LIMA WORLD LIBRARY

പ്രണയപൂര്‍വം ലിന്‍സി റിയാദ് – (നോവല്‍) അധ്യായം 7 – അഡ്വ. ലത ചുനക്കര

ശത്രുക്കള്‍

‘റിയാദ് എന്ന നാമം പോലും എന്നെ ദേഷ്യം പിടിപ്പിക്കുന്നു ;തിരഞ്ഞെടുപ്പ് ലിസ്റ്റ് നാളെ വരികയല്ലേ?അയാള്‍ ഉണ്ടാവാതെ ഇരുന്നാല്‍ മതി ഒന്നിനും കൊള്ളാത്ത ഒരു കുഞ്ഞാണന്‍; പ്രേമിക്കാന്‍ മാത്രം അറിയാം. ‘ ജെയിംസ് പറഞ്ഞു. അയാളും അബൂബക്കറും കൂടെ തലസ്ഥാനത്തെ പ്രസിദ്ധമായ ‘പഞ്ചാര മണല്‍ ‘ എന്നെ റിസോര്‍ട്ടിലെ സ്വകാര്യമുറിയില്‍ ഇരുന്ന് തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇനിയും വന്നിരുന്നില്ല. മദ്യം ഉള്ളില്‍ ചെല്ലുന്തോറും ജെയിംസ് കൂടുതല്‍ നിശ്ചയദാര്‍ഢ്യം ഉള്ളവനായി.

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, ജെയിംസിന്റെ മനസ്സില്‍ നദീതീര നിയന്ത്രണ നിയമത്തിന് റിസോര്‍ട്ടുകള്‍ക്കെതിരെ വന്ന നോട്ടീസുകള്‍ ശമനം ചെയ്യാന്‍ വന്നൊരു പദ്ധതിയായിരുന്നു, അബൂബക്കര്‍ സ്ഥാനാര്‍ത്ഥിയാക്കി അവനെ എംഎല്‍എ ആക്കുക എന്നത്. ‘അബൂബക്കര്‍ നീ റിയാദിന്റെ മണ്ഡലത്തില്‍ നിന്ന് പോരാടണം.അതില്‍ നിനക്കും എനിക്കും നേട്ടമുണ്ട്’ റിയാദ് നിനക്ക് സഹായി മാത്രമായിരിക്കണം. അവന് നിന്റെ മണ്ഡലത്തില്‍ നിന്ന് എം എല്‍ എ സ്ഥാനം കിട്ടാന്‍ പാടില്ല പാര്‍ട്ടി അവനെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇടാനും പാടില്ല. നിനക്കും എനിക്കും നേട്ടമുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. ‘ അബൂബക്കറുടെ കണ്ണില്‍ സംശയം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്; എന്നാലും നിയമസഭാംഗം എന്നത് അബൂബക്കറുടെ കയ്യില്‍ ഒതുങ്ങാത്ത ചിരകാല സ്വപ്നമായിരുന്നു, അതിനാല്‍ അവന്‍ ജെയിംസിന്റെ കൂട്ടാളിയായി എപ്പോഴും കൂടെ നടന്നു….

‘റിയാദിനെ, അവന്റെ മീഡിയ പ്രസിദ്ധിയാല്‍ പാര്‍ട്ടി നേതൃത്വം മുന്നോട്ടുതള്ളിയിട്ടുണ്ടെങ്കിലും…..’ ജെയിംസ് ഒരു കണ്ണ് ചിമ്മി കൊണ്ട് ബാക്കിയുള്ള മദ്യം വലിച്ചു കുടിച്ചു, എന്നിട്ട് പറഞ്ഞു. ‘ ആ നായെ മാറ്റാന്‍ എനിക്കും ഉണ്ടാകും ചില വഴികള്‍.!ജെയിംസ് ബിസിനസുകാരന്‍ മാത്രമാണെങ്കിലും അതിനു മുന്‍പും അത്ഭുതങ്ങള്‍ സാധ്യമാക്കിയ രാഷ്ട്രീയ സംഘാടകന്‍ കൂടിയായിരുന്നു.കഴിഞ്ഞതവണ ഇതേ നിയോജകമണ്ഡലത്തില്‍ എതിര്‍കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായ ജോണ്‍സണ്‍ ജയിച്ചത് ജെയിംസിന്റെ ഒത്താശയോടെ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നവരുണ്ട്.ജെയിംസ് അതില്‍ കൗശലത്തോടെ മൗനം പൂണ്ടു.

