നിശ്ശബ്ദവീഥിയിൽ നിറഞ്ഞു നിന്ന കോളാമ്പിപ്പൂക്കളോട് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ..
ഈവഴി പോയവർ എന്തൊക്കെയാവാം പറഞ്ഞിട്ടുണ്ടാവുക..
ഒരുപാടൊപാട്..
കോളാമ്പികൾ തല താഴ്ത്തി..
മുക്കുറ്റികൾ എന്തോ പറയാൻ വെമ്പി..
തുമ്പകൾ തലയാട്ടി നിന്നു..
വാകപ്പൂമരങ്ങൾക്ക് പറയാനുണ്ടായിരുന്നത് പ്രണയലഹരിയുടെ ഒരായിരം കഥകളാണ്..
ചെമ്പരത്തിക്കാടുകൾക്കോ, പ്രണയ നൊമ്പരങ്ങളുടെയും..
ചെത്തി, മന്ദാരം, തുളസികൾക്ക് കൃഷ്ണപൂജയുടെ മഹാത്മ്യങ്ങൾ..
അരിപ്പൂവുകൾ ശ്വാസമടക്കിപ്പിടിച്ചു..
പൂക്കളങ്ങൾ തീർക്കുന്ന തിരക്കിൽപെട്ട്
വിവിധതരം പൂക്കൾ ഒരു കൂടയിൽ സ്നേഹസൗഹാർദ്ദം ചൊരിഞ്ഞു..
അവർക്ക് പറയാനുണ്ടായിരുന്നത് അതിർവരമ്പുകളില്ലാത്ത കൂട്ടായ്മയുടേതാണ്..
ഓർക്കിഡുകളും ആന്തൂറിയങ്ങളും കഥയൊന്നുമറിയാതെ ആഘോഷങ്ങൾ തുടങ്ങി..
അമ്പിളിയും ചെമ്മാനവും നക്ഷത്രപ്പൊട്ടുകളും ഭൂമിക്ക് കൂട്ടായി..
ഓണപ്പൊട്ടന്മാർ ഓടിക്കളിച്ചു, പ്രതാപത്തിന്റെ ഒരുനൂറ് കഥകളുമായി..
മനുഷ്യത്വം വിളമ്പുന്ന ഇലകളിലേക്ക് ദാരിദ്ര്യം ഉറ്റുനോക്കി,
പറയാൻ ഒട്ടിയ വയറുകളുടെ മിടിപ്പുകളുടെ കഥയും..
മഹാബലി ചക്രവർത്തിയുടെ വരവായി വാമന സമേതനായി..
മഹത്തായ ദാനത്തിന്റെ മഹാപ്രതിഭയ്ക്ക് പറയാനുള്ളത് പ്രജകളുടെ സൗഖ്യത്തെപറ്റി..
കോളാമ്പിപ്പൂക്കൾ അപ്പോഴും നിശബ്ദരായി..













