LIMA WORLD LIBRARY

എയ്ഞ്ചൽ – സാക്കിർ – സാക്കി നിലമ്പൂർ

” ൻ്റെ, പൊന്നെയ്ഞ്ചൽ മോളേ…
മമ്മ പറയുന്നതൊന്ന് കേൾക്ക് നീ…
മമ്മേടെ കയ്യില് കാശ് തെകയാഞ്ഞിട്ടല്ലേ കുഞ്ഞാ.?
അത് കൊണ്ടല്ലേ….?
ഉവ്വാവു മാറീട്ട് മമ്മ പണിക്ക് പോവും.
കൂലി കിട്ടിയാ ഉടനെ മോൾക്ക് മമ്മ കേയ്ക്ക് വാങ്ങിച്ച് തരും ട്ടൊ…! ”
കറാകറാ ശബ്ദത്തോടെ ചുമച്ച് കൊണ്ടാണ് മേരിയത് പറഞ്ഞത്.

മീനാമ്മയുടെ കയ്യിൽ നിന്ന് കടം വാങ്ങിയ കാശു കൊണ്ടാണ് മരുന്ന് വാങ്ങിയത് തന്നെ.
മോളെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല.
ആശുപത്രിയിൽ നിന്ന് വരുന്ന വഴി ജംഗ്ഷനിൽ പുതുതായി തുടങ്ങിയ ബേക്കറിക്ക് മുന്നിൽ ബസ്സ് കാത്ത് നിൽക്കുമ്പോഴാണ് എയ്ഞ്ചൽ തന്റെ കൈ പിടിച്ച് വലിക്കുന്നത്.
ചില്ലുകൂടിനകത്ത് ഒരുപാട് കേക്കുകൾ അലങ്കരിച്ച് വെച്ചിട്ടുണ്ട്.
അത്യാകർഷകമായ
നിറങ്ങളിൽ കുളിച്ച്
പലപല രുചിവൈവിധ്യങ്ങളുമായി കേക്കുകൾ
നിരത്തിയങ്ങിനെ വെച്ചിരിക്കുന്നു.

“മമ്മാ… ചെറിയൊര് കേക്ക് മതി മോൾക്ക്. ഒന്ന് വാങ്ങിത്താ മമ്മാ..”

ഗവ.ഹോസ്പിറ്റലിൽ നിന്ന് പത്ത് ദിവസത്തിനാണ്
മരുന്ന് തന്നത്. പോരാഞ്ഞ് രണ്ട് വിധം ഗുളിക പുറത്തേക്ക് എഴുതീട്ടുമുണ്ട്.
ചോദിച്ചപ്പോൾ വലിയ വിലയാണതിന് .
രണ്ട് ദിവസത്തേക്ക് മാത്രമാണത് വാങ്ങിയത്.
കാശ് അതിനേ തികഞ്ഞുള്ളു.
മരുന്ന് കൂടി വാങ്ങിയപ്പോൾ പിന്നെ കഷ്ടിച്ച് ,
ബസ്സ്കൂലി മാത്രം ബാക്കിയായി. തീരെവയ്യെങ്കിലും അവൾക്കൊരു കഷ്ണം കേക്ക് വാങ്ങിക്കൊടുത്ത് മൂന്ന് കിലോമീറ്ററോളമുള്ള ദൂരം നടക്കാനാണ് ആദ്യം തോന്നിയത് . മോളുടെ പരവശമായ വാടിയ മുഖം കണ്ടത് കൊണ്ടും തനിക്ക് വല്ലാത്ത ക്ഷീണം തോന്നിയത് കൊണ്ടും കത്തുന്ന വെയിലായത് കൊണ്ടും ആ ശ്രമം ഉപേക്ഷിച്ചു.

“ന്നാ മമ്മാ,
ആ ഒര് ചെറിയ കഷ്ണമെങ്കിലും വാങ്ങിച്ച് താ…”
ചില്ലു കൂട്ടിന് ഏറ്റവും താഴെ ,
മുറിച്ചു വെച്ച കേക്കു കഷ്ണങ്ങളിലേക്ക് അവൾ വിരൽ ചൂണ്ടി.