പാര്‍ട്ടി നേതാക്കളുടെ മനസ്സിലേക്കുള്ള വഴി കാശാണ് എന്ന് ജെയിംസ് ഉറച്ചു വിശ്വസിച്ചു.ജെയിംസ് എന്ന കാല്‍കാശിനു വകയില്ലാത്ത ഒരു ദരിദ്രവാസി ജെയിംസ് തെക്കുംകുറിയില്‍ എന്ന ബിസിനസ് മാഗ്‌നെറ്റ് ആയത് സ്വന്തം കഴിവുകൊണ്ട് മാത്രമാണ് എന്ന് അവന്‍ ഇടയ്ക്കിടെ പറയാറുണ്ട്.ജെയിംസ് പലതരത്തിലും പാര്‍ട്ടിയിലേക്ക് പണം ഒഴുകി. പാര്‍ട്ടിയിലുള്ള പലരെയും പണമോ, മറ്റെന്തെങ്കിലുമോ കൊടുത്ത് അവന്‍ വശത്താക്കി.ജെയിംസ് കാണാന്‍ അതികയനായ മനുഷ്യന്‍ ആയിരുന്നു. ഇരുനിറം, തലയില്‍ കഷണ്ടി,കണ്ണുകളില്‍ കൗശലം, നീണ്ട മൂക്കുകള്‍. കള്ളച്ചിരിയുള്ള അധരങ്ങള്‍ അയാളുടെ കാര്‍ക്കശ്യത്തെ മറ്റുള്ളവരുടെ കണ്ണില്‍ നിന്നും മറച്ചുവെച്ചു. അയാള്‍ അയാളുടെ ആവശ്യങ്ങള്‍ അറിയിച്ചല്‍, അതു നിരസിക്കുന്നവരെ അയാള്‍ കൗശലത്തോടെ വഴിയില്‍ നിന്നും തട്ടി മാറ്റി. സംസാരിക്കുമ്പോള്‍ മുഖത്തേക്ക് ഉറ്റുനോക്കുന്ന അവന്റെ കണ്ണുകള്‍ ;ഒരു ഹിപ്‌നോട്ടിസത്തിന്റെ ഫലമായിരുന്നു ആ നോട്ടത്തിന്.തിരഞ്ഞെടുപ്പിന്റെ ഫണ്ട്, അധികാരികളെ പ്രലോഭപ്പിക്കല്‍, ഇവയിലൂടെ അവന്‍ നിര്‍മ്മിച്ച ഒരു ആവരണം അയാളുടെ കള്ളത്തരങ്ങളെയും കൊലപാതകങ്ങളെ തന്നെയും നിയമത്തിന്റെ കണ്ണുവീഴാതെ സംരക്ഷിച്ചിരുന്നു.

അബൂബക്കര്‍ ആകട്ടെ മെലിഞ്ഞ നീണ്ട്, വെളുത്ത ഒരു മനുഷ്യന്‍. എപ്പോഴും ചിരിയുമായി നടക്കുന്ന ഒരു നാല്പത്കാരന്‍, എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കോപം കൊണ്ട് മുഖം വികൃതമാകും, അവന് ജെയിംസിനെ പോലെ സംയമനം ഇല്ല.
ജെയിംസിന്റെ വസ്തുവായ പഞ്ചാരമണല്‍ റിസോര്‍ട്ട്. പുഴയുടെ തൊട്ടടുത്ത് ചുറ്റും തൂവെള്ള മൃദുവായ മണല്‍ തരികളും അവിടെ നടക്കുന്ന യമു പക്ഷികളും സഞ്ചാരികളുടെ ഹരമായി മാറിയിരുന്നു. വിദേശത്തുള്ളവര്‍ പലരും പുഴയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനും, എമു ഇറച്ചി, പിന്നെ അനധികൃതമെങ്കിലും സുഗമമായ വെടിയിറച്ചി ഇവയ്ക്ക് പ്രസിദ്ധമായ പഞ്ചസാര മണല്‍ എന്ന റിസോര്‍ട്ട് തേടി വരുമായിരുന്നു. അവിടെ അനധികൃതമായ ലഹരിയും മറ്റു പല സൗകര്യങ്ങളും ജെയിംസ് ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു.റിസോര്‍ട്ടിനു വേണ്ടി സ്വകാര്യമായ ഒരു പുഴയുടെ കനാല്‍ തന്നെ ഉണ്ടായിരുന്നു; അതിലൂടെ കളി വഞ്ചിപായിക്കാനുള്ള സൗകര്യം പിന്നെ അതിന്റെ രണ്ടു വശത്തുമായി വച്ചുപിടിപ്പിച്ച കൊണ്ടല്‍ക്കാടുകളിലും മറ്റു വൃക്ഷങ്ങളിലും നിറയെ പലതരത്തിലുള്ള പക്ഷിമൃഗാദികളും ഇവ ഉണ്ടായിരുന്നു. ചില പക്ഷി മൃഗാദികളെ ജയിംസ് വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതായിരുന്നു. ഈ റിസോര്‍ട്ട് ഗെയിംസിന്റെ ആദ്യത്തെ റിസോര്‍ട്ട് ആയിരുന്നു.ഇതിന്റെ അമിത ലാഭമാണ് ജെയിംസിന് ഇത്തരം കൂടുതല്‍, കൂടുതല്‍ റിസോര്‍ട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും തുടങ്ങുവാനുള്ള പ്രേരണയായി തീര്‍ന്നത്.എന്നാല്‍ നദിയുടെ ഗതി മാറ്റി കൊണ്ടായിരുന്നു പഞ്ചാരമണല്‍ എന്ന റിസോര്‍ട്ട് ജെയിംസ് പടുത്തുയര്‍ത്തിയത്. ഈ നിയമം തെറ്റിച്ചാണ് പല കെട്ടിടങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളായി ഉയര്‍ന്നതും മനോഹര പ്രകൃതിദൃശ്യങ്ങള്‍ ഉപഭോഗച്ചിരക്കായതും. ഇപ്പോള്‍ നദീതട റെഗുലേഷന്‍സ് അതോറിറ്റി ജെയിംസിന്റെ റിസോര്‍ട്ടുകള്‍ക്ക് നോട്ടീസുകള്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ പോലീസിന്റെ മൗനവും അധികാരികളുടെ കര്‍മ്മരാഹ്യവും ഈ അധോലോക നായകനെ സംരക്ഷിച്ചു.

