LIMA WORLD LIBRARY

അശ്വതി ശ്രീകാന്തിന്റെ സന്തോഷത്തിന്റെ സമവാക്യങ്ങള്‍ – ശംസീര്‍ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരന്‍

സ്വയം സഹായ പുസ്തകങ്ങള്‍ (Self-help) നിരവധിയായി വായിച്ചിട്ടുണ്ട്. ഇത്തരം പുസ്തകങ്ങളില്‍ മിക്കതും ഒറ്റയിരിപ്പിന് വായിച്ചു പൂര്‍ത്തിയാക്കാതെ, ആവശ്യമുള്ളപ്പോള്‍ മാത്രം തുറന്നുനോക്കാറാണ് പതിവ്. എന്നാല്‍ അശ്വതി ശ്രീകാന്തിന്റെ ”സന്തോഷത്തിന്റെ സമവാക്യങ്ങള്‍” ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു.

ഈ പുസ്തകം ഒരു കുഞ്ഞു പുസ്തകമാണ്. സാധാരണ വലുപ്പത്തില്‍ നിന്ന് അല്പം ചെറുതാണ്. യാത്രകള്‍ക്കൊപ്പം കൊണ്ടുനടക്കാന്‍, ബാഗില്‍ ഒതുക്കി വെക്കാന്‍, കൈകളില്‍ പിടിച്ചു നടക്കുമ്പോഴൊക്കെ കനമോ വലിപ്പമോ ഉണ്ടാവുമ്പോള്‍ അസ്വസ്ഥതപ്പെടാതിരിക്കാന്‍ ഇത് ചെറുതായിരിക്കുന്നത് നല്ലതാണെന്ന് തോന്നി. ഈ പുസ്തകം വായിച്ചു ഷെല്‍ഫില്‍ വെച്ചാല്‍ ചിതലരിക്കില്ല. കാരണം വായിച്ചു കഴിഞ്ഞതാണല്ലോ എന്ന് കരുതി നിങ്ങളെ അത് വീണ്ടും എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാതിരിക്കുന്നത് കൊണ്ടാണ്. എപ്പോഴും നമുക്കൊപ്പം ഉണ്ടാവേണ്ട പുസ്തകമെന്ന് ഞാന്‍ ഇതിനെ വിശേഷിപ്പിക്കുകയാണ്.

മോട്ടിവേറ്റ് ചെയ്യുന്നതിനോടൊപ്പം നമ്മളില്‍ മാറ്റമുണ്ടാക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുന്നു. മടി, പേടി, അലസത തുടങ്ങി കഴിവുകളേറെ ഉണ്ടായിട്ടും ഉള്‍വലിയുന്നവര്‍ക്ക് ഇത് ഊര്‍ജ്ജം പകരുന്നുണ്ട്. എല്ലാത്തിനും ധൈര്യം പകരുന്നുണ്ട്. മരിച്ചുപോയ മനുഷ്യരെ ജീവിപ്പിക്കുന്ന ജാലവിദ്യ ഈ അക്ഷരങ്ങള്‍ക്കുണ്ട്. എല്ലാം അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് പിടിച്ചു കേറാനുള്ള നൂല്‍പ്പാലം ഇതിലുണ്ട്. ഇത് വെറുമൊരു വായനയല്ല, മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയാതെ കാലിടറുന്നവര്‍ക്ക് വഴികാട്ടിയാണ്. വായനയില്‍ ഏര്‍പ്പെട്ടവര്‍ വായിക്കുന്നു, മരിക്കുന്നു. എന്നാല്‍ ഇവിടെ വായനക്കാര്‍ വായിക്കുന്നു, ജീവിക്കുന്നു. ഇവിടെ മരണമുണ്ടാവുന്നില്ല.

ഒരു അമ്മ മക്കളോട് പറയുന്നതുപോലെ സ്‌നേഹവാത്സല്യത്തോടെ നമുക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കാണിക്കുകയാണ് അശ്വതി. വേദനകള്‍ക്ക് ശമനവുമുണ്ട്. എല്ലാ വഴികളും അടഞ്ഞെന്ന് കരുതുന്നവര്‍ക്കിടയില്‍ പുതിയ വഴികള്‍ തുറന്നിടുകയാണ് ”സന്തോഷത്തിന്റെ സമവാക്യങ്ങള്‍” ചെയ്യുന്നത്.