“പൊന്ന് മോളെ… മോൾക്ക് ഞാൻ വാങ്ങിത്തരാം.. മമ്മേടെ മോള് രണ്ട് ദിവസംകൂടി ക്ഷമിക്ക്.
മറ്റന്നാളല്ലേ ക്രിസ്മസ്. ക്രിസ്മസിന് എന്തായാലും നമുക്ക് കേക്ക് വാങ്ങാം…”

ഒരുവിധം സമാധാനിപ്പിച്ച് അവളെ പിടിച്ച് വലിച്ച് കൊണ്ടു
വരികയായിരുന്നു.
വീട്ടിലെത്തിയിട്ടും അവളുടെ പരിഭവം മാറിയിട്ടില്ല.
മുഖം വീർപ്പിച്ച് ഇരിക്കുക തന്നെയാണവൾ. അത് കണ്ടപ്പോൾ വല്ലാത്ത വിഷമം.
ഈ ഭൂമിയിൽ തനിക്ക് ആകെയുള്ള ഒരു ആശ്വാസമാണവൾ.
മരിക്കുവോളം ഒപ്പം നിൽക്കുമെന്ന് താൻ കരുതിയവൻ തന്ന സമ്മാനം.

അപ്പച്ചന്റെയും അമ്മച്ചിയുടെയും മരണശേഷം തന്റെ കാര്യങ്ങൾ ഗൗനിക്കാതിരുന്ന രണ്ടാങ്ങളമാർ.
നിറവും സൗന്ദര്യവും കുറവാണെന്ന കാരണത്താൽ വരുന്ന കല്യാണങ്ങൾ എല്ലാം മുടങ്ങി. പോരാത്തതിന് സ്ത്രീധനം കൊടുക്കാൻ ഒന്നുമില്ല. തന്നെ ഏറ്റെടുക്കാൻ ആരുമില്ലാതായി..!

ഒടുവിൽ ആഹാരത്തിന് പോലും വഴിയില്ലാതായപ്പോഴാണ്
കരിങ്കൽപടവിന് സഹായിയായി പോയത്. ശെൽവരാജിന്റെ കൂടെ.
അവൻ തന്നെ വല്ലാതെ സ്നേഹിച്ചു.
പരിഗണിച്ചു. പക്ഷേ,
എല്ലാം കാര്യം കാണുന്നത് വരെ മാത്രമായിരുന്നു.
താൻ ഗർഭിണിയാണെന്നറിഞ്ഞ ദിവസം തന്നെയാണ് അവനെ കാണാതായതും.
ഒന്നും ഓർത്തിട്ട് കാര്യമില്ല. അവൾ നെടുവീർപ്പിട്ടു.

ഓർമയുടെ ലോകത്ത് നിന്നും തിരിച്ചെത്തിയ മേരി വീണ്ടും എയ്ഞ്ചലിനെ നോക്കി. അവളെ അവിടെ കാണാനില്ല.
നേരം ഇരുട്ടി വരുന്നു.
ഈ കുട്ടി ഇതെവിടെ പോയി. മേരി ബേജാറോടെ പുറത്തിറങ്ങി.

“മോളേ… എയ്ഞ്ചലാ. എവിടെ നീ…?”
അവൾ ഉറക്കെ വിളിച്ചു കൂവി.

മീനാമ്മയും ഭർത്താവും ബന്ധുവീട്ടിൽ പോയതാണ്.
ആകെ അവൾ പോകുന്ന ഒരു വീടാണത്. അവരില്ലല്ലോ അവിടെ .
പിന്നെ അവൾ ഇതെവിടെപ്പോയി.
മീനാമ്മയുടെ വീട് അയൽപക്കത്തെന്ന് പറയാമെന്ന് മാത്രം. ഒറ്റപ്പെട്ട വീടുകളാണ് ആ പ്രദേശത്തെങ്ങും . കുറെ ദൂരെയുള്ള ആ വീട്ടിലേക്ക് മേരി വെപ്രാളപ്പെട്ട് നടന്നു.
അവിടെ പാതിതുറന്ന ജനലിലൂടെ കമ്പിയിൽ പിടിച്ച് തറയുടെ ചെറിയ തിണ്ടിൽ കയറി ഉള്ളിലേക്ക് ഏന്തിവലിഞ്ഞ് നോക്കുകയാണ് എയ്ഞ്ചൽ മോൾ.
മേരി അവളെക്കണ്ട ആശ്വാസത്തോടെ ശബ്ദമുണ്ടാക്കാതെ മെല്ലെ അവളുടെ പിറകിലെത്തി.

