ഒരലാറവുമില്ലാതെയാണ് എത്ര വൈകി കിടന്നാലും സ്വാമി വെളുപ്പിനെ ഉണരുന്നത്. രാത്രി കഴിക്കാൻ വിട്ടു പോയാലും ഇല്ലെങ്കിലും വെളുപ്പിനെ തന്നെ ഭക്ഷണം നിർബന്ധമായി കഴിച്ചിരിക്കും. അതിൽ ചിലപ്പോൾ ബദാമും, പാലും മുട്ടയും ഒക്കെ ഉണ്ടാവും, അല്ലെങ്കിൽ നല്ല നാടൻ പഴങ്കഞ്ഞി. കുളിച്ച് ഈറനോടെ നിര്‍മാല്യം തൊഴുതു വന്ന് ഭസ്മവും ചന്ദനവുമണിഞ്ഞ്, ശിവനെ ധ്യാനിച്ച് തുളസിത്തറയിൽ നിന്നും ആദ്യത്തെ ബീഡിയ്ക്ക് തീ കൊളുത്തും. പിന്നെ എഴുത്തും വായനയും. പതിവു പോലെ പ്രസാദവും അടുത്തുണ്ടാവും. മൂഡു തോന്നിയാല്‍ പത്രക്കാരന്‍ വരുന്നതിനു മുന്‍പ് നെറ്റ്ഫ്ലിക്സിലോ ആമസോണിലോ ഒരു സിനിമ കാണും. കഴിവതും പാന്‍ ഇന്‍ഡ്യന്‍ വിഭാഗമെന്ന പേരില്‍ വരുന്നവയോട് തീരെ താല്‍പര്യമേയില്ല, ഒണ്‍ലി ഫ്രഞ്ച് അല്ലെങ്കില്‍ ഇറ്റാലിയന്‍, തീരെ നിവര്‍ത്തി ഇല്ലെങ്കില്‍ ഇംഗ്ലീഷ്, അതാണ് കുട്ടപ്പൻ സ്വാമിയുടെ പതിവ്.
പത്ര പാരായണത്തിനിടയില്‍ പത്രം മടിയില്‍ വച്ച് ബീഡി കത്തിച്ച് കട്ടിക്കൊരു പുകയെടുത്തതും സർവ്വ മൂഡും തുലച്ചു കൊണ്ടു പുറത്ത് ഗേറ്റ് തുറന്നാരോ വരുന്ന കിരു കിര ശബ്ദം..
സ്വാമി ജനലിലൂടെ പുറത്തേക്കു നോക്കി. മൊട്ടത്തലയുള്ള, ഫുള്‍ കൈ ഷര്‍ട്ടിട്ടു മുണ്ടുടുത്ത 50 വയസ്സു തോന്നിക്കുന്നൊരാള്‍ നടന്നു വീടിനു മുന്നിലേയ്ക്കു വരുന്നു. അടുത്തടുത്തു വന്നപ്പോ തന്നെ സ്വാമിക്കാളെ മനസ്സിലായി.
‘വാളകം മോഹനന്‍’ സ്കൂള്‍ പരിപാടികള്‍ക്കും മറ്റും ഗാന്ധി വേഷം കെട്ടുന്നയാള്‍. അതേ മുഖച്ഛായയും ശരീര ഘടനയും. കഴിഞ്ഞ ഫിലിം ഫെസ്റ്റിവല്‍ സമയത്ത് ചോള ബാറില്‍ വച്ചു ബോധം മറയും മുൻപ് മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങിയ മോഹനന്‍, എന്താണാവോ വിളിക്കാതെയുള്ള ഈ വരവിന്റെ ഉദ്ദേശം?
ചിന്തകളിങ്ങനെ വരിവരിയായും, നിരതെറ്റിയും സ്വാമിയുടെ തലച്ചോറിലൂടെ മിന്നി മറഞ്ഞു. അപ്പോഴേക്കും കോളിംഗ് ബെല്‍ ശബ്ദം.
”ഡോറു തള്ളിത്തുറന്നു കേറി വാ മോഹനാ… കുറ്റിയിട്ടിട്ടില്ല.”
”നമസ്കാരം”
അകത്തുവന്നയാള്‍ സ്വാമിയെ തൊഴുത് അടുത്തുള്ള കസേരയില്‍ ഉപവിഷ്ടനായി.
”എന്താ രാവിലെ തന്നെ’?”
