LIMA WORLD LIBRARY

പൊന്നുമോള്‍ക്കൊരുമ്മ – ഗിരിജ ഉദയന്‍

മോളുടെ ഫോണ്‍’ നാളെ ഞാന്‍ അവിടെ തിരിച്ചെത്തും അച്ഛാ ..’ എന്തും അച്ഛനോട് തുറന്നു പറയുന്ന മാളുട്ടി ആ രഹസ്യവും പറഞ്ഞു. ആ രഹസ്യം കേട്ട് രാമചന്ദ്രന്‍ നായര്‍ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. തന്റെ പോന്നു മോളെയോര്‍ത്ത് അയാള്‍ക്ക് അഭിമാനവും സന്തോഷവും . ഫോണിലൂടെ പോന്നുമോള്‍ക്ക് സ്‌നേഹ സമ്മാനമായി ഒരുമ്മ കൊടുത്തു അച്ഛന്‍. ഒരാഴ്ച്ച മുന്നേ നടന്ന ആ സംഭവം രാമചന്ദ്രന്‍ നായരുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.

നന്ദിനി മുഖം വീര്‍പ്പിച്ചു നടക്കുന്നു. അടുക്കളയില്‍ പാത്രങ്ങളോടാണ് നീരസം പ്രകടിപ്പിക്കുന്നത്. തന്നോടുള്ള ദേഷ്യമാണ് പാത്രങ്ങളോട് തീര്‍ക്കുന്നത്. മാളുട്ടി മുറിയില്‍ നിന്നും പുറത്തിറങ്ങുന്നില്ല. തന്നോടുള്ള പിണക്കമാണ് അമ്മയ്ക്കും മോളള്‍ക്കും. രാമചന്ദ്രന്‍ നായര്‍ എന്ന ആ സാധു മനുഷ്യന് വല്ലാത്ത നൊമ്പരം തോന്നി. മാളുട്ടിക്ക് സ്‌കൂള്‍ പൂട്ടിയപ്പോള്‍ വലിയമ്മയുടെ വീട്ടില്‍ പോകണം. മക്കളില്ലാത്ത വലിയമ്മക്ക് അവളെ ഒരുപാടിഷ്ടമാണ്. അതുപോലെ മാളുവിനും വലിയമ്മയോട് വലിയ സ്‌നേഹമാണ്.. പതിനൊന്നു വയസ്സായ തന്റെ സുന്ദരിയായ പൊന്നു മോളെ വേറൊരു വീട്ടിലേക്ക് വിടുവാന്‍ മനസ്സനുവദിക്കുന്നില്ല. അമ്മമാര്‍ക്കാണ് ശ്രദ്ധ വേണ്ടത്. നന്ദിനിക്ക് മോളെയോര്‍ത്ത് ഒരു പേടിയും ഇല്ല. ‘അവള്‍ മിടുക്കിയാ രാമേട്ടാ, എന്നെപോലെയല്ല’ ഇവിടെ മോളെയോര്‍ത്തു വേവലാതി എപ്പോഴും തനിക്കാണ്. പ്രായമായ അച്ഛന്‍ ഗോപാലന്‍ നായരെയും, അമ്മ ജനകിയമ്മയെയും സ്വന്തം അച്ഛനെയും അമ്മയേയും പോലെ നോക്കുന്ന നന്ദിനി എന്ന മരുമകളുടെ തീരുമാനത്തിനു മുന്നില്‍ അവര്‍ മൌനസമ്മതം നല്‍കുന്നു. ഈ മറുനാട്ടില്‍ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുമ്പോള്‍, രണ്ടു പേരുടെ ശമ്പളം തികയാതെ വരുമ്പോള്‍, പൊന്നു മോളുടെ ആഗ്രഹങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും കണ്ണടക്കും. പണക്കാരിയായ വലിയമ്മ കൊടുക്കുന്ന ഡ്രസ്സ്‌കളും ആഡംബര വസ്തുക്കളും കണ്ട് മാളുവും നന്ദിനിയും മയങ്ങിപ്പോയി. വല്ലാത്ത സങ്കടത്തോടെ അവള്‍ക്കു പോകാന്‍ സമ്മതം നല്‍കിയപ്പോള്‍ മനസ്സിന് വല്ലാത്ത ഭാരമായിരുന്നു…