“കണ്ണാ. ഒര് കേക്കിന്റെ കഷ്ണം മാത്രല്ലേ മോള് ചോയ്ച്ചൊള്ളൂ… കൊതി കൊണ്ടല്ലേ കണ്ണാ… ?
നീ എന്തോരം കാര്യങ്ങളാ എല്ലാർക്കും ചെയ്ത് കൊടുത്തേക്കണേ.. ഒര് കഷ്ണം കേക്ക് തന്നൂടെ എനിക്ക്. ?
താ… കണ്ണാ…
മോൾടെ മമ്മേടെ കയ്യിൽ ഒട്ടും കാശില്ലാത്തോണ്ടല്ലേ..? മമ്മയ്ക്ക് വയ്യാത്തോണ്ടല്ലേ.?”
വീടിന്റെ ഹാളിൽ വെച്ച കൃഷ്ണവിഗ്രഹത്തെ നോക്കി അവൾ
മനംനൊന്ത് പ്രാർത്ഥിക്കുകയാണ്.
അവളുടെ കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകുന്നത് മേരി കണ്ടു. മേരിയുടെയും കണ്ണുകൾ നിറഞ്ഞു.

” അല്ലേൽ വേണ്ട. കണ്ണന്റെ കയ്യിൽ കേക്കില്ലെങ്കിൽ വേണ്ട. ന്റെ മമ്മേടെ അസുഖം വേഗം മാറ്റിത്തന്നാ മതി. അസുഖമെല്ലാം മാറി, മമ്മ പണിക്ക് പോയാ മമ്മ തന്നെ എനിക്ക് കേക്ക് വാങ്ങിച്ച് തരും… ന്നാ പിന്നെ അസുഖം മാറ്റിയാ മതീട്ടോ കണ്ണാ….?”

“മോളേ….”
മേരി മെല്ലെ വിളിച്ചു.
ഏങ്ങലടിച്ച് കൊണ്ട് എയ്ഞ്ചൽ തിരിഞ്ഞ് നോക്കി.

“മോളേ…നമ്മടെ വെഷമങ്ങള് നമ്മൾടെ മാത്രം വെഷമങ്ങളാ. അത് ആരോട് പറഞ്ഞിട്ടും കാര്യമില്ല. മോള് വാ…
വല്ലാണ്ട് ഇരുട്ടായി..”
മേരി അവളെയും വിളിച്ച് വീട്ടിലേക്ക് നടന്നു.

“മമ്മാ… ദേ നോക്കിയേ…”
കുറെ ദൂരെ നിൽക്കുന്ന തങ്ങളുടെ വീട്ടിലേക്ക് ചൂണ്ടിക്കാണിച്ച് എയ്ഞ്ചൽ പറഞ്ഞത് കേട്ട് വീട്ടിലേക്ക് നോക്കിയ മേരി ആശ്ചര്യപ്പെട്ടു പോയി.
വീട് മുഴുവൻ വല്ലാത്ത ഒരു മഞ്ഞവെളിച്ചം നിറഞ്ഞിരിക്കുന്നു.
നല്ല കടുത്ത പ്രകാശമുള്ള വൈദ്യുത ബൾബിനേക്കാൾ എത്രയോ മടങ്ങ് വെളിച്ചത്തിൽ വീടങ്ങിനെ മുങ്ങിക്കുളിച്ച് നിൽക്കുന്നു.
ഇതെന്തത്ഭുതം .!!

അവൾ എയ്ഞ്ചലിന്റെ കൈ പിടിച്ച് വീട്ടിലേക്കോടി.
വരാന്തയിലേക്ക് ഓടിക്കയറിയ മേരിയും എയ്ഞ്ചലും കണ്ടു.

ഒരു ചുവന്ന വലിയ പട്ടുതുണി നിലത്ത് വിരിച്ചിരിക്കുന്നു.
അതിൽ , മനോഹരമായ മൂന്ന് തട്ടുകളുള്ള വലിയൊരു കേക്ക് . ഭംഗിയേറിയ ഒരുപാട് ഉടുപ്പുകൾ . കുറെയധികം പാവക്കുട്ടികൾ . മറ്റനേകം സമ്മാനങ്ങൾ…!

പിന്നെ കുറെയധികം മയിൽപീലികളും ഒരോടക്കുഴലും..!!

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px