പുരുഷാധിപത്യ വ്യവസ്ഥിതി സ്ത്രീകളുടെ മേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ അതിരൂക്ഷമായി വിമർശിക്കുന്നതാണ് ഈ നോവൽ. അധികാരമുള്ളവരും ഇല്ലാത്തവരുമായ ആണുങ്ങൾ തങ്ങളുടെ അധികാരം പ്രയോഗിക്കുന്നത് സ്ത്രീകളിലാണെന്ന സത്യം കൃതി ശക്തമായി ഓർമ്മിപ്പിക്കുന്നു.
“നിസ്സഹായരായ പെണ്ണുങ്ങളെ കൈയിൽ കിട്ടുമ്പോൾ എല്ലാ ആണുങ്ങൾക്കും ഒരറ്റ മതമേയുള്ളൂ.. ആണത്തം!”
മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ പൊട്ടിപ്പുറപ്പെടുന്ന ലഹളകളിലും കലാപങ്ങളിൽ പോലും ആക്രമിക്കപ്പെടുന്നത് സ്ത്രീകളാണ്. ‘ആണത്തം’ എന്നത് ഇവിടെ അധികാരത്തിന്റെ പര്യായമായി മാറുന്നൂ.. സ്ത്രീകൾ എപ്പോഴും ഈ ആണധികാരത്തിന്റെ ഇരകളാണെന്ന ബോധ്യത്തോടെയാണ് ഈ നോവലിനെ രൂപപ്പെടുത്തിയത്.
മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ നോവൽ, ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും അനുഭവങ്ങളെ കോർത്തിണക്കുന്നു. ആശുപത്രി കിടക്കയിൽ തന്റെ അവസാനകാലം ചിലവഴിക്കുന്ന രൂത്ത് എന്ന വയോധികയും, അവരെ പരിചരിക്കാനെത്തുന്ന ഹോം നഴ്സ് രക്ഷയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.
ആദ്യഭാഗത്ത്, തിരുവിതാംകൂറിലെ നാൽപ്പത്, അമ്പത്, അറുപതുകളിലെ ക്രിസ്തീയ കുടുംബങ്ങളിലെ യാഥാർത്ഥ്യങ്ങളാണ് ഒന്നാം ഭാഗത്തിലുള്ളത്. വിമോചന സമരകാലത്തെ സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന രൂത്തിന്റെ ഓർമ്മകളിലൂടെ, അക്കാലത്തെ നസ്രാണി സ്ത്രീകൾ അനുഭവിച്ച കൊടിയ പീഡനങ്ങളും പുരുഷന്മാരുടെ ഹിംസാത്മക പ്രവൃത്തികളും അനാവൃതമാകുന്നു. വീട്ടിലെ ആണുങ്ങൾ കഴിച്ചുകഴിഞ്ഞ് ബാക്കി മാത്രം കഴിക്കേണ്ടിവരുന്ന, പള്ളിയുടെ തിട്ടൂരപ്രകാരം വിമോചന സമരത്തിനിറങ്ങി രാത്രി മടങ്ങിയെത്തി പാവം പെണ്ണുങ്ങളെ മർദ്ദിക്കുന്ന യാഥാർത്ഥ്യങ്ങൾ ഇവിടെ കാണാം.
ബിഹാറിലെ ബോധ്ഗയയിൽ നിന്നും കാമുകനായ ശൈലേന്ദ്രയ്ക്കൊപ്പം കേരളത്തിലെത്തി പിന്നീട് ഉപേക്ഷിക്കപ്പെട്ട അമോദിനിയുടെ മകളാണ് രക്ഷ. ബോധ്ഗയയിലെ ദാരിദ്ര്യവും കേരളത്തിലെ പ്രവാസജീവിതവും രക്ഷയുടെ അരക്ഷിതാവസ്ഥയും നോവലിന്റെ രണ്ടാം ഭാഗത്തെ ഹൃദയഭേദകമാക്കുന്നു.
തിരുവിതാംകൂറിൽ നിന്നും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റവും, തുടർന്ന് രൂത്തിന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് അവസാന ഭാഗത്ത്. നക്സൽബാരിയും കാനു സന്യാലും ചാരു മജൂംദാറും വസന്തത്തിന്റെ ഇടിമുഴക്കവും സിലിഗുരിയിലെ പെണ്ണുങ്ങളും നീൽകാന്ത എന്ന സന്താൾ യുവതിയും ഈ ഭാഗത്ത് കടന്നുവരുന്നു. കേരളത്തിലെ നക്സലൈറ്റ് മൂവ്മെന്റും സഖാവ് വർഗീസും മണിപ്പൂരിലെ ജീവിതവുമെല്ലാം നോവലിന്റെ ക്യാൻവാസിനെ കൂടുതൽ വിശാലമാക്കുന്നു.