കുട്ടപ്പൻ സ്വാമിയുടെ ചോദ്യത്തിനുള്ള അയാളുടെ മറുപടിയും പെട്ടന്നായിരുന്നു.
”എനിക്കവാര്‍ഡു മേടിക്കണം സ്വാമീ..”
ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു നിര്‍ത്തി.
”അവാര്‍ഡോ…?
”രാവിലെ വീട്ടീ കേറി വന്ന് അവാര്‍ഡ് വേണോന്നോ? ചന്തമുക്കില്‍ ബ്യൂട്ടി പാലസില്‍ അവാര്‍ഡും ട്രോഫിയുമൊക്കെ നിരത്തി വച്ചിട്ടുണ്ട്, പോയി മേടിച്ചോ… എനിക്കാ കച്ചോടമില്ല.”
സ്വാമിയുടെ മറുപടിയും പെട്ടെന്നായിരുന്നു. ”ഇന്‍ഡ്യയിലായതു കൊണ്ടു കുഴപ്പമില്ല, അമേരിക്കയിലോ യൂറോപ്പിലോ മറ്റോ ആണെങ്കില്‍ നേരത്തെ വിളിച്ച് അപ്പോയിമെന്റ് പറയാതെ ആരെങ്കിലും ഏതെങ്കിലും വീട്ടില്‍ കേറി ചെല്ലുന്നത് പ്രശ്നമാ.., സംസ്ക്കാരമില്ലാത്ത പരിപാടിയാണ്. അറിയാമോടോ തനിക്ക്?”
ഒരു നിമിഷം പതറി പകച്ചു പോയ മോഹനന്‍, ‘ഞാന്‍ വിളിച്ചു സ്വാമീ.. സ്വിച്ച് ഓഫ് ആണെന്നാ പറയുന്നത്..’
”എന്നാ ചാര്‍ജ്ജ് തീര്‍ന്ന് ചത്തതാ, ഞാന്‍ നോക്കട്ടെ..” സ്വാമി എഴുന്നേറ്റ് അകത്തേക്ക് പോയി. മോഹനന്‍ ഷെല്‍ഫില്‍ അലക്ഷ്യമായി നിരതെറ്റി വച്ചിരിക്കുന്ന ഫലകങ്ങളും, പുസ്ക്കാരങ്ങളും, സൈഡില്‍ അലമാരയിലിരിക്കുന്ന അക്ഷരക്കൂട്ടങ്ങളിലും കണ്ണോടിച്ചിരുന്നു. വാതിലിന്റെ ഭിത്തിയോടു ചേരുന്ന ഭാഗത്ത് ഭാഗവതത്തിനും, വിശുദ്ധവേദപുസ്തകത്തിനും നടുക്കിരിക്കുന്ന ഓഷോയുടെ ”രഹസ്യങ്ങളുടെ പുസ്തകം” മാത്രം അയാളുടെ ശ്രദ്ധയില്‍ പെട്ടു.
”സോറി കേട്ടോ… ഓഫായി പോയതാ.. സത്യത്തില്‍ എന്നെ വിളിക്കാനല്ല. എനിക്ക് വിളിക്കാനാണ് ഞാനിത് ഉപയോഗിക്കാറ്..” മോഹനന്‍ കണ്ണുംതള്ളി ഇതൊക്കെ കേട്ടിരുന്നു. മടങ്ങി വന്ന സ്വാമി മേശമേലിരുന്ന ബുദ്ധ പ്രതിമയെ തെട്ട് നമസ്ക്കരിച്ച് നിറഞ്ഞ ചിരിയോടെ വീണ്ടും കസേരയിലിരുന്നു. സ്വിച്ചിട്ട പോലെ ചിരിനിര്‍ത്തിയ സ്വാമി അയാളെ ശ്രദ്ധിക്കാതെ വീണ്ടും പത്രമെടുത്ത് വായന തുടര്‍ന്നു.
മോഹനനു കുറച്ചു നേരം കഴിഞ്ഞപ്പോ ക്ഷമ കെട്ട്.. ”സ്വാമീ..”
നിവർന്നു നോക്കാതെ സ്വാമി മൂളി കേട്ടു.
”ഞാൻ സത്യത്തിൽ വന്ന കാര്യം പറഞ്ഞോട്ടെ.”
മോഹനൻ വളരെ ഭവ്യതയോടെ ചോദിച്ചു. ഒന്നു തലയുയർത്തി നോക്കി അതിലും ഭവ്യതയിൽ തിരിച്ച്, എന്താണോ എഴുന്നള്ളിക്കാൻ പോകുന്നത് എന്ന ഭാവത്തിൽ,, “പറഞ്ഞാലും..”