‘ആ റിസോര്‍ട്ട് നിയമവിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തന്നെ പറയും’ അബൂബക്കര്‍ ഓര്‍ത്തു. അബൂബക്കറുടെ മനസ്സ് വായിച്ചതുപോലെ ജെയിംസ് പറഞ്ഞു ‘എങ്കില്‍? ‘ ജെയിംസ് പുഞ്ചിരിച്ചു ‘പാര്‍ട്ടിയില്‍ ആരെങ്കിലും അതിനെക്കുറിച്ച് ഊരിയാടുന്നുണ്ടോ? ‘

ജെയിംസ് തെക്കുംകുറിയില്‍ പഞ്ചാരമണല്‍ റിസോര്‍ട് കഴിഞ്ഞ് പല പഞ്ചനക്ഷത്ര ഹോട്ടലുകളും ഉണ്ടാക്കി. പലരുടെയും കുഴിമാടത്തിന്റെ മുകളില്‍ കൂടി ഒഴുകിയ പുഴയുടെ മാറിയ ഗതി, പിന്നെ പോലീസിന്റെ മൗനവും എല്ലാം വിലപേശലില്‍ അവന്‍ വാങ്ങി.സ്വന്തം ഭൂമിക്കുവേണ്ടി മരിച്ചവരുടെ കണക്കു പറയാനോ ചോദിക്കാനോ ആരുമുണ്ടായിരുന്നില്ല. എല്ലാ സ്ഥലവും ജെയിംസിന്റെ ആധിപത്യത്തില്‍ ആയി. അബൂബക്കര്‍ ഈ വിവരമെല്ലാം മനസ്സില്‍ അടക്കി വെച്ചു അവനു തന്നെ ഭയം തോന്നിയിരുന്നു ജെയിംസ് തെക്കുംകുറിയില്‍ എന്ന അധോലോക നായകനെ വെല്ലാന്‍ ആര്‍ക്ക് സാധിക്കും?

