ഡോ. വിനയശ്രീയുടെ ‘ശിഖണ്ഡി’, ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്നീ നോവലുകളെ മുൻനിർത്തി ഉയർന്നുവന്ന സാദൃശ്യവിവാദങ്ങൾ സാഹിത്യവിമർശനത്തിന്റെയും പകർപ്പവകാശ തത്ത്വങ്ങളുടെയും വെളിച്ചത്തിൽ ഗൗരവമേറിയ പരിശോധന അർഹിക്കുന്നു. ഇരു കൃതികളുടെയും ആഖ്യാനഘടന, ഇതിവൃത്തം, കഥാപാത്രസൃഷ്ടി എന്നിവ സൂക്ഷ്മമായി താരതമ്യം ചെയ്യുമ്പോൾ, ആരോപണങ്ങളിൽ ഭാഗികമായ കഴമ്പുണ്ടെങ്കിലും ഇതിനെ കേവലമായ “സാഹിത്യ മോഷണം” എന്ന് വിളിക്കുന്നത് പൂർണ്ണ നീതിയല്ല. മറിച്ച്, സാഹിത്യചിന്തയിലെ ‘പാഠാന്തരത്വം’ , ‘ആശയസ്വാധീനം’ എന്നിവയുടെ സങ്കീർണ്ണമായ അതിർവരമ്പുകളിൽ നിൽക്കുന്ന ഒന്നായി ഇതിനെ വിലയിരുത്തുന്നതാവും ഉചിതം.
രണ്ടു നോവലുകളും മഹാഭാരതത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട അംബ/ശിഖണ്ഡി എന്ന കഥാപാത്രപരിസരത്തെ സ്ത്രീപക്ഷ-ലിംഗാതീത വീക്ഷണകോണിലൂടെ പുനർവ്യാഖ്യാനിക്കാൻ ശ്രമിക്കുന്നവയാണ്. ആൺ-പെൺ ദ്വന്ദ്വങ്ങൾക്കപ്പുറമുള്ള സ്വത്വത്തെക്കുറിച്ചുള്ള അന്വേഷണവും വർത്തമാനകാല ചിന്തകളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ആത്മഭാഷണ ശൈലിയും ഇരു രചനകളിലും കാണാം. ജാതി, ശരീരം, കാമം, പ്രതികാരം, പ്രകൃതിയുമായുള്ള തന്മയീഭാവം എന്നിവയെക്കുറിച്ചുള്ള കഥാപാത്രങ്ങളുടെ കാഴ്‌ചപ്പാടിൽ വിനയശ്രീ സൃഷ്ടിച്ച ആഖ്യാനവഴികളുടെ പ്രതിഫലനം ‘ആത്രേയക’ത്തിലും പ്രകടമാണ്. ഒരേ പൗരാണിക സ്രോതസ്സിൽ നിന്നും കഥാപാത്രത്തെ വീണ്ടെടുക്കുമ്പോൾ സംഭവിക്കാവുന്ന പൊരുത്തങ്ങൾക്കപ്പുറം, അനുഭവതലങ്ങളുടെ ആവിഷ്കാരത്തിലെ ചില വാചകതല സാദൃശ്യങ്ങൾ വിനയശ്രീയുടെ വാദങ്ങൾക്ക് കരുത്തുപകരുന്നുണ്ട്.