‘എന്റെ പൊന്നു സ്വാമി കഴിഞ്ഞ 17-18 കൊല്ലമായി ഞാനീ ഗാന്ധി വേഷം കെട്ടുന്നു. സ്കൂളുകളിലും, ഫ്ലോട്ടുകളിലും, അതിഥിയായും ഒക്കെ പലതിലും പങ്കെടുത്തു. ഒരു ഡോക്യുമെന്ററിയിലും അഭിനയിച്ചു. ഇന്നുവരെയും എനിക്കൊരു സ്വീകരണവും ആദരവും കിട്ടിയിട്ടില്ല എനിക്കതു വേണം, അതിന് വേണ്ടി അഭിനയിക്കാനും ഞാൻ തയ്യാറാണ് സ്വാമീ.. കാശ് മുടക്കാം എത്ര വേണോലും…’ അത്തരം പ്രലോഭനങ്ങളില്‍ വീഴാത്തതു കൊണ്ടു തന്നെ ചെറു ചിരിയോടെ അയാളുടെ കണ്ണുകളിലേക്കു നോക്കി സ്വാമി മൊഴിഞ്ഞു.
“ഗാന്ധിയെ വരയ്ക്കാനെളുപ്പമാണ്,
ഒന്നോ രണ്ടോ രേഖകൾ മതി !.
ഗാന്ധിയായി വേഷം കെട്ടാൻ എളുപ്പമാണ്,
കെട്ടിയ വേഷങ്ങളഴിച്ചു കളഞ്ഞാൽ മതി ! ”
‘ഇങ്ങനെയെഴുതിയ കല്പറ്റ നാരായണൻ മാസ്റ്റർ കവിതയെഴുതുന്ന വി.കെ.എൻ ആണെന്നാണ് എന്റെ അഭിപ്രായം, മോഹനന്റെ അഭിപ്രായം എന്താണ്?’
പെട്ടെന്നുള്ള ചോദ്യം കേട്ട് പതറിയെങ്കിലും ഒരു കൂസലുമില്ലാതെ അയാള്‍ മൊഴിഞ്ഞു.
”എന്നോടൊന്നും തോന്നല്ലേ, സ്വാമീ.. എനിക്കിവരെയാരെയും അറിയില്ല.”
ഇപ്പം എറങ്ങിക്കോണം എന്റെയിടത്തില്‍ നിന്നെന്ന് അലറാനാണ് സത്യത്തില്‍ കുട്ടപ്പന്‍ സ്വാമിക്കു തോന്നിയത്. മുഖത്ത് തളം കെട്ടിയ മ്ലാനത മറച്ചു വച്ച് ചെറു ചിരിയില്‍ നിരാശയോടെ പറഞ്ഞു.
”തനിക്കിവരെയല്ല, ഗാന്ധിജിയെയും നേരാംവണ്ണം അറിയില്ല മോഹനോ….” സ്വാമിയൊന്നു മൂളി നിര്‍ത്തി. എന്നിട്ട്,
”എന്തായാലും തനിക്ക് സ്വീകരണവും, ആദരവും തരാന്‍ പറ്റിയതൊന്നും ഞാനിപ്പോ ചെയ്യുന്നില്ല.”
വിട്ടു കൊടുക്കാന്‍ ഭാവമില്ലാത്ത മോഹനന്‍ ഷെല്‍ഫിലേക്കു നോക്കി. ”സ്വാമിക്ക് ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടോ..?”
അതവാര്‍ഡൊന്നുമല്ലെന്ന് അലക്ഷ്യമായി പറഞ്ഞൊഴിയാന്‍ നോക്കുന്ന സ്വാമിയെ വിടാന്‍ മോഹനന്‍ ഒരുക്കമല്ലായിരുന്നു. ”അപ്പോള്‍ ഈ ഫലകം?”
”അത് ബെര്‍ലിനില്‍ ഇന്‍ഡ്യയിലെ അധികാര ഫാസിസത്തെയും ഭരണകൂട ഭീകരതയെയും കുറിച്ചുള്ള എന്റെയൊരു ഡോക്യുമെന്ററി പ്രീമിയര്‍ കളിച്ചിട്ടുണ്ടായിരുന്നു. അവിടെ വച്ചു നടത്തിയ വര്‍ക്ക്ഷോപ്പില്‍ വിജയിച്ചപ്പോ സമ്മാനത്തിനൊപ്പം കിട്ടിയതാ ആ കുന്ത്രാണ്ടം..”