അബൂബക്കര്‍ ആലോചിച്ചു…. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പിലത്തെ സംഭവങ്ങള്‍… ജെയിംസ് തെക്കും കുറിയില്‍ എന്ന കോടീശ്വരന്‍ വെറും ജെയിംസ് പള്ളിക്കല്‍ ആയിരുന്ന കാലത്തെ കഥ. അവന്റെ അപ്പനും അമ്മയും കടബാധ്യത വീട്ടാനാകാതെ ആത്മഹത്യ ചെയ്ത കാലം. അന്നും അബൂബക്കര്‍ നെയ്യാറ്റിന്‍കരന്‍ നിവാസിയാണ്. അബൂബക്കറിന് വയസ്സ് പത്ത് ജെയിംസിന് വയസ്സ് പതിനഞ്ച്. അബൂബക്കറിന് അന്നത്തെ സംഭവങ്ങള്‍ നല്ല ഓര്‍മ്മയുണ്ട്, ജയിംസ് അനാഥനായി; അവരുടെ സ്ഥലം മുഴുവനും കടബാധ്യതയ്ക്ക് വേണ്ടി വിറ്റു..ആ സമയം…ആ പതിനഞ്ചു വയസ്സുകാരന്‍ കരഞ്ഞുകൊണ്ട് തന്റെ അയല്‍പക്കക്കാരനായ വര്‍ക്കിച്ചന്റെ വീട്ടില്‍ എത്തി. വര്‍ക്കിച്ചന്‍ തൊടുപുഴ ജെയിംസിന്റെ വീട്ടിന്റെ അയല്‍വാസിയായിരുന്നു, എന്നാല്‍ തൊടുപുഴയില്‍ ഉള്ള വസ്തുക്കള്‍ മുഴുവനും വിറ്റുപെറുക്കി വര്‍ക്കിച്ചന്‍ നെയ്യാറ്റിന്‍കരയിലെത്തി, തെക്കും കുറിയില്‍ ഭവനത്തിലെ ഏക മകളായ അന്നയെ വിവാഹം കഴിച്ചു അവളുടെ വീട്ടില്‍ കൂടി. അവളുടെ അച്ഛന്റെയും അമ്മയുടെയും മരണ ശേഷം ആ നിലം അന്നയുടെ പേരിലായി – തെക്കും കുറിയില്‍ എന്ന ഭവനവും ചുറ്റുമുള്ള അഞ്ച് ഏക്കര്‍ ഭൂമിയും.വര്‍ക്കിച്ചനും അന്നയും മാത്രുകാ ദമ്പത്തികള്‍ ആയിരുന്നു. പള്ളിയില്‍ പോകുന്നതും, നിലം തയ്യാറാക്കുന്നതും, അടുക്കളയില്‍ വേവിക്കുന്നതും എല്ലാം ഒരുമിച്ച്. എന്നാലും കുഞ്ഞിക്കാലു കാണാന്‍ അഞ്ചു വര്‍ഷം കത്തിരിക്കേണ്ടി വന്നു.
ജെയിംസിന്റെ കാര്യം അനാഥനായതോടെ പരുങ്ങളിലായി., കടബാധ്യതയുടെ ഭയം കാരണം ബന്ധുക്കള്‍ അവനെ അകറ്റിനിര്‍ത്തിയിരുന്നു; ഒരുപിടി അന്നം പോലും കൊടുക്കുക ഇല്ലായിരുന്നു. പള്ളിക്കാര്‍ അനാഥനായ ജെയിംസിനെ വര്‍ക്കിച്ചന്റെ അടുത്തുവിട്ടു, വര്‍ക്കിച്ചന്‍ ഒരു അധ്വാനിയായിരുന്നു. സംഭവം നടക്കുമ്പോള്‍ വര്‍ക്കിച്ചന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ അന്ന് ഭാര്യ അന്നയും വീട്ടിലുണ്ടായിരുന്നു. അന്നയ്ക്ക് സ്ത്രീധനമായി കിട്ടിയതാണ് ആ തരിശുഭൂമി. വര്‍ക്കിച്ചനും അന്നയും പുഴയില്‍ നിന്നും കാനലുകള്‍ വെട്ടി ആ തരിശുഭൂമി വിളനിലം ആക്കി. മണ്ണിനോട് മല്ലടിക്കാന്‍ അവര്‍ ജെയിംസിനെയും കൂടെ കൂട്ടി.

ആഹാരം പതിവായി കിട്ടിയതോടെ ജെയിംസിന് നല്ല പൊക്കവും ആകാരവും വന്നു. എന്നാലും അവന് ഒന്നിലും ഒരു സന്തോഷവും ഇല്ലായിരുന്നു.ഇരുപതാം വയസ്സില്‍ ജെയിംസ് വീട്ടില്‍ നിന്നും അന്നചേട്ടത്തിയുടെ അലമാരയിലെ സ്വര്‍ണപ്പണ്ടം എടുത്തു കൊണ്ട് ഒളിച്ചോടിപ്പോയി. ആ സമയത്ത് അന്നെ പ്രസവിച്ചു കിടക്കുകയായിരുന്നു. വര്‍ക്കിച്ചനും അന്നയ്ക്കും ആദ്യമകന്‍ പൗലോസ് പിറന്നിരുന്നു. പിന്നെ രണ്ട് ആണ്‍മക്കളും. വര്‍ക്കി ചേട്ടന്‍ അധ്വാനിച്ചു കൊണ്ടേയിരുന്നു.വിളനിലത്തില്‍ പൊന്നു വിളയിച്ചു. അവര്‍ അറിയപ്പെടുന്ന കുടുംബമായി മാറി തെക്കുംകുറിയില്‍ എന്ന നാമധേയത്തില്‍.

