കീര്‍ണ്ണതകളെ, ഒക്കെ അതിന്റെ എല്ലാ അഭംഗികളോടും കൂടിയാണ് ഇവിടെ കാണാന്‍ കഴിയുക.!
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള നേരിയ വ്യത്യാസങ്ങളും പ്രകൃതിയും മനുഷ്യനും ഇടകലരുന്ന വന്യമായ സന്ദര്‍ഭങ്ങളും അതിഭാവുകത്വമില്ലാത്ത ഭാഷയില്‍ എസ് ഹരീഷ് പട്ടുനൂല്‍പ്പുഴു എന്ന നോവലിലൂടെ നമുക്കു മുന്നില്‍ തുറന്നിടുകയാണ്.
പതിമൂന്ന് വയസ്സുകാരന്‍ ‘സാംസ ‘യുടെ സ്വപ്ന സഞ്ചാരങ്ങളും ആത്മ ഭാഷണങ്ങളും നമ്മില്‍ ലയിച്ചു ചേര്‍ന്ന് മുന്നേറുന്നുണ്ട്.
സ്റ്റീഫനും മാര്‍ക് മാഷും ശ്യാമയും മനുഷ്യ സ്വഭാവത്തിന്റെ അങ്ങേയറ്റം വിചിത്രവും ഭീതിതവുമായ ഒരവസ്ഥയിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു.
സ്റ്റീഫനെ
‘ഈന്തു’
മരത്തില്‍ കെട്ടിയിട്ട് ഉന്മാദത്തെ ഉച്ഛാടനം ചെയ്യുന്ന കാഴ്ച നമ്മെ സംഭ്രമിപ്പിക്കും.
മരിച്ചു പോയ കുട്ടിയായ ‘നടാഷ ‘ യ്ക്കും ഇതില്‍ ജീവനുണ്ട്.
ആനിയെ പോലെ തന്നെ നായ്ക്കളോട് അത്ര അടുത്ത് ഇടപഴകാത്ത എനിക്കും പക്ഷേ അതിലെ നായ്ക്കുട്ടി
‘ഇലു ‘
മരിച്ചപ്പോള്‍ ഹൃദയം നൊന്തു പിടഞ്ഞു.
ജീവിതത്തില്‍ , രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പാളിപ്പോകുന്ന ഒരു പരാജിതന്റെ മകനായ സാംസ , മറ്റുള്ളവരുടെ കണ്ണില്‍പെടാതെ എപ്പോഴും അദ്യശ്യനെപ്പോലെ,
തീരെ ശാന്തനായി,
സ്വയം ഉള്‍വലിഞ്ഞ് നടക്കുന്ന കാഴ്ച വലിയൊരു വേദനയായി ഉള്ളുലയ്ക്കുന്നു.
അവന്റെ സ്വപ്നാടനങ്ങള്‍ക്കൊപ്പം കൂട്ടു പോകാന്‍ നമുക്കും തോന്നിപ്പോകും.!
‘വരുംനാളെകളെക്കുറിച്ച് എപ്പോഴുമുള്ള കലങ്ങിയ ചിന്തകള്‍ വീഴ്ചകളുടെ ആഘാതം കുറയ്ക്കുമെന്നോ അത് ഒഴിവായിപ്പോകുന്നതിന് സഹായിക്കുമെന്നോ വെറുതേ ആനി വിചാരിച്ചു .’
എന്നു വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനും എത്രയോ വട്ടം ഇങ്ങനെ വിചാരിച്ചിരിക്കുന്നു എന്നോര്‍ത്ത് ആനിയ്ക്ക് ഐക്യദാര്‍ഢ്യപ്പെട്ടു.
ഇനി ഞാന്‍ തന്നെയാണോ ആനി എന്നോര്‍ത്ത് വേവലാതിപ്പെട്ടു.