”എനിക്കും ഇങ്ങനെ എന്തെങ്കിലും കിട്ടാന്‍ സ്ക്കോപ്പുണ്ടോ സ്വാമീ….?”
മോഹനന്റെ ചോദ്യം കേട്ടു ചിരി വന്നെങ്കിലും, കുട്ടപ്പൻ സ്വാമി പറഞ്ഞു. ”അന്താരാഷ്ട്ര തലത്തില്‍ ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ചെയ്യുന്ന നിര്‍മ്മാതാവിനും സംവിധായകനും നല്ല വിലയാ… ഇവിടെ ഫേസൂക്കിലും യൂടൂബേലും കാണുന്ന ടൂക്കിലി പരിപാടികളല്ല, ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സംഭവം ചെയ്യണം.” സീരിയസായി പറഞ്ഞു നിര്‍ത്തി പത്രത്തിലേക്ക് നോക്കിയിരുന്നു.
”അതല്ല സ്വാമീ.. ഗാന്ധിജിയെ വച്ചു നമുക്ക് കളിച്ചാലോ..?”
പുതിയ ഒരു ഐഡിയ മോഹനൻ സ്വാമിയുടെ പോസ്റ്റിലേക്കിട്ടു.
”അതൊരു നല്ല ആശയമാണ്, അവാര്‍ഡും സ്വീകരണവുമൊന്നും എനിക്കുറപ്പില്ല. എങ്കിലും…
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പുനർനിർവചിക്കുമ്പോൾ ഗാന്ധിയൻ മൂല്യങ്ങളെ മുറുക്കി പിടിക്കുന്നത് നല്ലതാണ്. മോഹനൻ, നായരല്ലേ?”
“അതെ.. പിള്ളയാ…”
ആവേശത്തോടെയുള്ള മോഹനന്റെ മറുപടി.
ഒരു നിമിഷം കണ്ണുകളടച്ചു ചിന്തയില്‍ മുഴുകി സ്വാമി. സത്യത്തില്‍ ഈ വള്ളി പിടിക്കാന്‍ ഒരാഗ്രഹവും തനിക്കില്ല എന്ന സത്യം മുഖത്തടിച്ചു പറയാന്‍ എന്തോ സ്വാമിക്കപ്പോൾ തോന്നിയില്ല. മേശമേല്‍ ചാര്‍ജ് ചെയ്തു കൊണ്ടിരുന്ന ഫോണെടുത്ത് ബ്ലൂടൂത്ത് ബോക്സ് ഓണ്‍ ചെയ്തു. ചെറിയ ശബ്ദത്തില്‍ മുഹമ്മദ് റാഫി പാടി തുടങ്ങി.
”ചാഹേ കോയി മുജേ,
ജങ്കലീ കഹേ…”
അതിനെ കീറിമുറിച്ചു കൊണ്ട് മോഹനന് സംസാരിച്ചു തുടങ്ങി.
”ഗാന്ധിജിയുടെ വേഷം മാത്രമേയുള്ളൂ സ്വാമീ… എനിക്ക് ഭാര്യയുടെയും, അമ്മായിയമ്മയുടെയും മുന്നില്‍ പോലും വിലയില്ല. എന്തെങ്കിലും തട്ടികൂട്ടി ഒരവാര്‍ഡൊപ്പിച്ചാ എനിക്ക് വിലസാം, നാട്ടിലും വീട്ടിലും.. ഗാന്ധിജിയെ വിറ്റു കാശാക്കാന്‍ എന്നെ സഹായിക്കണം സ്വാമീ…”
അതു കൂടി കേട്ടു കുരുപൊട്ടിയ സ്വാമി ”ഗാന്ധിജി ക്വട്ടേഷന്‍” ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
”ശരി, നമുക്കു ചെയ്യാം. എന്റെ മനസ്സിലൊരു ആശയമുണ്ട്.” പ്രതീക്ഷയോടെ ‘ജൂനിയര്‍ ഗാന്ധി’ സ്വാമിയുടെ മുഖത്തേക്കു നോക്കി.
”എന്തും ചെയ്യുമോ…?”
‘ചെയ്യും.. സ്വാമീ..’
മോഹനന്‍ ഉറപ്പിച്ചു പറഞ്ഞു.