പതിനഞ്ചു വര്‍ഷത്തിനു ശേഷം ഒരു പ്രഭാതത്തില്‍ ജെയിംസ് കോട്ടും സൂട്ടും ധരിച്ച് വീട്ടില്‍ തിരിച്ചെത്തി. അവന്റെ കയ്യില്‍ എപ്പോഴും മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു, അവന് എപ്പോഴും അതില്‍ സംസാരിച്ചു കൊണ്ടേയിരുന്നു. ജെയിംസ് വര്‍ക്കിച്ചേട്ടന്റെയും അന്നചേടത്തിയുടെ യും അടുത്ത് ചെന്ന് മാപ്പ് പറഞ്ഞു. അവന് ഇപ്പോള്‍ ബോംബെയില്‍ വസ്ത്രങ്ങളുടെ ബിസിനസ് ആണെന്നാണ് പറഞ്ഞത്. ഇടയ്ക്കിടെ അവന്‍ ബോംബെയില്‍ പോകും കൈ നിറയെ പണവുമായി തിരികെ വരും.ജെയിംസും അബൂബക്കറും അപ്പോഴാണ് കൂടുതല്‍ എടുത്തത്. അബൂബക്കറിന് മറ്റു ജോലികള്‍ ഒന്നും ശെരി ആകാതെ അവന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നു.
അങ്ങിനെ ആറുമാസം കഴിഞ്ഞു. ഒരുതവണ ജെയിംസ് ബോംബയില്‍ നിന്നും വന്നത് ഒരു കാല്‍ ഒടിഞ്ഞ നിലയിലാണ് കൈകളില്‍ രണ്ടിലും ചതവുകള്‍ ഉണ്ടായിരുന്നു. ജോലിക്കിടയില്‍ രണ്ടാം നിലയില്‍ നിന്ന് വീണതാണ് എന്നാണ് മുറിവുകള്‍ക്ക് കാരണമായി പറഞ്ഞത്. അവന്റെ സ്ഥിതി കണ്ട് സഹതാപിച്ച് വര്‍ക്കിച്ചന്‍ അവനെ ഹോസ്പിറ്റലില്‍ ആക്കി. അപ്പോഴേക്കും ഉറ്റ സുഹൃത്തായിമാറിയ അബൂബക്കര്‍ ഹോസ്പിറ്റലില്‍ കൂട്ടുകിടക്കാന്‍ നിത്യവും കൂട്ടു കിടക്കാന്‍ പോകുമായിരുന്നു . എന്നാല്‍ ഒരു രാത്രിയില്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന അബൂബക്കര്‍ കണ്ടത് പ്ലാസ്റ്ററിട്ട കാലില്‍ ഒത്തിയൊത്തി ഓട്ടുന്ന ജെയിംസിനെയാണ്, ജെയിംസ് ഓടിപ്പോയി കുളിമുറിയുടെ അടുത്തുവച്ചിരുന്ന അഴുക്ക് കെട്ടുകളുടെ പുറകില്‍ ഒളിച്ചിരിക്കുന്നു . രണ്ട് ഹിന്ദിക്കാരായ തടിയന്മാര്‍ ജെയിംസ്‌നെ അന്വേഷിച്ചു വരുന്നത് അവന്‍ കണ്ടു. ഹോസ്പിറ്റല്‍ റെക്കോര്‍ഡില്‍ നിന്നും അവര്‍ക്ക് മനസ്സിലായിരുന്നു ജെയിംസ് എന്ന നമ്മഥേയന്‍ ഏത് കട്ടിലില്‍ ആണെന്ന്. എന്നാല്‍ റെക്കോര്‍ഡില്‍ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കട്ടിലില്‍ കിടന്നിരുന്ന അബൂബക്കറെ അവര്‍ തുറിച്ചു നോക്കി എന്നിട്ട് ചോദിച്ചു ‘തു ജെയിംസ് ഹോ?’. അബൂബക്കര്‍ തലയാട്ടി അതെ എന്ന് കാണിച്ചു. അവര്‍ക്ക് അവര്‍ അന്വേഷിച്ചു വന്ന ജെയിംസ് ഇതല്ല എന്ന് മനസ്സിലായി.
അവര്‍ അന്യോന്യം പിറുപിറുത്തു. ‘ വോ സാല ജെയിംസ് മര്‍ ചുക ഹെ’ അങ്ങിനെ അവര്‍ ജെയിംസ് മരിച്ചു എന്നുള്ള മിഥ്യാധാരണയില്‍ പോയി. രാത്രി മുഴുവനും അഴുക്ക് കെട്ടിന്റെ പുറകില്‍ ഒളിച്ചിരുന്ന ജെയിംസിനെ രാവിലെ അബൂബക്കര്‍ വലിച്ചു സ്വന്തം കട്ടിലില്‍ കൊണ്ടു കിടത്തി.

ജെയിംസിനോട് അബൂബക്കര്‍ ചോദിച്ചു ‘ഞാന്‍ നിനക്ക് വേണ്ടി അപകടത്തിനോടു പോരാടി; നീ ആരാണ്? ശരിക്കും എന്താണ് സംഭവിച്ചത്? എന്നോട് പറ.’