ഇത് സെല്‍ഫ് ഹെല്‍പ്പ് എന്ന നിലയില്‍ എല്ലാ അര്‍ത്ഥത്തിലും നല്ല സഹായങ്ങള്‍ തരുന്നുണ്ട്. ചിലര്‍ക്ക് എല്ലാത്തിലും നല്ല കോണ്‍ഫിഡന്‍സുണ്ടാവും. ‘എനിക്ക് സെല്‍ഫ് ഹെല്‍പ്പ് പുസ്തകത്തിന്റെ ആവശ്യമൊന്നുമില്ല, അതിനുമാത്രം പ്രശ്‌നങ്ങളൊന്നും എനിക്കില്ലല്ലോ’ എന്ന് കരുതുന്നവരാണ് നിങ്ങളെങ്കില്‍, നിങ്ങളും ഈ പുസ്തകത്തിലൂടെ ഒരുതവണയെങ്കിലും കടന്നുപോവണം. നമുക്ക് പുതിയ അറിവുകള്‍ നല്‍കുന്നുണ്ട്. സാഹിത്യത്തില്‍ മാത്രം മുഴുകുന്ന വായനക്കാര്‍ ഇടയ്ക്ക് ഇതുപോലെയുള്ള പുസ്തകങ്ങളിലൂടെയും സഞ്ചരിക്കുന്നത് നല്ലതാണ്. തെറ്റുകള്‍ തിരുത്താന്‍, പുതിയ അര്‍ത്ഥങ്ങളിലേക്കും മാനങ്ങളിലേക്കും കടക്കാന്‍ ഇത് നമ്മെ സഹായിക്കും.

ഈ പുസ്തകം തോറ്റുപോയവര്‍ക്കുള്ള വഴികാട്ടി മാത്രമാണെന്ന് ധരിക്കരുത്, വിജയിച്ചവര്‍ക്കുള്ള മുന്നറിയിപ്പുമുണ്ട്. ഇത് മനസ്സിനെയും ചിന്തകളെയും അറിവുകളെയും ഉയര്‍ത്തിക്കൊണ്ടുവരിക മാത്രമല്ല ചെയ്യുന്നത്, ശാരീരികാരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമവുമുണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഈ പുസ്തകം ഒരുപോലെ പ്രയോജനപ്പെടുമ്പോള്‍, ഇത് വിദ്യാര്‍ത്ഥികള്‍ക്കും ഊര്‍ജ്ജം പകരുന്നുണ്ട്. എല്ലാം ആയി, ഇനിയൊന്നുമില്ലെന്ന് കരുതി അഹങ്കരിക്കുന്നവരുണ്ടോ? എന്നാല്‍ ഇത് നിങ്ങള്‍ക്കും കൂടിയുള്ളതാണ്. എവിടെയും എത്തിയില്ല, ഇനി മുന്നോട്ട് എന്തെന്ന് അറിയില്ല എന്ന് വ്യാകുലപ്പെട്ട സങ്കടത്തോടെ ജീവിതം മുന്നോട്ട് നീക്കുന്നവരുണ്ടോ? ഇത് നിങ്ങള്‍ക്കൊരു സഹായകമാവും. മറ്റു പലതിലും ചിലവഴിച്ച് ഞാന്‍ എന്റെ നല്ലകാലം നശിപ്പിച്ചുവെന്ന് തോന്നുവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളും ഈ പുസ്തകവുമായി കൂട്ടുകൂടണം.

വായിച്ച് മടക്കി ഷെല്‍ഫുകളില്‍ വെക്കാതെ നിരന്തരമായും ഇത് വായിച്ചാല്‍, നമ്മളോരോരുത്തരിലും നാം പോലുമറിയാതെ മാറ്റങ്ങള്‍ സംഭവിക്കുമെന്നതില്‍ സംശയമില്ല. ഒരാള്‍ ഇത് വായിക്കാനായി സ്വന്തമാക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ഇത് ഗിഫ്റ്റായും വാങ്ങാം.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭാഗം ഇതാണ്. പ്രായമാകുക എന്നത് ഒരു കുറ്റമായി കണ്ട്, അത് ആക്രമിക്കാനുള്ള ഒരു ടൂള്‍ ആയി എടുക്കുന്ന സോഷ്യല്‍ മീഡിയയിലെ ‘ആന്റീ’, ‘അമ്മച്ചീ’, ‘കിളവി’ എന്ന വിളികളെ കുറിച്ചുള്ള ഭാഗം. അതങ്ങനെ മറ്റൊരു വിഷയവുമായി പറഞ്ഞു പോവുന്നതാണ്, എങ്കിലും പ്രായത്തെ പരിഹസിക്കുന്നവര്‍ക്ക് ഇവിടെ മറുപടിയുണ്ട്.

ഈ പുസ്തകം വായിക്കാനും അത് നിങ്ങളിലേക്ക് പരിചയപ്പെടുത്തുവാനും കഴിഞ്ഞതില്‍ സന്തോഷം. പുസ്തകത്തെ കുറിച്ച് പറഞ്ഞു തീര്‍ന്നിട്ടൊന്നുമില്ല, ഓരോ അദ്ധ്യായവും എടുത്ത് പരിശോധിക്കുകയാണെങ്കില്‍ ഞാന്‍ പറഞ്ഞതിനേക്കാള്‍ പറയാന്‍ കാണും. ബാക്കി വായനക്കാരായ നിങ്ങള്‍ക്ക് കണ്ടെത്താം. നന്ദി, സ്‌നേഹം ??

പേജ് 256, വില 320 രൂപ
62358 65375

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px