”എന്തും ചെയ്യാനുള്ള മനസ്സുണ്ടോ മോഹനാ നിനക്ക്..?” തറപ്പിച്ചുള്ള ചോദ്യം.
‘ങാ… ഉണ്ട്.. അയാള്‍ അക്ഷമനായി.
”എന്നാ മനസ്സു മാത്രം പോര. ശരീരവും വേണം..”
ഇതു പറഞ്ഞു കൊണ്ട് സ്വാമി എഴുന്നേറ്റ് പുസ്തകങ്ങളും ഉപഹാരങ്ങളുമിരിക്കുന്ന തടിയലമാരയില്‍ നിന്നും ഗാന്ധിജിയുടെ ചിത്രമുള്ള ഒരു തടിയന്‍ പുസ്തകമെടുത്തു. അതിനോടു ചേര്‍ന്നിരുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പതിയെ കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിന്റെ നേഞ്ചോട് ചേര്‍ന്നിരുന്നത് മോഹനന്റെ ശ്രദ്ധയില്‍ പെട്ടു. അയാളറിയാതെ ഉരുവിട്ടു. ‘റെഡി’.
”നാടുനീളെ നടന്നു ഗാന്ധിജിയെ വിറ്റു കാശാക്കിയതു പോര.. ഇനി പേരും പെരുമയും പുരസ്കാരവും വേണത്രേ.. ഇന്നത്തോടെ ഇവന്റെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കണം.” കുട്ടപ്പൻ സ്വാമി ഉള്ളില്‍ ഊറിച്ചിരിച്ചു. പുറത്തു കാണിക്കാതെ ശാന്തത പൂകി നേരിയ പുഞ്ചിരിയോടെ,
”എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍,
അതായത് ഗാന്ധിജിയുടെ ബ്രഹ്മചര്യ പരീക്ഷണങ്ങളുടെ ഭാഗമായി അദ്ദേഹം തന്നെ ആത്മകഥയില്‍, രേഖപ്പെടുത്തിയതും, അദ്ദേഹത്തിന്റെ അടുത്തവർ സാക്ഷ്യപ്പെടുത്തിയതുമായ ഒരു സംഭവം നമുക്ക് ചെയ്യാം..?.
ചെയ്യാമെന്ന് സമ്മതിച്ചു തലക്കുലുക്കി സ്വാമിയെ ശ്രദ്ധിച്ചു ചിരിച്ചിരുന്നു മോഹനന്‍.
”1940-കളുടെ അവസാനത്തിൽ, 77 വയസ്സുള്ള മഹാത്മാ ഗാന്ധി, ബ്രഹ്മചര്യം പാലിക്കുന്നതിന്റെ പരീക്ഷണമായി, അദ്ദേഹത്തിന്റെ ബന്ധുവായ 18-കാരിയായ മാനു ഗാന്ധിയെയും 17-കാരിയായ ആഭയെയും ഉൾപ്പെടെ, യുവതികളോടൊപ്പം നഗ്നരായി ഉറങ്ങാൻ ആവശ്യപ്പെട്ടതും, ഒന്നിച്ചു കുളിച്ചതുമായ ഭാഗമുണ്ട്. അതു നമുക്ക് ചെയ്താലോ?
മോഹനന്റെ നെറ്റി ചുളിഞ്ഞു. എന്തു പറയണം ചെയ്യണം എന്നറിയാതെ അയാള്‍ അങ്കലാപ്പിലായി. വിക്കി വിക്കി ചോദിച്ചു.
”ഗാന്ധിജി അങ്ങനെയൊക്കെ ചെയ്യുമോ?”
”പുതുക്കിയ ചരിത്രമാ മോഹനാ..
ബ്രഹ്മചര്യ വ്രതം 36 വയസ്സുമുതൽ പാലിച്ചിരുന്ന ഗാന്ധി, 70-കളിൽ ഇത്തരം പരീക്ഷണങ്ങൾ തുടങ്ങി, സ്വയം ലൈംഗിക ഉത്തേജനം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അതത്രേ. “ഈ സംഭവങ്ങൾ ആശ്രമരേഖകളിലും, ചരിത്രത്തിലുമൊക്കെയുമൊക്കെയുള്ളതായി എഐ വരെ പറയുന്നുണ്ട്. അപ്പോ.. ഓക്കെയല്ലേ…”
”എന്നാലും സ്വാമീ…..”