ജെയിംസ് അബുവിനോട് സത്യം പറഞ്ഞു. ‘ അബു അത്… ‘ ജെയിംസ് മോഷ്ടിച്ച സ്വര്‍ണവും എടുത്ത് നേരെ പോയത് ബോംബെയ്ക്കാണ്.അന്ന് മുംബൈ നഗരത്തിന്റെ പേര് ബോംബെ എന്നായിരുന്നു. അവിടെ ചെന്ന ഉടനെ അധോലോകത്തിലേക്ക് കാല്‍വെപ്പ്; ജെയിംസിന്റെ ബാഗ് തട്ടിപ്പറിക്കാന്‍ വന്നവനെ റെയില്‍ പാളത്തില്‍ തള്ളിയിട്ടു കൊന്നു കൊണ്ടായിരുന്നു.
പോലീസിനെ ഭയന്ന് ഒളിച്ചിരുന്ന ജെയിംസിനെ അധോലോകക്കാര്‍ പിടികൂടി. അവനെ അവര്‍ പോലീസിന് വിട്ടു കൊടുത്തില്ല പകരം അവരുടെ വാടക കൊലയാളിയായി കൂടാന്‍ പറഞ്ഞു. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ സുപ്രസിദ്ധ ഗുണ്ടയായി ജെയിംസ്. ‘റെല്‍ഗാഡി’ എന്ന വട്ടപ്പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന അവന്റെ മുഖം പലര്‍ക്കും തിരിച്ചറിയില്ലായിരുന്നു. പകല്‍ മാന്യനായ വസ്ത്ര വില്‍പ്പനക്കാരന്‍; രാത്രിയില്‍ നിഷ്ഠൂരനായ വാടക തൊഴിലാളി അതായിരുന്നു ജെയിംസ്. ഇത്തവണ ബോംബെയില്‍ പോയപ്പോള്‍ ജെയിംസിന് കൈപ്പിഴ പറ്റി; കൊല്ലാന്‍ കൊട്ടെഷന്‍ കിട്ടിയ ആളെ അല്ല കൊന്നത്,എന്നാല്‍ ഉദ്ദേശിച്ച ആള്‍ കാര്യം മനസ്സിലാക്കി വിദേശത്തേക്ക് രായ്ക്ക് രാമാനം പറന്നിരുന്നു.അതില്‍ കോപിച്ച അധോലോക ഗുണ്ടകളാണ് ജെയിംസിനെ കൊല്ലാനായി ഓടിച്ചതും അപകടം മണത്തറിഞ്ഞ അവന്‍ രണ്ടാം നിലയ്ക്കു മുകളില്‍ നിന്നും ചാടി ഒടിഞ്ഞ കാലുകൊണ്ട് രക്ഷപ്പെട്ടതും. അവര്‍ തന്നെയാണ് ആശുപത്രിയില്‍ തേടി വന്നതും. ആ തുറന്നു പറച്ചില്‍ ദിവസം മുതല്‍ അബൂബക്കര്‍ ജെയിംസിന്റെ വിശ്വസ്തനായി. കയ്യിലുണ്ടായിരുന്ന പണം തീരാറായപ്പോള്‍ ജെയിംസ് ഒരു കുടില തന്ത്രം മെനഞ്ഞു.അതില്‍ അബൂബക്കര്‍ കൂട്ടാളിയായി.

വര്‍ക്കിച്ചന്റെ മക്കള്‍ക്ക് ജെയിംസിനെ വലിയ ഇഷ്ടമായിരുന്നു. അവന്‍ എപ്പോഴും കേക്കുകളും മധുരങ്ങളും കടകളില്‍ നിന്നുമുള്ള ബീഫ് കറി മുതലായവയും കൊണ്ടു കൊടുത്തിരുന്നു. അന്ന സന്തോഷത്തോടെ അതൊക്കെ വാങ്ങി കഴിക്കുമായിരുന്നു, മക്കള്‍ക്കും കൊടുക്കുമായിരുന്നു. വര്‍ക്കിച്ചന് വയറിന് സുഖമില്ലാത്തതിനാല്‍ അന്ന ഉണ്ടാക്കിയ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ എന്ന് നിര്‍ബന്ധം പിടിച്ചിരുന്നു.