ഇന്ന് മോള്‍ ഫോണിലൂടെ അവിടെ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അറിയാതെ മനസ്സില് സന്തോഷത്തിന്റെ പൂത്തിരി കത്തി. നാട്ടില്‍ എത്തിയ മാളുവിന് സന്തോഷത്തിന്റെ ദിവസങ്ങള്‍ ആയിരുന്നു. വലിയ വീട്, കാര്‍ എന്നുവേണ്ട എല്ലാ സുഖ സൌകര്യങ്ങളും. വലിയമ്മ അവളെ സ്‌നേഹം കൊണ്ട് മൂടി. ഒരു ദിവസം വലിയമ്മ കുളിക്കാന്‍ പോയ സമയത്ത് മുറിയില്‍ ടി.വി കണ്ടിരിക്കുന്ന മാളുവിന്റെയടുത്തെക്ക് വലിയച്ഛന്‍ പതുക്കെ ചെന്നു. സ്‌നേഹത്തോടെ അവളുടെ മുടിയിഴകളില്‍ തലോടി. പിന്നീട് അയാളുടെ തലോടലുകളില്‍ സംശയം തോന്നിയ മാളു വിമല ടീച്ചര്‍ പറഞ്ഞു തന്ന ഉപദേശം ഓര്‍ത്തു. (തന്റെ ശരീരത്തിനെ ബഹുമാനിക്കണം സ്ത്രീകള്‍.

സ്വന്തം ഇഷ്ടമില്ലാതെ ആരെയും ശരീരത്തില്‍ തൊടുവാന്‍ സമ്മതിക്കരുത്.ഉടന്‍ പ്രതികരിക്കണം ) വലിയച്ഛന്റെ മൂക്കിനു നോക്കി ഒരിടി കൊടുത്തു, പിന്നെ ഒരു തള്ളലും. വാതില്‍ പടിയില്‍ തട്ടി മൂക്കും പൊത്തി താഴെ കിടക്കുന്ന അയാളുടെ കാതില്‍ അവള്‍ പറഞ്ഞു , ‘വലിയച്ഛ, ഞാന്‍ കരാട്ടെ പഠിച്ചതാ, ഇനി എന്നെ തൊട്ടാല്‍ കണ്ണ് കുത്തി പൊട്ടിക്കും.’ എന്നിട്ടവള്‍ ഉറക്കെ നിലവിളിച്ചു വലിയമ്മേ ഓടിവായോ, വലിയച്ഛന്‍ കാലുതെറ്റി വീണു’. ‘ഹ ഹ ഹ ഹ ‘ രാമചന്ദ്രന്‍ നായര്‍ ഓര്‍ത്തോര്‍ത്തു ചിരിച്ചു. അച്ഛാ അമ്മയോട് പറയണ്ട, ഈ സന്തോഷം നന്ദിനിയെ അറിയിക്കാനും പറ്റില്ല. അടുക്കളയില്‍ നിന്നും ഓടിയെത്തിയ നന്ദിനി ചോദിച്ചു ‘എന്താ രാമേട്ടാ, ആരുടെയ ഫോണ്‍, എന്താ ഇത്ര സന്തോഷം ‘ തന്റെ ഭാര്യയെ ചേര്‍ത്ത് പിടിച്ചു രാമചന്ദ്രന്‍ നായര്‍ എന്ന സ്‌നേഹ സമ്പന്നനായ അച്ഛന്‍ പറഞ്ഞു എടി നാളെ നമ്മുടെ മോളെത്തും. അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാന്‍ വയ്യാത്രെ ‘…..മനസ്സില്‍ ആ അച്ഛന്‍ പൊന്നുമോള്‍ക്കൊരുമ്മ കൊടുത്തു ….

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px