ആകെ ആശയക്കുഴപ്പത്തിലാണിപ്പോള്‍ മോഹനന്‍ പിള്ള.
കുട്ടപ്പന്‍ സ്വാമി എറിയാനുള്ള തുറുപ്പ് റെഡിയാക്കി.
നമുക്കെന്തും ചെയ്യാന്‍ അത്ര എളുപ്പം വഴങ്ങിത്തരില്ല ഗാന്ധി. അഥവാ വഴങ്ങി തരുമെന്ന് കരുതി എഴുതിയാൽ നിങ്ങളോട് പലതും തെറ്റും. പക്ഷേ ഇത് സത്യത്തില്‍ ഒരു കള്ളകഥയാണ്… ഇപ്പോ പ്രൊപ്പഗണ്ട സിനിമകളുടെ കാലമാണല്ലോ.. ഇത്രയും പറഞ്ഞപ്പോ തന്നെ മോഹനന്റെ സ്വതസിദ്ധമായ മറുപടി.
”ഞാന്‍ വാട്ട്സ്ആപ്പില്‍ കണ്ടായിരുന്നു. അങ്ങനെ പറഞ്ഞാ എന്താ സ്വാമി..?”
‘കുല്‍സിത താല്‍പര്യത്തോടെ പടച്ചു വിടുന്നത്..”
മറുപടിയും കൃത്യമായിരുന്നു.
”ഗാന്ധിയെ തീവ്ര ഹിന്ദുത്വവാദി 1948-ജനുവരി 30 ന് ഗോഡ്സേ വെടിവച്ച് കൊല്ലുമ്പോൾ ഗാന്ധിജിക്ക് 79 വയസ് പ്രായമുണ്ട്. ഗാന്ധി തൻ്റെ ആത്മകഥ 1927-ൽ പ്രസിദ്ധീകരിക്കുമ്പോൾ 58 വയസാണ്. പിന്നീടങ്ങോട്ട് അങ്ങേർ തൻ്റെ കഥ ഇനി എഴുതേണ്ടതില്ലെന്ന് തീരുമാനിച്ചത് അത് ഇന്ത്യാ ചരിത്രത്തിൻ്റെ ഭാഗമായതു കൊണ്ടും സുതാര്യമായതുകൊണ്ടുമാണ്. സത്യത്തില്‍ പിന്നെയും കുറെ കഴിഞ്ഞാണ് മനു, ആഭ എന്നീ പിള്ളേരെല്ലാം അദ്ദേഹത്തിൻ്റെ സന്തത സഹചാരികൾ ആവുന്നത്. അതായത് മനുവും ആഭയുമൊന്നും സത്യാന്വേഷണ പരീക്ഷണ കഥയിലെ കഥാപാത്രങ്ങളല്ല. പക്ഷേ താനീ സിനിമ ചെയ്താല്‍ കുടുംബത്തെയും, നാട്ടിലെയും വിലയെക്കുറിച്ചൊന്നും എനിക്കുറപ്പില്ല. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യും, താന്‍ മീഡിയയില്‍ നിറയും, മറ്റൊരു കാര്യം.. പത്മശ്രീ വരെ കിട്ടാനുള്ള എല്ലാ സാധ്യതയും കാണുന്നു. അപ്പോ എന്നു ഷൂട്ട് തുടങ്ങാം, അഡ്വാന്‍സ് കൊണ്ടു വന്നിട്ടുണ്ടോ?”
ആകെ കിളിപാറിയ മോഹനന്‍ നിര്‍വികാരനായി കുട്ടപ്പന്‍ സ്വാമിയെ നോക്കിയിരുന്നു.
ഇത്രയും പറഞ്ഞിട്ട് സ്വാമിജി കണ്ണുകളടച്ച് ചാരുകസാലയിലേക്ക് ശാന്തതയോടെ ചാഞ്ഞിരുന്നു. കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞു കണ്ണു തുറന്നു നോക്കുമ്പോള്‍ മുന്നില്‍ മോഹനനിരുന്ന കസേര ശൂന്യം, ആ മുറിയിലിപ്പോ കുട്ടപ്പൻ സ്വാമിയും, അവിടുത്തെ ലഹരികളും മാത്രം.
ഗേറ്റു വഴി റോഡിലേക്കു പായുന്ന മോഹനന് അപ്പോഴും റഫി സാബിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു.
”ജൊ വാധാ കിയാ വോ…
നിഭാന പടേഗാ……”