അബൂബക്കറിയും കൂട്ടി ഒരു ദിവസം ജെയിംസ് ആ കൃത്യം ചെയ്തു. ബസ്റ്റോപ്പിന്റെ അടുത്തുള്ള ഹോട്ടലില്‍ നിന്നും ബീഫ് കറി വാങ്ങി, അതില്‍ പാഷാണം ചേര്‍ത്ത്, അന്ന ചേട്ടത്തിക്കും മക്കള്‍ക്കും വിളമ്പി. അവര്‍ നാലുപേരും വിശ്വാസത്തോടെ കഴിച്ചു, ഞൊട്ടിഇടയില്‍ ചോര ശര്‍ദിച്ച് മരിച്ചു. ആ സമയം പുതിയതരം വളം വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. വര്‍ക്കിച്ചന്‍.കൊന്നശേഷം ജഡങ്ങള്‍ ഓരോരോ ഡ്രമ്മിലാക്കി അതില്‍ സിമന്റും കോണ്‍ക്രീറ്റും ഇട്ട് പുഴയില്‍ എറിയാന്‍ തുനിയവേ ഒരു ശബ്ദം.
‘എന്താണ് ജെയിംസ് ചെയ്യുന്നത്?’ അബൂബക്കറും ജെയിംസും നോക്കിയപ്പോള്‍ വര്‍ക്കിച്ചന്‍ അന്താളിച്ചു നില്‍ക്കുന്നു. വര്‍ക്കിച്ചനെ കണ്ടതും ജെയിംസ് അലറിക്കൊണ്ട് കയ്യിലുണ്ടായിരുന്ന നീണ്ടകത്തി ആ സ്‌നേഹനിധിയുടെ നെഞ്ചില്‍ കുത്തി ഇറക്കി… സ്തംഭിച്ചു കണ്ണുമിഴിച്ചു നിന്ന വര്‍ക്കിച്ചനോട് ജെയിംസ് പറഞ്ഞു ‘നിങ്ങളുടെ അഞ്ചേക്കര്‍ ഭൂമി എനിക്ക് വേണം എനിക്ക് എന്റെ അപ്പനെയും അമ്മയെയും പോലെ തൂങ്ങി ചാവാന്‍ വയ്യ’. അങ്ങനെ വര്‍ക്കിച്ചനും കൊല്ലപ്പെട്ടു.

അബൂബക്കറോടൊപ്പം എല്ലാ ജഡങ്ങളും കീടനാശിനി വാങ്ങിക്കുന്ന വലിയ ഡ്രമ്മിനകത്ത് ഇട്ട് അതില്‍ കോണ്‍ക്രീറ്റ് കോരി ഒഴിച്ച് കട്ടിയാക്കി നദിയില്‍ താഴ്ത്തി. അധോലോകരീതിയില്‍ തന്നെ ചെയ്തതുകൊണ്ട് ആ ശരീരങ്ങള്‍ പൊങ്ങി വന്നേയില്ല. ആ കൃത്യത്തിന് ശേഷം ജെയിംസ് വീട് മുഴുവന്‍ വൃത്തിയാക്കി. ഏഴു ദിവസം കാത്തിരുന്ന ശേഷം ‘കാണ്മാനില്ല’ എന്ന് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. തുകകള്‍ കൈക്കൂലിയായി കിട്ടിയ പോലീസ് അന്വേഷിക്കാതെയായി.അതെ കൈക്കൂലിയുടെ മായാജാലം കൊണ്ടുതന്നെ തെക്കുംകുറിയില്‍ എന്ന പുരയുടെയും നിലങ്ങളുടെയും ആധാരം ജെയിംസിന്റെ പേര്‍ക്കായി. ആ പുരയിടം ബാങ്കില്‍ ഈട് നല്‍കി പഞ്ചാരമണല്‍ എന്ന റിസോര്‍ട്ട് പണിയാനായി വമ്പിച്ച കടം വാങ്ങി,അത് പണിതു.റിസോര്‍ട്ട് സുന്ദരമാക്കുവാനായി ഒരു പുഴയുടെ ഗതി തന്നെ മാറ്റിമറിച്ചു ജെയിംസ്. ആ റിസോര്‍ട്ട് വിദേശികളുടെ കേന്ദ്ര താവളം ആകുകയും ജെയിംസ് വളരെയധികം ധനികനാകുകയും ചെയ്തു.