ഈ നോവൽ കേവലം രണ്ട് സ്ത്രീകളുടെ കഥ മാത്രമല്ല പറയുന്നത്. ആദിമകാലം മുതൽ പുരുഷന്മാരുടെ പീഡനകളേറ്റുവാങ്ങി പൊട്ടിച്ചിതറിയ പെണ്ണുങ്ങളുടെ ജീവിത കഥകൂടിയാണ്. ഒപ്പം താഴെ പറയുന്ന ഒട്ടനവധി വിഷയങ്ങളും സന്ദർഭങ്ങളും കൃതിയിൽ കടന്നുവരുന്നുണ്ട്:
വല്യപ്പന് വേണ്ടിയുള്ള നാട്ടുവൈദ്യർ ചികിത്സയും ബാലശേഖരന്റെ തിരോധനവും, പള്ളീലച്ചന്റെ മാങ്ങ മോഷണക്കഥയും, റവറന്റ് കൈസർ മിസ്സിംഗ് കേസും. പാളിപ്പോയ ഹിപ്നോട്ടിസവും ചൈൽഡ് സെക്ഷ്വൽ അബ്യൂസും. വെളിച്ചം ചിതറുന്ന മുഖമുള്ള പേരപ്പനും പേരമ്മയും കൂട്ടുകുടുംബ പശ്ചാത്തലവും. ആരാധനാലയങ്ങളും വിശ്വാസങ്ങളും പ്രാർത്ഥനകളും നിഷേധിക്കുന്നവരുടെയും കഥ പറയുന്നവ, അമോദിനിയുടെയും രക്ഷയുടെയും വഴിയോരങ്ങളുമെല്ലാം കഥകളാണ്.
വ്യവസ്ഥിതികളുടെ ക്രൂരതകളെയും പുരുഷാധിപത്യത്തിന്റെ ചതിക്കുഴികളെയും വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടുമ്പോഴും, തണലായിമാറിയ ചില പുരുഷസാന്നിധ്യങ്ങളെയും നോവൽ അടയാളപ്പെടുത്തുന്നുണ്ട്. ദേശത്തിന്റെയും ഭാഷയുടെയും അതിരുകൾ ലംഘിച്ച്, ലോകത്തിന്റെ ഏത് കോണിലുള്ള സ്ത്രീകളുടെയും കണ്ണുനീരിനും ചെറുത്തുനിൽപ്പിനും ഒരേ നിറമാണെന്ന് ഈ കൃതി ഓർമ്മിപ്പിക്കുന്നു. ചിലയിടത്ത് ഇത്രയൊന്നും നീട്ടി വലിക്കേണ്ടിയിരുന്നില്ല, അല്ലെങ്കിൽ ആ ഭാഗം ഒഴിവാക്കി ഒന്ന് ചുരുക്കിയെടുക്കാമായിരുന്നൂ.. എന്നിങ്ങനെയുള്ള വായനക്ഷമതയെ പരീക്ഷിച്ച ഭാഗങ്ങൾ ഒഴിച്ചാൽ സാധാരണക്കാരായ മനുഷ്യരുടെ ആത്മസംഘർഷങ്ങളെ ഒപ്പിയെടുത്ത ഈ നോവൽ സമകാലിക മലയാള സാഹിത്യത്തിൽ ഗൗരവമേറിയ ചർച്ചകളും പഠനങ്ങളും അർഹിക്കുന്ന ഒരു സുവർണ്ണ രചനയാണെന്ന് പറയേണ്ടി വരും.
മറ്റു നോവലിൽ നിന്ന് കിട്ടുന്നത് ചിലപ്പോൾ ഈ നോവൽ നൽകിയെന്ന് വരില്ല, ആത്മാർത്ഥമായ വായനയുണ്ടെങ്കിൽ,, ചരിത്രങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം ആഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്കിത് എടുക്കാം.. (എന്നാൽ ഇത് ചരിത്ര പുസ്തകവുമല്ല) അല്ലാത്തവർ ആലോചിച്ചെടുക്കുക!!
പ്രിയ എഴുത്തുകാരിക്ക് ആശംസകൾ
മാതൃഭൂമി ബുക്ക്സ്, 414 പേജ്, വില 460₹













