കൂട്ടുതെറ്റി പിരിയുന്നു നമ്മൾ
കുറ്റമെന്തെന്നറിയാതെ വഴിയിൽ
കലഹഭാഷ്യങ്ങളില്ലാതെ പോയോർ
കലിയടങ്ങാതെടുക്കുന്നു ചുരിക !
പുഴുപിടയ്ക്കും തലച്ചോറിന്നുള്ളിൽ
കുരുതിനാമ്പിൻ ചിലയ്ക്കുന്ന ശബ്ദം
പേരുപറയാത്തൊരജ്ഞാത ശത്രു
പോരിനായ് വേഷമണിയുന്നു പിന്നിൽ.
ഒരുമരത്തിൻ്റെ തായ്വേരു തമ്മിൽ
ജലമെടുക്കുന്ന തർക്കത്തിലാണ്ടാൽ
തലയെടുപ്പുള്ളയിലകൾ തെറിക്കും
തണലുതിരയുവോർക്കെരിവായ് ഭവിക്കും
ഝടിതിയിൽ ലോകമിരുളുന്നു മുറിവായ്
മനിതരറിയാതെ പകപോക്കിടുന്നു.
അമ്പിനാൽവീണ അരുമസൂനങ്ങൾ
പശ തിരക്കില്ല ഞെട്ടിലേയ്ക്കൊട്ടാൻ!
മതമുരുക്കി പണിയുന്ന ശിരസ്സിൽ
സടകുടഞ്ഞെത്തുമശനിപാതങ്ങൾ
ഉരുള വാരികൊടുത്ത കൈത്തണ്ടിനെ
പലതരത്തിലെ പലഹാരമാക്കിടും!
ശത്രുപക്ഷങ്ങളില്ലെങ്കിൽ ആയുധം
മൂർച്ചകൂട്ടിയിട്ടെന്താണു കൗതുകം?
പത്തുപേരിൽ നിന്നാഞ്ചാളുകൂടിയാൽ
രണ്ടുപക്ഷമായ് യുദ്ധം തുടങ്ങിടാം!