അബൂബക്കര്‍ വര്‍ത്തമനത്തിലേക്ക് തിരിച്ചു വന്നു. ജെയിംസ്,അബൂബക്കറെ ആ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചത് അവന്‍ ഓര്‍ത്തു. അബൂബക്കറും അവനാല്‍ ആകുന്നത് ചെയ്തു. പ്രധാനമായും റിയാദിനെ കരിതേക്കാന്‍ മീഡിയയെ സ്വാധീനിക്കല്‍ ആയിരുന്നു അത്. എന്നാല്‍ മീഡിയയുടെ പ്രിയങ്കരന്‍ റിയാദ് ആയിരുന്നു.പാര്‍ട്ടി ഓഫീസ്, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിനു മുന്‍പ് റിയാദിനെ അബൂബക്കര്‍ കണ്ടിരുന്നു റിയാദ് പറഞ്ഞു ‘ഈ നിയോജക മണ്ഡലത്തില്‍ ഈ പാര്‍ട്ടി ജയിക്കണമെങ്കില്‍ കുറച്ചു പുതുമകള്‍ കൊണ്ടുവരേണ്ടി വരും ‘ അബൂബക്കര്‍ റിയാദിനോട് മുരണ്ടു ‘അത് തീര്‍ച്ചയായും നടക്കും പക്ഷേ നിന്റെ സഹായം പാര്‍ട്ടിക്ക് ആവശ്യമില്ല. ‘ എന്നാല്‍ പാര്‍ട്ടിയിലെ പ്രമുഖര്‍, റിയാദിനെയാണ് നിയോജകമണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പ്രസ്താവിച്ചത്.പ്രസ്താവന വന്നത് ഉച്ചയ്ക്ക് മൂന്നര മണിക്കാണ്. റിയാദിന് കൈകൊടുക്കുന്ന പാര്‍ട്ടി നേതൃത്വത്തെ ഏറ്റവും പുറകിലത്തെ കസേരയിലിരുന്ന് ജെയിംസ് അവജ്ഞയോടെ നോക്കി. ‘ എന്റെ എത്ര തുകയാണ് ഇവന്മാര്‍ തിന്നു മുടിച്ചത്? ‘ ജെയിംസ് അബൂബക്കറോട് അമര്‍ഷം പ്രകടിപ്പിച്ചു ‘റിയാദിനെ ഞാന്‍ വഹിക്കും.

അവര്‍ ഇരുവരും റിയാദിനെ ഉന്നം വെച്ച് അവസരം പാര്‍ത്തിരുന്നു. ഒരു മുതല, നീര്‍ക്കയത്തില്‍ ഇരയെ നോക്കി, ഒഴുക്കില്‍ ഒളിച്ചിരിക്കുന്നത് പോലെ.രണ്ടുദിവസം കഴിഞ്ഞ് ഒരു പാര്‍ട്ടി മീറ്റിങ്ങില്‍ നിന്നും റിയാദ് വാച്ച് നോക്കിയിട്ട് പെട്ടെന്ന് ഹാളിന്റെ വെളിയിലേക്ക് നടക്കുന്നത് ജെയിംസിന്റെയും അബൂബക്കറിന്റെയും ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് അവന്റെ പുറകെ പോയി. അവര്‍ നോക്കിനില്‍ക്കെ, റിയാദ് അവന്റെ മോട്ടോര്‍സൈക്കിളില്‍ കയറി റോഡിലേക്ക് പോയി.’നിന്റെ സ്‌കൂട്ടര്‍ എടുക്കെടാ’ അബൂബക്കറോട് ജെയിംസ് അജ്ഞാപിച്ചു അങ്ങനെയാണ് ജെയിംസ് അബൂബക്കറുടെ സ്‌കൂട്ടറിന്റെ പുറകില്‍ ഇരുന്ന് റിയാദിനെ പിന്തുടര്‍ന്ന് പോയത്.
ജെയിംസിന്റെ പോക്കറ്റില്‍ അറ്റം കൂര്‍ത്ത് നീണ്ട കത്തിയുണ്ടായിരുന്നു. റിയാദ് ബീച്ചിലേക്ക് കയറുന്നതും, ബൈക്ക് സ്റ്റാന്‍ഡില്‍ ബൈക്ക് വയ്ക്കുന്നതും,ആരോടോ കൈ ഉയര്‍ത്തി കാട്ടുന്നതും അവര്‍ കണ്ടിരുന്നു. ധൃതഗതിയിലായിരുന്നു അവര്‍ ആ മഹാപാതകം ചെയ്തത്. അബൂബക്കര്‍ കഴുത്തു ഞെരിച്ചതും ജെയിംസ് കത്തി കുത്തി കയറ്റിയതും. മിനിറ്റുകള്‍ക്കകം പിടയുന്ന റിയാദിന്റെ ശരീരം നിശ്ചലമായി. അവന്റെ ഹൃദയത്തില്‍ നിന്നും ചോര വാര്‍ന്നൊഴുകിക്കൊണ്ടേയിരുന്നു.

ദൂരെ, ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഒരു സ്ത്രീ അവരുടെ അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു അവര്‍ ജഡത്തിനെ താഴെയിട്ട് അതേ സ്‌കൂട്ടറില്‍ വേഗതയില്‍ ഓടിച്ചു പോയി. ജെയിംസ് കൈയുറ ധരിച്ചിരുന്നു, കത്തി റിയാദിന്റെ ദേഹത്ത് തന്നെ വെച്ചിട്ടാണ് പോയത് എല്ലാം നേരത്തെ കണക്കാക്കിയത് പോലെ തന്നെ നടന്നു. റിയാദ് മരിച്ചു പോയിരുന്നു.ജെയിംസിന്റെ പണമാണ് എ ഐ ക്യാമറയില്‍ ഉള്ള ദൃശ്യങ്ങള്‍ ഇല്ലാതാക്കിയതും പോലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കിപ്പിച്ചതും..

(തുടരും)

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px