എങ്കിലും, ‘ആത്രേയകം’ ഒരു സ്വതന്ത്ര സാഹിത്യസൃഷ്ടിയായി നിലനിൽക്കുന്നത് അതിന്റെ ആഖ്യാനപരമായ സവിശേഷതകൾ കൊണ്ടാണ്. വിനയശ്രീയുടെ കൃതി വ്യക്തിഗതമായ മാനസിക സംഘർഷങ്ങളിലും സ്വത്വവീണ്ടെടുപ്പിലും ഊന്നുമ്പോൾ, ‘ആത്രേയകം’ തപസ്സ്, ജ്ഞാനപാരമ്പര്യം, ആത്രേയ ശാഖയുടെ ചരിത്രാന്തരീക്ഷം എന്നിവയടങ്ങുന്ന വിപുലമായ പൗരാണിക ഭൂമികയിലാണ് വികസിക്കുന്നത്. വിനയശ്രീയുടെ ശൈലി പ്രമേയകേന്ദ്രീകൃതവും ആധുനിക സ്ത്രീപക്ഷ രാഷ്ട്രീയത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നതുമാണ്; എന്നാൽ രാജശ്രീ തന്റേതായ കാവ്യാത്മകവും പൗരാണികവുമായ ഒരു ഭാഷാപരിസരമാണ് ഒരുക്കിയിരിക്കുന്നത്. പ്രതികാരവും നിലനിൽപ്പും വിനയശ്രീയുടെ കഥാപാത്രത്തെ നയിക്കുമ്പോൾ, ജ്ഞാനാന്വേഷണവും പ്രകൃതിയിലെ ലയനവുമാണ് ആത്രേയകത്തിലെ കഥാപാത്രസഞ്ചാരത്തിന്റെ കാതൽ.
സാഹിത്യനിയമമനുസരിച്ച് കേവലമായ “ആശയങ്ങൾ” പകർപ്പവകാശത്തിന് കീഴിൽ വരുന്നില്ല; അവയുടെ “വിശിഷ്ടമായ ആവിഷ്കാരം” മാത്രമാണ് നിയമപരമായും വിമർശനപരമായും പരിശോധിക്കപ്പെടുന്നത്. മഹാഭാരതം പോലുള്ള ഒരു ബൃഹദ്‌ഗ്രന്ഥത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുമ്പോൾ പ്രമേയപരമായ ഐകരൂപ്യം സ്വാഭാവികമാണ്. വിനയശ്രീ പടുത്തുയർത്തിയ പ്രമേയപരിസരവും കഥാപാത്രഭാവനയും സ്വാധീനിച്ചിരിക്കാമെങ്കിലും, തന്റേതായ ആവിഷ്കാരരീതി കൊണ്ടും സൗന്ദര്യാത്മകമായ ഭാഷാപ്രയോഗങ്ങൾ കൊണ്ടും രാജശ്രീ ‘ആത്രേയകത്തിൽ’ വേറിട്ടൊരു ആഖ്യാനഭൂപടം വരച്ചിടുന്നുണ്ട്. ചുരുക്കത്തിൽ, ഇത് അക്ഷരാർത്ഥത്തിലുള്ള മോഷണമല്ല; ഒരേ പൗരാണിക സന്ദർഭത്തെയും ലിംഗരാഷ്ട്രീയത്തെയും മാധ്യമമാക്കിയപ്പോൾ രണ്ട് എഴുത്തുകാരിൽ സംഭവിച്ച ശക്തമായ പാഠാന്തര സ്വാധീനമാണ്.
എന്നാൽ, സാഹിത്യലോകത്ത് ഇത്തരമൊരു ഗൗരവതരമായ വിവാദം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുതാര്യമായ പരിശോധനയോ സമഗ്രമായ വിലയിരുത്തലുകളോ നടത്താതെ ‘ആത്രേയക’ത്തിന് വയലാർ അവാർഡ് നൽകിയത് ജൂറിയുടെ അലംഭാവത്തെയും ജാഗ്രതക്കുറവിനെയുമാണ് വ്യക്തമാക്കുന്നത്. കൃതികളുടെ മൗലികതയെയും ഉയർന്നുവന്ന സമാനതാവാദങ്ങളെയും മുൻവിധികളില്ലാതെ പരിശോധിക്കാൻ തയ്യാറാകാതെ എടുത്ത ഈ തീരുമാനം, നിർണ്ണയ സമിതിയുടെ കാര്യക്ഷമതയെയും മലയാളത്തിലെ പുരസ്കാര സമ്പ്രദായങ്ങളുടെ വിശ്വാസ്യതയെയും വലിയ ചോദ്യചിഹ്നത്തിന് മുന്നിൽ നിർത്തുന്നു.














വളരെ ശരിയായ നിരീക്ഷണം.